നാട്ടിലേക് പോകാൻ പൂതിയായാൽ നേരെ സറഫിയ പാലത്തിന്റെ അടിയിലേക് ചെല്ലും.. പാലം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര പാലം ആണ് ട്ടോ.. ഒരു അഞ്ചേട്ട് കിലോമീറ്റർ നീണ്ടു പരന്നു…….

എഴുത്ത്:- നൗഫു ചാലിയം

” ഒരു വെള്ളിയാഴ്ച ദിവസം…”

പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം…

“സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…”

“വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും മൂന്നും ഒരു ഏഴു വരിയെ ഉണ്ടാകൂ അത് എഴുതിയാൽ..”

“വർഷം ഒരു പത്തു പതിനഞ്ചു കൊല്ലം ബേക്കോട്ട് പോകണം…. ഏകദേശം…

ഏകദേശമൊന്നുമില്ല.. ആ കൊല്ലം ഈ പഹയന് ഓർമ്മയില്ല.. ഏതായാലും 2010 ഇന് മുൻപാണ്…”

“അന്ന് പതിനായിരക്കണക്കിന് ആളുകൾ നാട്ടിൽ വേലയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുമ്പോൾ..

നമ്മളെ ഗഫൂർക്കാ ദോസ്ത് പറഞ്ഞത് പോലെ…വേം പാസ്പോർട്ടും പെട്ടിയും എടുത്തു ട്രാവൽസിലേക് ചെല്ലാ.. അവിടുന്ന് കൗണ്ടറിൽ എഴുതും കുത്തും നടത്തുന്നോൻ ഉംറക് (മക്കയിലേക് പോയി മുസ്ലിംസ് ചെയ്യുന്ന ഒരു കർമം ) ആളെ കൊണ്ട് പോകുന്നുണ്ട്,.. പാസ്പോർട്ട്‌ കൊടുക്ക,..”

ഉംറ വിസ അടിക്കുക.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറാ… എത്ര സിമ്പിൾ പരിവാടി… എല്ലാം സട പെടെ സട പെടെ ന്നാകും..

“അന്നുള്ള വയസ്സ് 21 കഴിഞ്ഞ ഏതൊരു മലബാറുകാരന്റെയും സ്വപ്നം അതായിരിക്കാം.. അയിന് മുമ്പും വന്നവർ ഉണ്ടായിരുന്നുട്ടോ 18 ആവാതെ തന്നെ മീശ യിൽ കരി വാരി തേച്ചും.. വയസ്സ് കൂട്ടി എടുത്തും വന്നവർ…”

“ഉംറക് വന്നാൽ രണ്ടുണ്ട് കാര്യം.. രണ്ടല്ല ട്ടോ… പിന്നെയുമുണ്ട് ലാഭം.. മുഴുമനായിട്ടൊന്നും അമ്മക് അറിയാതോണ്ടാ…”

ഒന്ന്…’ ഒരു ഉംറ ചെയ്യാം.. അയിന് മുകളിൽ ഇരിക്കുന്ന മൂപ്പര് പ്രതിഫലം തന്നോളും..”

രണ്ട്… “ഉംറ വിസ അടിക്കുന്ന അത്രയും ദിവസം ഇവിടെ എവിടേലും, ആരേലും കയ്യോ, കാലോ പിടിച്ചു ഒരു പണി ശരിയാക്കി രണ്ടോ മൂന്നോ മാസം നിൽക്കാം..”

ഇപ്പൊ പറഞ്ഞത് രണ്ടും മൂന്നും മാസങ്ങൾ കഴിഞ്ഞു ഒന്നോ രണ്ടോ കൊല്ലമാവാൻ ഇത്രയ്ക് ദിവസമൊന്നും വേണ്ടല്ലോ ഇഷ്ട.. “അന്നും ഇന്നും സമയം പാഴുന്നത് അമ്മളെ ചീറ്റ പുലിയേക്കാൾ വേഗത്തിലാ.. നേരം വെളുക്ക, ഉച്ചയാകുക, രാത്രി യാകുക.. സെയിം റിപീറ്റ്….വീണ്ടും പിറ്റേന്നും അങ്ങനെ തന്നെ…”

മൂന്നു.. “ഏതേലും നല്ലൊരു കമ്പനിയിലോ, സൗദിയുടെ അടുത്തോ ജോലി ശരിയാക്കി.. ഫ്രീ വിസ യുമെടുത്ത്…ഉംറ വിസ അടിച്ച ദിവസത്തിനുള്ളിൽ തന്നെ എക്സിറ്റ് അടിച്ചു.. നാട്ടിൽ പോയി വരിക… ഇപ്പറഞ്ഞോർ അന്ന് വളരെ ചുരുക്കം പേരെ ഉള്ളൂ…”

ഇങ്ങനെ ഒരു മൂന്നാല് ഉപകാരം ഉണ്ട്…

അങ്ങനെ ഈ പറഞ്ഞ വിസയിൽ സൗദിയിലേക്ക് വന്നതാണ് നമ്മുടെ കഥാ നായകനും.. അവന്റെ പേര് ഇവിടെ മെൻഷൻ ചെയ്യാൻ യാതൊരു നിവർത്തിയും ഇല്ല..

“വെറുതെ എന്നെങ്കിലും ഒരുനാൾ ഈ കഥ അവന്റെ ആണെന്ന് തിരിച്ചറിഞ്ഞു ഈ ജിദ്ദ മഹാ നഗരത്തിൽ ഉള്ള എന്നെ പഞ്ഞി കിടാൻ ഞാനായിട്ട് ഒരു അവസരം… നോ… a ബിഗ് നോ… ഒരിക്കലും ചെയ്യില്ല…”

നാട്ടിലെ എടുത്ത പൊങ്ങാത്ത ഭാണ്ടവും പേറി തന്നെ യായിരുന്നു അവന്റെയും വരവ്… സെയിം സെയിം.. അതെന്നെ..

“കടം വീട്ടണം…പെങ്ങളെ കെട്ടിക്കണം.. ഓട് മാറ്റി പുതിയ വീട് വെക്കണം.. അയിന് മുമ്പ് ഒരു തൊടി(സ്ഥലം)വാങ്ങണം…കാർ വാങ്ങണം.. ഇതെല്ലാം കഴിഞ്ഞ് ഒരു പെണ്ണ് കെട്ടണം..”

സോറി ലാസ്റ്റ് പറഞ്ഞത് മാഴ്ച്ചു കളഞ്ഞേക്കു.. പെണ്ണ് നേരത്തെ കെട്ടാൻ ഓലോട് ആരും പറയേണ്ടതില്ല.. വേണേൽ 20ഇലോ 18ഇലോ തന്നെ കെട്ടും… അല്ല പിന്നെ.. {പെൺ കുട്ടികളുടെ വിവാഹ പ്രായം അല്ലെ.. ഇത് വീര ശൂര പരാകൃമികൾ ([ക്രമികൾ]എന്ന് തിരുത്തി വായിക്കുക…) ആയ ആൺകുട്ടികൾ ആണ് }..

എല്ലാം സാധാരണ പോലെ തന്നെ.. വന്നു കണ്ടു കീഴടക്കി എന്ന പോലെ…വന്നു.. ഉംറ ചെയ്തു.. ഒരു പണിയും കിട്ടി..

“ജിദ്ദയിൽ, അയിന്റെ ഒത്ത നടുക്കുള്ള സർഫിയ യിൽ തന്നെ… കണ്ടാൽ അമ്മളെ മലപ്പുറം അങ്ങാടിയോ കോഴിക്കോട് മിടായി തെരുവോ എന്ന് തോന്നുന്നു സ്ഥലം.. അന്ന് നാട്ടിൽ പോലും ഇത്രയും മലയാളത്തിൽ ബോർടുള്ള അങ്ങാടി ഉണ്ടായിക്കണമെന്നില്ല.. (ഇന്നില്ല ട്ടോ ഏറെ കുറെ എല്ലാം അറബിയിൽ ആയി )”

പിന്നെ ഒരു പാച്ചിൽ ആയിരുന്നു.. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാനുള്ള ഓട്ട പാച്ചിൽ… ഒരറ്റം ഇങ്ങു തെക്കേ ഇന്ത്യയിലെ കേരള മഹാരാജ്യത് മലപ്പുറം ജില്ലയിൽ ആണേൽ മറ്റേ അറ്റം അങ്ങ് സൗദിയിലെ ജിദ്ദ നഗരത്തിൽ…

ദിവസങ്ങൾ ഓരോന്നും മുല്ല മൊട്ടു പോലെ അടർന്നു വീണു കൊണ്ടിരുന്നു.. ഏതോ മാസത്തെ ഉംറ വിസയിൽ ഏതോ കൊല്ലം വന്നവൻ.. ആ കൊല്ലത്തെയും, അതിന് ശേഷമുള്ള നാലു കൊല്ലത്തെയും ഹജ്ജ് മാസം പോലും കഴിഞ്ഞു പോയത് അറിഞ്ഞില്ല…!

