ബൈക്കിൽ നിന്ന് ഇറങ്ങിയ ഉടൻ പാന്റിന്റെ മുൻവശ പോക്കറ്റിൽ ഞാൻ തപ്പിയിരുന്നു. ഫോൺ ഉണ്ടെന്ന് കണ്ടപ്പോൾ ആശ്വാസം തോന്നി. ആദ്യം വിളിച്ചത് ശ്രുതിയെ ആയിരുന്നു. അവളും ഉണ്ടായിരുന്നു നോർക്കയുടെ ഓഫീസിൽ……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ബൈക്ക് ഓടിക്കുമ്പോഴാണ് ഒരു കാര്യം ആലോചിക്കുന്നത്. എന്തോ മറന്നത് പോലെ… ഉടൻ തന്നെ പിടികിട്ടുകയും ചെയ്തു. പൂണൂല് പോലെ ധരിച്ച എന്റെ ബാഗ് കാണാനില്ല! റോഡരികിൽ നിർത്തി വെപ്രാളത്തോടെ ആ സത്യം ഞാൻ ശരിവെച്ചു.

‘ദൈവമേ…!’

വിശ്വാസി അല്ലാതിരുന്നിട്ടും അറിയാതെ വിളിച്ചു പോയി. പാസ്പോർട്ട് മാത്രമല്ല. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ മുഴുവൻ അതിനകത്താണ്. അറ്റസ്റ്റ് ചെയ്യിപ്പിക്കാൻ നോർക്കയുടെ ഓഫീസിലേക്കു വരെ പോയതായിരുന്നു.

വിസ വരുന്നതും കാത്ത് നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ വേദന വിയർപ്പ് തുള്ളികളായി എന്റെ നെറ്റിയിൽ പൊടിഞ്ഞു. ആ സായാഹ്ന വെയിലിൽ തട്ടി അത് ചിലപ്പോൾ തിളങ്ങുന്നുണ്ടാകാം. പ്രതീക്ഷകളെല്ലാം വിട്ടു പോയതറിയാതെ മിന്നുന്നുണ്ടാകാം…

ബൈക്കിൽ നിന്ന് ഇറങ്ങിയ ഉടൻ പാന്റിന്റെ മുൻവശ പോക്കറ്റിൽ ഞാൻ തപ്പിയിരുന്നു. ഫോൺ ഉണ്ടെന്ന് കണ്ടപ്പോൾ ആശ്വാസം തോന്നി. ആദ്യം വിളിച്ചത് ശ്രുതിയെ ആയിരുന്നു. അവളും ഉണ്ടായിരുന്നു നോർക്കയുടെ ഓഫീസിൽ. ഞാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കാണാൻ വന്നതായിരുന്നു. നിന്റെ ബാഗ് നിന്റെ തോളിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് ശ്രുതിക്ക് പറയാനുണ്ടായിരുന്നത്.

എന്നാലും, എവിടെ വിട്ട് വന്നതാണ് ഞാൻ എന്റെ ബാഗിനെ! ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവിടെ നിന്ന് ഇറങ്ങുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്നു! ശരിയാണ്. ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അതിന്റെ മുൻവശം തോളിലൂടെ മുന്നിലേക്ക് വലിച്ച് ടാങ്കിന്റെ മേലെ വെച്ചത് ഓർമ്മയുണ്ട്.

‘ആ… പുകയ്ക്കാൻ നിർത്തിയ കട…!”

“അല്ല… അവിടെ നിന്ന് ഇറങ്ങുമ്പോഴും ബാഗ് ഉണ്ടായിരുന്നു.”

“‘ഓടുന്ന വണ്ടിയിൽ നിന്നെങ്ങാനും തെറിച്ച് വീണോ…!'”

“”മണ്ടത്തരം പറയല്ലേ… അങ്ങനെയൊന്നും അത് പാറില്ല…””

അന്വേഷണ ബുദ്ധിയോടെ ചിന്തകൾ പ്രവർത്തിക്കുകയാണ്. ഒടുവിൽ എനിക്കൊരു തുമ്പ് കിട്ടി. അഞ്ചാറ് കിലോമീറ്ററിനു മുമ്പുള്ളയൊരു ആളൊഴിഞ്ഞ ഭാഗത്ത് മൂത്രമൊഴിക്കാൻ ഞാനൊന്ന് നിർത്തിയിരുന്നു. അപ്പോഴെങ്ങാനും ബൈക്കിന്റെ മേലേക്ക് ഊരി വെച്ചുവോ.. അങ്ങനെ വെച്ചയിടത്ത് നിന്ന് താഴേക്ക് വിഴുകയോ മറ്റോ…

വൈകാതെ ഞാൻ എന്റെ ഊഹങ്ങൾക്ക് പിറകേ യാത്ര തിരിച്ചു. വന്നതിലും വേഗതയിൽ ബൈക്ക് തിരിച്ചു ചീറി. ബാഗ് അവിടെ ഉണ്ടായിരിക്കണമേയെന്ന് ആഗ്രഹിക്കുമ്പോഴും, ശ്രദ്ധയിൽ പെടാതെ അങ്ങനെയൊക്കെ വീഴുമോയെന്നും ഞാൻ സംശയിച്ചിരുന്നു. മൂത്രമൊഴിക്കാൻ നിർത്തിയപ്പോൾ അത് ഊരി വെച്ചോയെന്നും ഉറപ്പിക്കാനാകുന്നില്ല. അന്വേഷണമാണ്. എല്ലാ ഊഹങ്ങൾക്കും പിറകിലൂടെ പോയേ പറ്റൂ…

ഞാൻ ഏതാണ്ട് സംഭവ സ്ഥലത്തെത്തി. മൂത്രമൊഴിച്ച ഇടം കൃത്യമായി തിരിച്ചറിയുകയും ചെയ്തു. ബൈക്ക് നിർത്തി ആ പരിസരം അരിച്ച് പെറുക്കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. ബാഗ് പോയിട്ട് ഒരു പ്ലാസ്റ്റിക് ബോട്ടിലിന്റെ മൂടി പോലും കിട്ടിയില്ല.

എന്റെ മുഖം ചുവന്നു. സങ്കടം സഹിക്കാൻ പറ്റാതെ വന്നപ്പോൾ പൊട്ടിത്തെറിക്കാൻ തോന്നി. അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അറിഞ്ഞപ്പോൾ കെഞ്ചുകയായിരുന്നു. ആരോടെന്നാൽ തീർത്തും വിശ്വാസമില്ലാത്ത ദൈവത്തോട് തന്നെ…

‘എന്റെ ദൈവമേ.. എന്തിനാണ് ഈ പരീക്ഷണം. നിന്നെ വിശ്വസിക്കാത്തത് കൊണ്ടാണൊ എന്നോടിങ്ങനെ… എങ്കിൽ നിനക്ക് ഞാനൊരു അവസരം തരാം.. ബാഗ് കിട്ടിയാൽ നീയുണ്ടെന്ന് ഞാൻ വിശ്വസിച്ചോളാം…’

വലുതല്ലാത്തയൊരു ഭീഷിണിയുടെ കൊഞ്ചൽ കൂടിയുണ്ടായിരുന്നു ആ ആത്മ കെഞ്ചലിൽ. തല അൽപ്പം തണുത്തപ്പോൾ ഇനിയെന്ത് ചെയ്യുമെന്ന് ഞാൻ ചിന്തിച്ചു.

‘ഇതു വഴി ആരെങ്കിലും പോയിട്ടുണ്ടാകും… ആർക്കെങ്കിലും കിട്ടിയിട്ടുണ്ടാകും.. കിട്ടിയവർ പേഴ്സിലെ പണം എടുത്താലും മറ്റുള്ളതെല്ലാം വിലാസത്തിലേക്ക് അയച്ചു തന്നാൽ മതിയായിരുന്നു…. അത്രയ്ക്കും നല്ലവരൊക്കെ ഈ നാട്ടിലുണ്ടോ…!’

അങ്ങനെയൊക്കെ ഓർത്ത് ഞാൻ അവിടം വിടാനായി ഒരുങ്ങി. ഒന്നും നടന്നില്ലെങ്കിൽ എല്ലാത്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കോപ്പികൾക്കായി അപേക്ഷിക്കാം. ആ നൂലാമാലകൾ ഓർക്കുമ്പോൾ തന്നെ മനസ്സ് മടുക്കുന്നു. വിസയും വിമാനമൊന്നും എനിക്ക് വിധിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിലും ദൈവമെന്നൊന്ന് ഇല്ലല്ലോ… ഉണ്ടായിരുന്നുവെങ്കിൽ എന്റെ ബാഗ് കിട്ടുമായിരുന്നല്ലോ…

‘മോനേ…’

നരച്ച തലയുള്ളയൊരു മനുഷ്യനായിരുന്നു. ഷർട്ടൊന്നും ഇടാതെ ഒരു വാഴയുടെ പിറകിൽ നിന്നാണ് അയാൾ വന്നത്. ഇയാളിത് എവിടെ നിന്ന് വരുന്നതാണെന്ന് നോക്കിയപ്പോഴാണ് അൽപ്പം മാറിയൊരു ഓടിട്ട വീടുണ്ടെന്നത് മനസ്സിലായത്..

‘ഈടെയെല്ലാം മൂത്രൊഴിക്കുമ്പോ സൂക്ഷിക്കണം.. കടന്നലൊക്കെ ഉള്ളതാണ്. കുiത്തിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യുണ്ടോ..!’

എന്നും പറഞ്ഞ് അയാൾക്ക് നീട്ടാനുണ്ടായിരുന്നത് എന്റെ ബാഗായിരുന്നു. അൽപ്പം നാണിച്ചു കൊണ്ട് ഞാനത് വാങ്ങിയത്. നിങ്ങൾ ദൈവമാണോയെന്ന് അറിയാതെ ഞാൻ ചോദിച്ചു പോയി. അപ്പോൾ അയാൾ തന്റെ രോമം നിറഞ്ഞ കക്ഷം ചൊറിഞ്ഞുകൊണ്ട് ചിരിക്കുകയായിരുന്നു. ദൈവത്തിന്റെ ചിരി….!

എല്ലാമുണ്ടോയെന്ന് പരിശോധിക്കാൻ പറഞ്ഞിട്ടും എനിക്ക് ആ ബാഗ് അവിടെ വെച്ച് തുറന്ന് നോക്കാൻ തോന്നിയില്ല. ആ മനുഷ്യനെ എനിക്ക് വിശ്വാസമായിരുന്നു. സംസാരത്തിൽ ഇരുട്ട് കനത്ത് തുടങ്ങിയപ്പോഴാണ് അയാളിൽ നിന്ന് ഞാൻ പുറപ്പെടുന്നത്.

ഒരു സ്വപ്നം പോലെ ആ രംഗം ഇന്നും ഞാൻ ഓർക്കാറുണ്ട്. ബാഗ് കിട്ടിയിട്ടും ദൈവമുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് അപ്പോഴും സാധിച്ചിരുന്നില്ല. പറഞ്ഞ സ്ഥിതിക്ക് ഉണ്ടെന്ന് വിശ്വസിച്ചാലും അവരാരും നമ്മളോളം വലുതാണെന്ന് കരുതാനാകില്ല. ദൈവങ്ങളല്ല; എന്ത്‌ കാര്യത്തിനായാലും മനുഷ്യർക്കെന്ന് നിൽക്കാൻ ഈ ലോകത്ത് മനുഷ്യരേയുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *