പിറന്നാൾ ആഘോഷം കഴിഞ്ഞ് കാര്യമായിട്ട് തന്നെ മിഥുന എന്നോടത് ചോദിച്ചു. നമ്മുടെയൊക്കെ പിറന്നാളിന് ഒഴിവ് നാളുകളിൽ വീഴാനാണ് വിധിയെന്ന് പറഞ്ഞ്……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അമ്മയ്ക്ക് പൂ കച്ചവടവും എനിക്ക് തുണിക്കടയിലുമാണ് ജോലി. സ്കൂളിൽ പഠിക്കുന്ന പ്രായത്തിലുള്ള അനിയനും കൂടി ചേരുമ്പോഴാണ് കുടുംബം പൂർണ്ണമാകുന്നത്. നിലവിൽ വലിയ പ്രയാസമൊന്നും ഇല്ല. അല്ലലില്ലാതെ തുടരാൻ കഴിയുന്നത് കൊണ്ട്, തൊടാൻ സന്തോഷത്തിന്റെ അലകൾ ഏറെയുണ്ട് ജീവിതത്തിൽ.

ജോലി സ്ഥലത്തെക്കുറിച്ച് പറയാം. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ആറുപേരാണ് അവിടെ. അതുകൊണ്ട് തന്നെ എല്ലാവർക്കും എല്ലാവരെയും അറിയാം. അതിൽപ്പരം ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടോയെന്ന് ചോദിച്ചാൽ സത്യമായിട്ടും അറിയില്ല.

അന്ന്, കൂടെ ജോലി ചെയ്യുന്ന മിഥുനയുടെ പിറന്നാൾ ആയിരുന്നു. അഞ്ചുപേരും ചേർന്നൊരു സമ്മാനം വാങ്ങി രഹസ്യമായി സൂക്ഷിച്ചു. ജോലി സമയം കഴിഞ്ഞതിന് ശേഷം അവൾക്കത് കൊടുക്കുകയും ചെയ്തു. ആ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു. ഉടുത്ത് പോയാൽ ഏതു പരിപാടിയിലും പളപളാന്ന് തിളങ്ങുന്ന ഒരു സൽവറായിരുന്നു സമ്മാനം. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിലകൂടിയ വിരുന്ന് വസ്ത്രം…

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി അഞ്ച് പേരുടേയും പിറന്നാൾ പലപ്പോഴായി ഞങ്ങൾ ആഘോഷിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ സമ്മാനം കിട്ടിയവരും ഉണ്ട്. പക്ഷെ, ഈ കാലയളവിൽ സമ്മാനമെന്ന വാക്ക് പോലും എനിക്ക് ലഭിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും നിന്റെ പിറന്നാൾ മാത്രം എന്തുകൊണ്ടാണ് വരാത്തതെന്നും ആരും കാര്യമായി ചോദിച്ചില്ല.

‘എടീ… നിനക്ക് ഈ പിറന്നാളൊന്നും ഇല്ലേ? എന്നാണത്? ‘

പിറന്നാൾ ആഘോഷം കഴിഞ്ഞ് കാര്യമായിട്ട് തന്നെ മിഥുന എന്നോടത് ചോദിച്ചു. നമ്മുടെയൊക്കെ പിറന്നാളിന് ഒഴിവ് നാളുകളിൽ വീഴാനാണ് വിധിയെന്ന് പറഞ്ഞ് ഞാൻ അപ്പോൾ ചിരിക്കുകയായിരുന്നു. വിഷയം മറ്റ് പലതിലേക്കും പോയപ്പോൾ ഞാൻ അവിടം വിട്ടു. ബസ്സ് കയറി നാട്ടിലേക്കും വന്നു. അപ്പോഴും, അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു സമ്മാനപ്പൊതിയുടെ കൊതി എന്റെ തലയിൽ അനങ്ങുന്നുണ്ടായിരുന്നു…

എല്ലാ പിറന്നാൾ നാളിലും അമ്പലത്തിലേക്ക് പോകണമെന്ന് അമ്മ പറയാറുണ്ട്. ആർക്കാണ് അതിന് നേരം! എത്ര നേരത്തെ എഴുന്നേറ്റാലും പണികളൊക്കെ തീർത്ത് കടയിൽ എത്തുമ്പോഴേക്കും വൈകും. അതിന്റെ ഇടയിൽ പിറന്നാളാണെന്ന് ആരെയും ഓർമ്മ പ്പെടുത്താനൊന്നും ശ്രമിക്കാറില്ല. എന്നുവെച്ച് സമ്മാനം കിട്ടാത്തതിൽ പരിഭവവും ഇല്ല.

എന്നാലും മിഥുനയുടെ ഇന്നത്തെ സന്തോഷം കണ്ടപ്പോൾ, ആരോടും പിണക്കമില്ലാത്ത അസൂയ തലയിൽ മുട്ടുന്നത് പോലെ…. എന്താണെന്ന് അറിയാത്ത ഒരു സമ്മാനപ്പൊതിയെ അകം കൊതിക്കുന്നത് പോലെ….

പ്രായത്തിന്റെ പക്വതയാണോ, അതിന്റെ ഇല്ലായ്മയാണോയെന്ന് അറിയില്ല. പല അവസരങ്ങളിലും സമ്മാനങ്ങളൊന്നും വേണ്ടായെന്ന് പലരോടായി ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പോഴും, ഇതാ പിടിക്കെന്ന് പറഞ്ഞ് ആരെങ്കിലും നിർബന്ധപൂർവ്വം കൈകളിൽ ഒരു സമ്മാനം വെച്ചു തന്നിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നു. ഇങ്ങനെ വെറുതേ ഞാൻ ആശിക്കാറുണ്ട്. അങ്ങനെ എത്രയെത്ര ആശകളെ ചേർത്ത് വെച്ചാണ് ഓരോ ആളുകളും ഉണ്ടാകുന്നത്. അതിൽ ഞാനും ഒരാൾ…

‘എന്റെ ഫ്രണ്ടിന്റെ പിറന്നാളാണ്. അവൾക്കൊരു സമ്മാനം വാങ്ങി കൊടുക്കണം. നൂറ് രൂപ തരുമൊ ചേച്ചി…?’

വീട്ടിലേക്ക് എത്തിയിട്ടൊന്ന് നടു നിവർത്തുമ്പോഴേക്കും ഉയർന്ന അനിയന്റെ ശബ്ദം ആയിരുന്നുവത്. പത്തിൽ പഠിക്കുന്ന അവന്റെ കൂട്ടുകാരിയെ കുറിച്ച് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. പേഴ്സിൽ നിന്ന് എടുത്തോടായെന്ന് പറഞ്ഞപ്പോൾ തന്നെ അവൻ ഓടിവന്നൊരു ഉമ്മ തന്നു. ചെറുക്കന്റെയൊരു കാര്യം! സമ്മാനങ്ങളുടെ കൊടുക്കലും വാങ്ങലുകളിലും മനുഷ്യർ എത്രത്തോളം ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് വെറുതേ ചിന്തിച്ചു പോയി.

അനിയന് ആറ് വയസ്സുള്ളപ്പോഴാണ് അച്ഛനെ വിവാഹ തട്ടിപ്പിന് പോലീസുകാർ പിടിച്ചത്. അമ്മയോടും കേസ് കൊടുക്കാൻ ബന്ധുക്കളിൽ ചിലർ പറഞ്ഞിരുന്നു. അതിന് കണ്ടെത്തുന്ന പണമുണ്ടെങ്കിൽ മക്കളുടെ വിശപ്പ് അടക്കാമെന്നേ ആ പാവം ചിന്തിച്ചുള്ളൂ… ജീവിതത്തിൽ നിന്നും അച്ഛനെ വേരോടെ പിഴുതെറിയാൻ കോടതി കടലാസ്സിന്റെ ആവിശ്യം അമ്മയ്ക്ക് വേണ്ടി വന്നില്ല. കണ്ണ് തന്നിലേക്കും മകളിലേക്കുമാണെന്ന് തോന്നും വിധം സഹായിക്കാൻ വന്ന ബന്ധുക്കളെയും അമ്മ അടുപ്പിച്ചില്ല.

പഠിക്കാൻ മോശം അല്ലായിരുന്നുവെങ്കിൽ എന്നേയും അമ്മ പഠിപ്പിക്കുമായിരുന്നു. ഞാനും കൂടി ജോലിക്ക് പോയാൽ ജീവിതം മെച്ചപ്പെടുമെന്ന് വൈകാതെ എനിക്ക് തോന്നുകയും ചെയ്തു. വിവാഹം അടുത്തെങ്ങും വേണ്ടായെന്ന് അമ്മയോട് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കാരണം എന്താണെന്ന് ചോദിച്ചാൽ എന്റെ അനിയന് രണ്ട് അമ്മമാരാണെന്നേ അതിന് ഉത്തരമുള്ളൂ…