“പണി യാണേൽ പിടിപ്പത് പണി തന്നെ ആയിരുന്നു.. റൂമിൽ നിന്നും പുറത്തേക് ഇറങ്ങിയാൽ ജോലി സ്ഥലത്തേക്ക്.. അത് കഴിഞ്ഞാൽ റൂമിലേക്കു..”

“അതിനും കാരണമുണ്ട്.. റൂമിന് വെളിയിൽ എപ്പോഴും പോലിസ് ചെക്കിങ് പ്രതീക്ഷിക്കാം.. പോലീസ് പിടിച്ചാൽ പിന്നെ നാട്ടിൽ കണ്ടാൽ മതി…”

റൂമിൽ പിന്നെ അവനെ പോലെ തന്നെ അഞ്ചാറു പേരുണ്ട്.. ആരും വിസയിൽ അല്ല.. എല്ലാവരും അൽ ഉംറ ഹ.. അതായത് ഈ ഉംറ വിസ കാര് തന്നെ..

“ഇടക്കിടെ അതിൽ ഓരോ ആളുകൾ നാട്ടിലേക് പോകും.. അത് പിന്നെ ഗവണ്മെന്റ് ചിലവിൽ ആയിരുന്നു പോക്ക്..”

“നാട്ടിലേക് പോകാൻ പൂതിയായാൽ നേരെ സറഫിയ പാലത്തിന്റെ അടിയിലേക് ചെല്ലും.. പാലം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര പാലം ആണ് ട്ടോ.. ഒരു അഞ്ചേട്ട് കിലോമീറ്റർ നീണ്ടു പരന്നു കിടക്കുന്ന ഒരു അടാറു പാലം.. അതിന്റെ എവിടെ പോയി നിന്നാലും അമ്മക് പോകാനുള്ള വിശിഷ്ട വാഹനം വരും… വണ്ടിയെ.. മ്മടെ പോലീസ് വണ്ടി… “

“അയില് കേറാ.. നേരെ ഓല് ജയിലിലേക് കൊണ്ട് പോകും.. അവിടുന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ഒഴിവുള്ള ഫ്ലൈറ്റിൽ അമ്മളെ ഓരോരുത്തരെയും കേറ്റി വിടും.. ഇന്ത്യ കാര് മാത്രം അല്ലാട്ടോ.. എല്ലാ രാജ്യത്തെയും ഹറാം പിറപ്പേര് ഉണ്ടാകും.. ഓക്കേ കള്ള വിസയിൽ വന്നവരർ അല്ലെ..”

“അതാണ് അതിലും രസം…ഇന്ത്യ യിലെ ഏത് എയർപോർട്ടിലേക്കാണോ ടിക്കറ്റ് ഉള്ളത് അങ്ങോട്ട് ആയിരിക്കും യാത്ര.. അത് ചിലപ്പോൾ ഡൽഹി ആയിരിക്കും.. ബോംബെ ആയിരിക്കും… ഹൈദരാബാദ് ആയിരിക്കാം. ചിലപ്പോൾ കൊൽക്കത്ത വരെ ആകാം..”

“ഏതായാലും അമ്മക് ഫ്രീ ആയിരുന്നു യാത്ര.. ഒരു നയാ പൈസ ചിലവാക്കേണ്ട.. “

“ആയതിനാൽ അന്ന്… അന്ന് പ്രതീക്ഷിക്കാതെ പോലീസ് പിടുത്തത്തിൽ പെട്ടു പോകുന്നവർ പെട്ടത് തന്നെ.. ഏതേലും എയർപോർട്ടിൽ ചെന്നിറങ്ങി പിന്നെ നാട്ടിലേക് എത്താൻ കയ്യിൽ പൈസ ഉണ്ടാവില്ലല്ലോ…”

“അത് കൊണ്ട് പുറത്തേക് ഇറങ്ങുമ്പോൾ എപ്പോഴും നൂറോ,..അഞ്ഞൂറോ റിയാൽ ആർക്കും പെട്ടന്നൊന്നും കിട്ടാത്ത സ്ഥലത്ത് ഒളിപ്പിച്ചു വെക്കാറുണ്ട്.. കയ്യിൽ തന്നെ…വളരെ വിധക്തമായി ടൗസറിന്റെ ഉള്ളിൽ എവിടേലും ആയിരിക്കും ആ ഖജനാവ്…”

“അങ്ങനെ നമ്മുടെ കഥനായകനും നാട്ടിലേക് ഒന്ന് പോകാൻ മുഹബത് വരുവാൻ തുടങ്ങി…”

വിസയിൽ അല്ലാത്തത് കൊണ്ട്.. ഉംറ വിസ കഴിഞ്ഞിട്ട് നാലിലേറെ കൊല്ലം കഴിഞ്ഞത് കൊണ്ടും വിശിഷ്ട വാഹനം തന്നെ ശരണം…

പണി കഴിഞ്ഞു റൂമിൽ വിശ്രമിക്കുന്ന ഒരു ദിവസം.. ഇശാ ബാങ്ക് കൊടുത്തിട്ടുണ്ടാവും.. നിസ്കാരം കഴിഞ്ഞ്…വെറുതെ പാഴ് കിനാവ് കണ്ടു കിടക്കുമ്പോൾ ആയിരുന്നു റൂമിലേക് ഒരാൾ ഓടി കയറി വന്നത്..

“എടാ.. പോസ്റ്റാഫീസിന്റെ അടുത്ത് ചെക്കിങ് നടക്കുന്നുണ്ട്… നാട്ടിലേക് പോകേണ്ടവർ പെട്ടന്ന് പൊയ്ക്കോളൂ… വല്യ വണ്ടിയാണ്…”

“ഹാവൂ.. ആരാണ് റബ്ബേ ഓനോ ഇപ്പൊ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്… പടച്ചോനെ ഇജ്ജല്ലാതെ പിന്നെ ആര്…”

നമ്മുടെ കഥനായകന്റെ ഹൃദയം പള പള മിന്നാൻ തുടങ്ങി.. കല്യാണം പൊരയിലൊക്കെ മിന്നി തിളങ്ങുന്ന മാല ബൾബ് പോലെയുള്ള ഒരു തിളക്കം… ഒന്നായിട്ടു കൂടേ ഒരു പത്തു മുപ്പതു ലടുവോ ജിലേബിയോ മുട്ട പെപ്സോ അങ്ങനെ എന്തൊക്കെയോ ഒരുമിച്ചു പൊട്ടി…

“ഹൂ… ” എല്ലാത്തിലും ഉപരിയായി ഒരു ദീർഘ നിശ്വസം.. കഥനായകന്റെ ഉള്ളിൽ നിന്നും പുറത്തേക്കു വമിച്ചു… [ ഏതിൽ കൂടേ എന്ന് മാത്രം ചോദിക്കരുത് ]

ഉള്ളതും ഇല്ലാത്തതും, അടുത്ത് കിടക്കുന്നവൻ നാട്ടിലേക് കൊണ്ട് പോകാൻ വെച്ചിരിക്കുന്നു പെട്ടി കെട്ടാനുള്ള സാധനവും… ടൈഗർ ഭാമും.. കോടാലി തൈലവും…അങ്ങനെ കയ്യിൽ കിട്ടിയതെല്ലാം ഒരു പെട്ടിയിലാക്കി…കുറെ പഴം തുണിയും മറ്റും ബാക്കി ഭാഗത്തു കുത്തി നിറച്ചു.. വലിയൊരു ഭാണ്ഡ കെട്ടുമായി കഥാനായകൻ ഇറങ്ങാൻ തുടങ്ങി..

“നാട്ടിൽ നിന്നും പോരുമ്പോൾ ഉള്ള അത്രക്ക് ഒന്നുമില്ലേലും അത്യാവശ്യം നല്ലത് പോലെ.. ഒന്നുമില്ലേലും കുറെ കാലം ഒരുമിച്ചു നിന്നവർ ആയിരുന്നല്ലോ.. അവരെയെല്ലാം നിറ കണ്ണുകളോടെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു.. എന്നേലും മലപ്പുറം അങ്ങാടിയിലെ ഏതേലും കോണിൽ വെച്ച് കാണാമെന്ന പ്രതീക്ഷയോടെ,.. അതുമല്ലേൽ പുതിയ ഏതേലും അറബിയുടെ കയ്യും കാലും പിടിച്ചു ഒപ്പിച്ചു വരുന്ന വിസയിലൂടെ ഇവിടെ തന്നെ എത്താമെന്ന ശുപാപ്തി വിശ്വസത്തോടെ… അവൻ ആ കുടുസു മുറിയിൽ നിന്നും ഇറങ്ങി… ജിദ്ദ മഹാ നഗരത്തിന്റെ വിശാലതയിലേക്..”

“പോകുമ്പോൾ പതിയെ പിറകിലേക് തിരിഞ്ഞു നോക്കി കണ്ണിൽ നിന്നും പൊടിയുന്ന ഇത്തിരി കണ്ണുനീരാലെ… മൂന്നാല് കൊല്ലം തന്നെ മഴയിലും വെയിലിലും കാത്തിരുന്ന ആ കോൺഗ്രീറ്റ് കെട്ടിടത്തെ നോക്കി യാത്ര പറഞ്ഞു…”

“അന്നായിരിക്കും.. അത്രക്ക് മനോഹരിതയോടെ അവൻ ആ നഗരം കണ്ടത്.. ആരെയും പേടിക്കാതെ.. ഒന്നിനെയും ഭയക്കാതെ…”

“കയ്യിലെ ഭാഗ് ചുമന്നു കൊണ്ട് അവൻ ഓടുകയായിരുന്നു.. തന്നെ കൊണ്ട് പോകാൻ വന്ന ദൈവ ദൂതനെ കാണാൻ.. കുറച്ചു മാറി നേരത്തെ റൂമിലേക്കു വന്നവൻ പറഞ്ഞത് പോലെ തന്നെ പോസ്റ്റോഫീസിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. തന്റെ മുന്നിലൂടെ പോകുന്ന ഓരോ ആളുകളുടെയും കയ്യിലെ രേഖ കൾ വാങ്ങി പരിശോധിക്കുന്ന പോലീസുകാരൻ..”

“രേഖ ക്ലിയർ അല്ലാത്ത ഓരോ ആളുകളെയും അദ്ദേഹം തന്റെ വാഹനത്തിന്റെ പിന്നിലെ വാതിൽ തുറന്നു ഉള്ളിൽ ബന്ധനസ്ഥാനക്കുന്നുണ്ട്…”

“തന്റെ സ്ഥാനം നഷ്ട്ടപെടരുതെന്ന് കരുതി നമ്മുടെ കഥാനായകൻ കുറച്ചു വേഗതയിൽ പെട്ടന്ന് തന്നെ ഓടി പോലീസു കാരന്റെ മുന്നിൽ ഹാജറായി. കൃത്യം പത്തുമണിക് സ്കൂളിൽ ബെല്ലടിക്കുമ്പോൾ എത്തുന്ന കൊച്ചു കുട്ടിയെ പോലെ.. മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരി നിറച്ചു വെച്ച് കൊണ്ട് …”

“പോലീസു കാരൻ രേഖ കാണിക്കാൻ പറഞ്ഞു..”

“ഊര് തെണ്ടീ നടക്കുന്ന അവന്റെ കയ്യിൽ എവിടുന്നാണ് രേഖ…

രേഖ ഒന്നുമില്ലെന്ന് കൈ അങ്ങട്ട് മലർത്തി കാണിച്ചു…”

“എന്നാൽ പിന്നെ.. ദക്ഷിണ വെക്കാൻ പറഞ്ഞു… “

(സോറി സോറി.. ഞാൻ കഥ പറഞ്ഞു കഥ പറഞ്ഞു ആറാം തമ്പുരാനിലേക് പോയി…)

“പോലീസു കാരൻ പാസ്പോർട്ട്‌ കാണിക്കാൻ പറഞ്ഞു…”

“ഊണിലും ഉറക്കത്തിലും നിധി പോലെ കൊണ്ട് നടക്കുന്ന പാസ്പോർട്ട്‌ കാണിച്ചതും പോലീസും കാരൻ ഫ്ലാറ്റ്.. മൂപ്പര് അപ്പ തന്നെ നെഞ്ചിലേക് ചേർത്ത് നിർത്താനൊന്നും നിന്നില്ല… പിന്നിലെ ഡോർ തുറന്നു വണ്ടിയിലെക് കയറ്റി ഇരുത്തി..”

വലിയ വണ്ടി ആയത് കൊണ്ട് തന്നെ ഇനിയും മൂന്നാല് ആളുകൾക് കൂടെ ഇരിപ്പിടമുണ്ട്…

“ഇനി ആരുമില്ലെന്ന് കരുതിയിട്ടാവും പോലീസു കാരൻ വാഹനവുമെടുത്തു മുന്നിലേക്ക് നീങ്ങി..”

“കരിപൂർ എയർപോർട്ടിൽ വിമാനം ഇറങ്ങുന്നത് സ്വപ്നം കണ്ട് നമ്മുടെ കഥാനായകനും…”

“പക്ഷെ..!

നമ്മുടെ നായകന് വിധി മറ്റൊന്നായിരുന്നു കാത്തു വെച്ചിരുന്നത്..

അവന്റെ വിധി കണ്ട് അന്ന് ചരിത്രം പോലും വിറങ്ങലിച്ചു നിന്നിട്ടുണ്ടായിരിക്കും…”

ടട്ടട്ടാടാ….ടട്ടട്ടാടാ…ടട്ടട്ടാടാ…

മുന്നിലേക്ക് പോയ വാഹനം ഒന്ന് സറഫിയ അങ്ങാടി വട്ടം ചുറ്റി നേരത്തെ നിർത്തിയിട്ടിരുന്ന പോസ്റ്റോഫിസിന്റെ മുന്നിലേക്ക് തന്നെ വന്നു വീണ്ടും നിർത്തിയിട്ടു..

“ഇയ്യാള് ഇത് എന്തോന്ന്.. “വണ്ടിയിൽ ഉള്ളവർ എല്ലാം പിറു പിറുക്കൻ തുടങ്ങിയിരുന്നു..

നേരത്തെ പറഞ്ഞത് പോലെ ഒരു രണ്ടു മൂന്നാള് കൂടേ വന്നാൽ ഫുള്ളാകിയിട്ട് പോകാമെന്നു കരുതിയാകും പോലീസു കാരൻ വീണ്ടും അവിടെ തന്നെp വാഹനം നിർത്തിയത്..

കുറച്ചു കഴിഞ്ഞു പോലീസു കാരൻ വാഹനത്തിന് അടുത്തേക് വന്നു..

എന്നിട്ട് പറഞ്ഞു.. “ആർക്കേലും എന്തേലും വാങ്ങാനോ, ചായ യോ മറ്റോ കുടിക്കുവാനോ തോന്നുന്നുണ്ടേൽ കുടിക്കുകയും ആവാം…”

പോലീസു കാരൻ പറഞ്ഞത് കേട്ടു വാഹനത്തിൽ ഉണ്ടായിരുന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി..

“ഏതായാലും പോകല്ലേ.. ഇനി ജയിലിൽ എന്ത് ഭക്ഷണം ആവുമെന്ന് അറിയില്ലല്ലോ.. നമ്മുടെ കഥാ നായകനും അവരുടെ കൂടേ ഇറങ്ങി അടുത്ത് തന്നെ യുള്ള ബൂഫിയ ലക്ഷ്യമാക്കി നടന്നു..”

“ഒരു സാൻഡ്‌വിച്യും, പെപ്സി യും വാങ്ങി കഴിക്കാൻ തുടങ്ങി… അതിനിടയിലാണ് പോലീസു കാരൻ വരുന്നവരെ എല്ലാം ചെക് ചെയ്തു കൊണ്ടിരിക്കുന്നത് കാണുന്നത്..”

“ഇപ്പൊ അദ്ദേഹത്തിന്റെ മുന്നിലൂടെ പോകുന്നവർ എല്ലാം രേഖ ക്ലിയർ ആയിട്ടുള്ളവർ ആയിരുന്നു… “

ഉള്ളിൽ നിറഞ്ഞ കാരുണ്യമാകാം.. അല്ലേൽ മറ്റെന്തോ കാരണം.. (ഇത് അതൊന്നുമല്ല സുഹൃത്തുക്കളെ.. കു ത്തിക ഴപ്പ്‌ .. സാൻഡ്‌വിച് ഉള്ളിൽ കയറിയതിന്റെ കുത്തികഴപ്പ്‌ )…

ക്ഷീണിച്ചു നിൽക്കുന്ന പോലീസു കാരനെ നോക്കി… ആ കടയിൽ നിന്ന് തന്നെ ഒരു പെപ്സി ബോട്ടിൽ വാങ്ങി പോലീസു കാരന് അടുത്തേക് നടന്ന് അദ്ദേഹത്തിന് നേരെ നീട്ടി,.

“അൽഹംദുലില്ലാഹ്.. മൂപ്പര് പടച്ചോന് ഒരു സുകുറും ( നന്ദിയും ) പറഞ്ഞു.. നമ്മുടെ കഥനായകന്റെ പുറത്ത് രണ്ട് തട്ട് തട്ടി.. പെട്ടന്ന് തന്നെ വാഹനത്തിന്റെ പുറകിലേക്ക് വന്നിട്ട് അവന്റെ പെട്ടിയും മറ്റും എടുത്തു പുറത്തേക് വെച്ചു.. എന്നിട്ട് കീശയിലേക് വെച്ചിരുന്ന അവന്റെ പാസ്പോർട്ടും കയ്യിലെക് വെച്ചിട്ട് പറഞ്ഞു..

യാ അള്ളാഹ് ഇൻത റോ…”

“ഇജ്ജ് നാട്ടിലേക്കു പോവണ്ട.. ഒരു രണ്ടു മൂന്നു കൊല്ലം കൂടേ ഇവിടെ നിന്നോ പഹയാന്ന്…”

“ഇടി വെട്ട് ഏറ്റൊന്റോ കാലിൽ പാമ്പ് കടിച്ചെന്ന് കേട്ടിട്ടല്ലേ ഉള്ളൂ ഇങ്ങള് എന്ന ഇതാ കണ്ടോളൂ.. അമ്മളെ പഹയൻ ആണ് ആ ആള്.. ഇതെല്ലാം ഒരുമിച്ചു കിട്ടിയ ഓരോ ഒരു ഭാഗ്യവാൻ..”

നമ്മുടെ കഥനായകൻ വീണ്ടും കുറെ വട്ടം അവിടെ ചുറ്റി പറ്റി നിന്നും,.. ഓനെ കൊണ്ട് അറീന അറബീല് മൂപ്പരോട് പറഞ്ഞോക്കി.. അമ്മക്ക് നാട്ടിൽ പോണം പോലീസു കാരാ.. അമ്മളെ ഉമ്മാനെ കാണണം, ബാപ്പാനെ കാണണം.. അമ്മളെ കുടിയൊന്ന് കാണണം എന്നൊക്കെ.. ബട്ട്‌ നോ രക്ഷ..

പിടിച്ച പിടിയാലേ തന്നെ പോലീസു കാരൻ പറഞ്ഞു.. “പഹയാ അന്നേ ഇന്ന് എന്നല്ല..അന്നേ കണ്ടാൽ ഒരൊറ്റ വട്ടം പോലും അമ്മളെ വണ്ടീല് കേറ്റൂലാന്ന്…”

അങ്ങനെ അമ്മളെ കഥാനായകൻ ആകെ വിജ്രംഭിച്ചു വിഷണ്ണണ്ണായി ആകെ വശം കെട്ട് വീണ്ടും യാത്ര പറഞ്ഞിറങ്ങിയ കോൺഗ്രീറ്റ് കെട്ടിടവും നോക്കി തിരിച്ചു നടക്കാൻ തുടങ്ങി…

“ഏതായാലും ആ പോലീസു കാരൻ ഇനി അമ്മളെ പഹയൻ വല്ല കൈക്കൂലിയും കൊടുത്തതാണോ എന്നുള്ള സന്തോഷത്തിൽ ആയിരിക്കും.. ഗെറ്റ് ഔട്ട്‌ അടിച്ചത്…”

ഇതാണ് മക്കളെ അമ്മളെ നാലും മൂന്നും ഏഴു വരിയുള്ള ഒരു കുഞ്ഞു കഥ…

ശുഭം 😂😂😂

ഇഷ്ട്ടപെട്ടാൽ 👍👍👍

Leave a Reply

Your email address will not be published. Required fields are marked *