താൻ ഇടപെടുന്ന പലയിടങ്ങളിലും തന്റെ വണ്ണമുള്ള ആകൃതി പലർക്കും പറഞ്ഞ് ചിരിക്കാനുള്ള ഒന്നാണെന്ന് അവൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

‘പതിയേ ഇറങ്ങെന്റെ ശാലിനീ… ആ കാറങ്ങ് മറിഞ്ഞുവീഴും…. ‘

കൂട്ടുകാരിൽ ഒരുവളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ശാലിനി. അതിൽ ഒരാളുടെ കളിയാക്കലാണല്ലോ തന്നെ സ്വാഗതം ചെയ്തതെന്ന പരാതിയോ വിഷമമോ പ്രകടിപ്പിക്കാതെ അവൾ കാറിൽ നിന്ന് ഇറങ്ങി.

അഞ്ചേ മുക്കാലടി നീളത്തിൽ ശരീരഭാരം നൂറ്റിയേഴ്‌ കിലോയുണ്ട് ശാലിനിക്ക്. എന്നിരുന്നാലും ആ പെണ്ണിന്റെ ഉള്ളറിഞ്ഞവർക്ക് അറിയാമായിരുന്നു അവൾക്കൊരു തൂവലിന്റെ കനം പോലുമില്ലായെന്ന്…

എല്ലാ സ്വന്തങ്ങളിലും സ്വാന്തനമാകാൻ ശാലിനിക്ക് വളരേ താല്പര്യമായിരുന്നു. ആരെന്ത് സഹായം ചോദിച്ചാലും തന്റേതെന്ന തലത്തിലേ അവൾ അതിനെ സമീപിക്കാറുള്ളൂ… അല്ലെങ്കിലും, അത്തരം മനുഷ്യർ തന്നെയല്ലേ മാനവരാശി ഇങ്ങനെയെങ്കിലും നിലനിന്ന് പോകുന്നതിന്റെയൊരു പ്രധാനകാരണം.

താൻ ഇടപെടുന്ന പലയിടങ്ങളിലും തന്റെ വണ്ണമുള്ള ആകൃതി പലർക്കും പറഞ്ഞ് ചിരിക്കാനുള്ള ഒന്നാണെന്ന് അവൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഒരു പരിഹാസ പറച്ചിലുകളിലും അവൾ നിരാശ പ്രകടിപ്പിക്കാറില്ല. പകരം നിനക്കൊക്കെ അസൂയയാണെന്ന് പറഞ്ഞ് ചിരിക്കും. അപ്പോൾ അവളുടെ ചെറുകൂടാര കമ്മലുകൾ കിലുങ്ങുകയും നക്ഷത്ര മൂക്കുത്തി തിളങ്ങുകയും ചെയ്യും…

‘എന്നാൽ പിന്നെ തുടങ്ങിക്കൂടെ….?’

എത്തേണ്ടവരെല്ലാം എത്തിയെന്ന് തീർച്ചപ്പെടുത്തിക്കൊണ്ട് കൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞു. പിറന്നാൾ ആഘോഷിക്കാനായി വലിയയൊരു ബ്ലാക്ക് ഫോറെസ്റ്റ് കേക്കിന് ചുറ്റും അവർ അച്ചടക്കമില്ലാതെ കൂടി നിന്നു.

‘ഒന്ന് ഒതുങ്ങി നിൽക്കെന്റെ ശാലിനീ… പത്താൾക്കുള്ള സ്ഥലം വേണല്ലോ നിനക്ക്…’

അങ്ങനെ പറഞ്ഞ കൂട്ടുകാരനെ സ്നേഹത്തോടെ തൂക്കിയെടുത്ത് അവൾ ആഘോഷം നടക്കുന്ന ഹാളിന്റെ മൂലയിൽ കൊണ്ട് ചുമരിൽ ചാരി വെച്ചു. നിനക്കുള്ള കേക്ക് ഞാൻ ഇവിടെ കൊണ്ട് തന്നോളാമെന്ന് പറഞ്ഞപ്പോൾ സോറി ശാലിനീയെന്ന് പറഞ്ഞ് അവൻ അവളോട് കെഞ്ചി. ഒരു പഞ്ഞിമുട്ടായി പോലെ അലിയുന്ന മനസ്സുള്ള ശാലിനി അവനെ വെറുതേ വിട്ടു.

‘എല്ലാരേം ഒതുക്കിയിട്ട് ആ കേക്ക് മുഴുവൻ ഒറ്റക്ക് തിന്നാനാ ഓളുടെ പ്ലാൻ…’

അവളുടെ പിടുത്തത്തിൽ നിന്ന് കുതറിയോടുമ്പോഴും അവൻ ശാലിനിയെ കളിയാക്കി.

