എഴുത്ത്:–രാജീവ് രാധാകൃഷ്ണപണിക്കർ
“അമ്മൂ എഴുന്നേൽക്കെഡോ ഇന്നാ കാപ്പി “
അരുണേട്ടന്റെ ശബ്ദം കേട്ടാണ് കണ്ണുതുറന്നത്.
നേരം നന്നേ പുലർന്നിരിക്കുന്നു.
എന്റെ ഈശ്വരൻമാരെ ഇന്നെന്തുപറ്റി.
സാധാരണ അഞ്ചു മണിക്ക് എഴുന്നേൽക്കാറുള്ളതാണ്.
മൊബൈലിൽ അലാറം വച്ചിരുന്നു.എന്തേ താനിന്നത് കേട്ടില്ല.
പുള്ളിക്കാരൻ തനിയെ കാപ്പിയുണ്ടാക്കി കൊണ്ടു വന്നിരിക്കുകയാണ്.
കാപ്പി കപ്പും പിടിച്ചു കൊണ്ട് അരുണേട്ടനോടൊപ്പം അടുക്കളയിലേക്കു ചെന്നു.
ഇഡലികുക്കറിൽ നിന്നും നേരിയ ചൂളം വിളിയോടെ ആവി വരുന്നു.
സാമ്പാർ തിളക്കുന്നതിന്റെ മണം മൂക്കിലേക്കടിച്ചു കയറിയപ്പോൾ വയറ്റിൽ സുഖമുള്ള ഒരാന്തൽ.
ഇൻഡക്ഷൻ കുക്കറിൽ ചായക്കുള്ള വെള്ളം തിളക്കുന്നു.
കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടു പോലെ.
ആശാൻ ഇത്രയൊക്കെ ഒപ്പിച്ചു വച്ചിട്ടുണ്ട്.
ഇതിനു മുമ്പ് ഒരുഗ്ലാസ് വെള്ളം പോലും തനിയെ എടുത്തു കുടിക്കാതിരുന്ന മനുഷ്യനാണ്.
കഥകളൊക്കെ എഴുതാൻ തുടങ്ങിയതിനു ശേഷം ആൾക്കൊരു മാറ്റം വന്നിട്ടുണ്ട്.
അല്പസ്വല്പം ‘സ്ത്രീപക്ഷ’ വാദി ആയതു പോലെ.
“നീ സാമ്പാറിന്റെ ഉപ്പു നോക്ക്. ഞാൻ കുളിച്ചിട്ടു വരാം”.
അരുണേട്ടൻ കുളിമുറിയിലേക്കു പോയി.
വാഷ്ബേസിനിൽ വായും മുഖവും കഴുകി ചൂടു കാപ്പിയും മൊത്തികൊണ്ടു അടുക്കളയിൽ ഇട്ടിരിക്കുന്ന ചിരവയുടെ സ്റ്റാൻഡിൽ ഇരുന്നു.
ഇനിയും ഉറക്ക ക്ഷീണം പോയിട്ടില്ല.
പരീക്ഷ പേപ്പറുകൾ നോക്കാൻ ഉണ്ടായിരുന്നതിനാൽ വൈകിയാണ് കിടന്നത്.
ഇന്ന് സ്കൂളിൽ മോണിംഗ് ഡ്യൂട്ടി ഉള്ളതാണ്.
എട്ടു മണിക്ക് എത്തണം.
രാത്രി താൻ വൈകി കിടക്കുന്നതും രാവിലെ കിടന്നു കഷ്ടപ്പെടുന്നതുമെല്ലാം പുള്ളിക്കാരൻ കാണാറുണ്ട്.
അതുകൊണ്ടായിരിക്കും സഹായിക്കാമെന്ന് വച്ചത്.
തലേ ദിവസം തിളപ്പിച്ചു വച്ച അരി റൈസ് കുക്കറിൽ ഇരിക്കുകയാണ്.
അവൾ ഒഴിഞ്ഞ കാപ്പി കപ്പ് ഫ്രിഡ്ജിനു മുകളിൽ വച്ചശേഷം അരിവാർത്തു.
ചട്ണിയരക്കണം.തേങ്ങാ എടുക്കാനായി ഷെൽഫ് തുറന്നു. പെട്ടെന്നൊരു കൂറ( പാറ്റ) ഷെൽഫിൽ നിന്നും പറന്നു അമ്മുവിന്റെ മുഖത്തു വന്നിരുന്നു.
“അരുണേട്ടാ”
ഒരലർച്ചയോടെ അവൾ പിന്നോട്ടു ചാടി.
കട്ടിലിന്റെ സൈഡിൽ കിടന്ന അരുൺ അമ്മുവിന്റെ തൊഴിയേറ്റു താഴേക്കു വീണു.
എന്താണ് കാര്യമെന്നറിയതെ നടുവും തിരുമ്മി കൊണ്ടു താഴെ നിന്നും എഴുന്നേറ്റു.
വായിൽ വന്ന ‘അസംസ്കൃത’ വാക്കുകൾ മുഴുവൻ ഉരുവിട്ടുകൊണ്ട് അയാൾ ടോയ്ലെറ്റിലേക്കു നടന്നു.
അപ്പോഴേക്കും
മൊബൈലിൽ നിന്നും അഞ്ചു മണിയുടെ അലാം പതിവ് പോലെ അടിച്ചു.
താൻ കണ്ടത് സ്വപ്നമാണെന്നു വിശ്വസിക്കുവാൻ അമ്മുവിന് അപ്പോഴും കഴിഞ്ഞിരുന്നില്ല.
ശരിക്കും സംഭവിച്ച പോലെ .
വെളുപ്പാൻ കാലത്തു കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് കേട്ടിട്ടുണ്ട്.
എന്നെങ്കിലും ഈ സ്വപ്നം സത്യമാവുമായിരിക്കും.
പ്രതീക്ഷയോടെ പതിവ് ജോലികൾക്കായി അവൾ അടുക്കളയിലേക്ക് നടന്നു.
ശുഭം