പതിവില്ലാതെ പാട്ട് ഉഗ്രനായിരുന്നു മാഷേയെന്ന് പറയാൻ അവൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആരെങ്കിലും പ്രശംസിച്ചാൽ പ്രസന്നമാകുന്ന……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഒരു താളത്തോടെ പ്രാണൻ മൂളിക്കൊണ്ടിരുന്ന ജീവിതത്തിന്റെ  രാഗം രാധാമണി പോയപ്പോൾ നഷ്ട്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ…..

ഞാൻ സംഗീതം പഠിപ്പിക്കാൻ പോകുന്ന സ്കൂളിലെ ഓഫിസ് സ്റ്റാഫായിരുന്നു രാധാമണി. കുട്ടികളുമായി ചിലപ്പോഴൊക്കെ മൈതാന തണലിൽ ഞാൻ പാടുമ്പോൾ അവൾ വരാന്തയിലേക്ക് വന്ന് കേട്ട് നിൽക്കും. ഹെഡ്മാഷ് കാണാതിരിക്കാൻ എന്നോണം പരുങ്ങി നിൽക്കും..

അന്ന്, മൈതാനത്ത് ഇരുന്ന് കുട്ടികളുമായി ഞാൻ പാടുകയായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ പതിവില്ലാതെ പാട്ട് ഉഗ്രനായിരുന്നു മാഷേയെന്ന് പറയാൻ അവൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആരെങ്കിലും പ്രശംസിച്ചാൽ പ്രസന്നമാകുന്ന മുഖത്തോടെ എന്ത് പറയണമെന്ന് അറിയാതെ ഞാൻ നിന്നു.

‘മാഷിന്റെ നമ്പർ തരുമോ…?’

നോക്കാതെ പറയാൻ അറിയാത്തത് കൊണ്ട് മാത്രം തന്റെ നമ്പർ പറയൂയെന്ന് പറഞ്ഞ് ഞാൻ എന്റെ ഫോണെടുത്തു. വളരേ സന്തോഷത്തോടെയാണ് അവൾ പറഞ്ഞ ആ അക്കങ്ങളെയെല്ലാം ഞാൻ സൂക്ഷിച്ചത്. അപ്പോൾ തന്നെ വിളിക്കുകയും ചെയ്തു. കട്ട് ചെയ്യാമായിരുന്നിട്ടും എന്റെ തൊട്ടടുത്ത് നിന്നുകൊണ്ട് അവൾ ഹലോയെന്ന് പറഞ്ഞു. ആ കുസൃതിയും ഉള്ളിൽ ഇട്ടുകൊണ്ടാണ് അന്ന് ഞാൻ വീട്ടിലേക്ക് പോയത്…

രാത്രിയിൽ രാധാമണിയെ തന്നെ ചിന്തിക്കുകയായിരുന്നു. അവൾക്ക് പ്രായം മുപ്പത് കഴിഞ്ഞിട്ടുണ്ടാകും… എനിക്ക് നാൽപ്പതും കഴിഞ്ഞു.  ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുന്ന ഞാൻ ഇടക്കൊക്കെ ഒരു കൂട്ട് ആഗ്രഹിക്കാറുണ്ട്.. പക്ഷേ, അവളെ പോലെ ആരെങ്കിലുമാണ് തുടർന്നും വരുന്നതെങ്കിൽ ജീവിതത്തിൽ ആകെ അപതാളം മുഴങ്ങാൻ തുടങ്ങും… ഇണകൾക്ക് ഒരുമിച്ച് ശ്രുതിയോടെ പാടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് അങ്ങനെയൊരു ജീവിതമെന്ന് ഞാൻ തുടർന്ന് ചിന്തിക്കുകയായിരുന്നു…

പിറ്റേന്ന് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല.  രാത്രിയിൽ ആഗ്രഹിച്ചത് പോലെ എന്റെ ശബ്ദത്തിന്റെ വിലാസത്തിലേക്ക് രാധാമണി വിളിച്ചു.. രഘുനാഥ്‌ മാഷല്ലേയെന്ന് ചോദിച്ചപ്പോൾ തന്നെ എനിക്ക് ആളെ പിടികിട്ടി. ആണല്ലോയെന്ന് ഞാൻ പാടുമ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു….

രണ്ടുപേരുടേയും ഉറക്കങ്ങൾ ഒരുപോലെ മാറി നിന്നപ്പോൾ വെളുക്കുവോളം ഞങ്ങൾ സംസാരിച്ചു. എന്തേ ഇതുവരെ വിവാഹമൊന്നും ചെയ്യാതിരുന്നതെന്ന് ചോദിച്ചപ്പോൾ പെണ്ണിന്റെ ഭാവം മാറി. പ്രതീക്ഷിക്കാതെ തീയിൽ തൊട്ടത് പോലെ ആ വിഷയത്തിൽ നിന്നേ അവൾ ഉൾവലിഞ്ഞു.

ഇതുവരെ തനിക്ക് എത്തി പിടിക്കാൻ പറ്റാത്ത ആഗ്രഹങ്ങളെല്ലാം പതിയേ എനിക്ക് മുന്നിലേക്ക് രാധാമണി കൊട്ടിയിട്ടു. സകലതും വാരിയെടുത്ത് എല്ലാത്തിനും ഇനി ഞാനുണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ ഉള്ളിന്റെ കിലുക്കം ഞാൻ അറിയുന്നുണ്ടായിരുന്നു..

ചുരുങ്ങിയ നാളുകളിൽ തന്നെ ഞങ്ങളുടെ ബന്ധം ലോകത്തോളം നിവർന്ന് വിരിഞ്ഞു. എത്രയോ രാത്രികളിൽ ഞാൻ അവിടെയിരുന്ന് മധുരമായി പാടി. അതുകേൾക്കുമ്പോൾ അതിലും ശ്രവണസുന്ദരമായി അവളൊരു കുയിലായി കൂവി. ജീവിതത്തിന് ഇത്രയും താളമുണ്ടായിരുന്നുവോയെന്ന് ഓർക്കുമ്പോഴാണ് അത് സംഭവിച്ചത്…

രാധാമണിക്ക് കുറച്ചുകൂടി മെച്ചപ്പെട്ടയൊരു ജോലി കിട്ടി. മാഷെ കാണാൻ തോന്നുമ്പോഴൊക്കെ ഓടിവരുമെന്ന് പറഞ്ഞ് വൈകാതെ അവൾ യാത്രയും പറഞ്ഞു. വർഷം ഒന്നായിട്ടും രാധാമണിക്ക് എന്നെ കാണാനേ തോന്നിയില്ല. അത് ചോദിക്കണമെന്ന് കരുതിയാൽ എന്റെ വിളി കേൾക്കാനുള്ള കാതുകൾ അവൾക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ വിളിച്ചു.

ഒരിക്കൽ സന്തോഷത്തോടെ രാധാമണി പറഞ്ഞ ആ പത്തക്ക വിലാസം നിലവിൽ ഇല്ലായെന്ന് കേൾക്കുന്നത് വരെ വിളിച്ച് കൊണ്ടേയിരുന്നു….

അവളുടെ ഓർമ്മകളിൽ കുiത്തി തiല കiത്തിക്കുന്ന ആ സ്കൂളിലേക്ക് ഞാൻ പിന്നെ പോയതേയില്ല. രാധാമണി മരിച്ചതാണോ, മനഃപ്പൂർവ്വം മറഞ്ഞതാണോയെന്ന് പോലും കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. പ്രാണന്റെ തംബുരുവിൽ നിന്ന് പ്രണയത്തിന്റെ ബരഡകളെല്ലാം പൊട്ടുന്നത് പോലെ…. വിഷാദത്തിന്റെ മണിക്കായകൾ ഹൃദയത്തിൽ താളം പിടിക്കുന്നു…

തിരിഞ്ഞ് നോക്കിയാൽ പോലും കാണാത്തത്രയും ദൂരത്തേക്ക് അവൾ പോയെന്ന് മനസ്സിന് വിശ്വസിക്കാനേ പറ്റുന്നില്ല. കേൾക്കാൻ ആരുമില്ലാത്ത ഏതോയൊരു സദസ്സിൽ നിന്ന് ആർക്കോ വേണ്ടിയെന്ന പോലെ ഞാൻ തൊണ്ട പൊട്ടി പാടുകയാണ്……

‘രാധാമണീ… നീ എവിടെയാണ്….!

Leave a Reply

Your email address will not be published. Required fields are marked *