ഫസൽ അവൾ പറഞ്ഞ കോഫി ഷോപ്പിലേക്ക് ചെന്നു. അവിടെ അവൾ ഉണ്ടായിരുന്നു. അക്ഷരങ്ങൾ കൊണ്ട് അവനെ വിസ്മയിപ്പിച്ച റംസി. അവന്റെ മുഖം വിടർന്നു……..

പ്രിയതമൻ

എഴുത്ത്:- നവാസ് ആമണ്ടൂർ

ഇൻബോക്സിൽ പ്രണയ മഴയായി പെയ്തിറങ്ങിയ കാമുകിയെ ആദ്യമായി നേരിട്ട് കാണുന്ന സന്തോഷത്തിലാണ്  ഫസലിന്റെ ഇന്നത്തെ ദിവസത്തിന്റെ ഉദയം.ഫസൽ കുളിച്ചു റെഡിയായി ഭാര്യ അലക്കി അയേൺ ചെയ്തു വെച്ച ഡ്രസ്സ്‌ എടുത്തു ധരിച്ചു.

“ഇക്കാ., ഈ ജോലിയെങ്കിലും ശരിയാവോ..?”

“നോക്കാന്നെ… എല്ലാം ശെരിയാവും.”

“മൂന്ന് മാസം കഴിഞ്ഞു ഗൾഫിൽ നിന്ന് വന്നിട്ട്.. ലോണും കുട്ടികളുടെ ഫീസും അങ്ങനെ കുറേ മുടങ്ങി കിടക്കുകയാണ്… എത്ര നാളാണ് അവിടുന്നും ഇവിടുന്നു മൊക്കെ കടം വാങ്ങി ജീവിക്കുന്നത്..”

വാച്ച് കെട്ടി.. മൊബൈൽ എടുത്തു പോക്കറ്റിൽ വെച്ച് ഫസൽ പുറത്തേക്ക് ഇറങ്ങി.

“ഇക്കാടെ കയ്യിൽ ക്യാഷ് ഒന്നും ഉണ്ടാവില്ലല്ലോ… ഇത് വെച്ചോളൂ.”

ആയിരം രൂപ. അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ ഷെമി അവന്റെ പോക്കറ്റിൽ വെച്ചു കൊടുത്തു. ആ സമയം അവളുടെ മുൻപിൽ അവനൊന്നു പതറി. ഫേസ് ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകിയെ കാണാൻ പോകുന്ന ഭർത്താവിനാണ് ഭാര്യ ചിലവിനുള്ള പണം നൽകുന്നതെന്ന് അവൾ അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും.

വീടിന്റെ പുറത്ത് ഇറങ്ങിയപ്പോൾ ഫസൽ മൊബൈൽ ഓപ്പൺ ചെയ്തു റംസിക്ക് മെസ്സേജ് അയച്ചു.

“ഞാൻ ഇറങ്ങി.. ഏകദേശം ഒരുമണി ആകുമ്പോൾ അവിടെ എത്തും.”

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ റംസിയുടെ റിപ്ലൈ വന്നു.

“ഓക്കേ… അവിടെ എത്തുമ്പോൾ വിളിച്ചാൽ മതി… ഞാൻ വരാം.”

ബസിൽ കയറി ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ റംസിയായിരുന്നു.

അവൾ എഴുതിയ കവിതകളോടായിരുന്നു ആദ്യ ഇഷ്ടം. ആ കവിതകൾ വായിച്ചു അവൻ ഇടുന്ന കമന്റുകൾ അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവൻ അവളുടെ ഇൻബോക്സിലെത്തി.

ഒരു ‘ഹായ് ‘ യിൽ തുടങ്ങി. വിശേഷങ്ങൾ പങ്കുവെച്ചു . അങ്ങനെ എല്ലാം പറഞ്ഞു പറഞ്ഞു  അവർ തമ്മിൽ ഇഷ്ടമായി പോയി.

പ്രണയിക്കുന്നത് തെറ്റാണോ…?

അവളുടെ ഭർത്താവും അവന്റെ ഭാര്യയും അറിയുന്നതുവരെ തെറ്റല്ല. ആരെങ്കിലും അറിയുന്ന വരെ.. പ്രശ്നങ്ങൾ ഉണ്ടാകുന്നത് വരെ പ്രണയം പ്രശ്നമല്ല.

ബസ് ടൗണിൽ എത്തി. ഫസൽ ബസിൽ നിന്നും ഇറങ്ങി റംസിയെ വിളിച്ചു.

“ഞാൻ ഇവിടെണ്ട്…”

“അവിടെ അടുത്ത് ഒരു ഹാപ്പി കോഫി ഷോപ്പുണ്ട്… അവിടേക്ക് വാ.”

ഫസൽ അവൾ പറഞ്ഞ കോഫി ഷോപ്പിലേക്ക് ചെന്നു. അവിടെ അവൾ ഉണ്ടായിരുന്നു. അക്ഷരങ്ങൾ കൊണ്ട് അവനെ വിസ്മയിപ്പിച്ച റംസി. അവന്റെ മുഖം വിടർന്നു. ചുണ്ടിലെ പുഞ്ചിരി പ്രകാശമായി പരന്നു.

രണ്ടാളും കോഫി ഹൗസിന്റെ ഉള്ളിൽ പോയി ഇരുന്നു.
“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. അതുകൊണ്ടാണ് നിന്നോട് വരാൻ പറഞ്ഞത്.”

“എന്നെ കണ്ട സന്തോഷമൊന്നും നിന്റെ മുഖത്ത് കണ്ടില്ല. എന്തായാലും നീ പറ.”

“ഇന്നലെ… ഇക്ക നമ്മുടെ ചാറ്റിങ് എല്ലാം വായിച്ചു.. കുറേ ചീത്ത പറഞ്ഞു.”

“നിന്നോട് എന്നും ചാറ്റ് ക്ലിയർ ചെയ്യാൻ പറഞ്ഞിട്ട് … നീ ചെയ്യാറില്ലേ.”

“ഇല്ല… ഇടയ്ക്ക് ഒറ്റക്കിരിക്കുമ്പോൾ വായിക്കാൻ…”

“അത് നന്നായി… ഇനിയിപ്പോ എന്താ ചെയ്യാ….”

ആദ്യമായി കണ്ടതിന്റെ ത്രില്ലൊക്കെ പോയി. ഓർഡർ കൊടുത്തു കൊണ്ടു വെച്ച  ചൂട് പോയ ചായയിൽ ഈച്ച നീന്തൽ പഠിക്കുന്നു.

“റംസി… നീ എന്താ ഒന്നും മിണ്ടാത്തത്.”

“മറുപടി ഞാൻ പറഞ്ഞാൽ മതിയോ…,?”

ആ ശബ്ദം കേട്ട് ഫസൽ തിരിഞ്ഞു നോക്കി. മുൻപ് പലവട്ടം ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ ആളെ മനസിലായി. ആളെ മനസ്സിലായപ്പോൾ ഈ കോഫി ഷോപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ വല്ല വഴി ഉണ്ടോ എന്നാണ് ഫസൽ നോക്കിയത്.

“ഇവനാണോ…. നിന്നെ പ്രണയിക്കുന്ന ആ കാമുകൻ.”

ഞെട്ടി തെറിച്ചു കിളി പോയി ഇരിക്കുന്ന ഫസലിനിയോ അതിനിടയ്ക്ക് കയറി വന്ന കെട്ടിയൊന്റെ മുഖത്തോ നോക്കാതെ റംസി തല കുനിച്ചിരുന്നു.

“ഫസലേ നീ നേരത്തെ ഒരു ചോദ്യം ചോദിച്ചില്ലേ… ഇനിയിപ്പോ എന്താണ് ചെയ്യുക… അതിനുള്ള മറുപടി ഞാൻ പറയട്ടെ.”

എന്താവും അയാൾ പറയുകയെന്ന് രണ്ടാൾക്കും ഒരു രൂപവുമില്ല. എന്തും സംഭവിക്കാം. കൊടുങ്കാറ്റിനും പ്രളയത്തിനും മുൻപുള്ള  ശാന്തത.കെണിയിൽ വീണ എലിയുടെ അവസ്ഥയാണ് ഫസലിന്റെ. തുറന്ന് വിടുമൊ എന്നറിയാൻ… കൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന എലി.

“നീ പോകുമ്പോൾ ഇവളെയും കൊണ്ട് പൊയ്ക്കോ..എനിക്കിനി ഇവളെ വേണ്ട.”

