മകനിൽ നിന്നും കഥകൾ അറിഞ്ഞു ആ വൃദ്ധൻ ആണത്ര ആളിനെ വിളിച്ച് കൂട്ടിയതും തന്നെ രക്ഷിച്ചതും. പുറത്ത് മരുമകളും പേരക്കുട്ടിയും ഉണ്ട് ലീവെടുത്ത് തനിക്ക് കാവലായി വന്നതാണ്…..

നേർക്കാഴ്ച

എഴുത്ത്:-നിഷ സുരേഷ്കുറുപ്പ്

ബാംഗ്ലൂരിലെ തെരുവോരങ്ങളിൽ വെറുതെ സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു വിശ്വംഭരൻ. ഭാര്യ മരിച്ചതിനെ തുടർന്ന് മകനും ,മരുമകളും , പേരക്കുട്ടിയും നാട്ടിൽ നിന്നും വിശ്വംഭരനെ തങ്ങൾ താമസിക്കുന ബാംഗ്ലൂരിലെ ഫ്ളാറ്റിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു .മകനും ഭാര്യയ്ക്കും അവിടെയാണ് ജോലി പേരക്കുട്ടി പഠിക്കുന്നതും അവിടത്തെ സ്കൂളിലാണ്.

മിക്ക വൈകുന്നേരങ്ങളിലും വിശ്വംഭരൻ ഇങ്ങനെ നടക്കാൻ ഇറങ്ങും. തെരുവോരങ്ങളിലെ കച്ചവടക്കാർക്കും, സ്ഥിരമായി കാണുന്ന യാത്രക്കാർക്കും , പിന്നെ വിശ്വംഭരന പോലെ നടക്കാനിറങ്ങുന്നവർക്കും എല്ലാം ചിരപരിചിതനായി കഴിഞ്ഞിരുന്നു അയാൾ..
പതിവായി ചായ കുടിയ്ക്കാൻ കയറുന്ന പട്ടാമ്പിക്കാരൻ നടത്തുന്ന ചായക്കടയിൽ കയറി കുശലാന്വേഷണങ്ങളുമായി അവിടെ പുറത്തിട്ടിരുന്ന കസേരയിൽ ഇരുന്നപ്പോഴാണ് ആരോ തന്നെ തോണ്ടി വിളിക്കുന്നതായി അയാൾക്ക് തോന്നിയത്. നോക്കിയപ്പോൾ ഒരു നാടോടി പെൺകുട്ടി അഞ്ചോ ആറോ വയസുമാത്രം പ്രായമുള്ള ആ കുട്ടി ചില്ലു അലമാരയിൽ കൈ ചൂണ്ടി കാണിച്ചു. സമൂസയിൽ ആണ് ആ കുഞ്ഞിൻ്റെ ശ്രദ്ധ. പ്രതീക്ഷയോടെ തന്നെ നോക്കുന്നുണ്ട്. അവളുടെ നിഷ്കളങ്കമായ കണ്ണുകളിൽ വിശ്വംഭരൻ തൻ്റെ പേരക്കുട്ടിയെ കണ്ടു.

നാലഞ്ച് സമൂസ വാങ്ങി അവൾക്ക് കൊടുക്കുമ്പോൾ ആ കുഞ്ഞു കണ്ണുകൾ തിളങ്ങി . അയാളെ ഒന്നു നോക്കിയിട്ട്  അതും കൊണ്ടവൾ ഓടി പോകുന്ന കാഴ്ച നോക്കി  വിശ്വംഭരൻ ഇരുന്നു. നിറം മങ്ങിയ സാരിയുടുത്ത് ഒരു വയസോളം പ്രായം വരുന്ന കുഞ്ഞിനെയും ഒക്കത്തിരുത്തി ആൾക്കാരുടെ മുന്നിൽ പൈസയ്ക്ക് കൈ നീട്ടി നടക്കുന്ന സ്ത്രീയുടെ അരികിലേക്ക് ആണ് ആ കുഞ്ഞ് ഓടിചെന്നത്. അതാ പെൺകുട്ടിയുടെ അമ്മയാകും എന്ന് വിശ്വംഭരൻ ഊഹിച്ചു ഓരോരോ ജീവിതങ്ങൾ എന്നു ചിന്തിച്ചയാൾ വീണ്ടും തൻ്റെ ഫ്ളാറ്റിലേക്ക് നടക്കാൻ തുടങ്ങി….