‘ഇതൊക്കെയെന്ത്… ഇവൾക്കിത് ആനവായിൽ അമ്പഴങ്ങയല്ലേ…’

എന്നും പറഞ്ഞ് ഒരുത്തി ചിരിച്ചപ്പോൾ ആ ചിരിയുടെ കിലുക്കം കൂട്ടാൻ ചിലരൊഴികെയുള്ള എല്ലാവരും ഒപ്പം കൂടി. കളിയാക്കലുകൾക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്.. മറ്റുള്ളവരെ പരിഹസിക്കുകയെന്നാൽ ഒരു കല പോലെയാണ് കാലം മനുഷ്യരിൽ നിറച്ചിട്ടുള്ളത്. വേദി കിട്ടിയാൽ പ്രകടനം നടത്താൻ എല്ലാവരും വെമ്പി നിൽക്കുന്നയൊരു പരിഹാസ കല…

‘മതിയെടാ അവളെ കളിയാക്കിയത്… പാവമുണ്ട്….’

കുലുങ്ങി ചിരിക്കുന്നവരുടെ ഇടയിൽ നിന്ന് പിറന്നാളുകാരി സഹതാപ വാക്കുകൾ കൊണ്ട് ശാലിനിയെ രക്ഷപ്പെടുത്താൻ നോക്കി. ആ ശബ്ദവും തന്റെ കുറവുകളിലേക്ക് തന്നെയാണ് ചൂണ്ടുന്നതെന്ന ഉത്തമബോധം അവൾക്കുണ്ടായിരുന്നു.

ഭംഗിയോടെ അണിഞ്ഞ ആകാശ നീല നിറത്തിലുള്ള തന്റെ സൽവാർ ഉടുപ്പിൽ നിന്ന് തെന്നിവീണ വെളുത്ത ഷാൾ ഒന്നുകൂടി മാറിലേക്ക് ഒതുക്കിയിട്ട് ശാലിനി ചിരിച്ചു. ഈ കളിയാക്കലൊക്കെ എന്തെന്ന അർത്ഥമായിരുന്നു ആ ചിരിയുടെ അകത്ത്…

‘ഹാപ്പി ബർത്ത്ഡേ റ്റു യൂ… മെനി മെനി ഹാപ്പി ബർത്ത്ഡേ റ്റു യൂ….’

എല്ലാവരും താളത്തോടെ പിറന്നാൾ സംഗീതം പാടിയപ്പോൾ പിറന്നാളുകാരി കേക്ക് മുറിച്ചു. തുടർന്ന് മേശയിൽ കത്തിച്ചുവെച്ച ഇരുപത്തിയേഴ്‌ മെഴുകുതിരിയും ഊതിക്കെടുത്തി. പരസപരം മുഖത്തൊന്നും തേക്കാതെ മാന്യമായി എല്ലാവർക്കും ഓരോ തുണ്ട് കേക്കും കിട്ടി. ഒത്തുകൂടിയതിന്റെ കുശലങ്ങളും സന്തോഷങ്ങളുമായി ആ പിറന്നാൾ ദിനം പതിയേ അണഞ്ഞു..

‘ഞാൻ കൊണ്ടുവിടട്ടെ നിന്നെ….?’

ഭർത്താവുമായി കാറിൽ വന്നയൊരു കൂട്ടുകാരി ശാലിനിയോട് ചോദിച്ചു.

“ഹേയ്.. അതൊന്നും വേണ്ട.. വന്നത് പോലെ ഞാനൊരു ടാക്സി പിടിച്ച് പോയ്ക്കോളും… “

ആ നേരം കൂട്ടുകാരിൽ ഒരുത്തൻ തന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട്, ആ ടാക്സി മറിച്ചിടരുതേയെന്ന് അവളോട് പറഞ്ഞു. അങ്ങനെ പറഞ്ഞ് ചിരിക്കാൻ തുടങ്ങിയവന്റെ ബൈക്കിന് പിറകിൽ കയറി തന്നെ കൊണ്ടുവിടെടായെന്ന് ശാലിനി ആഞ്ജാപിച്ചു. അവന് അനുസരിക്കാതെ മറ്റ് വഴിയുണ്ടായിരുന്നില്ല…

‘ദാ…. ഇത് മോള് കൊണ്ടുപോയിക്കോളൂ…. ഇവിടെ ആര് തിന്നാനാണ്….’

മിച്ചം വെന്ന കേക്ക് പൊതിഞ്ഞൊരു ബോക്സിലാക്കി പിറന്നാളുകാരിയുടെ അമ്മ ശാലിനിയുടെ മുമ്പിൽ നിൽക്കുന്നു. തന്നത് സ്നേഹത്തോടെയാണെന്ന് തിരിച്ചറിയുമ്പോഴും തന്റെ രൂപമല്ലേ അതിനും കാരണമെന്ന് ഓർത്ത് അവൾ വെറുതേ ചിരിച്ചു.

“അതിനെന്താ അമ്മേ… ഇങ്ങ് തന്നേക്ക്…. “

എന്നും പറഞ്ഞ് ശാലിനിയുടെ കൂട്ടുകാരൻ അതുവാങ്ങി തന്റെ ബൈക്കിന് മുന്നിലെ കവറിലേക്ക് കുത്തിതിരുകി.. ജനിതക പരമായ പാലകാരണങ്ങൾ കൊണ്ടും തടിച്ച ശരീര പ്രകൃതമുള്ളവരെല്ലാം അപാര തീറ്റയാണെന്ന് ധരിക്കുന്നവരാണ് കൂടുതലും.. ഏത് ആകൃതിയായാലും രോഗമില്ലാത്ത ശരീരമാണ് പ്രകൃതിയിലെ ജീവനുകളുടെ ആരോഗ്യമെന്ന് ഇപ്പോഴും മനുഷ്യർക്ക്‌ വലിയ നിശ്ചയമില്ല..

കൂട്ടുകാരന്റെ ബൈക്കിൽ നിന്നിറങ്ങി ശാലിനി തന്റെ ഫ്ലാറ്റിലേക്ക് നടന്നു. തന്നോട് സങ്കടങ്ങൾ പറയുന്നവരെയെല്ലാം ഒരു തൂവൽ പോലെ തലോടാൻ തയ്യാറാകുന്ന തന്റെ മനസ്സെന്താണ് ആരും കാണാത്തതെന്ന് അവൾ ചിന്തിക്കാറില്ല.. അതിനുകാരണം മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനായിരിക്കില്ല മനുഷ്യർക്ക് മനസ്സെന്ന ചിന്ത തന്നെയായിരിക്കണം ..

തന്റെ രൂപം എന്തുകൊണ്ടാണ് ഒരുതമാശയായി മാറുന്നതെന്ന് ചോദിച്ചാൽ, ചിരിക്കാൻ മനുഷ്യർ ഏത് അറ്റം വരെപോകുമെന്ന ഉത്തരമായിരിക്കും ശാലിനിക്ക് അവളോട് തന്നെ പറയാനുണ്ടാകുക…

ജനിച്ചുവളർന്ന നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധം ചിരി വർത്തമാനങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് ജോലി തേടി ശാലിനി ഈ നഗരത്തിൽ തനിച്ച് പാർക്കാൻ തുടങ്ങിയത്.. പരിചയമില്ലാത്തവരുടെ കണ്ണുകൾ തന്റെ ശരീരത്തിന്റെ വീതിയിൽ അളന്ന് നടക്കുന്നത് അവൾ എത്രയോ തവണ കണ്ടിട്ടുണ്ട്. കൂട്ടുകാർക്ക് പോലും തന്നെ കളിയാക്കുകയെന്ന ചിന്തകൾക്ക് അപ്പുറമൊന്നും തന്നോട് പങ്കിടാനില്ലെന്ന് അവൾക്ക് ഇടക്ക് തോന്നും. ആ തോന്നലുകളിലും അവൾക്ക് ആരോടും പരിഭവമില്ല.. തന്നെ കളിയാക്കുമ്പോൾ അവർക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെയെന്ന തലം മാത്രമേ അവളുടെ തലയിൽ ഉണ്ടായിരുന്നുള്ളൂ…

എന്തുചെയ്താലും തന്റെ രൂപം മാറാൻ പോകുന്നില്ലെന്ന് ശാലിനിക്ക് നന്നായി അറിയാം.. തനിക്ക് ശാരീരികമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ഈ പ്രകൃതം മാറിയേ തീരൂവെന്ന ചിന്തയും അവൾക്കില്ല.. ജീവനുള്ള കാലംവരെ ഇത്തരം ചിരിവഴികളിലൂടെ സഞ്ചരിക്കണമെന്നായിരിക്കും തന്റെ വിധി… അങ്ങനെ ചിന്തിക്കുമ്പോൾ അവളുടെ കണ്ണുകൾ ആരോടോയെന്ന പോലെ ചിരിക്കും. ചിരി തന്നെയായിരുന്നു എന്നും അവളുടെ ജീവിതത്തിന്റെ പരിച…

തന്റെ മുറിയിലേക്ക് കയറി കുളിക്കാനെന്നോണം ശാലിനി തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി. ഭിത്തിയിലെ വലിയ കണ്ണാടിയിൽ തെളിഞ്ഞ തന്റെ ശരീരത്തിന്റെ ഉയർച്ചയിലും താഴ്ച്ചയിലും വീതിയിലും പതിയേ തഴുകി അവൾ വീണ്ടും ചിരിച്ചു. കണ്ണെടുക്കാത അവൾ ഏറെനേരം അനങ്ങാതെ ആ തന്റെ ശരീരത്തിൽ നോക്കി നിന്നു.

എന്തുകൊണ്ടാണെന്ന് അറിയില്ല… പുഞ്ചിരിയുടെ പരിചയുമായി മാത്രം പുറംലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അവളുടെ കണ്ണുകളിൽ നിന്ന് ഒരു പ്രതിമയിൽ നിന്നെന്ന പോലെ ആ നേരം നീർത്തുള്ളികൾ അടർന്ന് വീഴുന്നുണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *