എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
ദാമ്പത്യത്തിൽ തുല്യത കിട്ടുന്നില്ലായെന്നാണ് അവളുടെ പരാതി. എന്നാൽ പിന്നെ ആ പരാതിയങ്ങ് മാറ്റിയിട്ട് തന്നെ കാര്യമെന്ന് ഞാനും കരുതി. അങ്ങനെയാണ് തുല്യതയ്ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അവളോട് ചോദിക്കേണ്ടി വന്നത്…
വെച്ചുവിളമ്പി തരാനും കട്ടിലിൽ കുത്തി മറിയാനും മാത്രമാണോ നിങ്ങൾ പുരുഷന്മാർക്ക് സ്ത്രീകളെന്ന് ചോദിച്ച്, അവളൊരു വിമോചന നായികയെ പോലെ എന്നെ തുറിച്ച് നോക്കി. അവളുടെ കയ്യിലപ്പോൾ ദോശ മുരിഞ്ഞുപറ്റിയ ചട്ടുകമുണ്ടായിരുന്നു.
കട്ടിലിലെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറഞ്ഞപ്പോൾ നാണത്തോടെ തെളിയാൻ തുടങ്ങിയ മൂന്നുനാല് ചിരികളെ അവൾ വിദഗ്ദമായി വിഴുങ്ങി. അതുപോട്ടേയെന്നും പറഞ്ഞ് അവൾ വീട്ടുജോലിയുടെ കാര്യം പുറത്തിട്ടു. നിങ്ങള് കസേരയിലിരുന്ന് പണം വാങ്ങുന്നത് പോലെ എളുപ്പമാണെന്ന് കരുതിയോ വീട്ടുഭരണമെന്ന് അവൾ ചോദിച്ചു. ഞാൻ അപ്പോൾ ചെറുതായൊന്ന് പ്രകോപിതനായി.
എന്ത് മല മറിക്കുന്ന ജോലിയാണ് നിനക്ക് ഇവിടെയുള്ളതെന്ന് പറഞ്ഞുകൊണ്ട് ഞാൻ എന്റെ കണക്ക് പുസ്തകവുമെടുത്ത് പുറത്തേക്കിറങ്ങി.
ദോശ കരിഞ്ഞ മണം വന്നപ്പോൾ അവൾ അടുക്കളയിലേക്കും പോയി.
എനിക്ക് കവലയിൽ ഒരു പലചരക്ക് കടയാണ്. കടയിലെ സഹായിയായ നാണുവേട്ടന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. അരക്കിലോ പഞ്ചാര ചോദിച്ചാൽ കാൽക്കിലോ പരിപ്പും തൂക്കി വരുന്ന നാണുവേട്ടന് ഒച്ചിന്റെ വേഗതയാണ്. മിക്ക സാധനങ്ങളും ഒരുമിച്ച് കിട്ടുന്ന മറ്റ് കടകളൊന്നും കവലയിൽ ഇല്ലാത്തത് കൊണ്ട് മാത്രമാണ് എന്റെ കടയോടുന്നത്. നാണുവേട്ടൻ അവളുടെ അമ്മായിയുടെ അനിയന്റെ ഭാര്യയുടെ അച്ഛന്റെ വകയിലാരോ ആയത് കൊണ്ട് ആളെ മാറ്റാനും എനിക്ക് പറ്റില്ല. മാറ്റിയാൽ അവൾ എന്റെ കാതുകൾ തിന്നും..
എന്തൊക്കെ പറഞ്ഞാലും എനിക്ക് അവളെ എന്റെ പ്രാണനോളം ഇഷ്ട്ടമാണ്. അവളും പിള്ളേരുമല്ലാത്ത മറ്റൊരു ലോകം എനിക്കുണ്ടെങ്കിൽ അത് ആ പലചരക്കുകട മാത്രമാണ്. അത് ആരെക്കാളും കൂടുതൽ നന്നായിട്ട് അവൾക്ക് അറിയുകയും ചെയ്യാം. ഒന്ന് പുണർന്നാൽ അടർന്നുവീഴാത്ത ഒരു പരിഭവങ്ങളേയും ഞങ്ങൾ ഇന്നേവരെ സ്വാഗതം ചെയ്തിട്ടില്ല.
സ്ത്രീവിമോചനത്തിന് ചുക്കാൻ പിടിക്കുന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായി അവളുടെ ഉറ്റസുഹൃത്തിനെ തിരഞ്ഞെടുത്തതിൽ പിന്നെയാണ് അവളിലൊരു മാറ്റം പ്രകടമാകുന്നത്. സ്ത്രീകൾ പുരുഷന്റെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി മാത്രം രൂപകല്പന ചെയ്തിട്ടുള്ളയൊരു ഉപകരണമല്ലായെന്ന് പറയുന്ന ആ സുഹൃത്തിന്റെ പ്രസംഗമൊക്കെ അവൾ മൊബൈലിൽ കണ്ടിട്ടുണ്ട്. എല്ലാ പിന്തുണയുമെന്ന് കൂട്ടിച്ചേർത്ത് തനിക്ക് അറിയാവുന്നവർക്കെല്ലാം അവൾ അത് അയച്ച് കൊടുക്കുകയും ചെയ്യും.
സാധാരണ എല്ലാവരേയും പോലെ അവിടം കൊണ്ട് തീർന്നില്ല. താനും ഒരു പുരുഷന്റെ സുഖങ്ങൾക്ക് വേണ്ടി മാത്രം കഷ്ട്ടപ്പെടുന്ന ഉപകരണമല്ലേയെന്ന് അവൾ പതിയേ സംശയിക്കാൻ തുടങ്ങി. ആ തോന്നലുകളുടെ വളർച്ചയാണ് അവളിലേ ഈ പ്രകടമായ മാറ്റം.
പതിവുപോലെ അന്നും കടയൊക്ക പൂട്ടി രാത്രിയിൽ ഒമ്പതുമണി ആകുമ്പോഴേക്കും ഞാൻ വീട്ടിലെത്തി. കുളിയൊക്കെ കഴിഞ്ഞ് കഴിക്കാനുള്ള വിശപ്പുമായി ഞാൻ തയ്യാറായിട്ടും, ടീവിയും കണ്ടുകൊണ്ട് ഹാളിലെ സോഫയിൽ ഇരിക്കുന്ന അവൾ എഴുന്നേറ്റില്ല. സാധാരണ ഞാൻ ഇരിക്കുമ്പോഴേക്കും എല്ലാം അവൾ വിളമ്പിവെക്കുമായിരുന്നു. രാവിലത്തെ പിണക്കമായിരിക്കും കാരണമെന്ന് കരുതി ഞാൻ എഴുന്നേറ്റ് അവളുടെ കഴുത്തിലൊരു ഉമ്മയും കൊടുത്ത് വന്ന് വിളമ്പി താടീയെന്ന് പറഞ്ഞു.
വേണമെങ്കിൽ എടുത്ത് തിന്നോളണമെന്ന് പറഞ്ഞ് മാക്സിയുടെ കഴുത്തുവലിച്ച് ഞാൻ പതിച്ച ഉമ്മയെ അവൾ മായിച്ചുകളഞ്ഞു. എനിക്ക് ആ നേരം ശരിക്കും വിഷമമായി. വിശപ്പ് കാരണം എതിർത്ത് പറയാനൊന്നും ശ്രമിക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു…
അടച്ചുവെച്ച പാത്രങ്ങളെല്ലാം തുറന്നുനോക്കിയപ്പോൾ ഒന്നര കഷ്ണം ചപ്പാത്തിയെ എനിക്ക് കിട്ടി. അതെടുത്ത് കോഴിക്കറി വെച്ച ചട്ടിയിൽ പെരട്ടിയെടുത്ത് ഞാൻ തിന്നു. എന്നിട്ട് ഇത്തിരി വെള്ളവും കുടിച്ചു.
