നിഗൂഢ സുന്ദരികൾ ഭാഗം 01 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

പ്രിയപ്പെട്ടവരെ…

ആദ്യമായിട്ടാണ് ഒരു കഥയെഴുതി പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നത്….

എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് ചില അനുഭവങ്ങളും…ഒരു അല്പം മോഹങ്ങളും.. സമന്വയിപ്പിച്ചതാണ് ഈ കഥ…

ഈ കഥ സംഭവിച്ചിട്ട് ഏതാണ്ട് 25 വർഷങ്ങൾ പിന്നിടുന്നു…

ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്റെ കുറവുകൾ ക്ഷമിച്ചുകൊണ്ട് നിങ്ങൾ വായിക്കുമെന്ന് പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ… 🙏🙏

♡♡♡♡♡♡♡♡♡♡

ഒരിക്കലും മറക്കാത്ത ഒരു അനുഭവത്തിൽ നിന്ന് തന്നെ തുടങ്ങുന്നു….

പത്താം ക്ലാസിനു ശേഷം… അലസമായി നടന്നിരുന്ന ടീനെജ് കാലം…..

അന്ന് ജീവിതത്തിൽ ഏറ്റവും മുഖ്യമായത് സിനിമയാണ് എന്ന് മാത്രമായിരുന്നു…. കരുതിയിരുന്നത്…

മലപ്പുറം ജില്ലയിലെ ഏകദേശം എല്ലാ തിയേറ്ററുകളിലും എന്റെ സാന്നിധ്യം ഉണ്ടായിരുന്നു…

എന്റെ എന്ന് മാത്രം പറയുന്നത് ശരിയല്ല എന്റെ ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നു….

വെളുത്ത സുന്ദരനായ അവൻ അത്യാവശ്യം പണമുള്ള വീട്ടിലെ പയ്യനായിരുന്നു….

ഒരിക്കൽ അവനോട് പോലും പറയാതെ ഞാൻ തിരൂരിലേക്ക് നാടുവിട്ടു…..

വീട്ടിൽ പറയാതെ മുങ്ങുന്ന പരിപാടിക്ക് അന്ന്.. നാടുവിടുക എന്നാണ് പറഞ്ഞിരുന്നത്….

തിരൂരിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ കുറച്ചുദിവസം ജോലി ചെയ്തു….

രാത്രികാലമായാൽ അങ്ങാടികളിൽ നടക്കുന്നത് എന്തൊക്കെ യാണെന്ന്.. അന്നാണ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടത്…

തികച്ചും ഞെട്ടിക്കുന്ന പുതിയൊരു തിരിച്ചറിവായിരുന്നു അത്…..

പക്ഷേ ഏതാണ്ട് 15 ദിവസങ്ങൾ മാത്രമേ ഞാൻ അവിടെ ജോലി ചെയ്തുള്ളൂ….

തിരിച്ചു നാട്ടിലെത്തിയപ്പോൾ എന്റെ ആത്മാർത്ഥ സുഹൃത്ത്.. എന്നെ കാണാൻ വന്നു…

അവനെ കൂടി കൊണ്ടു പോകാൻ എന്തുകൊണ്ട് എനിക്ക് തോന്നിയില്ല എന്നതായിരുന്നു അവന്റെ സങ്കടം…

ഇത്തരം പണികൾ ഒന്നും നിനക്ക് പറ്റിയതല്ല എന്ന് ഞാൻ അവനെ പറഞ്ഞ് സമാധാനിപ്പിച്ചു….

പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ.. പിറ്റേദിവസം അവൻ വീണ്ടും എന്നെ കാണാൻ വന്നു….

കോഴിക്കോട്ടേക്ക് രാജ്യം വിട്ടു പോകാം എന്നതായിരുന്നു അവന്റെ.. പ്ലാൻ…

ഞാൻ പരമാവധി അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു….

പക്ഷേ അവന്റെ കയ്യിൽ… നൂറിന്റെ പത്ത് നോട്ടുകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി…

അന്നത്തെ കാലത്ത് ഒരു കുട്ടിയുടെ കയ്യിൽ ആയിരം രൂപ..!!

25 വർഷം മുമ്പുള്ള കാര്യമാണ്…!!

നമുക്ക് കോഴിക്കോട് പോയി എന്തെങ്കിലും ബിസിനസ് ചെയ്യാം…

അങ്ങനെ നമുക്ക് പണക്കാരാകാം….

ഈ പണം കണ്ടപ്പോൾ ചിലപ്പോൾ ഇവൻ പറഞ്ഞതൊക്കെ നടക്കും എന്ന് എനിക്കും തോന്നിപ്പോയി….

അങ്ങനെ വീട്ടിൽ ആരോടും പറയാതെ അത്യാവശ്യം വേണ്ട ഡ്രസ്സുകളെല്ലാം രണ്ട് സഞ്ചിയിൽ ആക്കി ഉച്ചക്ക് ഞങ്ങൾ ഇവിടെനിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടു….

വൈകുന്നേരം 6 മണിയായപ്പോൾ ഞങ്ങൾ കോഴിക്കോട് എന്ന മഹാ നഗരത്തിൽ ബസ്സിറങ്ങി…..

സത്യത്തിൽ ആദ്യമായിട്ടാണ് ഞങ്ങൾ കോഴിക്കോട് അങ്ങാടി കാണുന്നത്…

ഇനിയെന്താണ് പരിപാടി എന്ന് ഞാൻ അവനോട്‌ ചോദിച്ചു….

നമ്മൾ ആദ്യം ഒരു ചായ കുടിക്കുന്നു…

ശേഷം ഒരു സിനിമ കാണുന്നു…..

ആ സിനിമക്ക് ശേഷം നമ്മൾ ഭക്ഷണം കഴിക്കുന്നു….

അതിനുശേഷം വീണ്ടും ഒരു സിനിമ കാണുന്നു…

ആ സിനിമയും കഴിഞ്ഞശേഷം നമ്മൾ കടപ്പുറത്ത് പോയി സുഖമായി കിടന്നുറങ്ങുന്നു….

രാവിലെ എഴുന്നേറ്റ് നമ്മൾ മിഠായിത്തെരുവിൽ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിക്കുന്നു….

വളരെ സിമ്പിൾ ആയ പ്ലാൻ…..!!

അംഗീകരിക്കാതിരിക്കാൻ ഒരു നിവർത്തിയുമില്ല…

കാരണം എന്റെ കയ്യിൽ ആകെയുള്ളത് 150 രൂപയാണ്….

അങ്ങനെ പറഞ്ഞത് പ്രകാരം രണ്ട് സിനിമയും ഭക്ഷണവും കഴിഞ്ഞു…

സമയം രാത്രി 12 30 ആകുന്നു…..

അവന്റെ കയ്യിലാണെങ്കിൽ പണമുണ്ട്….

രാത്രികാല നഗരങ്ങളിലെ.. അനാവശ്യങ്ങളൊന്നും എന്റെ സുഹൃത്തിന് അറിയില്ല…

നിന്റെ കയ്യിൽ പണം ഉണ്ടായതുകൊണ്ട് തന്നെ നമുക്ക് എവിടെ യെങ്കിലും ചെറിയ ഒരു റൂം എടുക്കാം….

പക്ഷേ അവന് അത് ഒട്ടും സ്വീകാര്യമായിരുന്നില്ല…

ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ടായിരുന്നു…

കോഴിക്കോട് പോയാൽ മനോരമയിൽ കിടക്കാം എന്നാണ് ചൊല്ല്…
കടപ്പുറത്ത് പേപ്പർ വിരിച്ച് കിടക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്…

ഞാൻ ഒരുപാട് തവണ അവനോട് പറഞ്ഞു നോക്കി….

ഒരു രക്ഷയും ഇല്ല…

അവസാനം വരുന്നിടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് അവരോടൊപ്പം ഞാനും കടപ്പുറത്തേക്ക് നടന്നു….

തീർത്തും വിജനമായ ആ കടപ്പുറം കണ്ടപ്പോൾ തന്നെ എനിക്കെന്തോ ആപത്ത് വരുന്നതുപോലെ തോന്നി….

കടലിൽ നിന്നും ഏതാണ്ട്… കുറച്ചു മാറി ഞങ്ങൾ കിടക്കാൻ തുടങ്ങി….

ഞങ്ങൾ കൊണ്ടുവന്നിട്ടുള്ള രണ്ട് സഞ്ചികളും തലയിണയായി ഉപയോഗിച്ചു…

അവൻ കിടക്കുന്ന തലയുടെ അടിയിലായി മണലിൽ ഒരു കുഴിയുണ്ടാക്കി പൈസ അവിടെ നിക്ഷേപിച്ചു..

അത് ബുദ്ധിപൂർവമായ ഒരു തീരുമാനമായി എനിക്കും തോന്നി…

യാത്ര ക്ഷീണവും രണ്ട് സിനിമയുടെ ക്ഷീണവും.. ഉണ്ടായിരുന്നതുകൊണ്ട് കിടന്ന പാടെ ഞങ്ങൾ ഉറങ്ങിപ്പോയി…

കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്റെ കാലിന്റെ ഭാഗത്ത് ചെറിയ ഒരു നനവ് അനുഭവപ്പെട്ടു…

പെട്ടെന്ന് തന്നെ എന്റെ തുടയുടെ അവിടെ വരെയും വെള്ളം വന്നു…

അപ്പോഴാണ് കിടക്കുന്നത് കടപ്പുറത്ത് ആണല്ലോ എന്ന് ഓർമ്മ എനിക്ക് വന്നത്….

എന്റെ സുഹൃത്തിന്റെ പേര് അലറിവിളിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റ് ഓടി…

ഞെട്ടി ഉണർന്ന് അവനും ഓടി….

പക്ഷേ ഓടിയതിൽ ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു….

അവൻ ഓടിയത് ഞാൻ ഓടിയതിന്റെ നേരെ എതിർവശത്തേക്ക് ആയിരുന്നു…

അതായത് കടലിലേക്ക്…..

അങ്ങോട്ട് അല്ലടാ ഇങ്ങോട്ട് തിരിച്ചു ഓട്…

നിലവിളിച്ചു കൊണ്ടാണ് ഞാൻ അത് പറഞ്ഞത്….

ഒരുവിധം തിരിച്ചു അവൻ ഓടി കയറി…

കുറേദൂരം ഞങ്ങൾ മുന്നോട്ടോടി….

രക്ഷപ്പെട്ടു എന്ന പൂർണ്ണ ബോധ്യമായപ്പോൾ.. ഞങ്ങൾ തളർന്ന് ആ മണലിൽ ഇരുന്നു പോയി…..

ആശ്വാസത്തിന്റെ ദീർഘനിശ്വാസം ഞങ്ങളിൽ നിന്ന് പുറപ്പെട്ടു….

പക്ഷേ പെട്ടെന്ന് തന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഞെട്ടി….

നമ്മുടെ ഡ്രസ്സ്.. വെച്ച ബാഗും.. പണവും.. എവിടെ….

തുടരും……

Leave a Reply

Your email address will not be published. Required fields are marked *