മന്ദാരം
എഴുത്ത്:-ഷെർബിൻ ആൻ്റണി
ഏത് നേരോം ഓൺലൈനിൽ കഥകൾ വായിച്ചാൽ മാത്രം മതിയല്ലോ…. വന്ന് വന്ന് എന്നോടൊന്ന് മിണ്ടാൻ പോലും നേരമില്ല. രാത്രി പത്ത് മണിക്ക് കിച്ചണിലെ ക്ലീനിംഗിന് ശേഷം കുളിയും കഴിഞ്ഞ് വന്ന്, അവളുടെ പരിഭവം ആയിരുന്നത്.
കേട്ടിട്ടും കേൾക്കാത്തത് പോലേ അയാൾ ഫോണും കൊണ്ട് ചരിഞ്ഞ് കിടന്നു.
പിന്നെയും എന്തൊക്കെയോ പിറുപിറുത്തോണ്ട് താഴെ ബെഡ്ഷീറ്റ് വിരിച്ചിട്ട് കുട്ടിയെ എടുത്ത് താഴെ കിടത്തി, ഒപ്പം അവളും.
മന്ദാരം എന്ന ആ കഥയുടെ അവസാനം തുടരും എന്ന് കണ്ടപ്പോഴാണ് അയാൾ മൊബൈൽ ഓഫ് ചെയ്ത് കിടന്നത്. അപ്പോഴും അയാളുടെ ഉള്ളിൽ അന്ന് വായിച്ച കഥയെ പറ്റിയുള്ള ചിന്തകളായിരുന്നു.
പ്രണയിക്കുകയാണെങ്കിൽ ആ കഥാനായികയെ പോലേ ഒരുത്തിയെ ആവണം, എത്ര രസമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെയും ഉണ്ട് ഒരുത്തി, ഈ മൂരാച്ചിയുടെ മുഖത്ത് നോക്കുമ്പോഴേ റൊമാൻസൊക്കെ നാല് വഴിക്കും ഓടിക്കളയും.
സാധാരാണ പൈങ്കിളി കഥ പോലല്ല മന്ദാരത്തിൻ്റെ അവതരണ രീതി, എഴുത്തുകാരി ശരിക്കും പ്രണയം ആസ്വദിക്കുന്നുണ്ടാവാം സ്വന്തം ഭർത്താവിൽ നിന്ന് തന്നെ! തൻ്റെ ഭാര്യയെ മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല താനും സ്നേഹം പ്രകടിപ്പിക്കാൻ പിശുക്കനാണല്ലോന്ന് ഓർത്തപ്പോൾ അയാളിൽ നിരാശ പടർന്നു.
പിറ്റേ ദിവസം രാവിലെ കുളിക്കുമ്പോഴും അയാളുടെ മനസ്സിൽ തലേ ദിവസത്തെ കാര്യങ്ങളായിരുന്നു. അവളോടൊന്ന് സ്നേഹത്തോടേ സംസാരിച്ചിട്ട് നാളുകൾ ഏറേയായ്.ഇടയ്ക്കുള്ള പരിഭവം പറച്ചിൽ അല്ലാതെ തൻ്റെ കാര്യങ്ങളൊന്നും തന്നെ മുടങ്ങിയിട്ടില്ല. അവളല്ല മാറേണ്ടതെന്ന തിരിച്ചറിവ് അയാളെ വല്ലാതെ ഉലച്ചു കളഞ്ഞു.
ജോലിക്ക് പോകും മുന്നേ അയാൾ പതിവില്ലാതെ അവളെ തിരഞ്ഞു. അടുക്കളയിൽ പാത്രങ്ങളുമായ് മല്ലിടുകയായിരുന്നു അവളപ്പോൾ.പിന്നിലൂടെ ചുറ്റിപ്പിടിച്ച് അവളെയൊന്ന് ഞെട്ടിക്കാൻ പാഞ്ഞെത്തുമ്പോഴാണ് കിച്ചണിൽ അമ്മയുണ്ടെന്ന് അയാളറിയുന്നത്.
ചമ്മിയ മുഖവുമായ് തിരിച്ച് പോകാൻ നേരാം വെറുതെ ഒന്ന് ഫ്രിഡ്ജ് തുറന്ന് ഏറ് കണ്ണിട്ട് നോക്കുമ്പോൾ അവൾ ചിരി മറക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
അടുക്കളയിലെ പണികളെല്ലാം ഒതുക്കിയതിന് ശേഷം തലേ ദിവസം മാറി കൂട്ടിയ വസ്ത്രങ്ങളൊക്കെ വാഷിംഗ് മെഷിനിലിട്ടിട്ട് വിശ്രമിക്കാനായ് അവൾ റൂമിലേക്ക് പോയി.
ഫോണെടുത്ത് fb യിൽ പുതിയതായ ക്രീയേറ്റ് ചെയ്ത ഫേക്ക് id ഓണാക്കി, മന്ദാരത്തിൻ്റെ അന്നത്തെ വരികൾ അവൾ എഴുതി തുടങ്ങി.