നിനക്കും പിള്ളേർക്കും ഉണ്ടാക്കുമ്പോൾ കൂടുതൽ ഉണ്ടാക്കിയാൽ നിന്റെ വളയൂരി പോകുമോയെന്ന് ചോദിച്ചുകൊണ്ടാണ് ഞാൻ അടുക്കളയിൽ നിന്ന് വന്നത്. നിങ്ങളിപ്പോൾ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചാൽ മാനമൊന്നും ഇടിഞ്ഞ് വീഴില്ലാ എന്നായിരുന്നു അവളുടെ മറുപടി. എനിക്ക് അതിന് യാതൊന്നും പറയാൻ ഉണ്ടായിരുന്നില്ല…
ഇരുന്നുചെയ്യുന്ന ജോലികൾക്കൊന്നും യാതൊരു പ്രയാസവുമില്ലെന്ന് കരുതുന്ന അവളോട്, തന്റെ ക്ഷീണത്തെ കുറിച്ചുപറഞ്ഞ് തർക്കിക്കാൻ എനിക്ക് തോന്നിയില്ല. എന്നാൽ പിന്നെ നാളെമുതൽ കടയിലേക്ക് നീ പോയിക്കോയെന്ന് മാത്രം പറഞ്ഞിട്ട് ഞാൻ പോയി കിടന്നു. എത്ര കരുതലോടെ സ്നേഹിച്ചാലും ധിക്കരിച്ച് വേദനിപ്പിക്കുന്ന മക്കളുള്ള ഒരു അമ്മയുടെ മനസ്സായിരുന്നു അന്ന് എനിക്ക്…
ഞാൻ പറഞ്ഞത് അതീവ ഗൗരവ്വത്തിലാണ് അവൾ എടുത്തിരിക്കുന്നതെന്ന് കാലത്ത് ഉണർന്നപ്പോൾ എനിക്ക് മനസ്സിലായി. എന്റെ കണക്കുപുസ്തകവും എടുത്ത് കടയിലേക്ക് പോകാൻ അവൾ ഒരുങ്ങി നിൽക്കുന്നു. നീയിത് എന്ത് ഭാവിച്ചാണെന്റെ രമേയെന്ന് ഞാൻ ചോദിച്ചു. വീട്ടുജോലി എന്താണെന്ന് ചെയ്ത് പഠിയെന്ന് പറഞ്ഞുകൊണ്ട് അവൾ ഇറങ്ങി പോകുന്നത് ഞാൻ കണ്ണടക്കാതെ നോക്കിനിന്നു.
വാശിയാണെങ്കിൽ വാശി തന്നെയെന്ന് തീരുമാനിച്ച് ഞാൻ വീട്ടുഭരണം ഏറ്റെടുത്തു. ചോറും കറിയും വെച്ച് വീട് വൃത്തിയാക്കുമ്പോഴാണ് അവൾ ഫോണിൽ വിളിച്ച് പിള്ളേരുടെ യൂണിഫോം കഴുകി ഇടണമെന്ന് പറഞ്ഞത്. തിരിച്ചൊന്നും പറയാനാകാതെ ഞാൻ അനുസരിച്ചു.
രാത്രിയിൽ എട്ടുമണിയൊക്കെ ആകുമ്പോഴേക്കും അവൾ തിരിച്ചുവന്നു. പരിചയമില്ലാത്ത ലോകത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ കൗതുകവും കഷ്ട്ടപ്പാടും ഞങ്ങൾ രണ്ടുപേരും പരസ്പരം പറഞ്ഞില്ല.
ആഴ്ച്ചയൊന്ന് കഴിഞ്ഞപ്പോൾ കടയിലെ അരിയുടേയും പഞ്ചാരയുടേയും മുളകിന്റെയുമൊക്കെ സമ്മിശ്രമായ ഗന്ധമില്ലാതെ എനിക്ക് പറ്റില്ലെന്നായി. പാകത്തിൽ പാചകം ചെയ്യാനുള്ള ആ പ്രത്യേകമായ കഴിവ് എനിക്കില്ലായെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അവളുടേത് ഉൾപ്പെടെയുള്ള തുണികളെല്ലാം കഴുകന്നതിലോ, വീട് തൂത്തുവാരുന്നതിലോ എനിക്ക് യാതൊരു കുഴപ്പവുമില്ല. ഒന്ന് കയറി ഇറങ്ങുമ്പോഴേക്കും അലങ്കോലമാകുന്ന അടുക്കളയുടെ മുന്നിലാണ് ഞാൻ എന്നും മുട്ടുകുത്തി പോകുന്നത്.
വീട്ടുഭരണത്തിൽ പുരുഷൻമ്മാർക്ക് ശോഭിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ക്ഷമയുടെ ഇല്ലായ്മ കൊണ്ടാണെന്ന് ഒരൊറ്റ ആഴ്ച്ചകൊണ്ട് എനിക്ക് തോന്നി. ഉപയോഗിച്ച പാത്രങ്ങൾ ക്ഷമയോടെ അന്നന്ന് വൃത്തിയാക്കി മാറ്റിവെക്കാൻ പലപ്പോഴും എനിക്ക് പറ്റാറില്ല. പാടുപെട്ട് വൃത്തിയാക്കിയ അടുക്കള ഒരുദിവസം ശ്രദ്ധിച്ചില്ലെങ്കിൽ കയ്യീന്ന് പോയിപ്പോകും. കഴുകാത്ത പാത്രങ്ങളെല്ലാം കുമിഞ്ഞുകൂടി കൊഞ്ഞനം കുത്തുമ്പോൾ അങ്ങോട്ടേക്ക് പോകാനേ തോന്നില്ല.
മറവിയുടെ ശല്യമാണ് മറ്റൊരു തലവേദന. കൃത്യനേരത്ത് അടുപ്പ് കെടുത്താത്ത് കൊണ്ടുമാത്രം പഴുത്തുകരിഞ്ഞ പാത്രങ്ങളും ഭക്ഷണവും എന്നോട് ഒരിക്കലും പൊറുക്കില്ല… അവളുടെ കാല് പിടിച്ചിട്ടാണെങ്കിലും കടയുടെ ഭരണം തിരിച്ചുപിടിക്കണമെന്ന് ഒടുവിൽ എനിക്ക് തീരുമാനിക്കേണ്ടി വന്നു..
അന്ന് അവൾ കുളിച്ചിട്ട് വരുമ്പോഴേക്കും ഞാൻ ഭക്ഷണമൊക്കെ വിളമ്പി വെച്ചു. വായില് വെക്കാൻ കൊള്ളില്ലെന്നും പറഞ്ഞുകൊണ്ടാണ് പിള്ളേര് രണ്ടും കിടക്കാൻ പോയത്. അവളുടെ കഴിപ്പ് കഴിഞ്ഞിട്ട് സൂചിപ്പിക്കാമെന്ന് കരുതി ഞാൻ ക്ഷമയോടെ കാത്തിരുന്നു. അതിന് മുമ്പേ അവൾ എന്റെ മുഖത്ത് നോക്കാതെ അതേയെന്ന് വിളിച്ചു.
‘വേണമെങ്കിൽ നാളെ മുതൽ നിങ്ങള് കടയിലേക്ക് പൊയ്ക്കോള്ളുട്ടോ..!’
കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല.
“എന്തേ.. മതിയായൊ..?”
ഉത്തരം പറയാൻ അവൾക്ക് പെട്ടെന്ന് സാധിച്ചില്ല. എന്നിട്ടും നാണുവേട്ടന് കാത് കേൾക്കുന്നില്ലെന്നും. താൻ കണക്ക് കൂട്ടി കഴിയുന്നത് വരെ കാത്തിരിക്കാൻ സാധനം വാങ്ങാൻ വരുന്നവർക്ക് ക്ഷമയില്ലെന്നും അവൾ എന്നെ നോക്കാതെ പറഞ്ഞു. അതുകേട്ടപ്പോൾ ചിരിക്കാതിരിക്കാൻ എനിക്ക് പറ്റിയില്ല. ഞാൻ ചിരിച്ചപ്പോൾ അവൾ എഴുന്നേറ്റ് പോകുകയും ചെയ്തു. പാത്രങ്ങളെല്ലാം എടുത്ത് ഞാൻ അടുക്കളയിലേക്കും പോയി.
അന്ന് കിടന്നിട്ടും രണ്ടുപേരും ഉറങ്ങിയില്ല. നാളുകൾക്ക് ശേഷം എനിക്ക് അവളെയൊന്ന് നിർബന്ധമായി കെട്ടിപ്പിടിക്കണമെന്ന് തോന്നി. ഞാൻ അരയിൽ തൊട്ടപ്പോൾ തന്നെ അവൾ തിരിഞ്ഞുകിടന്ന് എന്നെ പരമാവതി തന്നിലേക്ക് ചേർത്തുപിടിച്ചു.
‘അതേയ്… നിങ്ങളെന്നെ പൊന്ന് പോലെ നോക്കുമെങ്കിൽ ഞാൻ തന്നെ ഈടത്തെ ജോലിയെല്ലാം ചെയ്തോളാം..’
‘അപ്പോൾ ഞാൻ ഇതുവരെ നിന്നെ മുക്ക് പോലെയാണോ നോക്കിയത്.?’
ഇത്തിരി അരിശത്തോടെ അൽപ്പം പിൻവലിഞ്ഞ് അവളുടെ മുഖത്ത് നോക്കിയാണ് ഞാൻ അത് ചോദിച്ചത്. ഒരാഴ്ച്ചയോളം അടക്കിവെച്ച സങ്കടങ്ങളെല്ലാം അവളുടെ കണ്ണുകളിലൂടെ വിങ്ങി വന്നു. അതെല്ലാം കവിളിലേക്ക് ഒലിച്ചപ്പോൾ ഞാൻ ആ മുഖം വാരിയെടുത്തു. നിനക്ക് ഇവിടുത്തെ പണി കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കിൽ സഹായത്തിന് ഒരാളെ നിർത്താമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവൾ വേണ്ടായെന്ന് പറഞ്ഞ് എന്റെ കണ്ണുകളിൽ ഉമ്മവെച്ചു.
കൃത്യം ആ നേരമാണ് അവളുടെ അമ്മായിയുടെ അനിയന്റെ ഭാര്യയുടെ അച്ഛന്റെ വകയിലുള്ള നാണുവേട്ടൻ ആരുടെയോ ഫോണിൽ നിന്ന് എന്നെ വിളിച്ചത്.
‘എടോ… നിന്റെ പെണ്ണുമ്പിള്ള പേരുപോലുമറിയാത്ത ആർക്കൊക്കെയോ കടം കൊടുത്ത് കടപൂട്ടിക്കുന്നതിന് മുമ്പെങ്കിലും നീ വരുവോ….!?’
നാണുവേട്ടൻ ഉറക്കെ പറഞ്ഞു. അതുകൊണ്ട് തന്നെ എന്റെ മുഖമുരസ്സി കിടക്കുന്ന അവൾക്ക് അതുകേൾക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല. ഓൾക്ക് കൂട്ടാനൊന്നും അറിയില്ലെടോയെന്ന് കൂടി നാണുവേട്ടൻ പറഞ്ഞപ്പോഴേക്കും എന്റെ കയ്യിൽ നിന്ന് അവൾ ഫോൺ പിടിച്ചുവാങ്ങി. എന്നിട്ട് പുരികം ചുളിച്ച് കട്ടുചെയ്തു. തുടർന്ന് കണക്കുപരീക്ഷയിൽ തോറ്റുപോയ ഒരു കുട്ടിയെപ്പോലെ തലകുനിച്ചു.
കാതുപൊട്ടുന്ന വിധത്തിൽ എന്റെ ദേഷ്യപ്പെടൽ അവൾ പ്രതീക്ഷിച്ചിരുന്നു. നിമിഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ യാതൊന്നും മിണ്ടാതിരുന്നത് കൊണ്ട് പതിയേ അവൾ തലയുയർത്തി. കിടക്കയിൽ കമിഴ്ന്നുകിടന്ന് ചിരിക്കുന്ന എനിക്ക് മിണ്ടാൻ പോയിട്ട് ശ്വാസം പോലും എടുക്കാൻ ആ നേരം പറ്റുന്നുണ്ടായിരുന്നില്ല. അതുകണ്ടപ്പോൾ അവൾ കരഞ്ഞു. സന്തോഷത്തിന്റെ കരച്ചിലാണെന്ന് പറഞ്ഞുകൊണ്ട് അവളുടെ നനഞ്ഞ കണ്ണുകൾ തെളിഞ്ഞു. മലർന്ന ചുണ്ടുകൾ പുഞ്ചിരിയോടെ പരസ്പരം അടർന്ന് വലിയാൻ തുടങ്ങുമ്പോഴേക്കും ഞാൻ അതിൽ ചുംബിച്ചിരുന്നു….!!!

