പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ തന്നെ ഏറെ നാളുകൾ വേണ്ടി വന്നു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി. ആകെയുണ്ടായിരുന്ന അമ്മയും ഇല്ലാതായിപ്പോയ……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

തോട്ടില് മാത്രമല്ല. പുഴയിലും ഞാൻ ചൂണ്ടയിടും. വലയും എറിയാറുണ്ട്. അങ്ങനെ കിട്ടുന്ന മീനുകളെ വീട്ടിൽ കൊടുക്കുകയെന്ന ദൗത്യം മാത്രമേ എനിക്കുള്ളൂ. അമ്മയത് ആവിശ്യം പോലെ വിൽക്കുകയോ കറി വെക്കുകയോ ചെയ്യും.

ഇങ്ങനെ മീൻ പിടിച്ച് നടക്കാതെ വല്ല പണിക്കും പോയിക്കൂടേയെന്ന് പലരും ചോദിക്കാറുണ്ട്. അച്ഛൻ മരിച്ചപ്പോഴാണ് എന്റെ പഠിത്തം നിന്നതെന്ന് അറിയുന്നവരൊക്കെ തന്നെയാണ് ഇത്തരം ചോദ്യ സമിതിയിലെ പ്രധാന ആൾക്കാരെന്നതും പ്രത്യേകം പറയേണ്ടതുണ്ട്.

ഇപ്പോൾ എനിക്ക് പ്രായം ഇരുപത്തിയാറായി. പഠിച്ച കടലാസുമെടുത്ത് ചൊറിയും കുത്തിയിരിക്കുന്നവരേക്കാൾ എത്രയോ ഭേദമാണ് ഞാനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അച്ഛൻ ഉള്ളപ്പോൾ ഉള്ളതിനേക്കാളും മെച്ചപ്പെട്ട നിലയിൽ തന്നെയാണ് എന്റെ അമ്മയിന്ന് ജീവിക്കുന്നത്.

ഒരിക്കൽ, അമ്മ കാണാതെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് ഞാനൊരു ബീഡി പുകയ്ക്കുകയായിരുന്നു. അതോടൊപ്പം മുതിർന്നവരുടെ മുമ്പിൽ ബഹുമാനമില്ലാതെ മുണ്ട് മാടിക്കെട്ടി സംസാരിക്കുന്നതും അമ്മയ്ക്ക് ഇഷ്ട്ടമായിരുന്നില്ല. പോത്ത് പോലെ വളർന്നുവെന്ന് പോലും നോക്കാതെ ഈ രണ്ട് കാരണവും പറഞ്ഞ് ശീമക്കൊന്നയിൽ അമ്മയെന്റെ ചന്തി എത്രയോ വട്ടം അടിച്ച് പൊളിച്ചിട്ടുണ്ട്.

എന്നുവെച്ച് ഞാൻ തിരുത്താനൊന്നും പോകാറില്ല. നരച്ച് തുടങ്ങിയ ഒറ്റ മുണ്ടും മുറുക്കി കുത്തി ബീഡി പുകച്ചിരിക്കുന്ന എന്നെ മാത്രമെ ജീവിക്കാനായി എനിക്ക് സങ്കൽപ്പിക്കാൻ ആകുന്നുള്ളൂ…

അന്ന്, പുകച്ച് കഴിയാറാകുമ്പോഴാണ് അടുക്കളയിൽ നിന്നൊരു ശബ്ദം കേട്ടത്. ചാക്ക് കെട്ട് വീഴുന്ന പോലെയൊരു കേൾവി ആയിരുന്നുവത്. ബീഡി കളഞ്ഞ് പിന്നാമ്പുറത്ത് നിന്ന് ഞാൻ അടുക്കളയിലേക്ക് ഓടിയെത്തി. മീൻകറി ഉണ്ടാക്കുന്നതിടയിൽ അമ്മയാണ് കുഴഞ്ഞ് വീണിരിക്കുന്നത്! ആ കാഴ്ച്ചയിൽ ചുറ്റിപ്പോയ തലയുമായി തട്ടി വിളിച്ചിട്ടും അമ്മ ഉണർന്നില്ല. വാരിയെടുക്കുമ്പോൾ അനങ്ങിയത് പോലുമില്ല…

ആശുപത്രിയിൽ എത്തിച്ചിട്ടും അമ്മയെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. മൂന്നാമത്തെ നാൾ മരിച്ചു. രക്ത ധമനികൾക്ക് കാര്യമായ നാശം സംഭവിച്ചിട്ടുണ്ട് പോലും. അതിനാൽ ഓക്സിജൻ അടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ അമ്മയുടെ ഹൃദയത്തിന് ആകുന്നില്ല! പാവമത് നിന്നു പോയി…!

അമ്മയുടെ മരണം അറിയിക്കാൻ ഡോക്റ്റർ എന്നെ വിളിപ്പിച്ചിരുന്നു. നിങ്ങളുടെ അമ്മ മരിച്ചുപോയെന്ന് പറയുന്നതിന്റെ പാതി കേട്ടപ്പോഴേക്കും ഞാൻ വായ പൊത്തി കരഞ്ഞു. ആ മനുഷ്യൻ എന്നെയൊരു സഹോദരനെ പോലെ ആശ്വസിപ്പിച്ചു. അര മണിക്കൂറോളം ഞങ്ങൾ യാതൊന്നും മിണ്ടിയിരുന്നില്ല.

അമ്മ ഇല്ലാതായിരിക്കുന്നുവെന്ന യാഥാർഥ്യം നെഞ്ചുകൊണ്ട് വിങ്ങിയും കണ്ണുകൊണ്ട് തുമ്മിയും ഞാൻ അറിയുകയായിരുന്നു. ഏതാണ്ട് ശാന്തമായെന്ന് കണ്ടപ്പോൾ ഡോക്റ്റർ സംസാരിച്ച് തുടങ്ങി.

‘എത്ര പേരാണെന്ന് അറിയോ കണ്ണുകാണാതെ കഷ്ടപ്പെടുന്നത്… നിങ്ങള് സമ്മതിച്ചാൽ അമ്മ കാരണം രണ്ടുപേരുടെ ലോകത്തിന് വെളിച്ചം കിട്ടും…’

പറഞ്ഞ് വരുന്നത് എങ്ങോട്ടേക്കാണെന്ന് ആദ്യം മനസ്സിലായില്ല. ഡോക്റ്റർ വിശദീകരിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ കോർണിയൽ അന്ധതയാൽ ഇരുട്ടിലാണ്. ഈ ആശുപത്രിയിൽ തന്നെ പത്തോളം പേർ ചികിത്സ തേടുന്നുണ്ടത്രെ. എന്തോ, കോർണിയ ട്രാൻസ്പ്ലാന്റേഷൻ എന്നൊക്കെ ഡോക്റ്റർ പറയുന്നുണ്ടായിരുന്നു. കാര്യമായിട്ട് അപ്പോഴും യാതൊന്നും മനസിലായില്ല. അമ്മ മരിച്ചുപോയെന്ന് വിശ്വസിക്കാൻ തന്നെ വല്ലാതെ പ്രയാസപ്പെടുകയായിരുന്നു.

സമ്മതപത്രം നൽകാത്തവർ മരിച്ചാലും കണ്ണുകൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ അനുവാദം മതിയെന്ന് ഡോക്റ്റർ പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. മരിച്ചുപോയ അമ്മയുടെ കണ്ണുകൾ ആർക്കൊക്കെയോ വേണ്ടി ഡോക്റ്റർക്ക് വേണം. മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ യാതൊരു നഷ്ട്ടവും മനുഷ്യർക്ക്‌ വരാൻ പോകുന്നില്ലെന്ന് അദ്ദേഹത്തിലൂടെ അറിയുകയായിരുന്നു. അതുകൊണ്ട് സമ്മതിക്കാതിരിക്കാൻ തോന്നിയില്ല.

അമ്മയോടൊപ്പം എന്നെയും ഞാൻ ദാനം ചെയ്തു. മണ്ണിന് തിന്നാൻ കൊടുക്കുന്നതിനു മുമ്പ് നമ്മളെകൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടാകുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ലല്ലോ…

പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ തന്നെ ഏറെ നാളുകൾ വേണ്ടി വന്നു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി. ആകെയുണ്ടായിരുന്ന അമ്മയും ഇല്ലാതായിപ്പോയ ആ വീട്ടിൽ ഉറങ്ങേണ്ടി വരുന്ന അവസ്ഥ ദയനീയമായിരുന്നു. അത് താങ്ങാനാകാതെ കട്ടിലെടുത്ത് മുറ്റത്തിട്ടും, തോട്ടിലെ പാലത്തിൽ പായ വിരിച്ചും എത്രയോ രാത്രികളിൽ ഞാൻ കിടന്നിട്ടുണ്ട്. അകത്ത് കിടക്കുമ്പോഴെല്ലാം അമ്മ കുഴഞ്ഞ് വീഴുന്ന ശബ്ദത്തെ കേട്ട് കൊണ്ടേയിരിക്കുകയാണ്…

അന്ന്, മീൻ വിൽക്കാനായി അമ്മ ഇരിക്കുന്ന കലുങ്കിൽ ഞാനും ഇരിക്കുകയായിരുന്നു. നോട്ടമെത്തുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്. ചുണ്ടിലൊരു ബീഡി വിരലുകളുടെ സഹായമില്ലാതെ പുകയൂതുന്നുണ്ട്. അവിടേക്കാണ് പരിചയമില്ലാത്ത ഒരാൾ എന്റെ മീൻ കൂടയും നോക്കി വന്നത്.

‘ഇതെല്ലാം എനിക്ക് തന്നേക്ക്…’

ആരായാലും ആ പറഞ്ഞത് എനിക്ക് ഇഷ്ട്ടപ്പെട്ടു. എല്ലാം മീനുകളെയും പ്ലാസ്റ്റിക് കൂടിലേക്ക് മാറ്റിയിട്ട് ഞാൻ ആ പ്രായമായ മനുഷ്യന് കൊടുത്തു. പറഞ്ഞ പണം തരുമ്പോഴാണ് അയാളുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നത്. ഒരു വട്ടം പോലും ചിമ്മാതെ കണ്ണുകൾ രണ്ടും എന്നെ തന്നെ നോക്കുകയാണ്. എന്താ ഇങ്ങനെ നോക്കുന്നതെന്ന് എനിക്ക് ചോദിക്കേണ്ടി വന്നില്ല. അതിനു മുമ്പേ, നിന്റെ അമ്മയുടെ കണ്ണുകളിൽ നിന്നാണ് എനിക്ക് കാഴ്ച്ച ലഭിച്ചതെന്ന് അയാൾ പറഞ്ഞു.

അമ്മയുടെ കണ്ണുകൾ!

ഇങ്ങനെയൊരു രംഗം ഞാൻ പ്രതീക്ഷിച്ചതേ ഉണ്ടായിരുന്നില്ല. ഡോക്റ്റർ പറഞ്ഞ രണ്ടുപേരിൽ ഒരാളായിരിക്കുമിത്. അയാൾ എങ്ങനെയാണ് എന്നെ കണ്ടുപിടിച്ചതെന്നൊന്നും ഞാൻ ചിന്തിച്ചില്ല. ചിമ്മിയടയാതെ എന്നെയുറ്റ് നോക്കുന്നത് അമ്മയുടെ നോട്ടമാണ്! അങ്ങനെ തോന്നിയപ്പോൾ മാടിക്കെട്ടിയ മുണ്ട് അഴിച്ചിടാനും, ചുണ്ടുകൾക്ക് ഇടയിലെ ബീഡി പുകയോടെ തുപ്പി കളയാനും മാത്രമേ ആ നേരം തോന്നിയുള്ളൂ…!!!

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *