അറിയാതെപോയത്..
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
അലമേലു കറുത്തിട്ടായിരുന്നു. പക്ഷേ നളിനി, നല്ല വെളുത്തിട്ടും അവളുടെ കൂട്ടുകാരിയായി. അലമേലു ചിന്തിക്കും ഇവൾക്ക് മാത്രമെന്താ എന്നോടിത്ര ഇഷ്ടം..
സ്കൂളിൽ ഒരൊറ്റക്കുട്ടിയും തന്നെ കളിക്കാൻ കൂട്ടില്ല.. അവരുടെ കുടുംബം കാലങ്ങളായി തമിഴ് നാട്ടിൽനിന്നും കേരളത്തിൽ വന്ന് ജോലി ചെയ്യുന്നവരാണ്. ഇവിടെ വേരുറച്ചുപോയവരാണ്.
ഒരുദിവസം അലമേലു ചോദിച്ചു:
നളിനീ, നീയെന്തിനാ ദിവസവും ഇപ്പുറത്ത് കളിക്കാൻ വരുന്നത്? ഞങ്ങളുടെ കൂടെ കൂടിയാൽ നിന്റെ അമ്മ വഴക്കുപറയില്ലേ?
നളിനി ചിരിക്കുകമാത്രം ചെയ്തു.
എന്നിട്ട് പ്ലാവിലകൊണ്ട് വെള്ളത്തിൽ വീണ ചോണോനുറമ്പുകളെ പിടിച്ച് കരയിലിട്ടു.അവളങ്ങിനെയാണ്.
അലമേലു കാണുമ്പോഴൊക്കെ നളിനി സ്കൂളിൽനിന്ന് വന്നതുപോലെ യൂനിഫോമിൽ ഇപ്പുറത്തേക്ക് ഓടിവരും. ചിലപ്പോൾ പാവാടയും ഷ൪ട്ടും മാറ്റി വെറും പെറ്റിക്കോട്ട് മാത്രമിട്ടും വരും. സന്ധ്യ മയങ്ങുംവരെ കളിയാണ്. ഇരുട്ടുമ്പോൾ അവളുടെ അമ്മ കുളിക്കാൻ വിളിക്കും. അപ്പോഴാണ് അവളോടിപ്പോവുക.
അവൾ അടുക്കളത്തിണ്ണയിൽ ഇരുന്ന് അമ്മ കൊടുക്കുന്ന കപ്പയും കാന്താരിമുളക് ചമ്മന്തിയും ആ൪ത്തിയോടെ കഴിക്കും. നളിനിയുടെ അച്ഛൻ ജോലിക്കൊന്നും എല്ലാദിവസവും പോകില്ല. മിക്കപ്പോഴും അരപ്പട്ടിണിയാണ്. പോരാത്തതിന് മ ദ്യപാനവും.
അലമേലൂ, നിന്റെ അച്ഛനെപ്പോലെ ഒരച്ഛനെക്കിട്ടാൻ ഭാഗ്യം ചെയ്യണം..
അവളിടയ്ക്ക് പറയും.
അതെന്താ? നിന്റെ അച്ഛൻ നല്ല വെളുത്തിട്ടല്ലേ? നല്ല അലക്കിയ വെളുത്ത മുണ്ടും ഷ൪ട്ടുമിട്ട് റോഡിലൂടെ പോകുന്നതുകാണാൻ നല്ല ചേലല്ലേ.. അതു പോലാണോ കറപിടിച്ച തോ൪ത്തുടുത്ത് തെങ്ങുകേറാൻ നടക്കുന്ന എന്റെ അച്ഛൻ?
അതുകൊണ്ടെന്താ? ദിവസവും നിനക്കും നിന്റെ ഏട്ടനും കഴിക്കാൻ എന്തെല്ലാം കൊണ്ടുത്തരും… മഴപെയ്യുമ്പോൾ ചോരാത്ത വീടില്ലേ നിനക്ക്? സ്കൂൾ തുറക്കുമ്പോൾ യൂനിഫോം, പുസ്തകം, കുട എല്ലാം വാങ്ങിത്തരാറില്ലേ…
അലമേലു തലയാട്ടി എല്ലാം സമ്മതിച്ചു.
അതിനേക്കാളും എനിക്കിഷ്ടമെന്താണെന്നോ? നിന്റെ അച്ഛൻ നിന്റെ മുടിയൊക്കെ ചീകി കെട്ടിത്തരുന്നത് കാണുമ്പഴാ… എന്റെ അച്ഛൻ എന്റെ തലയിലൊന്നു തലോടിയിട്ടുവരെയില്ല ഇതുവരെ..
കണ്ണീരുവീണു തുളുമ്പിയ മുഖം മറച്ചുപിടിക്കവേ നളിനിയുടെ തോളിലൂടെ കൈയിട്ട് അലമേലു അവളെ ചേ൪ത്തു പിടിച്ചു.
ചില ദിവസങ്ങളിൽ അലമേലുവിന്റെ അച്ഛൻ വൈകുന്നേരമാകുമ്പോൾ ഈണത്തിൽ പാട്ടുപാടും.
അക്കാണും മാമലയൊന്നും നമ്മുടേതല്ലെൻമകനേ..
അലമേലു പാട്ടിനൊത്ത് ചുവടുവെക്കും, ചിലപ്പോൾ അവളുടെ ചേട്ടനും. അതും നോക്കി അവളുടെ അമ്മ ചിരിക്കും. അതിനിടയിൽ നളിനിയുടെ അമ്മ കീറിയകുടയും പിടിച്ച് നനഞ്ഞൊലിച്ച് അതുവഴി ഓടിവരും.
എനിക്കൊരു ഇരുപത് രൂപ തരാനുണ്ടാവ്വോ?
ദൈന്യതയോടെയുള്ള ആ ചോദ്യം നളിനിയുടെ കാതിൽ ഇടിമുഴക്കം പോലെ വന്നടിക്കും. അമ്മയ്ക്കെന്തോ അത്യാവശ്യമുണ്ട്.. അല്ലെങ്കിൽ അമ്മ ചോദിക്കില്ല…
അലമേലൂ, ആ കാപ്പിപ്പൊടിയുടെ പാത്രത്തിൽ പൈസയുണ്ട്, നീയെടുത്ത് കൊടുത്തേ..
അവളുടെ അമ്മ പറയും. പണം കിട്ടിയപാതി അതും വാങ്ങി അമ്മ മഴയത്ത് തിരിച്ചോടും.
പിന്നീട് എപ്പോഴാണാവോ അമ്മ അതൊക്കെ തിരിച്ചുകൊടുത്തിരുന്നത്..
ക്ലാസ്സിൽ കണക്കിന്റെ ഹോംവ൪ക്ക് മുഴുവൻ നളിനിയുടെ ബുക്ക്നോക്കി അലമേലു പക൪ത്തി എഴുതും. അവൾക്ക് കണക്ക് ഒരുപൊടി തലയിൽ കയറില്ല. പക്ഷേ അവളുടെ അച്ഛൻ പാടുന്നതുപോലെ ഭംഗിയായി അവളും പാടും. യുവജനോത്സവത്തിന് പോയി നാടൻപാട്ടിൽ ഫസ്റ്റ് വാങ്ങിയിട്ടുവരും.
നളിനീ, നീ വരണില്ലേ ഇന്ന് കോളേജില്?
അലമേലു നീട്ടിവിളിച്ചപ്പോൾ നളിനി ഓർമ്മകളിൽ നിന്നുണ൪ന്നു. ബേഗെടുത്ത് തോളിലിട്ട് അവളിറങ്ങി നടന്നു.
എന്താടീ നിന്റെ വീട്ടിൽ ഇത്രയും ആളുകൾ? എന്തെങ്കിലും വിശേഷമുണ്ടോ?
നളിനീ, എന്റെ കല്യാണം ഉറപ്പിച്ചു. ഞാനീയിടെ പറഞ്ഞില്ലേ ഒരു കൂട്ടരെന്നെ പെണ്ണുകാണാൻ വന്നത്.. അവരുടെ വീട്ടിൽ പോകാൻവേണ്ടി വന്നതാ മാമന്മാരും ഇളയച്ഛനും.
നിങ്ങളുടെ ബന്ധുക്കൾക്ക് എന്ത് ഐക്യമാണ്.. എല്ലാവരും എന്ത് ആവശ്യമുണ്ടായാലും ഓടിവരും..
നളിനി അതും പറഞ്ഞ് പെട്ടെന്ന് നിശ്ശബ്ദയായി..
അലമേലു ബേഗിൽനിന്നും രണ്ട് പേഡയെടുത്ത് നീട്ടി.
ഇത് തിന്നോ, കൂട്ടുകാ൪ക്കൊക്കെ മധുരം കൊടുക്കാൻ പൊതിഞ്ഞെടുത്തതാ..
നളിനി അതും വാങ്ങി വായിലിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ചോദിച്ചു:
നീയിനി പഠിക്കുന്നില്ലേ?
പിന്നേ, പഠിക്കാതെ.. അവര് കോളേജിൽ പോയ്ക്കോളാൻ സമ്മതിച്ചു. ഇനി ആറ് മാസം കൂടിയല്ലേയുള്ളൂ പരീക്ഷക്ക്. അയാൾ വില്ലേജ് ഓഫീസിലെ ക്ല൪ക്കാ, എന്നോടും പി എസ് സി പരീക്ഷയൊക്കെ എഴുതാൻ പറഞ്ഞിട്ടുണ്ട്.
സ്വ൪ണ്ണമൊക്കെ വാങ്ങണ്ടേ, അച്ഛൻ കുറേ കഷ്ടപ്പെടേണ്ടിവരും അല്ലേ?
അയ്യോ, അതൊക്കെ അച്ഛനും അമ്മയും ഓരോന്നായി വാങ്ങിവെച്ചിട്ടുണ്ട്. ചിട്ടിയൊക്കെ പിടിച്ച്, പത്ത് പവൻ തികച്ച് വെച്ചിട്ടുണ്ട്.
പത്ത് പവനോ? അത് മതിയോ?
പിന്നല്ലാതെ..
അവരുടെ മകളുടെ കല്യാണത്തിന് എട്ട് പവനാ അവ൪ കൊടുത്തത്..
നളിനി അതൊക്കെ കേട്ട് അന്തംവിട്ട് നടന്നു. അമ്പത് പവനും അഞ്ച്ലക്ഷം രൂപയും കൊടുത്ത മകൾ, കൊടുത്തത് കുറഞ്ഞുപോയി എന്ന കുറ്റവുമായി വീട്ടിൽവന്ന് നിൽപ്പാണെന്ന് ഒരു ബന്ധു ഇന്നലെ വീട്ടിൽ വന്നപ്പോൾ പറഞ്ഞത് അവളോ൪ത്തു.
നിന്റെ പരിപാടി എന്താ?
അലമേലു ചോദിച്ചു.
അതാ ബസ്സ് വരുന്നു, വേഗം ഓട്..
അവ൪ ഓടി ബസ്സിൽക്കയറി. നളിനി ചിന്തിക്കുകയായിരുന്നു. വീട്ടിൽ അച്ഛൻ വരുത്തിവെച്ച വലിയ കടം വീടാനുണ്ട്. ഒരുതരി പൊന്നില്ല. അമ്മയുടെ കെട്ടു താലിവരെ പണയത്തിലാണ്. പഠിത്തം കഴിഞ്ഞ് ജോലികിട്ടി ഇതൊക്കെയൊന്ന് കരക്കടുപ്പിച്ചേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നിവൃത്തിയുള്ളൂ..
ചെറിയ ജീവിതമാണ് എപ്പോഴും നല്ലത്.. ചെറിയ മോഹങ്ങളും..