പണ്ടായിരുന്നെങ്കിൽ ആ കുഞ്ഞ് വന്ന് തൊട്ടതിന് താൻ വഴക്ക് പറയുമായിരുന്നു. തെരുവിലെ കുട്ടിക്ക് വിശപ്പും കൊതിയും ഉണ്ടെന്ന് താൻ ചിന്തിക്കില്ലായിരുന്നു.എത്ര പെട്ടന്നാണ് തൻ്റെ ജീവിതം മാറി മറിഞ്ഞതെന്ന് വിശ്വംഭരൻ ചിന്തിച്ചു അപ്പോഴേക്കും ഫ്ളാറ്റിൻ്റെ കവാടം എത്തിയിരുന്നു. ലിഫ്റ്റിൽ കയറി തങ്ങളുടെ വാസസ്ഥലം എത്തിയപ്പോഴേക്കും പേരക്കുട്ടി വിശ്വംഭരനെ കാത്ത് നില്പുണ്ടായിരുന്നു. മുത്തശ്ശാ എന്നു വിളിച്ചു കൊണ്ട് കുഞ്ഞ് ഓടി വന്ന് കൈയ്യിൽ പിടിച്ചു അന്നത്തെ സ്കൂൾ വിശേഷങ്ങളും പങ്കു വെച്ച് അകത്തേക്ക് നടന്നു. മകനും മരുമകളും ജോലി കഴിഞ്ഞ് എത്തി വീട്ടിലെ ഓരോരോ  കാര്യങ്ങളിലേക്ക് കടന്നിരുന്നു.

ഭക്ഷണം ഉണ്ടാക്കാനുൾപ്പെടെ എല്ലാ കാര്യങ്ങളും അവരിരുവരും ഒരുമിച്ച് പങ്കിട്ട് സന്തോഷത്തോടെ ചെയ്യുന്നത് വിശ്വംഭരൻ ശ്രദ്ധിച്ചു. താനൊരിക്കലെങ്കിലും തൻ്റെ ഭാര്യയെ സഹായിച്ചിരുന്നോ ? അടുക്കളയിലെ സാധനങ്ങൾ എവിടെയാണ് ഇരിക്കുന്നതെങ്കിലും അറിയാമായിരുന്നോ? പാവം അവൾ എന്തോരം തനിക്കു വേണ്ടി സഹിച്ചിട്ടുണ്ടാവും .അയാൾ ഒന്നു ദീർഘശ്വാസം എടുത്തു ..കൊച്ചുമകൾ മുത്തശ്ശാ കളിക്കാൻ വാ എന്ന് ശാഠ്യം പിടിച്ചതിനെ തുടർന്ന് അയാൾ കുഞ്ഞിൻ്റെ കൂടെ ബാൽക്കണിയിലേക്ക് ഇറങ്ങി. വിശ്വംഭരൻ്റെ മകനും മരുമകളും ഇത് കണ്ട് മുഖത്തോട് മുഖം നോക്കി ചിരിച്ചു. കാർക്കശ്യക്കാരനായ അച്ഛൻ ഇന്ന് തൻ്റെ മകളോടൊപ്പം അവളെക്കാൾ ചെറുപ്പമായി കളിക്കുന്നതിൻ്റെ  അതിശയമായിരുന്നു അവർക്ക്. കുഞ്ഞിൻ്റെ കൂടെ  കളിക്കുമ്പോഴും വിശ്വംഭരൻ്റെ മനസ് നാട്ടിലേക്ക് ഒരു മടക്കയാത്ര നടത്തി…

ഒറ്റ മകൻ സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ അനുവാദം ചോദിച്ചപ്പോൾ എതിർത്തെങ്കിലും എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ സമ്മതം മൂളി. കുലമഹിമയും ജാതിയും വെച്ചു പുലർത്തുന്ന തനിക്ക് മരുമകളെ സ്നേഹിക്കാൻ കഴിഞ്ഞില്ല. എല്ലാത്തിലും കർശനമായ പട്ടാളചിട്ട പുലർത്തിയ തന്നെ ഭാര്യ എത്ര സഹിച്ചിട്ടുണ്ടാകും. അത് പോലെ സഹിക്കേണ്ട കാര്യം മകനോ മരുമകൾക്കോ ഇല്ലല്ലോ . അവർക്ക് രണ്ട് പേർക്കും ജോലി ബാംഗ്ലൂർ ആയിരുന്നു അങ്ങോട്ടേക്ക് മാറി. നാട്ടിൽ മകൻ മാത്രം വന്നും പോയും നിന്നു. കൊച്ചു മകളെ പോലും കാണാൻ താൻ ആഗ്രഹിച്ചില്ല. ഭാര്യ തൻ്റെ പ്രവൃത്തികളിൽ ഒരു പാട് വിഷമിച്ചിട്ടുണ്ടാകാം ഒന്നും എതിർക്കാനുള്ള ധൈര്യം ഇല്ലാതെ എല്ലാം അനുസരിച്ച് നില്ക്കുന്ന ഒരു പാവം ആയിരുന്നു .രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി ഉറങ്ങും വരെയും തൻ്റെ ഓരോ കാര്യങ്ങളും നോക്കി നടത്തി സ്വന്തം അസുഖം പോലും വക വയ്ക്കാതിരുന്നു . ഒടുവിൽ അവളുടെ മരണം തന്നെ നിരാശയിലേക്കും ഏകാന്തതയിലേക്കും നയിച്ചു. പുറത്തേക്കിറങ്ങാതെ മുറിയ്ക്കുള്ളിൽ ഒതുങ്ങി  കൂടി. മകനായിരുന്നു ഏറ്റവും കഷ്ടപ്പെട്ടത് അവധി ദിവസങ്ങളിലൊക്കെ നാട്ടിൽ തൻ്റെ കൂടെ വന്നു നില്ക്കും ബാംഗ്ലൂരും നാടുമായുള്ള ഓട്ട പാച്ചിൽ .എന്നിട്ടും പഴി കേട്ടതും അവനായിരുന്നു ,വയസായ അച്ഛനെ ഒറ്റയ്ക്കാക്കി എന്ന്. ആഹാരം വെച്ചു വിളമ്പാനും വീട് വൃത്തിയാക്കാനും ഉച്ചവരെ ഒരു സ്ത്രീ വന്നിരുന്നു. ഒന്നിനോടും രുചി തോന്നിയില്ല എല്ലാത്തിനോടും ദേഷ്യവും മടുപ്പും .

ഒരു ദിവസം ബാൽക്കണിയിൽ ഇരുന്നപ്പോൾ ആണ് സുഖമില്ലാത്ത ഒരു വൃദ്ധൻ  സഹായം ചോദിച്ച് ഒരു കാർഡുമായി വന്നത് . ഗേറ്റ് തുറന്ന് അകത്ത് വന്നതേ തനിക്ക് ഇഷ്ടപ്പെട്ടില്ല . കാർഡ് നീട്ടി സഹായം വല്ലതും തരണേ എന്ന് യാചിച്ചപ്പോൾ ഇവിടെ ഒന്നും തരാനില്ലന്ന് ആക്രോശിച്ചു. പണിയെടുത്തു ജീവിച്ചൂടെ എന്ന് ചോദിക്കുമ്പോൾ ദയനീയമായി നോക്കിയ ആ വൃദ്ധൻ പറയുന്നുണ്ടായിരുന്നു കരളിന് അസുഖമാണ് ചികിത്സിക്കാൻ പൈസയ്ക്കാണ് ഇങ്ങനെ യാചിക്കുന്നതെന്ന്. മനസിലെ ധാർഷ്ട്യം കൊണ്ടാകാം അയാളെ ആട്ടിപ്പായിച്ചു. അയാൾ തിരിഞ്ഞ് പോകുന്നതും നോക്കി നിന്നിട്ട് അകത്ത് കയറി വാതിൽ അടയ്ക്കാൻ ഒരുങ്ങിയ തനിക്ക് പെട്ടന്ന് ഒരു തലചുറ്റൽ അനുഭവപ്പെട്ടു താഴേക്ക് തലയിടിച്ചു വീണതും ഒഴുകുന്ന രക്തവും കണ്ടു പിന്നെ കണ്ണു തുറക്കുമ്പോൾ ആശുപത്രിയിൽ ആണ് ഐ. സി.യു വിൽ.

മകനിൽ നിന്നും കഥകൾ അറിഞ്ഞു ആ വൃദ്ധൻ ആണത്ര ആളിനെ വിളിച്ച് കൂട്ടിയതും തന്നെ രക്ഷിച്ചതും. പുറത്ത് മരുമകളും പേരക്കുട്ടിയും ഉണ്ട് ലീവെടുത്ത് തനിക്ക് കാവലായി വന്നതാണ്. മനുഷ്യൻ എത്ര നിസഹായനാണ് എന്ന് ഒരു നിമിഷം ചിന്തിച്ചു. വെട്ടിപ്പിടിച്ചതും നേടിയതും കുലമഹിമയും ഒന്നും ചില നേരം നമ്മൾക്ക് കൂടെ ഉണ്ടാവില്ല. മനുഷ്യത്വം കരുണ ഇതൊക്കെ വേണം. ആ വൃദ്ധൻ ഇല്ലായിരുന്നെങ്കിൽ ആരും കാണാതെ താൻ അവിടെ കിടന്നു മരിക്കുമായിരുന്നു. എന്തിനോ കണ്ണുകൾ നിറഞ്ഞു. ഭാര്യ അരികിൽ വന്നത് പോലെ തനിക്ക് തോന്നി. അവൾ പറയുന്നുണ്ടായിരുന്നു. എന്തിനാണ് ഈ വാശി മകൻ്റെ സന്തോഷം അല്ലെ നോക്കേണ്ടത്. മരുമകൾ മകൾ തന്നെ അല്ലെ….

തനിക്ക് ഭേദം ആകും വരെയും മകനും കുടുംബവും തന്നോടൊപ്പം നിന്നു. മകളെ പോലെ ഒരു വിരോധവും കാട്ടാതെ മരുമകൾ തന്നെ നോക്കി. കൊച്ചുമകൾ ഏഴ് വയസുകാരി അരികിൽ നിന്നും മാറാതെ കൂട്ടിരുന്നു. ആ കുഞ്ഞു കൈകൾ തന്നെ മുത്തശ്ശാ ന്ന് കൊഞ്ചി കൊണ്ട് മുഖത്ത് തലോടിയപ്പോൾ അത് വരെ അടക്കിപ്പിടിച്ചിരുന്ന ദുരഭിമാനം അലിഞ്ഞില്ലാതായി. മരുമകളെ മോളെ എന്ന് വിളിച്ചപ്പോൾ അച്ഛനില്ലാത്ത അവളുടെ കണ്ണുകൾ നിറഞ്ഞു തൻ്റെ കൈയ്യിൽ പിടിച്ചു.  മേശപ്പുറത്തിരുന്ന ഭാര്യയുടെ ചിരിയോടെയിരിക്കുന്ന ഫോട്ടോയിൽ കണ്ണുകൾ ഉടക്കി. ഏതോ ലോകത്തിരുന്ന് അവൾ സന്തോഷിക്കുന്നുണ്ടാകും….

മുത്തശ്ശൻ ഗെയിമിൽ തോറ്റേ..കൊച്ചു മകളുടെ കൈയ്യടിച്ചുള്ള ആഹ്ളാദപ്രകടനം വിശ്വംഭരൻ്റെ ചിന്തകൾക്ക് ഭംഗം വരുത്തി. അയാൾ വാത്സല്യത്തോടെ കൊച്ചുമകളെ ചേർത്തു പിടിച്ചു  അടുത്ത റൗണ്ട് കളിയ്ക്കാം എന്ന കുഞ്ഞിൻ്റെ വാശിക്ക് കീഴടങ്ങി വീണ്ടും കളിയിൽ മുഴുകി…മുത്തശ്ശനും കുഞ്ഞും കളിക്കുന്നത് നോക്കി നിന്ന മകൻ്റെയും മകളുടെയും ചുണ്ടുകളിലും ചിരി പടർന്നു..

Leave a Reply

Your email address will not be published. Required fields are marked *