പാചകം
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി.
മുഖപുസ്തകത്തിൽ കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല.
അങ്ങിനെയാണ് ഞായറാഴ്ച രാവിലെ അടുക്കള ഭരണം ഏറ്റെടുക്കാമെന്ന് തീരുമാനിച്ചത്.
ഒഴിവു ദിനത്തിന്റെ ആലസ്യത്തിൽ സുഖസുഷുപ്തിയിൽ ആണ്ടു കിടന്ന പ്രിയതമയെ ഉണർത്താതെ അടുക്കളയിൽ കയറി.
പുട്ടും മുട്ടക്കറിയും ‘മെനു ‘ നിശ്ചയിച്ചു.
ഫ്രിഡ്ജിൽ നിന്നും മൂന്ന് താറാവിൻ മുട്ടകൾ എടുത്ത് പുഴുങ്ങാനായി അടുപ്പത്ത് വച്ചു.
പച്ചക്കറി തട്ടിൽ അവശേഷിച്ചിരുന്ന സവാളകൾ മുറിച്ചെടുത്ത് ചോപ്പറിലിട്ട് കുനുകുനെ അരിഞ്ഞു.
തലേന്ന് കഴുകി വൃത്തിയാക്കി വച്ചിരുന്ന ഇരുമ്പ് ചട്ടി അടുപ്പിൽ വച്ച് ചൂടായപ്പോൾ ചക്കിൽ ആട്ടിയതെന്ന പേരിൽ വാങ്ങിവച്ചിരുന്ന വെളിച്ചെണ്ണ അതിലേക്കൊഴിച്ചു .
തിളച്ചു മറിയുന്ന വെളിച്ചെണ്ണയിലേക്ക് അരിഞ്ഞു വച്ച സവാള ഇട്ട് നന്നായി ഇളക്കി.
അടുക്കള തോട്ടത്തിൽ നിന്നും പറിച്ചെടുത്ത കറിവേപ്പിലക്കും, പച്ച മുളകിനുമൊപ്പം, അന്ത്രോസിന്റെ കടയിൽ നിന്ന് വാങ്ങിവച്ചിരുന്ന വെളുത്തുള്ളിയും,ഇഞ്ചിയും നന്നാക്കി ചട്ടിയിലിട്ടിളക്കി.
ആവശ്യത്തിന് മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾ പൊടിയും,മസാലപ്പൊടിയും ചേർത്ത് സവാള ഒന്നു കൂടി വഴറ്റി.
ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പുമിട്ട് അതിലേക്ക് പുഴുങ്ങിയ മുട്ട തൊണ്ട് പൊളിച്ച് ഇട്ടിട്ട് ഗ്രേവി ഒന്നു കുറുകാൻ വച്ചു.
മുട്ടക്കറിയുടെ മാസ്മരിക ഗന്ധം മുറിയിലാകെ നിറഞ്ഞു.
പൊൻകതിരിന്റെ പുട്ടുപൊടിയെടുത്ത്ഒ രു ഗ്ലാസ് പുട്ടുപൊടിക്കു ഒരുഗ്ലാസ് വെള്ളമെന്ന പ്രിയതമ പഠിപ്പിച്ച മന്ത്രം മനസ്സിൽ ഉരുവിട്ടുകൊണ്ട് കുഴച്ചു കുറ്റിയിൽ നിറച്ച് അടുപ്പത്ത് വച്ചു.
പുട്ടിന് ആവി വന്നപ്പോൾ ചട്ടുകം കൊണ്ടു കുത്തിയെടുത്ത് കാസറോളിലാക്കി.
ഷുഗറിനുള്ള ഗുളികയും കഴിച്ചു പ്രിയതമയെയും ഏക പുത്രനേയും
തീൻ മേശയിലേക്ക് ക്ഷണിക്കാൻ ചെന്നപ്പോഴാണ് കോളിങ് ബെൽ മുഴങ്ങിയത്.
രാവിലെ ആരാണാവോ എന്ന ചിന്തയോടെ വാതിൽ തുറന്നപ്പോൾ
എടവനക്കാടുള്ള അമ്മായീം, മോനും, മരുമോളും.
കാലങ്ങൾ കൂടിയുള്ള വരവാണ്.
മരുമോളുടെ ചേട്ടന്റെ കല്യാണം വിളിക്കാനുള്ള പുറപ്പാടാണ്.
“പ്രാതൽ നിന്റെയടുത്തുനിന്ന് കഴിച്ച് ഇന്നത്തെ വിളി ഇവിടന്നു തുടങ്ങാം എന്നു കരുതി മരുമോനെ” എന്ന ഭംഗിവാക്കു പറഞ്ഞ അമ്മായിക്കും വീട്ടുകാർക്കും മുന്നിൽ പുട്ടും മുട്ടക്കറിയും പ്രിയതമ വിളമ്പുന്നത് കണ്ടപ്പോൾ കഴിക്കാൻ ലഭിച്ചേക്കാവുന്ന ഗോതമ്പ് ദോശയുടെ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ.
ശുഭം