നീയെന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് എന്ന് നിനക്ക് വല്ല പിടിയുമുണ്ടോ? ആ വയ്യാത്ത കൊച്ചിനെയും കൊണ്ടു കറങ്ങി നടക്കുന്നു, ടൂർ പോകുന്നു, റീൽ എടുത്ത് ഫേസ്ബുക്കിലോ പിന്നെ……

ചിറകറ്റ് വീഴുന്നവർ

എഴുത്ത്:-ജെയ്‌നി റ്റിജു

ഞാൻ മോളുമായി പുറത്ത് പോയി വരുമ്പോൾ കുഞ്ഞമ്മാവനും അമ്മായിയും വീട്ടിലുണ്ട്. അവരുടെ മുഖം കണ്ടപ്പോഴേ തോന്നി, എന്തോ പന്തികേട് ഉണ്ടെന്ന്.

” സീമ ഒന്നിങ്ങോട്ട് വന്നേ, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.”

തിണ്ണയിൽ അമ്മാവനും അമ്മായിയും കൂടാതെ അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും ഇരിക്കുന്നുണ്ട്. അമ്മയുടെ മുഖം കരഞ്ഞു വീർത്തപോലുണ്ട്. ഏട്ടൻ തല കുനിച്ചിരിക്കുന്നുണ്ട്. എന്തോ കാര്യമായ സംസാരം അവിടെ നടന്നിട്ടുണ്ട് എന്നുറപ്പാണ്.

” ഞാൻ മോളെ കൊണ്ടുപോയി കിടത്തിയിട്ട് വരാം അമ്മാവാ. അവൾക്ക് നല്ല ക്ഷീണമുണ്ട്. “

അതും പറഞ്ഞു മറുപടിക്ക് കാത്തുനിൽക്കാതെ മോളുടെ വീൽചെയർ തള്ളി ഞാൻ അകത്തേക്ക് പോയി. അവൾക്ക് ഈയിടെ ക്ഷീണം കൂടിക്കൂടി വരികയാണ്.. പെയിൻ മെഡിസിന്റെ ഡോസിപ്പോൾ പഴയ പോലെ ഏൽക്കുന്നില്ല. ഭക്ഷണം പൂർണമായും ട്യൂബിൽ കൂടെയായിട്ടുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ ചില ഐറ്റംസ് രുചിച്ചു നോക്കണമെന്ന് അവൾ ആഗ്രഹം പറയും.

അവളെ വീൽചെയറിൽ നിന്നു എഴുന്നേൽപ്പിച്ചു ബെഡിൽ കിടത്തി. അവളുടെ ഡയപ്പർ മാറ്റി, തുടച്ചു ക്ലീനാക്കി ഡ്രസ്സ്‌ മാറ്റിച്ചിട്ടാണ് ഞാൻ പുറത്തേക്ക് ചെന്നത്.

പുറത്ത് ഇരിക്കുന്നവരുടെ മുഖത്ത് നല്ല അക്ഷമ പ്രകടമായിരുന്നു. അതൊന്നും എന്നെ ബാധിക്കാതെയായിട്ട് കുറേയായിരിക്കുന്നു. ഞാൻ ചെന്ന് ഒരു തൂണിൽ ചാരി നിന്നു.

” എന്താ നിന്റെ ഉദ്ദേശം? “
കടുപ്പത്തിൽ ആണ് അമ്മാവന്റെ ചോദ്യം. ഞാനൊന്ന് വല്ലാതായി.

” നീയെന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് എന്ന് നിനക്ക് വല്ല പിടിയുമുണ്ടോ? ആ വയ്യാത്ത കൊച്ചിനെയും കൊണ്ടു കറങ്ങി നടക്കുന്നു, ടൂർ പോകുന്നു, റീൽ എടുത്ത് ഫേസ്ബുക്കിലോ പിന്നെ എവിടെയൊക്കെയോ ഇടുന്നു….നീയെന്താ ആഘോഷിക്കുവാണോ? ഇന്നോ നാളെയോ എന്നറിയാത്ത കൊച്ചിനെയും കൊണ്ടു അവളുടെ… “

” മതി. ” എന്റെ ശബ്ദം വല്ലാതുയർന്നു എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ ഓടിച്ചെന്നു പൂമുഖവാതിൽ അടച്ചു.

” ഇന്നോ നാളെയോ എന്നറിയാത്ത കൊച്ചാണ് എനിക്കറിയാം, അവൾക്കുമറിയാം. എന്ന് വെച്ച് എപ്പോഴും ഇങ്ങനെ ഓർമ്മിപ്പിക്കണമെന്നില്ല. “

” അല്ല മോളെ, ഞാൻ അതല്ല ഉദ്ദേശിച്ചത്…. ” അമ്മാവനും ഒന്നു പതറി.

” നിനക്കറിയില്ല ആളുകൾ എന്തൊക്കെയാ പറയുന്നതെന്ന്. എനിക്കും നിന്റേട്ടനുമൊന്നും പുറത്തിറങ്ങി നടക്കാൻ വയ്യ.. ഈ കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടി നിന്റെ പേർക്കുണ്ടായിരുന്നത് മുഴുവൻ വിറ്റു. ഇവന്റെ കയ്യിലുള്ളതും തീർന്നു.. പോരാത്തതിന് നാട്ടുകാർ എത്രയോ പേര് സഹായിച്ചു..
അതുകൊണ്ട് ഗുണമൊന്നും ഉണ്ടായില്ലെങ്കിലും. അത് നമ്മുടെ യോഗം. പക്ഷെ കുട്ടീ, നീയിങ്ങനെ കുഞ്ഞിനേയും കൊണ്ടു കറങ്ങിനടക്കുമ്പോൾ ആളുകൾക്കിപ്പോ സഹതാപമല്ല തോന്നുന്നത്. അവരിപ്പോ പരിഹസിക്കുകയാണ്. വയ്യാത്ത കുഞ്ഞിനേയും പ്രദർശനവസ്തുവാക്കികൊണ്ട് നീയിങ്ങനെ നടക്കുമ്പോൾ… അതും വീട്ടിൽ കുഞ്ഞിനെ കാണാൻ വരുന്ന ബന്ധുക്കളെ പോലും പലപ്പോഴും നീ കാണിക്കുക പോലുമില്ല എന്നും പറയുന്നുണ്ട്. “

ഞാൻ ഒന്നും മിണ്ടിയില്ല. അമ്മാവൻ പറഞ്ഞു തീർക്കാൻ കാത്തു. അമ്മാവൻ തുടർന്നു.

” മോളെ, നിന്റെ കാൽച്ചുവട്ടിലെ മണ്ണടർന്നു പോകുന്നത് നീയറിയുന്നില്ല.. താങ്ങാൻ നിനക്കൊരു ഭർത്താവ് പോലുമില്ല. കേറിക്കിടക്കാൻ തത്ക്കാലം തറവാട് ഉള്ളത് കൊണ്ട് കുഴപ്പമില്ല. പക്ഷെ, എത്രകാലം ഇവന് നിന്നെക്കൂടെ പോറ്റാൻ കഴിയും.? ഇവനും ഒരു കുടുംബമില്ലേ.”

ഞാൻ അവിശ്വസനീയതയോടെ ഏട്ടനെ നോക്കി. അവൻ നിസ്സഹായതയോടെ മുഖം തിരിച്ചു.

” അവനെ നോക്കണ്ട. അമ്മാവൻ പറയുന്നത് ഞങ്ങളുടെ എല്ലാവരുടെയും അഭിപ്രായമാണ്. ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ നീ എടുക്കില്ലല്ലോ..വയ്യാത്ത കുഞ്ഞിന് റസ്റ്റ്‌ ആണ് വേണ്ടത്. ആവശ്യത്തിന് ചികിത്സ യും.. ഈശ്വരനെയും വിളിച്ചു ഈ കുഞ്ഞിനേയും കൊണ്ട് ഒന്നുകിൽ വീട്ടിൽ ഇരിക്കുക, അല്ലെങ്കിൽ ആശുപത്രിയിൽ കിടക്കുക.. നിന്റെ സ്ഥാനത്തുള്ള ഏതമ്മയും ഇപ്പോൾ അമ്പലങ്ങളാണ് കേറിയിറങ്ങുക. കണ്ട പാർക്കും ബീച്ചുമല്ല. ഇതിപ്പോ നാട്ടുകാരെ കുറ്റം പറയാൻ പറ്റുമോ.?

അമ്മയുടെ സ്വരത്തിൽ നീരസം പ്രകടമായിരുന്നു. ഞാൻ ചുമരിൽ ചാരി നിലത്തേക്കിരുന്നു, പതുക്കെ പറഞ്ഞു തുടങ്ങി.

” പലവട്ടം പറഞ്ഞതാണ്. ഞാൻ കരുതിയത് നിങ്ങൾക്കെങ്കിലും എന്നെ മനസ്സിലാവുമെന്നാ. പക്ഷെ ഇല്ല.. എങ്കിൽ ഒന്നുകൂടെ പറയാം.

ദീപു മരിക്കുമ്പോൾ എന്റെ മോൾക്ക് ഒന്നര വയസ്സാണ്.. അന്നുമുതൽ ഞാൻ ജീവിച്ചത് അവൾക്ക് വേണ്ടിയായിരുന്നു. അമ്മയുടെ സഹായം കൊണ്ടു തന്നെയാണ് ജോലിചെയ്യാനും അവളെ വളർത്താനും എനിക്ക് കഴിഞ്ഞത്. ഒന്നും ഞാൻ മറന്നിട്ടില്ല. പക്ഷെ, വിധി വീണ്ടും എന്റെ അടുത്ത് പരീക്ഷയുമായെത്തി. ഇത്തവണ എന്റെ മോളായിരുന്നു ഇര. പത്താം വയസ്സിൽ എന്റെ മോൾക്ക് ബ്രെയിൻ കാൻസർ. അതും ഫോർത് സ്റ്റേജ് ഗ്ലയോബ്ലാസ്റ്റോമ.. തിരിച്ചറിഞ്ഞതേ ഒരുപാട് വൈകി.. പിന്നെ നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ.. പല പല ഹോസ്പിറ്റലുകൾ, ടെസ്റ്റുകൾ, മരുന്നുകൾ. ചിലവാക്കാവുന്നിടത്തോളം ചിലവാക്കി. കിട്ടാവുന്നിടത്തോളം കടം വാങ്ങി, സഹായിച്ചവരോടെല്ലാം കൈനീട്ടി, അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. എനിക്ക് എങ്ങനെയെങ്കിലും എന്റെ മോളെ തിരിച്ചു വേണമായിരുന്നു.

പക്ഷെ, മെഡിക്കൽ സയൻസും ദൈവങ്ങളും എന്നെ കൈവിട്ടു. ഇനിയൊന്നും ചെയ്യാനില്ല, ചിലപ്പോൾ മാസങ്ങൾ, ചിലപ്പോൾ ദിവസങ്ങൾ അത്രയേ അവൾക്കിനിയുള്ളൂ. ഇനി ചെയ്യാവുന്നത് വേദന കുറച്ചു സ്വസ്ഥമായി മരിക്കാൻ അനുവദിക്കുക എന്നതാണ് എന്ന് പറഞ്ഞാണ് ഡോക്റ്റേഴ്സ് അവളെ ഡിസ്ചാർജ് ചെയ്തത്.”

” മോളെ, ഇതൊക്കെ ഞങ്ങൾക്കും അറിയാവുന്നതാണല്ലോ. “

ഏട്ടന്റെ സ്വരം നേർത്തതായിരുന്നു.

” ഞാൻ പറയട്ടെ.. ” എന്റെ ശബ്ദത്തിന് മൂർച്ച കൂടി.

” ഇനിയെന്റെ മോൾക്ക് വേണ്ടി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയിലാണ് എനിക്ക് തോന്നിയത്, എന്റെ മോൾ ഈ ലോകത്ത് നിന്ന് പോകുന്നതിനു മുൻപ് എനിക്ക് കഴിയാവുന്ന വിധത്തിൽ അവളുടെ ആഗ്രഹങ്ങളൊക്കെയും സാധിച്ചു കൊടുക്കണമെന്ന്. അവൾ ആഗ്രഹിച്ചിടത്തെല്ലാം കൊണ്ടുപോണം, അവളോടൊപ്പമുള്ള ഓരോ നിമിഷവും ക്യാമെറയിൽ പകർത്തണം, എന്റെ മരണം വരെ എനിക്കവളുടെ കളിയും ചിരിയും കാണണം.. അവളുടെ താല്പര്യത്തിനാണ് ഞാൻ വീഡിയോയും ഫോട്ടോയും ഇടുന്നത്. അവൾക്ക് വേണ്ടത് ആരുടെയും സഹതാപമല്ല,മറിച്ച് സ്നേഹവും സന്തോഷവുമാണ്. “

ആരുമൊന്നും മിണ്ടിയില്ല. ഞാൻ തുടർന്നു.

” സ്വാതി മോളെ നിങ്ങൾക്കറിയാം. പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് അവൾക്ക്.. അവൾക്ക് കാര്യങ്ങൾ എല്ലാം അറിയാം..അവളാണ് എന്നോട് പറഞ്ഞത്, ഈ യാത്രകളിലൊന്നിൽ എന്റെ കൈകളിൽ കിടന്ന് അവൾക്ക് മരിക്കണമെന്ന്. ഏതെങ്കിലും ഒരു ഹോസ്പിറ്റലിന്റെ ഐസിയുവിൽ പേര് പോലും അറിയാത്ത ഏതോ ഒരു നേഴ്സ് ന്റെയോ ഡോക്ടറുടെയോ കൂടെയല്ല ഈയമ്മയുടെ കൂടെയാണ് അവളുടെ അവസാനനിമിഷം അവൾക്ക് വേണ്ടതെന്ന്.

ഞാനൊരു ദീർഘനിശ്വാസം എടുത്തു..

” ആദ്യം ഞാൻ വിശ്വസിച്ചില്ല, പിന്നെ ഞാൻ കരഞ്ഞു, ദൈവത്തോട് യാചിച്ചു എന്റെ ജീവൻ പകരം തരാമെന്ന് വരെ പേശിനോക്കി. അവസാനം അവളുടെ വിധി ഞാൻ അംഗീകരിച്ചു. ഇനി ഞാൻ അവളുടെ സന്തോഷം മാത്രമാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി ഏതറ്റം വരെയും ഞാൻ പോകും.. നിങ്ങളുടെ ഒക്കെ ഔദാര്യം ഞാൻ സ്വീകരിച്ചു എന്നതുകൊണ്ട് എന്റെ മകൾക്കുവേണ്ടി അവളാഗ്രഹിക്കുന്നത് എനിക്ക് ചെയ്തുകൊടുക്കാൻ പാടില്ലെന്നുണ്ടോ?

പത്തുവയസ്സ് മാത്രമുള്ള, ഈ ലോകത്തിന്റെ വക്രതയറിയാത്ത എന്റെ കുഞ്ഞിന്റെ ആത്മാവിനു മോക്ഷം കിട്ടാൻ ഏത് ആരാധാനാലയത്തിലാണ് ഞാൻ ഭജന ഇരിക്കേണ്ടത്? ഏത് നേർച്ചകളാണ് ഞാൻ കഴിപ്പിക്കേണ്ടത്?

പിന്നെ, വീട്ടിൽ മോളെ കാണാൻ വരുന്ന ബന്ധുക്കളുടെ കാര്യം. വന്ന് അവളുടെ മുന്നിലിരുന്ന് സഹതപിച്ചു, ഒരു തുള്ളി കണ്ണീരും പൊഴിച്ച്, അവളു കേൾക്കെത്തന്നെ കുത്തുവാക്കുകൾ കൊണ്ടു എന്നെ വേദനിപ്പിക്കുന്ന ഒരെണ്ണം പോലും ഇവിടെ കേറരുതെന്ന് ഞാൻ പറഞ്ഞത് തന്നെയാ. അതിനിനിയും ഒരു മാറ്റവും ഉണ്ടാവില്ല. “

ഞാൻ ഇത്രയും പറഞ്ഞിട്ട് അകത്തേക്ക് കേറാനൊരുങ്ങി, പിന്നെ ഒന്നു തിരിഞ്ഞു നിന്നു.

” അമ്മയോടും ഏട്ടനോടുമാണ്. കുറച്ചു നാൾ കൂടെ നിങ്ങളെന്നെ സഹിക്കേണ്ടി വരും. കൃത്യമായി ഒരു ഡേറ്റ് എനിക്കിപ്പോ പറയാൻ കഴിയില്ല. എന്റെ മകളെ യാത്രയാക്കുന്നതിന്റെ പിറ്റേന്ന്… ഞാൻ ഇവിടെ നിന്നിറങ്ങിക്കോളാം.. പിന്നെ ഞാൻ സ്വസ്ഥമാണ്.. എത്ര കഷ്ടപെട്ടാണെങ്കിലും എല്ലാവരുടെയും കടം ഞാൻ വീട്ടിക്കോളാം. അതുവരെ, അതുവരെ മാത്രം ഒന്ന് എന്റെ കൂടെ നിന്നാൽ മതി.. “

അമ്മ ഏങ്ങിക്കരയുന്നതും ഏട്ടൻ അമ്മയെ എന്തൊക്കെയോ പറഞ്ഞാശ്വസിപ്പിക്കുന്നതും കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ അകത്തേക്ക് നടന്നു.

റൂമിൽ ചെന്നപ്പോൾ ഞാൻ പ്രതീക്ഷിക്കാതെ മോൾ ഉണർന്നിരിക്കുകയായിരുന്നു. അവൾ എന്തൊക്കെയോ കേട്ടിട്ടുണ്ട് എന്ന് മുഖത്തുനിന്ന് വായിച്ചറിയാം. എന്നെ കണ്ട് അവളൊന്നു ചിരിച്ചു.

” എന്റെ അമ്മ എന്തിനാ കരയുന്നെ? കരയുന്ന അമ്മയേക്കാൾ പൊരുതുന്ന അമ്മയെയാ എനിക്കിഷ്ടം. അമ്മയുടെ ചിരിക്കുന്ന മുഖം കണ്ടിട്ട് വേണം എനിക്ക് പോകാൻ. അവിടെ ചെല്ലുമ്പോൾ ഞാൻ അച്ഛനോട് പറയും, എന്നെ അമ്മ ഏറ്റവും നന്നായാ നോക്കിയേ എന്ന്.ഇത്രയും നല്ലൊരു അമ്മയെ തന്നതിന് നന്ദി എന്ന്. അവിടിരുന്നു ഞങ്ങൾ രണ്ടുപേരും നോക്കും ഇവിടെ അമ്മ സന്തോഷമായിരിക്കുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കണം കേട്ടോ. എങ്കിലേ ഞങ്ങൾക്കും സമാധാനമാവുള്ളു. “

“നിന്റെ പകുതി ധൈര്യം എനിക്കില്ലാതെയായിപ്പോയല്ലോ മോളെ…”

ഞാൻ പൊട്ടിപ്പിളർന്നു കരഞ്ഞുകൊണ്ട് മോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. അവളാ കുഞ്ഞിക്കൈകൾ കൊണ്ടു എന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു. ആശ്വസിപ്പിക്കാണെന്നപോലെ….

Leave a Reply

Your email address will not be published. Required fields are marked *