അമ്മയ്ക്കും വയ്യാതായിട്ടുണ്ട്. ഈ വർഷം കൂടി കഴിഞ്ഞാൽ ശമ്പളം കൂടുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിട്ട് വേണം അമ്മയോട് പൂർണ്ണമായും വിശ്രമിക്കാൻ പറയാൻ. അതിൽപ്പരം, സുരക്ഷിതമായ ഒരു ഭാവിയിലേക്ക് അനിയനെ നടത്തുകയെന്ന ചിന്ത മാത്രമേ തലയിൽ പ്രവർത്തിക്കുന്നുള്ളൂ…

‘നാളെ മറക്കാതെ അമ്പലത്തില് പോണം.. നിനക്ക് ഇരുപത്തിയാറ് തികഞ്ഞു…’

മാസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രിയിൽ അമ്മ പറഞ്ഞതാണ്. കിടന്നത് കൊണ്ട് ഞാനൊന്ന് മൂളുക മാത്രം ചെയ്തു. സമ്മാന പ്പൊതിയുമായി ഒരു സ്വപ്നമെങ്കിലും വരട്ടേയെന്നായിരുന്നു അടക്കുമ്പോൾ കണ്ണുകളുടെ ആഗ്രഹം. തല അത്രത്തോളം ആ രംഗത്തെ സ്വഭാവികമായി ആഗ്രഹിക്കുന്നുണ്ട്. അപ്പോഴേ അതിൽ സ്നേഹത്തിന്റെ വിരൽരേഖ ഉണ്ടാകുകയുള്ളൂ…

അമ്പലത്തിൽ പോകാതിരുന്നിട്ടും പതിവുപോലെ കടയിലേക്ക് എത്താൻ പിറ്റേന്നും ഞാൻ താമസിച്ചിരുന്നു. എല്ലാ നാളുകളെയും പോലെ പുതിയ വസ്ത്രങ്ങളുടെ മണവുമായി ഞാൻ വിയർത്തു. വരുന്നവർ പറയുന്ന നിറങ്ങളിൽ തുണികൾ തിരഞ്ഞ് വൈകാതെ കണ്ണുകളും കഴച്ചു. ഉടുതുണിയിൽ തന്നെ എത്രയെത്ര ഇഷ്ടങ്ങളാണ് മനുഷ്യർക്കുള്ളതെന്ന് ഓർക്കുമ്പോൾ തന്നെ വിസ്മയമാണ്. നിറങ്ങൾ കണ്ടു മടുത്ത എന്റെ നരച്ച കണ്ണുകൾ അപ്പോൾ തിളങ്ങുന്നുണ്ടെന്ന് എനിക്ക് തോന്നിപ്പോയി.

‘ശ്യാലിനി… പോകല്ലേ…’

വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മിഥുന വിളിച്ചത്. എന്തായെന്ന് ചോദിച്ച് തിരിഞ്ഞ് നിൽക്കുമ്പോഴേക്കും ആരൊക്കെയോ എന്റെ ചുറ്റിലേക്കും ചാടി വീണിരുന്നു. ‘ഹാപ്പി ബർത്ത് ഡേ’ എന്നായിരുന്നു അവർക്കൊക്കെ ഒരുമിച്ച് പാടാൻ ഉണ്ടായിരുന്നത്.

‘നീയെന്താണ് കരുതിയത് മോളെ … കണ്ടുപിടിക്കില്ലെന്നൊ…?’

മിഥുന അങ്ങനെ പറയുമ്പോൾ ഞാൻ മുഖം പൊത്തി കരയുക യായിരുന്നു. ജോലിക്ക് കയറുമ്പോൾ പൂരിപ്പിച്ച് കൊടുത്ത ഫോമിൽ നിന്നാണ് തീയതി കണ്ടെത്തിയതെന്നൊക്കെ ആരോ പറയുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് കാഴ്ച തീരേ വ്യക്തമായിരുന്നില്ല…

എന്തായാലും, എന്താണ് അകത്തെന്ന് അറിയാത്ത ഒരു സമ്മാന പ്പൊതി കൊതിച്ചത് പോലെ കൈകളിലേക്ക് വന്നു ചേർന്നിരിക്കുന്നു. തുറന്ന് നോക്കൂവെന്ന് തന്നവർ തന്നെ അഭിപ്രായപ്പെട്ടിട്ടും എനിക്കതിന് കഴിഞ്ഞില്ല. ഇല്ലെന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ ഞാൻ ആ സ്നേഹത്തിന്റെ വിരൽരേഖകളെ മാറോട് ചേർക്കുകയായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *