ഒരു ഫോൺ വിളി അപാരത
Story written by Bindhya Balan
“നിന്നോടൊരായിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ വിളിക്കുന്ന ടൈമിൽ എല്ലാം ഫോൺ നിന്റെ കയ്യിൽ ഉണ്ടാവണമെന്ന്… എന്നിട്ട് എപ്പോഴേലും നീയത് കേട്ടിട്ടുണ്ടോ… എടി കേട്ടിട്ടുണ്ടോന്ന്? “
ഇച്ചായൻ വിളിച്ചപ്പോ ഫോൺ എടുക്കാൻ കുറച്ചു വൈകിയതിന് ഇച്ചായന്റെ വായിൽ നിന്ന് കണക്കിന് വാങ്ങിക്കൂട്ടി കരയും കരയില്ല എന്ന മട്ടിലിരുന്നു എന്ത് മറുപടി പറയണമെന്ന് ആലോചിക്കുവായിരുന്നു ഞാൻ.
“എന്നാടി മിണ്ടാതെയിരിക്കുന്നെ… വെല്ല കള്ളത്തരവും ആലോചി ച്ചെടുക്കുവാണേൽ പൊന്നുവേ വേണ്ട.. അiടിച്ച് കiരണം പൊiളിക്കും ഇച്ചായൻ… അത് കൊണ്ട് മര്യാദയ്ക്ക് പറഞ്ഞോ … ആറ് തവണ വിളിച്ചിട്ടും എടുക്കാതിരിക്കാൻ നീ എവിടെപ്പോയി കിടക്കുവായിരുന്ന്? “
ശോ… എന്തെങ്കിലും ഒരു കള്ളത്തരം പറഞ്ഞു രക്ഷപെടാം എന്ന് വിചാരിച്ചാൽ ആ വിചാരം വരെ കണ്ടുപിടിക്കുന്നൊരു താന്തോന്നിയെ ആണല്ലോ കിട്ടിയത്….. ഇനിയിപ്പോ സത്യം പറയാതെ രക്ഷയില്ല…. നുണ പറഞ്ഞു പത്ത് തiല്ല് വാങ്ങിക്കുന്നതിലും നല്ലതല്ലേ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അഞ്ച് തiല്ല് കുറച്ചു വാങ്ങുന്നത് എന്ന് മനസിലോർത്ത് ഞാൻ പറഞ്ഞു
“അത്.. ഇച്ചായാ ഇവിടെ കസിൻസ് എല്ലാവരും ഉണ്ട്… രാവിലെ വന്നതാ… അവരുടെ കൂടെ ഇരുന്നപ്പോ ഫോൺ റിംഗ് ചെയ്തത് ഞാൻ കേട്ടില്ല.. സോറി.. “
“എന്നിട്ട് അവര് വന്നൂന്ന് നീ മെസ്സേജ് ചെയ്യാതിരുന്നതെന്നാ .. അല്ലെങ്കിൽ പട്ടി കുരയ്ക്കണതും പൂച്ചേടെ പ്രസവം വരെ നീ മെസ്സേജ് ചെയ്യണതെല്ലെടി…… “
എന്റെ മറുപടിയിൽ സാറ്റിസ്ഫൈഡ് ആകാതെ താന്തോന്നി ചോദ്യം ചെയ്യൽ തുടർന്നു…
“അത് ഇച്ചായാ. അവരെല്ലാരും…. ഞാൻ… എനിക്ക് പേടിയായതോണ്ടാ…. സോറി… എന്റെ ഇച്ചായനല്ലേ.. ദേഷ്യപ്പെടല്ലേ “
കരച്ചിലിന്റെ വക്കിലെത്തി ഞാൻ അത് പറഞ്ഞപ്പോ ഒന്ന് കനത്തിൽ മൂളിയിട്ട് ഇച്ചായൻ പറഞ്ഞു
“ശരി…. നിനക്ക് നിന്റെ കസിൻസിന്റെ കൂടെയിരിക്കാനല്ലേ ഇഷ്ടം….. ഇല്ലാത്ത നേരം ഉണ്ടാക്കിവിളിക്കുമ്പോ എന്നോട് മിണ്ടാൻ നിനക്ക് നേരമില്ല…. ആയിക്കോട്ടെ…. “
“ഇച്ചായാ… “
വേദനയോടെയുള്ള എന്റെ വിളി കേട്ടതും “ഫോൺ വച്ചിട്ട് പോടീ… എന്തെങ്കിലും പറഞ്ഞാ അവളുടെ ഒരു മോങ്ങൽ… ഇന്നിനി നീ എന്നെ വിളിക്കണ്ട… കേട്ടോടി…. “എന്ന് അലറുകയായിരുന്നു ഇച്ചായൻ.
എന്തോ… ആ പറഞ്ഞത് എന്നിൽ ഒരു വലിയ കരച്ചിൽ ഉണ്ടാക്കി…. എന്നിട്ട് പോലും മനസലിയാതെ ഇച്ചായൻ പറഞ്ഞു
“ആരെകാണിക്കനാടി കരയുന്നെ… ഈ കരച്ചിൽ കേൾക്കുമ്പോ എനിക്ക് ദേഷ്യം കൂടുവാ… നീ ഫോൺ വച്ചേ പൊന്നുവേ… ഇന്നിനി എന്നെ വിളിക്കണ്ട എന്ന് പറഞ്ഞാ വിളിക്കണ്ട… വിളിച്ചാൽ…. ഈ ഫോൺ ഞാൻ തiല്ലിപ്പൊട്ടിക്കും.. നിനക്ക് അറിയാല്ലോ ഇച്ചായനെ…… ഇരുന്നു മോങ്ങാതെ വെച്ചിട്ട് പോടീ “
ഇച്ചായന്റെ അലർച്ചയിൽ സഹിക്കാൻ കഴിയാത്ത സങ്കടത്തോടെ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞ് മുഖം പൊത്തി കരയുമ്പോൾ എനിക്ക് തോന്നി ഇച്ചായൻ വിളിച്ചപ്പോ ഫോൺ എടുക്കാതിരുന്നത് തെറ്റായിപ്പോയെന്ന്. എന്റെ ഇച്ചായന് ഞാൻ മാത്രമല്ലേയുള്ളു.
കുറച്ച് നേരം അങ്ങനെയിരുന്ന് കരഞ്ഞിട്ട് ഫോണെടുത്ത് ഇച്ചായന്റെ നമ്പർ ഡയൽ ചെയതെങ്കിലും കിട്ടിയിട്ടുള്ള വാണിംഗ് ഓർത്ത് കട്ട് ചെയ്ത് പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോഴാണ് വീണ്ടും ഇച്ചായൻ വിളിക്കുന്നത്…
ഫോൺ എടുത്ത് ചെവിയോട് ചേർത്ത് മൗനമായിരുന്നപ്പോ ഇച്ചായന്റെ ചോദ്യം
“നിന്റെ മോങ്ങൽ കഴിഞ്ഞോ… “
“ഉം “
ഉള്ളിൽ നുരഞ്ഞു പൊന്തിയ സങ്കടകടലിനെ അടക്കിപ്പിടിച്ചു ഞാൻ വെറുതെ മൂളി…
“ആ.. എന്നാ… ഇച്ചായന് കെട്ടിപ്പിടിച്ച് ഒരു ചക്കരയുiമ്മ തന്നേ “
ഒരു ചെറിയ ചിരിയോടെ ഇച്ചായൻ ചോദിക്കുമ്പോൾ അത് വരെ പിടിച്ചു നിർത്തിയ കണ്ണുനീർ അണപൊട്ടിയൊഴുകുകയായിരുന്നു.
ഏങ്ങലടിച്ചു കൊണ്ടൊരു ചക്കരയുമ്മ കൊടുക്കുമ്പോൾ ” അച്ചോടാ… ഇത്രേം ശങ്കടം വന്നോ ന്റെ കൊച്ചിന്….. ഇച്ചായന് നീയല്ലാതെ വേറേ ആരാടി…..കൊച്ചില്ലാതെ ഇച്ചായനു പറ്റാത്തൊണ്ടല്ലേ… അതെന്നാ കൊച്ച് മനസ്സിലാക്കാത്തത് …. ” എന്നൊരു ചോദ്യം ചോദിച്ച് ആ നെഞ്ചിലെ എന്നോടുള്ള സ്നേഹത്തിന്റെയാഴം എത്രമാത്രമാണെന്ന് ഇച്ചായൻ എനിക്ക് മനസിലാക്കിത്തരികയായിരുന്നു…