“ഇക്ക നിങ്ങളിത് എന്താ പറയുന്നത്…. കേട്ടിട്ട് പേടിയാകുന്നു.

“മെസ്സേജിന് റിപ്ലൈ കിട്ടാതാകുമ്പോൾ രണ്ടാൾക്കും വിഷമം അല്ലേ… അടുത്ത ജന്മത്തിലെങ്കിലും ഒരുമിക്കാനുള്ള പ്രാർത്ഥനയിലല്ലേ.. നീലാകാശത്ത് ഒരുമിച്ച് ചിറക് വിരിച്ചു പറക്കാൻ കൊതിച്ചവർ എന്തായാലും അടുത്ത ജന്മം വരെ കാത്തു നിക്കണ്ട… ഒരുമിച്ച് ജീവിതം ഇന്ന് ഇപ്പൊ മുതൽ തുടങ്ങിക്കോ….”

കോഫി ഷോപ്പിന്റെ ഉള്ളിൽ ഒരു ഇടി വെട്ടിയത് പോലെ തോന്നി ഫസലിന്. മുഖത്തെ ചോരയൊക്കെ പോയി വിളറി വെളുത്തു. കൈയ്യും കാലും വിറക്കാൻ തുടങ്ങി.എസി ഉണ്ടായിട്ടും തലയിലൂടെ വെള്ളം ഒഴിച്ചത് പോലെ വിയർക്കുന്നു.

ഒരു പ്രളയമൊ ഭൂമികുലക്കമൊ വന്നിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചു പോകുന്ന നിമിഷം.

“ഇക്കാ… ഞാൻ മൂന്നുമാസമായി ഗൾഫിൽ നിന്ന് വന്നിട്ട്… ഒരു ജോലിയും ആയില്ല.. ഇന്നിപ്പോ ഒരു പണീടെ കാര്യത്തിനെന്ന് പറഞ്ഞ് പോന്നതാണ് വീട്ടിൽ നിന്ന്… ഇതാ എന്റെ അവസ്ഥ.എന്നെ വെറുതെ വിടാൻ പറ്റോ….”

“എന്നാപ്പിന്നെ സമയം കളയണ്ട.. കെട്ടിയോളെ വിളിച്ചു പറഞ്ഞോ… നല്ലൊരു പണി കിട്ടീട്ടുണ്ടെന്ന്.”

ഒരാള് വിളറി വെളുത്തും ഒരാൾ മിണ്ടാട്ടം മുട്ടിയും ഇരിക്കുന്നുണ്ട്. രണ്ടു പേർക്കും നല്ല തണുത്ത നാരങ്ങ വെള്ളം ഓർഡർ ചെയ്തു. ഫസലിന്റെ പരാക്രമം കണ്ട് അയാൾ ആസ്വധിക്കുകയാണ്. അതും പ്രതികാരമാണ്.

ആകെ വെപ്രാളപ്പെട്ടിരിക്കുന്ന നേരത്ത് ഫൈസലിന്റെ മൊബൈൽ ബെല്ലടിച്ചു.ഷെമി യാണെന്ന് കണ്ടപ്പോൾ പെട്ടെന്ന്  കൈ വിറച്ചു മൊബൈൽ താഴെ വീണു. താഴെ നിന്നും മൊബൈൽ എടുത്തു ചെവിയോട് ചേർത്ത്.

“എന്താണ് ഷെമി…?”

“പോയ കാര്യം എന്തായിന്ന് അറിയാൻ വിളിച്ചത്…”

“ഏറെക്കുറെ പണി കിട്ടാൻ എല്ലാ സാധ്യതയും ഉണ്ട്…”

“എന്നിട്ടും ഇക്കാക്കൊരു സന്തോഷമില്ലാത്തത്.. ശബ്ദമൊക്കെ വല്ലാണ്ടിരികുന്നപോലെ.. “

“സന്തോഷം ഉണ്ട്.. പുറത്തേക്ക് വരുന്നില്ല.സത്യം.ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം “

കൊണ്ടു വെച്ച തണുത്ത നാരങ്ങ വെള്ളം ഒറ്റ വലിക്ക് ഫസൽ കുടിച്ചു കൊണ്ട് നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റുമ്പോൾ മനസ്സിൽ ഇതൊക്കെ ഷെമി അറിഞ്ഞാലുള്ള പുകിലാണ് തെളിയുന്നത്.

“ഉറപ്പാണ്… അവൾ ഒലക്ക കൊണ്ട് എന്റെ തല അടിച്ച് പൊട്ടിക്കും… ഉറപ്പാ.”

“അതന്നെയാ വേണ്ടത്…വല്ലവന്റെയും ഭാര്യമാരോട് ഐ ലൗ പറഞ്ഞു കുടുംബത്തിലിരിക്കുന്ന പെണ്ണുങ്ങളെ വഴി തെറ്റിക്കാൻ നോക്കുന്നവരെ തല അടിച്ചു പൊട്ടിക്കന്നെ വേണം.ഇനിയും നിന്നെ ഇവിടെ ഇരുത്തിയാൽ നീ ചിലപ്പോൾ ടെൻഷനടിച്ചു നെഞ്ചു പൊട്ടി മരിച്ചു പോകും…അതിനും ഞാൻ നാളെ സമാധാനം പറയേണ്ടി വരും… അത്കൊണ്ട് നീ പൊയ്ക്കോ… ഞാൻ എന്റെ പെണ്ണിനോടും നിന്നോടും ക്ഷമിക്കുകയാണ്. നിങ്ങൾ സംസാരിച്ചോളൂ.. പക്ഷെ ഐ ലൗ പറഞ്ഞു ആ സുഹൃത്ത്ബന്ധം നശിപ്പിക്കരുത്.”

അത് വരെ മുഖത്ത് നിന്ന് ഒലിച്ചു പോയ രക്തം ഫസലിന്റെ മുഖത്തെക്ക് തിരിച്ചു വന്നു. ശരീരത്തിൽ എവിടെയോ പതുങ്ങി നിന്ന ജീവൻ തിരിച്ചു കിട്ടിയതുപോലെ ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് ഫസൽ അയാളെ നോക്കി.കാമുകിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ കോഫി ഹൗസിൽ നിന്നും  മിന്നൽ മുരളിയെ പോലെ നിമിഷനേരം കൊണ്ട്  ഫസൽ പാഞ്ഞു പോയി.

അയാൾ റംസിയെ വിളിച്ചു. അവൾ വന്നു വണ്ടിയുടെ പിന്നിൽ കയറി. അവളെ ഇന്ന് ഇവിടെ കൊണ്ട് വിട്ടതും..ഫസലിനോട് വരാൻ പറയാൻ പറഞ്ഞതും ഇങ്ങനെ ഒരു സീൻ ഉണ്ടാക്കിയതും അയാൾ തന്നെയാണ്.

“റംസി… നൈസായിട്ട് നിന്റെ പ്രണയം പൊളിച്ചു തന്നില്ലേ… എന്നോട് ദേഷ്യം തോന്നേണ്ട… നീ എന്റെ മാത്രമാണ്..സാഹചര്യങ്ങൾ അല്ലേ തെറ്റിലേക്ക് നയിക്കുന്നത്. അയാൾ അറിയണ്ട ഞാൻ പറഞ്ഞിട്ടാണ് അവനോട് വരാൻ പറഞ്ഞതെന്ന്. നിന്നോടുള്ള എന്റെ ഇഷ്ടത്തിന് ഒരു വട്ടമൊക്കെ നിന്നോട് ക്ഷമിക്കാൻ കഴിയും.. ഇത് കൊണ്ട് എഴുത്തൊന്നും നിർത്തണ്ടാ..ഞാനുണ്ടാവും നിന്റെ ഒപ്പം.”

വണ്ടിയുടെ ബാക്കിൽ ഇരുന്ന് അയാളെ ചുറ്റും പിടിച്ചു… അവൾ സോറി പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിക്കുന്നുണ്ടായിരുന്നു.ആ കണ്ണീരിനൊപ്പം ഭർത്താവിനോടുള്ള ഇഷ്ടത്തെ വരികളാക്കി മനസ്സിൽ എഴുതി… ആ കവിതയ്ക്ക് ‘പ്രിയതമൻ ‘ എന്ന് പേരും നൽകി.

“വാരിയെല്ല് പകുത്തു തന്ന്

ഹൃദയ ക്കൂട്ടിൽ ഇടം തന്ന്

പാതി മെയ്യായ പതിയുടെ

പകരമില്ലാത്ത…”

Leave a Reply

Your email address will not be published. Required fields are marked *