ദ്വിതാരകം~ഭാഗം 10~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗേ…. എന്താടി നിന്റെയും ഹരി സാറിന്റെയും ഇടയ്ക്ക് സംഭവിച്ചത്? എങ്ങനെയാ നിങ്ങളുടെ ഇടയിലേയ്ക്ക് മൃദുല വന്നത്?

എന്റെ മഞ്ജു….. ഇന്നത്തെ കാലത്ത് പണത്തിനേക്കാൾ മൂല്യം എന്തിനാണ് ഉള്ളത്? സ്നേഹത്തിനോ? അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികളാണെന്നേ ഞാൻ പറയൂ……. പമ്പര വിഡ്ഢികൾ……

നിനക്കറിയാമോ മഞ്ജു…… ഈ ഹരിയേട്ടന്റെ അമ്മ തന്നെയാ ഞങ്ങളുടെ കല്യാണക്കാര്യം വീട്ടിൽ വന്ന് പറഞ്ഞത്. എന്നെപ്പോലെ ഒന്നുമില്ലാത്തവൾ മകന് ഒരു
ഭാരമാകുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും.അതാവും കോടീശ്വര പുത്രിയായ
മൃദുലയെ സുഭദ്രാമ്മ മോന് വേണ്ടി തിരഞ്ഞെടുത്തത്.

ഗംഗാ….. നിന്റെ വിഷമം എനിക്കറിയാം…..അറിയേണ്ടത് മറ്റൊന്നാണ്… ഹരിസാറിന്റെ തീരുമാനം…… എന്താ സാർ പറഞ്ഞത്?

എനിക്കറിയില്ല മഞ്ജു….. എന്നോട് അങ്ങനെയൊന്നും പറഞ്ഞില്ല. ഞാനൊന്നും ചോദിച്ചുമില്ല…. അല്ലെങ്കിലും ഹരി സാർ അമ്മയെ ഒരിക്കലും വിഷമിപ്പിക്കില്ല. അതെനിക്കറിയാം…….. അച്ഛനില്ലാതെ വളർത്തിക്കൊണ്ട് വന്ന മകന്റെ കല്യാണം ആ അമ്മ തീരുമാനിച്ചതിൽ എന്താടി തെറ്റ്?

ഒരു തെറ്റുമില്ലെടി…. അങ്ങനെ അമ്മയെ അനുസരിക്കുന്നവനാണെങ്കിൽ നിന്നേ സ്നേഹിക്കണ്ട കാര്യം ഹരി സാറിന് ഇല്ലായിരുന്നു. നിന്റെ കണ്ണുനീരിന്റെ ശാപം അയാൾ എവിടെ കൊണ്ടുപോയി കഴുകി കളയും?

നിനക്കെന്താ മഞ്ജു ഭ്രാന്തുണ്ടോ? ഞാൻ കരയുന്നത് നീ കണ്ടോ?ഒരിക്കലും ആരുടെ മുൻപിലും ഞാൻ കരയില്ല…. ആ ഒരു ശാപം ആർക്കും കിട്ടില്ല. ഗംഗ ക്ലാസ്സിലേയ്ക്ക് കയറി.

എടി ഗംഗേ….. മഞ്ജു ഗംഗയെ പുറകിൽ നിന്ന് പിടിച്ചു നിർത്തി….

എങ്കിൽ നിനക്ക് എന്നോട് ഒരു കാര്യം സത്യം ചെയ്യാമോ?

ഹരി സാർ പോയതിൽ നിനക്ക് ഒരു വിഷമാവുമില്ലെന്ന്……

വിഷമം…. നിനക്ക് വേറെ പണിയൊന്നുമില്ലേ മഞ്ജു….. എന്റെ മനസ്സ് മുഴുവൻ ഒരു തരം മരവിപ്പാ…… പ്രത്യേകിച്ച് ഒന്നും എനിക്ക് തോന്നുന്നില്ലെടി….

എടി ഗംഗേ മൃദുല ഇനിയും നിന്നോട് വഴക്കിന് വരും.നീ എന്ത് ചെയ്യും.

ഇനി അവൾ വഴക്കിന് വന്നാൽ…… മറ്റൊരു ഗംഗയെ അവൾ കാണും…. അത്രേ ഉളളൂ…… പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് ഗംഗ അവളുടെ സീറ്റിൽ പോയിരുന്നു.

മൃദുല ഉച്ചവരെ ഗംഗയെ ശ്രദ്ധിച്ചേ ഇല്ല.ഉച്ച കഴിഞ്ഞ് ഹരിയുടെ ക്ലാസ്സിൽ ഗംഗ അയാളുടെ മുഖത്തേയ്ക്ക് ഒരു പ്രാവശ്യം പോലും നോക്കിയില്ല. പക്ഷെ മൃദുലയുടെ കണ്ണുകൾ ഹരിയെയും ഗംഗയെയും മുഖത്ത് മാറിമാറി വീക്ഷിച്ചുകൊണ്ടിരുന്നു.

ഹരിയുടെ കണ്ണുകൾ അറിയാതെ ഗംഗയിലേക്കെത്തി……. അവൾ പുസ്തകത്തിലേയ്ക്ക് നോക്കിയതല്ലാതെ തല ഉയർത്തിയില്ല.

ഹരിയേട്ടാ…….. വിളി കേട്ടതും ഹരി എന്താ ഗംഗാ എന്ന് ചോദിച്ചതും ക്ലാസ്സിൽ കൂട്ടച്ചിരി നടന്നു.

ഹരി സാറെ….. സാറിനെ ഇപ്പോൾ വിളിച്ചത് മൃദുലയാ….. അല്ലാതെ ഗംഗ അല്ല.

സോറി ഗംഗാ…..ഞാനറിയാതെ….. ഹരി മുഴുമിപ്പിക്കുന്നതിനു മുൻപേ….. മൃദുല കാര്യത്തിൽ ശക്തമായി തന്നെ ഇടപെട്ടു. അതേ ഹരിയേട്ടൻ എന്തിനാ ഗംഗയോട് സോറി പറഞ്ഞത്?

അത് പറയേണ്ടത് എന്നോടല്ലേ……?

മൃദുലാ ഇതൊരു പ്രശ്നമാക്കണ്ട…. അറിയാതെ പറ്റിപ്പോയതാ…….

ഹരി സാറെ…… കല്യാണത്തിന് മുൻപ് ഇതാണ് അവസ്ഥ എങ്കിൽ കല്യാണശേഷം എന്താവും? തമാശരൂപത്തിലാണ് അങ്ങനെ ഒരു ചോദ്യം കുട്ടികൾക്കിടയിൽ നിന്ന് വന്നതെങ്കിലും ഹരിയുടെ മനസ്സ് നന്നായി വേദനിച്ചു.

ഹരി ക്ലാസ്സിൽ നിന്ന് പോയതിനു ശേഷം മൃദുല ഗംഗയുടെ അടുത്തെത്തി….. എടി….. ഗംഗേ……. നീ എന്തിനാ ശരിക്കും കോളേജിൽ വരുന്നത്? ആ അനന്തുവിനെ നോക്കി അവിടെയെങ്ങാനും ഇരിക്കാൻ മേലായിരുന്നോ?

അതോ കോളേജിൽ വച്ചെങ്കിലും ഹരിയേട്ടനെ കാണാമെന്നു വിചാരിച്ചിട്ടാണോ ഇന്ന് തന്നെ ഇങ്ങോട്ട് പോന്നത്?

നോക്ക് മൃദുല ഞാൻ കോളേജിൽ വരുന്നത് പഠിക്കാനാ…. അല്ലാതെ ഹരിസാറിനെ കാണാനല്ല…..

ഓഹോ….. എന്ന് മുതലാടി നീ അദ്ദേഹത്തെ ഹരി സാർ എന്ന് വിളിക്കാൻ തുടങ്ങിയത്? നിന്റെ ഹരിയേട്ടനല്ലായിരുന്നോ?

മോളേ ഗംഗേ…. നിനക്ക് ഈ മൃദുല മഹാദേവനെ ശരിക്കും അറിയില്ല.നീ വിചാരിക്കുന്നതിലും അപ്പുറത്തെ പണിയേ നിനക്ക് കിട്ടൂ….. ഓർത്തിരുന്നോ….

മൃദുല….. ഗംഗ അവളെ വിളിച്ചു. മൃദുലെ നീ എന്താണെന്നോ നിന്റെ രീതികൾ എന്താണെന്നോ എനിക്കറിയണ്ട കാര്യമില്ല….. പക്ഷെ ഒരു കാര്യം നീയും ഓർത്തു വച്ചോണം എന്താണെന്നോ….. ഞാൻ എന്താണെന്ന് നിന്നെ അറിയിക്കാ തിരിക്കാൻ ശ്രമിക്കും. അറിയാതിരിക്കാൻ നീയും ശ്രമിച്ചോണം…… ഇല്ലെങ്കിൽ ഇനിയും നീ എന്റെ പുറകെ കൂടാനാണ് ഭാവമെങ്കിൽ മോളേ മൃദുലേ….. നീ എന്റെ മറ്റൊരു മുഖം കാണും. തെളിച്ചുപറഞ്ഞാൽ കരണമടച്ച് ഞാനൊന്നങ്ങ് തരും….. അപ്പോൾ നിന്റെ പ്രശ്നങ്ങളും അവിടെ തീരും…… എഴുന്നേറ്റ് പോടീ…. മൃദുലയോട് ഗംഗ ആക്രോശിച്ചു……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *