എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഒടുവിൽ മക്കളെല്ലാവരും ചേർന്ന് രാമപ്പനെ നോക്കാൻ ഒരു ഹോം നഴ്സിനെ വെക്കാൻ തീരുമാനിച്ചു. വീട്ടിലെ പെണ്ണുങ്ങളെല്ലാം അത് കൈയ്യടിച്ച് പാസാക്കുകയും ചെയ്തു..
സ്ട്രോക്ക് വന്നതിന് ശേഷം കുഴഞ്ഞുപോയ രാമപ്പന് അടിസ്ഥാന കാര്യങ്ങൾ ചെയ്യാൻ വരെ ഒരാളുടെ സഹായം വേണം. ആറടിയും ഒത്ത വണ്ണവുമുള്ള അയാളെ താങ്ങാൻ പോണം ആരോഗ്യമുള്ള ഒരു പുരുഷനഴ്സ് തന്നെ വേണമെന്ന് അവർ തീരുമാനിച്ചു. മക്കളുടെ തീരുമാനത്തിൽ രാമപ്പനും എതിർപ്പ് പ്രകടിപ്പിച്ചില്ല. എല്ലാവരുടേയും ആഗ്രഹം പോലെ അപ്പോഴാണ് ആ വീട്ടിലേക്ക് വിനയൻ വരുന്നത് ..
വിനയം തീരേ ഇല്ലാത്തയൊരു ചെറുപ്പക്കാരനായിരുന്നു വിനയൻ. വന്ന ആദ്യ ആഴ്ച്ചകളിൽ തന്നെ രാമപ്പന് അവനെ ഇഷ്ട്ടപെടാതായി. വേണ്ടെങ്കിൽ വേണ്ടെന്ന മട്ടിൽ നിന്ന വിനയനെ രാമപ്പന്റെ മക്കൾ വിട്ടില്ല. എല്ലാം കൊണ്ടും ചേർന്നയൊരു പുരുഷനഴ്സിനെ കിട്ടാനുള്ള പ്രയാസം തന്നെയായിരുന്നു അതിനുള്ള കാരണം..
‘അച്ഛനിത് എന്തറിഞ്ഞിട്ടാണ്… ഇത് തന്നെ എത്ര തപ്പിയിട്ട് കിട്ടിയതെന്നാണോ..!’
രാമപ്പന്റെ മുഖം ചുളിഞ്ഞു. വയസായത് കൊണ്ടല്ലെടാ പുന്നാര മക്കളെ നീയൊക്കെ എന്റെ ഇഷ്ടത്തിന് നിൽക്കാത്തതെന്ന് മുഖത്ത് നോക്കി ചോദിക്കുകയും ചെയ്തു.
‘വിനയന് എന്ത് കുഴപ്പമാണെന്നാണ് അച്ഛൻ പറയുന്നേ…’
അച്ഛന് നേരെ ശബ്ദമുയർത്തി സംസാരിക്കാൻ അറിയാത്ത രാമപ്പന്റെ മക്കൾ വളരെ സൗമ്യതയോടെയാണ് അത് ചോദിച്ചത്..
“അവന് കുഴപ്പേയുള്ളൂ….”
രാമപ്പൻ എണ്ണിയെണ്ണി പറയാൻ തുടങ്ങി. അവൻ തന്നോട് ചിരിക്കുന്നില്ലാ എന്നതായിരുന്നു ആദ്യത്തെ കുഴപ്പം. രോഗിയായിട്ട് അല്ലാതെ അച്ഛനെ പോലെ കരുതാൻ പറഞ്ഞപ്പോൾ അതിനൊന്നും പറ്റില്ലെന്നും വിനയൻ പറഞ്ഞുവെത്രെ. രണ്ടാമത്തെ കുഴപ്പം…
മൂന്നും നാലും യഥാക്രമം തന്റെ തമാശകൾ കേൾക്കുന്നില്ലായെന്നും, അവന്റെ സംസാരങ്ങൾക്ക് കല്ലിന്റെ കനമാണെന്നും ആയിരുന്നു. രാമപ്പന്റെ മക്കൾ വിനയനെ വിളിപ്പിച്ചു. എന്താ ഇങ്ങനെയൊക്കെ യെന്ന് ചോദിക്കുകയും ചെയ്തു. അവന് ഒന്നിനും മറുപടി യുണ്ടായിരുന്നില്ല.. ശ്രദ്ധിച്ചോളാമെന്ന് മാത്രം പറഞ്ഞ് അവൻ തന്റെ മുറിയിലേക്ക് പോയി…
പിന്നീടുള്ള ദിവസങ്ങളിൽ വിനയൻ അൽപ്പമൊന്ന് മാറി. രാമപ്പന്റെ തമാശകൾക്ക് ചിരിക്കാനും കൂടെ തുടങ്ങിയപ്പോൾ അവർക്കിടയിൽ രോഗിയും നേഴ്സുമെന്ന തലത്തിൽ നിന്ന് മറ്റൊരു ബന്ധം രൂപപ്പെട്ടു.
ആദ്യമൊക്കെ നിനക്ക് എന്ത് ജാടയായിരുന്നുവെന്ന് രാമപ്പൻ ഒരിക്കൽ വിനയനോട് ചോദിച്ചിരുന്നു. അതിനുള്ള കാരണം മുന്നേ നിന്ന വീട്ടിലെ അച്ചായൻ ആണെന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ…
മാസങ്ങൾ കഴിഞ്ഞു. മനസ്സ് മുഴവൻ സന്തോഷമായത് കൊണ്ട് രാമപ്പന്റെ ജീവിതം പിന്നേയും സഞ്ചരിച്ചു. അത്രയും കാലം തങ്ങളുടെ അച്ഛൻ ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന ആ മക്കൾ വിനയനോട് അതിവിനയം പ്രകടിപ്പിച്ചു. പക്ഷേ, രാമപ്പനുമായി വല്ലാത്തയൊരു മാനസിക അടുപ്പം തോന്നാൻ തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ ഭയക്കുകയായിരുന്നു. തന്നെ അസ്വസ്ഥമാക്കുന്ന യാതൊന്നും ആവർത്തിക്കരുതെന്ന് അവൻ ഉള്ളിൽ ശഠിച്ചു കൊണ്ടേയിരുന്നു..
അങ്ങനെയൊരിക്കൽ, നീ എന്റെ മോൻ തന്നെയാണെടോ എന്ന് പറഞ്ഞ രാമപ്പനോട് അല്ലെന്ന് തിരുത്താൻ വിനയന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. താനൊരു ശമ്പളക്കാരൻ മാത്രമാണെന്ന് അവൻ ചേർക്കുകയും ചെയ്തു.
‘നിന്റെ പ്രശ്നമെന്താണ്? ആരാണ് അന്ന് പറഞ്ഞ അച്ചായൻ..?’
അച്ചായൻ എന്ന് കേട്ടപ്പോൾ തന്നെ വിനയൻ രാമപ്പന്റെ മുറിവിട്ട് പുറത്തേക്ക് പോയി. പിന്തുടർന്ന് കാര്യം തിരക്കാൻ കെൽപ്പില്ലാത്ത അയാളുടെ അവസ്ഥ ഓർത്തപ്പോൾ അവൻ തിരിച്ച് വരുകയും ചെയ്തു. എന്തായാലും പറയൂയെന്ന് പറഞ്ഞ് അയാളുടെ മുഖം കേണൂ.. അതുകണ്ടപ്പോൾ പറയാതിരിക്കാൻ അവന് സാധിച്ചില്ല..
രാമപ്പന്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് വിനയൻ ഉണ്ടായിരുന്ന വീട്ടിലെ രോഗിയായിരുന്നു അച്ചായൻ. ഹോം നേഴ്സായതിന് ശേഷമുള്ള ആദ്യത്തെ ദൗത്യമായിരുന്നു അയാളുടെ ശുശ്രൂഷ. അച്ചായനുമായുള്ള സമ്പർക്കത്തിൽ പെങ്ങളും അമ്മയും മാത്രമുള്ള വിനയൻ ഏറെ സന്തോഷിച്ചിരുന്നു. അതുകൊണ്ട് തന്നെ മോനേയെന്ന് വിളിക്കുന്ന അച്ചായനെ വിനയൻ സ്വന്തം അച്ഛനെ പോലെയാണ് കരുതിയിരുന്നത്.
അവന്റെ കരുതലിൽ ആ എഴുപത്തിമൂന്നുകാരൻ മനസ്സറിഞ്ഞ് ചിരിച്ചു. ആ ചിരിയും താണ്ടിയുള്ള രാത്രിയിൽ അച്ചായൻ മരിച്ചു. നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് വിനയൻ ആ വീട്ടിൽ നിന്ന് അന്യനായി ഒഴിഞ്ഞത്. കനമില്ലാത്ത മനസ്സുമായി ഇനിയൊരു വീട്ടിലേക്ക് കയറി ചെല്ലരുതെന്ന് അവന് പിന്നീട് നിർബന്ധമുണ്ടായിരുന്നു..
അച്ചായൻ മരിച്ചതിന്റെ നാലാം നാൾ രാമപ്പന്റെ വീട്ടിലേക്ക് അതേ വേഷത്തിൽ സാഹചര്യം വിനയനെ എത്തിച്ചതാണ്. എല്ലാം കേട്ടപ്പോൾ രാമപ്പന്റെ കണ്ണുകൾ നിറഞ്ഞു. അടുത്തിരുന്നിട്ടും കുറച്ചുകൂടി അടുത്തേക്കെന്ന് അയാൾ പറഞ്ഞു. വിനയന്റെ തല വിനയപൂർവം രാമപ്പന്റെ മുഖം വരെ കുനിഞ്ഞു. അവന്റെ നെറ്റിയിലേക്ക് ചുണ്ടുകൾ മുട്ടുന്നത് വരെ അയാളുടെ ദേഹം വിറച്ച് കൊണ്ടേയിരുന്നു….
തന്നെ പോലെയുള്ളവരുടെ അവസാന കാലത്ത് നിന്നെ പോലെയുള്ളവരെ കിട്ടുന്നത് പുണ്ണ്യമാണെന്ന് രാമപ്പൻ വിതുമ്പിക്കൊണ്ട് പറയുകയായിരുന്നു. അതുകേട്ട വിനയൻ, അച്ചായനും ഇതുതന്നെയാണ് അവസാന കാലത്ത് പറഞ്ഞതെന്ന അർത്ഥത്തിൽ ചിരിച്ചു.
‘പിന്നെ എന്തിനാണ് മണ്ടാ.. എന്നെ പോലെയുള്ളവരുടെ മരണത്തിൽ നിനക്ക് ഇത്രയും വേവലാതി..?’
വിനയന് ഉത്തരമുണ്ടായിരുന്നില്ല.. ആരേയും ബുദ്ധിമുട്ടിക്കാതെ കണ്ണടയണമെന്ന ചിന്ത മാത്രമേ വാർദ്ധക്ക്യ നരകൾ ആഗ്രഹിക്കാറുള്ളൂ.. അതിൽ ചുരുക്കം ചിലർക്ക് മാത്രമായി വീണുകിട്ടുന്ന ഭാഗ്യമാണ് വിനയൻമ്മാർ…
‘ഹേയ്, വിവരദോഷി… വേർപെടുമെന്ന് കരുതി ആരേയും ചേർത്ത് വെക്കാത്ത നീയൊരു വിഡ്ഢി തന്നെ….’
വിനയന്റെ വികാരത്തിന്റെ വിവേകത്തിൽ അങ്ങനെയൊരു ചിന്ത അതുവരെ സ്പർശിച്ചിരുന്നില്ല. രാമപ്പന്റെ ശബ്ദവും പിടിച്ച് അവൻ ഏറെ സഞ്ചരിച്ചു. ശരിയാണ്. കൂടെയുണ്ടാകുന്ന കാലം വരെ പരസ്പരം ആഗ്രഹിക്കുന്ന തലങ്ങളിൽ ജീവിതം പങ്കിടുകയെന്നതിന് അപ്പുറം മറ്റെന്താണ് ഒരു സ്നേഹബന്ധല്ലേ…!!!