മകളുടെ പേരിന് മുമ്പിൽ ഡോക്റ്റർ എന്നെഴുതി വീടിന്റെ മുന്നിൽ എനിക്ക് തന്നെ തൂക്കണമെന്ന ആഗ്രഹം ഞാൻ എപ്പോഴും ഭാര്യയുമായി പങ്കുവെക്കുമായിരുന്നു……

_upscale

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

മകൾ ഡോക്റ്ററായാൽ പിന്നെ നിനക്ക് ഇതൊക്കെ നിർത്തിക്കൂടെയെന്ന് ദാമോദരേട്ടൻ എന്നോട് പറയാറുണ്ട്. ശരിയാണ്. അതുതന്നെയാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളായി എന്റെ ഉള്ളിലുമുണ്ടായിരുന്നത്….

വെള്ളയുടുപ്പുമിട്ട് മനുഷ്യരുടെ ഹൃദയതാളം അവൾ കേൾക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾക്ക് പൊള്ളലേൽക്കാതിരിക്കാനുള്ള എന്റെ മുഖകവചം എനിക്ക് ഉപേക്ഷിക്കാം… വർഷം ഇരുപത് കഴിഞ്ഞില്ലേ ഞാൻ ഈ മരുഭൂമിയിൽ ഒരു വെൽഡറായി ജീവിതം ഉരുക്കാൻ തുടങ്ങിയിട്ട്…

പൊട്ടുകയും തേയ്മാനം സംഭവിച്ചതുമായ രണ്ട് ലോഹങ്ങൾ താപവും മർദ്ദവും ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ മറുവശം ഞാൻ എന്റെ കുടുംബത്തെ ബലപ്പെടുത്തുക തന്നെയായിരുന്നു. കണ്ണെരിയുന്ന ഗ്യാസ് നാളങ്ങളിൽ മടുപ്പ് തട്ടാതെ എന്റെയോരോ കാഴ്ച്ചകളിലും പ്രിയപ്പെട്ട ഭാര്യയും രണ്ട് മക്കളും മാത്രമായിരുന്നു.

മൂത്തവന് പഠിക്കാനൊന്നും വലിയ താല്പര്യമില്ല. അതുകൊണ്ട് തന്നെ മൂന്നുനേരം മൂക്കുമുട്ടെ ഭക്ഷണവും കഴിച്ച് വിശ്രമിക്കുകയെന്ന ചിന്തയിലാണ് അവന്റെ ഓരോ ഉണർവ്വും. ഒഴിവുപോലെ വീട്ടിലേക്ക് വിളിക്കുമ്പോൾ അവനെക്കുറിച്ച് കുന്നോളം പരാതികളുണ്ടാകും ഭാര്യക്ക് എന്നോട് പറയാൻ …

മകളുടെ കാര്യം മറിച്ചായിരുന്നു. ആരും ഉപദേശിക്കാതിരുന്നിട്ടും അവളൊരു വാശിപോലെ പഠിച്ചു. ഉയർന്ന മാർക്കോടെ മെഡിക്കൽ എൻട്രൻസിൽ ഇടവും പിടിച്ചു. അതുകൊണ്ട് തന്നെ എന്നോ നിർത്തിപോരാൻ തുനിഞ്ഞ എന്റെ വേവുന്ന പ്രവാസം ഞാൻ പിന്നേയും തുടരുകയായിരുന്നു. എന്തുകൊണ്ടോ അവളെ നിരുത്സാഹപ്പെടുത്താൻ എനിക്ക് തോന്നിയില്ല.. അവൾ പഠിക്കട്ടേയെന്ന് കരുതി.. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ പഠിച്ച് പഠിച്ച് വൈകാതെ അവളൊരു ഡോക്റ്ററാകാൻ പോകുന്നു.. ഇതിൽപ്പരം മറ്റെന്ത് സന്തോഷമാണ് ഒരു പിതാവിന് വേണ്ടതല്ലേ….

‘മോള് സ്വന്തമായി പ്രാക്റ്റീസൊക്കെ തുടങ്ങിയോടാ…?’

“ഇല്ല… ഇനിയൊരു രണ്ട് മാസം കൂടിയുണ്ട്…. “

കൂടെ താമസിക്കുന്ന ദാമോദരേട്ടൻ രാവിലെ ഇറങ്ങുമ്പോൾ ചോദിച്ചതാണ്. നല്ല കാലങ്ങളെയെല്ലാം കവർന്ന് വർഷങ്ങൾ കണ്ണടച്ച് തുറക്കും മുമ്പേയാണ് കൊഴിഞ്ഞത്.. പക്ഷേ, ഇപ്പോൾ മുന്നിലുള്ള രണ്ട് മാസങ്ങൾക്ക് വളരേ ദൈർഘ്യമുള്ളത് പോലെ എനിക്ക് തോന്നുന്നു….

മകളുടെ പേരിന് മുമ്പിൽ ഡോക്റ്റർ എന്നെഴുതി വീടിന്റെ മുന്നിൽ എനിക്ക് തന്നെ തൂക്കണമെന്ന ആഗ്രഹം ഞാൻ എപ്പോഴും ഭാര്യയുമായി പങ്കുവെക്കുമായിരുന്നു… അതുകേൾക്കുമ്പോഴും മകന്റെ കെടുകാര്യസ്‌തതയിലുള്ള ആവലാതിയായിരിക്കും അവൾക്ക് പറയാനുണ്ടാകുക…

‘അവനെ കൂടെ നിർത്തി നാട്ടിൽ ചെറിയയൊരു വെൽഡിങ് ഷോപ്പ് തുടങ്ങാം…’

“ഓൻ നിന്നത് തന്നെ…. സിനിമ പിടിക്കാൻ പോകുകയാണെന്നാണ് ഓൻ പറയുന്നത്….”

എനിക്ക് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല. അല്ലെങ്കിലും ആരേയും ഒന്നിനും നിർബന്ധിക്കാൻ പണ്ടുതൊട്ടേ എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നു വെങ്കിൽ ചുട്ടുപഴുക്കുന്ന ആലയിൽ നിന്ന് അച്ഛന്റെ പിന്തുടർച്ചക്കാരനെന്നോണം ഞാനൊരു കൊല്ലനായി ജീവിതം തുടങ്ങില്ലായിരുന്നു…

കടം കയറിയപ്പോൾ അച്ഛന് ജീവിതം കൂട്ടിമുട്ടിക്കാൻ കഴിയാതെ വന്നു… എന്നേയും അമ്മയേയും ചേർത്ത് നിർത്തി നാൾ മുഴുവൻ പഴുത്ത ഇരുമ്പിൽ അച്ഛൻ അടിച്ചുകൊണ്ടേയിരുന്നു… കാര്യമുണ്ടായില്ല… ജീവിതം വീണ്ടെടുക്കാൻ അച്ഛന് സാധിച്ചില്ല…

മനസികനില തെറ്റിയെന്ന അർത്ഥത്തിൽ ചിലനാളുകളിൽ അച്ഛൻ വെറുതേ ചിരിക്കാറുണ്ടായിരുന്നു. അങ്ങനെ ചിരിച്ച് ചിരിച്ച് ആരാന്റെ പറമ്പിലെ മാവിൽ ഉടുമുണ്ടിൽ കഴുത്ത് കുരിക്കിയാണ് അച്ഛൻ രക്ഷപ്പെട്ടത്.. തുടർന്നാണ് ഞാനൊരു വെൽഡറായി പരിണാമപ്പെടുന്നതും എല്ലാം ഒന്നേയെന്ന നിലയിൽ നിന്നും ഉയർത്തിക്കൊണ്ട് വന്നതും…

ഒരു ഗൾഫുകാരന്റെ മോനെന്ന ഹുങ്കിൽ എന്റെ മോൻ അല്ലലില്ലാതെ തെണ്ടി തിരിഞ്ഞ് ഇത്രയും കാലം നടന്നതിൽ എനിക്ക് പ്രയാസമൊന്നുമില്ല… അച്ഛൻ എന്നെ തള്ളിയിട്ട വഴിയിലേക്ക് എനിക്കെന്റെ മക്കളെ കൊണ്ടെത്തിക്കേണ്ടായെന്നേ എന്റെയുള്ളിലുള്ളൂ….. അല്ലെങ്കിലും, സ്നേഹം പങ്കുവെക്കുന്ന ആരേയും ഒരുകാര്യത്തിലും നിർബന്ധിക്കാനോ നിഷേധിക്കാനോ എനിക്ക് പറ്റാറില്ല…

‘നിർത്തിയിട്ട് പോകാൻ തന്നെ തീരുമാനിച്ചുവല്ലേ….?’

ഒരിക്കൽ ഭക്ഷണമൊക്ക കഴിച്ചതിനുശേഷം കിട്ടുന്ന ഇത്തിരിയോളമുള്ള രാത്രിയുടെ വിശ്രമനേരത്ത് ദാമോദരേട്ടൻ എന്നോട് ചോദിച്ചു. അതേയേന്ന് പറഞ്ഞപ്പോൾ നന്നായെന്നും ആ സഹോദരതുല്ല്യൻ പറഞ്ഞു. നിങ്ങൾക്കും പോകുന്നതിനെ കുറിച്ച് ചിന്തിച്ചൂടെയെന്ന് ഞാൻ ചോദിച്ചപ്പോൾ, വളയം പിടിച്ച തഴമ്പുള്ള കൈകൾ മലർത്തി അതിനുള്ള ഭാഗ്യമൊന്നും തനിക്കില്ലെന്ന നെടുവീർപ്പുമാത്രം ദാമോദരേട്ടൻ പ്രകടിപ്പിച്ചു.

അന്ന് എല്ലാവരോടും യാത്ര പറഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന നാളായിരുന്നു…. ഭാര്യക്കും മക്കൾക്കും തന്റെ അപ്രതീക്ഷിത സാന്നിധ്യം സന്തോഷമാകുമെന്ന ധാരണയിൽ എന്റെ വരവിനെക്കുറിച്ച് യാതൊന്നും ഞാൻ അറിയിച്ചിട്ടുണ്ടായിരുന്നില്ല..

ഒന്നിനുപുറകേ ഒമ്പത് തവണ ഭാര്യ ഫോണിൽ വിളിച്ചത് കണ്ടപ്പോൾ ഞാൻ വെപ്രാളപ്പെട്ടു. ശുഭകരമല്ലാത്തതായി ഒന്നുമുണ്ടായിരിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ അവളെ തിരിച്ചുവിളിച്ചത്. എന്റെ പ്രാർത്ഥന ഞാൻ ഇതുവരെ കാണാത്ത ദൈവം കേട്ടൂ.. ഫോണിന്റെ അങ്ങേത്തലയിൽ നിന്ന് അവൾക്ക് സന്തോഷമുള്ള കാര്യമായിരുന്നു എനിക്ക് കേൾക്കാനുണ്ടായിരുന്നത്.

അതുകേട്ട് എന്തുഭാവമാണ് തലയിൽ വരുത്തേണ്ടതെന്ന് അറിയാതെ ഫോണും പിടിച്ച് ഒന്നും മിണ്ടാതെ ഏറെ നേരം ഞാൻ അങ്ങനെ ഇരുന്നു. എന്തുകൊണ്ടും നല്ല ബന്ധമാണത്രേ.. മകൾക്കും ഇഷ്ട്ടമായത് കൊണ്ട് അവൾ ജോലി ചെയ്യാൻ പോകുന്ന ആശുപത്രിയിലെ ചെറുപ്പക്കാരനായ ഡോക്റ്റർ കുടുംബസമേതം പെണ്ണ് ചോദിക്കാൻ വന്നിരുന്നുപോലും..

‘അവർക്ക് പെണ്ണിനെ മാത്രം മതിയെന്ന്… ഒരു തരി പൊന്ന് പോലും ചോദിച്ചില്ല… ചോദിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ നമുക്ക് കൊടുക്കണ്ടേ….’

“ഉം.. കൊടുക്കണം…. ‘

എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു… ഉടൻ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് ടിക്കറ്റും ക്യാൻസൽ ചെയ്തു. തുടർന്നാണ് അറബാബിനെ വിളിച്ച് താൻ പോകുന്നില്ലെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും അപേക്ഷിച്ചത്. വർഷങ്ങളോളം വിശ്വസതനായി നിന്നതുകൊണ്ട് അദ്ദേഹം എന്റെ അപേക്ഷയെ തള്ളിക്കളഞ്ഞില്ല…

‘സാരമില്ലടോ…. എല്ലാം ശരിയാകും….’

എന്റെ വിഷമം അറിയുന്നത് കൊണ്ടാകും മുഖത്തേക്ക് നോക്കാതെയാണ് ദാമോദരേട്ടൻ അതുപറഞ്ഞത്… അതുകേട്ട് വെറുതേ ഞാൻ ചിരിച്ചു. അത് അപകടകരമായ ഷോക്കിനേയും കണ്ണിനെ തകരാറിലാക്കുന്ന അൾട്രാവയലറ്റ് രശ്മികളേയും വർഷങ്ങളോളം അതിജീവിച്ചയൊരു വെൽഡറിന്റെ ചിരിയായിരുന്നില്ല.

ഉലയിൽ ചൂടാക്കി എത്ര അടിച്ച് പരത്തിയിട്ടും ജീവിതത്തിന്റെ അറ്റങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കാൻ പറ്റാതെ ഭ്രാന്തുപിടിച്ചയൊരു കൊല്ലന്റെ ചിരിയായിരുന്നുവത്…. ജീവിതം ഇനിയെന്നാണ് താനുമായി ഒട്ടുകയെന്ന് അറിയാതെ ഭ്രാന്തുപിടിച്ചയൊരു പാവം കൊല്ലന്റെ ചിരി… എന്റെ അച്ഛന്റെ ചിരി….!!!

Leave a Reply

Your email address will not be published. Required fields are marked *