മാനത്തു കണ്ണി
എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്
കിടപ്പുമുറിയിൽ, കട്ടിലിനോടു ചേർന്നുകിടന്ന ചെറിയ ടേബിളിൽ മേശവിളക്കു കത്തിക്കൊണ്ടിരുന്നു. ആ മഞ്ഞച്ച പ്രകാശത്തിൽ, സി.വി.ശ്രീരാമന്റെ ചെറുകഥാ സമാഹാരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹരിത. പതിനൊന്നു മണിയാകുന്നു. വലിയ കട്ടിലിൽ, ചുവരരികു ചേർന്നു മോളുറക്കമായിരിക്കുന്നു.
കുഞ്ഞിന്റെ നിശ്വാസതാളങ്ങൾ ഒരേ ക്രമത്തിൽ തുടർന്നുകൊണ്ടേയിരുന്നു. മുറിയിലെ പീതപ്രഭയിൽ, ഒമ്പതുവയസ്സുകാരിയുടെ നിഷ്കളങ്കമുഖം ഏറെ കാന്തി പകർന്നു നിന്നു.
ശ്രീനാഥ് ഉറങ്ങിയിട്ടില്ല. ഹരിത, ഭർത്താവിനേ നോക്കി. തലയിണയിൽ വലിയ മൊബൈൽഫോൺ വച്ച്, കമിഴ്ന്നു കിടന്ന് വിരലാൽ എന്തോ കുത്തിക്കുറിക്കുകയാണു ശ്രീനാഥ്. ഓരോ എഴുത്തിനും വരുന്ന മറുപടികൾ വായിച്ചുനോക്കുമ്പോൾ, ശ്രീനാഥിന്റെ മുഖത്ത് പുഞ്ചിരി ഇതൾവിടർന്നു മാഞ്ഞുപോകുന്നത് സുവ്യക്തമായി കാണാം. മൊബൈൽഫോണിന്റെ ചതുരവെളിച്ചം, അയാളുടെ മുഖത്തേ ഒന്നുകൂടി തെളിച്ചമുള്ളതാക്കുന്നു.
അത്ഭുതം; ശ്രീനാഥിന്റെ നെറ്റിയിലെ പതിവു ചുളിവുകൾ തീർത്തും അപ്രത്യക്ഷ മായിരിക്കുന്നു. നാൽപ്പതുവയസ്സുകാരന് നെറ്റിയിൽ ഇത്രമേൽ ചുളിവുകൾ കാണുമോ? അതു വാർദ്ധക്യത്തിലല്ലേ കാണേണ്ടത്. അല്ലെങ്കിലും, ശ്രീനാഥിന്റെ നെറ്റിയിലെ ചുളിവുകളുയരുന്നത്, തന്നേയും തന്റെ പുസ്തകക്കൂട്ടങ്ങളേയും ദർശിക്കുമ്പോൾ മാത്രമാണല്ലോ.
ശ്രീനാഥ്, നീയറിഞ്ഞുവോ; ഇന്നലെ പാതിരാവിൽ ഞാൻ നിന്റെ മൊബൈൽ ഫോൺ തുറന്നുനോക്കിയിരുന്നു. കടുത്ത പാസ്‌വേഡുകളുടെ ദുർഗ്ഗങ്ങൾ തീർത്ത്, നീ കാത്ത നിന്റെ സ്വകാര്യതകളുടെ ശേഖരങ്ങളിലേക്കു കടന്നു കയറുമ്പോൾ നീ മ ദ്യല ഹരിയിലമർന്നു മയക്കത്തിലായിരുന്നു. ഞായറാഴ്ച്ചകളിലെ സൗഹൃദവേളകൾക്കൊടുവിൽ നിനക്കെന്നും സംഭവിക്കുന്ന കാര്യം. ഉറങ്ങും മുൻപേ, തീർത്തും അവധാനതയില്ലാതെ നീ ഫോൺ തുറന്നപ്പോൾ, ഞാനാ പൂട്ടുകളുടെ അക്ഷരത്താക്കോൽ നിന്നിലൂടെ കണ്ടെത്തുകയായിരുന്നു.
ഹരിതയ്ക്കു വല്ലാത്തൊരു മടുപ്പു തോന്നിച്ചു. പുസ്തകം മടക്കിവച്ച്, കിടപ്പറയിലെ അരണ്ട വിളക്കു തെളിയിച്ച് അവൾ ശ്രീനാഥിന്നപ്പുറത്തേക്കു നൂണ്ടുക യറിക്കിടന്നു.
“മാധവിക്കുട്ടി ഇന്നു നേരത്തേ കിടന്നോ? വായന മാത്രമേ ഉണ്ടായുള്ളൂ? എഴുത്തില്ലേ, മലയാളത്തിലെ മുഴുവൻ അവാർഡുകളും വാങ്ങാൻ…”
ഭർത്താവിന്റെ പരിഹാസം ആദ്യമവൾ കേട്ടില്ലെന്നു നടിച്ചു. അവനു മാത്രം കേൾക്കാനായി, പിന്നേ പതിയേ മന്ത്രിച്ചു.
“ശ്രീനാഥ്, നമ്മുടെ വീട്ടിലെ അക്വേറിയത്തിലെ വർണ്ണമീനുകളേ നിനക്കേറെ ഇഷ്ടമല്ലേ, കടലാഴങ്ങൾ കൈവിട്ട, നിറത്തിലും രൂപത്തിലും ലാവണ്യം നിറഞ്ഞ വളർത്തുമത്സ്യങ്ങൾ. ചില്ലുകൂടിന്റെ പരിമിതികളിൽക്കിടന്നു ഭക്ഷണവും പ്രാണജലവും കൊടുത്തു തീറ്റിപ്പോറ്റുന്ന ജീവനുകൾ; അവയ്ക്കൊ രിക്കലും, പാടത്തെ തെളിനീരിൽ പായലുകൾ ഒഴിവായിടത്തു വിലസുന്ന മാനത്തുകണ്ണിയാകാൻ കഴിയില്ല. സ്വയം ഇരതേടി, പ്രകൃതിയുടെ വികൃതികളേ പ്രതിരോധിച്ച്, കാൽപ്പനികതയുടെ വിശാലതകളിൽ നീന്തിത്തുടിച്ച മാനത്തുകണ്ണി…”
ഹരിത ഒന്നു നിർത്തി, വീണ്ടും മൊഴിഞ്ഞു.
“ശ്രീനാഥ്, നിന്റെ മൊബൈൽ ഫോണിൽ ഒരക്വേറിയമുണ്ട്. ചിന്തകളുടെ കടൽപ്പരപ്പുകളന്യമായ, നീ കൊടുക്കുന്ന ഭക്ഷണവും ജീവവായുവും കാത്തു നിൽക്കുന്ന, രൂപങ്ങളിൽ മാത്രം ലാവണ്യമുള്ള വർണ്ണമത്സ്യങ്ങൾ അതിൽ ഏറെയുണ്ട്. പക്ഷേ, അതിലൊരിക്കലും ഒരു മാനത്തുകണ്ണിയുണ്ടായിരുന്നില്ല. ഏതു ഋതുപ്പകർച്ചകളിലും നെറ്റിയിൽ നക്ഷത്രം ചൂടി, നിനക്കൊപ്പം സഞ്ചരിച്ച ഞാനെന്ന മാനത്തുകണ്ണി. നിനക്കൊരിക്കലും എന്നിലേക്കൊരു പുഴയായി ഒഴുകാൻ കഴിഞ്ഞിട്ടില്ല. വിമർശനങ്ങളുടേയും, കുറ്റപ്പെടുത്തലുകളുടേയും തിരകൾ പിറക്കുന്ന ചാവുകടലാകുവാനല്ലാതെ.
അയാളതിനു മറുപടി പറഞ്ഞില്ല. അവൾ അതാഗ്രഹിച്ചതുമില്ല. മൊബൈൽ ഫോണിൽ വീണ്ടുമേതോ സന്ദേശം വിരുന്നുവന്നു. ശ്രീനാഥിന്റെ മിഴികളിലും, മനസ്സിലും നക്ഷത്രങ്ങൾ ദ്യുതി പകർന്നുവിടരുമ്പോൾ, കുഞ്ഞിനേ ചേർത്തു പിടിച്ച്, അവൾ ഉറക്കത്തിലേക്കുള്ള പടവിറക്കത്തിലായിരുന്നു.

