നിന്നെയൊക്കെ ഉണ്ടാക്കിയ നേരത്ത് ഒരു പത്തു വാഴ വെച്ചിരുന്നേൽ..”രാവിലെ തന്നേ അച്ഛന്റെ പതിവ് പല്ലവി കേട്ടിട്ടാണ് വിധു എഴുന്നേറ്റു ഉമ്മറത്തേക്ക് വന്നത്…..

ജീവിതങ്ങൾ..

Story written by Unni K Parthan

“നിന്നെയൊക്കെ ഉണ്ടാക്കിയ നേരത്ത് ഒരു പത്തു വാഴ വെച്ചിരുന്നേൽ..”
രാവിലെ തന്നേ അച്ഛന്റെ പതിവ് പല്ലവി കേട്ടിട്ടാണ് വിധു എഴുന്നേറ്റു ഉമ്മറത്തേക്ക് വന്നത്..

“അമ്മേ.. ഉമ്മറത്തേക്കൊരു ബ്ലാക്ക് കോഫി പ്ലീസ്…”

വിധു കോലായിൽ വന്നിരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…

“മ്മ്.. കൊണ്ട് കൊടുക്കടീ..

ദേ.. നിന്റെ മോൻ എഴുന്നേറ്റു വന്നിരുപ്പുണ്ട്…” തിലകൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..

“അതെന്തു വാർത്താനാ അച്ഛാ… അമ്മേടെ മാത്രമാണോ.. അച്ഛന് ഇതിൽ ഒരു പങ്കുമില്ലേ…” വരാന്തയിൽ കിടന്ന പത്രം എടുത്തു കണ്ണു പായിച്ചു കൊണ്ട് വിധു ചോദിച്ചു..

“ഉവ്വേടാ.. അച്ഛന്റെ നെഞ്ചിൽ തന്നേ ഊഞ്ഞാൽ കെട്ടിക്കോ..” തിലകൻ വിധുവിനെ നോക്കി പറഞ്ഞു..

“ദാ… മോനേ ചായ..” ഭാനുമതി വിധുവിന്റെ നേർക്ക് ചായ കപ്പ് നീട്ടി..

“എടീ… നീ ആണ് ഇവനേ ഇങ്ങനെ വഷളാക്കുന്നത്… തിലകൻ ഭാനുമതിയേ നോക്കി കണ്ണുരുട്ടി..

“നിങ്ങൾ ഒന്ന് പോയേ മനുഷ്യാ… ചുമ്മാ രാവിലെ തന്നേ..”

“ഉവ്വ്.. അല്ലേലും അമ്മേം മോനുമല്ലേ.. ഞാൻ പുറത്തും..”

“അച്ഛാ…” വിധുവിന്റെ വിളി കേട്ട് തിലകൻ വിധുവിനെ നോക്കി..

“വിസ വന്നു..” വിധു പതിയേ പറഞ്ഞു..

“എന്താ ന്ന്…” ഞെട്ടലോടെ തിലകൻ വിധുവിനെ നോക്കി…

“മ്മ്.. ഇന്നലെ എനിക്ക് മെയിൽ ഉണ്ടായിരുന്നു.. ടിക്കറ്റ് എന്നാ വേണ്ടേന്ന് ചോദിച്ചു അവർ.. രാത്രി ഞാൻ വരാൻ ലേറ്റ് ആയിലോ അതാണ് പിന്നെ പറയാതിരുന്നത്..”

“പിന്നേ.. നീ എവിടേക്ക് പോണ്… എവിടേം പോവണ്ടാ.. നമുക്ക് ഉള്ളത് കൊണ്ട് ഇവിടെ ഇങ്ങനെ കൂടാം…” തിലകന്റെ ശബ്ദം നേർത്തു..

“പോണം അച്ഛാ.. കാവ്യ മോളേ നമുക്ക് നല്ല വീട്ടിലേക്ക് പറഞ്ഞു വിടേണ്ടേ… പണി തീരത്ത നമ്മുടെ വീടിന്റെ പണികൾ തീർക്കേണ്ടേ.. എത്ര നാളായി അച്ഛൻ മാത്രം ഇങ്ങനെ..” പാതിയിൽ നിർത്തി വിധു തിലകനേ നോക്കി…

“വേണ്ടാ ഡാ… നീ പോയ.. എന്റെ ബലം പോകും.. നീ ഇവിടെ കൂടെ അടുത്തുള്ളപ്പോൾ.. നിനക്കറിയില്ല.. അച്ഛന് കിട്ടുന്ന ഒരു..

മാത്രമല്ല.. കുടുംബം പോറ്റാനുള്ള പ്രായമൊന്നും നിനക്കായില്ല ഡാ..”

“ഞാൻ അച്ഛനോട് മനഃപൂർവം പറയാതേ ഇരുന്നതാ.. പറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ല എന്ന് അറിയാം.. അതാണ് എല്ലാം ശരിയായി കഴിഞ്ഞു പറയാം ന്ന് കരുതിയേ..”

“പോണ്ടാ.. ഡാ..” തിലകൻ എഴുന്നേറ്റു വന്നു വിധുവിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

പോണം…അച്ഛാ… നല്ല കമ്പനി ആണ് .. നല്ല സാലറിയും… അച്ഛനും ഒരു വിശ്രമമൊക്കെ വേണ്ടേ ഇനി …”

“ഡീ.. നീ എന്താ.. ഒന്നും പറയാത്തത്..” ഭാനുമതിയേ നോക്കി തിലകൻ ചോദിച്ചു..

“അവൻ പോട്ടേ മനുഷ്യാ.. അവനല്ലേ ഇനി ജീവിക്കേണ്ടത്.. എല്ലാം നല്ലതിനാന്നേ…” ഭാനുമതി തിലകനേ നോക്കി പറഞ്ഞു..

☆☆☆☆☆☆☆☆

നാളുകൾ ക്ക് ശേഷം…

“എടീ… അവൻ വിളിച്ചില്ല ലോ ഇന്ന്…” ഉമ്മറ കോലായിലെ ചാരു കസേരയിൽ കിടന്നു കൊണ്ട് തിലകൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു..

“ഏട്ടന് ഇന്ന് മുതൽ നൈറ്റ്‌ ആണ് അച്ഛാ.. ചിലപ്പോൾ ഡ്യൂട്ടി കഴിഞ്ഞു വന്നു കിടന്നു ഉറങ്ങുകയാകും…” കാവ്യ ഉമ്മറത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…

“മ്മ്… ഞാനത് മറന്നു…

അതേ മോളേ… അവൻ എന്നാ വരികാ…” നേർത്ത ശബ്ദത്തിൽ തിലകൻ ചോദിച്ചു..

“ഏട്ടൻ പോയിട്ട് കുറച്ചു നാളല്ലേ ആയുള്ളൂ അച്ഛാ.. വരാൻ ഇനി ഒന്നര വർഷത്തോളം കഴിയും..”

“ആണോ..?അത്രേം നാളാകും ല്ലേ..”

“എന്തേ.. അല്ലേൽ ഏത് നേരവും അവനെ ചീiത്ത പറഞ്ഞില്ലേൽ ഉറക്കം വരില്ലായിരുന്നു ലോ.. ഇപ്പൊ വേദന ണ്ട് ല്ലേ..” ഭാനുമതി തിലകന്റെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു..

“അവൻ ഇല്ലാണ്ട് ഒരു സുഖമില്ല ഡീ…?ഒന്നിനും ഒരു ഉന്മേഷമില്ല..
എപ്പോളാ വോ…?വിളിക്കുക… മൊബൈൽ റേൻജ് ഉള്ള സ്ഥലത്തല്ലേ വെച്ചിരിക്കുന്നത് മോളേ നീ…” അതും പറഞ്ഞു തിലകൻ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചു…

ശുഭം..

ചിലപ്പോൾ ഇങ്ങനാണ് ജീവിതം… തൊട്ടടുത്ത് നില്കുമ്പോ വഴക്കിട്ട് പരിഭവിച്ചു.. കൂടെ നടക്കുമ്പോൾ അറിയില്ല..

പക്ഷേ… അടുത്തില്ലാതാവുമ്പോ വിങ്ങി പൊട്ടി.. ആരുമറിയാതെ…ഇങ്ങനെയും ഒരുപാട് അച്ഛനും അമ്മയും കൂടപിറപ്പുകളും..

Leave a Reply

Your email address will not be published. Required fields are marked *