മക്കളോട് അങ്ങനെയൊരു മറുപടി അദ്ദേഹം പറയുമെന്ന് ഞാൻ കരുതിയതേയില്ല. ജനാലയുടെ കറുത്ത ഗ്ലാസിൽ കണ്ട എന്നോട് ഞാൻ തന്നെ ലജ്ജിച്ചു……

_upscale

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

ഒരു താങ്ങുണ്ടായാൽ വീഴാതെ നടക്കാൻ കെൽപ്പുള്ളയൊരു എഴുപത്തിയഞ്ചുകാരനെ പരിചരിക്കണമെന്നേ ഏജൻസിയിൽ നിന്ന് പറഞ്ഞിരുന്നുള്ളൂ.

ആളുടെ പേര് പ്രഭാകരൻ എന്നാണ്. റിട്ടേർഡ് പോലീസുകാരനാണെങ്കിലും ശാന്തമായ സ്വഭാവം. ഇടറാത്ത ശബ്ദമുണ്ടായിട്ടും ഉയർത്തി സംസാരിക്കില്ല. എല്ലാ കാര്യവും കണ്ടറിഞ്ഞ് ചെയ്യാതിരുന്നിട്ടും എന്നെ കാണുമ്പോൾ ആ മനുഷ്യൻ എന്നോട് ചിരിക്കും. ആ കാരണം കൊണ്ട് മാത്രമാണ് ഇടയ്ക്കെങ്കിലും അയാളെ പരിഗണിക്കാൻ എനിക്ക് തോന്നുന്നത്. വിളിപ്പുറത്ത് എന്റെ തോളില്ലെങ്കിലും അയാൾ എങ്ങനെയെങ്കിലും വാക്കിംഗ് ചെയറിൽ പിടിച്ച് ആവിശ്യം പോലെ ചലിച്ചോളും.

പതിമൂന്നുകാരനെ നോക്കലായിരുന്നു എന്റെ ഒടുവിലെ ജോലി. ഞാനത് കൃത്യമായി ചെയ്തു. സൈക്കിളിൽ നിന്ന് മലക്കം മറിഞ്ഞ് രണ്ടും കാലും കെട്ടിത്തൂക്കി കിടന്നവനെ ഞാൻ നോക്കിയിരുന്നു. അവന്റെ യാതൊരു കാര്യവും ശ്രദ്ധിക്കാതെയുള്ള നോട്ടമായത് കൊണ്ട് മാസം തികയും മുമ്പേ അവർ എന്നെ പറഞ്ഞു വിടുകയായിരുന്നു.

ചെറുക്കൻ പെടുക്കണമെന്ന് പറയുമ്പോൾ പോലും നോക്കിയിരിക്കുന്ന എന്നെ അവർക്ക് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. ഏജൻസിക്കാരോട് ത ല്ലുകൂടിയിട്ടാണ് ആ പയ്യനെ വെറുതേ നോക്കിയിരുന്ന നാളുകളുടെ കൂലി ഞാൻ വാങ്ങി യെടുത്തത്. അതിന് ശേഷം വിളിക്കില്ലെന്ന് കരുതിയതാണ്. ഇതിപ്പോൾ അടിയന്തിരമായി ആളെ കിട്ടി കാണില്ല. മാസാമാസം കാശ് പറ്റുന്നത് കൊണ്ട് ഏജൻസിക്കാർക്ക് ആരെയെങ്കിലും പറഞ്ഞുവിട്ടല്ലേ പറ്റൂ..

അന്ന് വിദേശത്തുള്ള മക്കളെല്ലാം ഒത്തുകൂടി വീഡിയോ കാള് ചെയ്ത ദിവസമായിരുന്നു.

‘എനിക്കിവിടെ ഒരു കുറവുമില്ല. പരമമായ സുഖമാണ്.’

അച്ഛന് എങ്ങനെയുണ്ടെന്ന മക്കളുടെ ചോദ്യത്തിനായിരിക്കണം ചിരിച്ചുകൊണ്ട് സാറ് മറുപടി പറഞ്ഞത്. പുതിയ ആൾ എങ്ങനെയുണ്ടെന്ന് മക്കൾ ചോദിച്ചത് കൊണ്ടായിരിക്കണം അടുക്കളയിൽ നിന്ന് എത്തി നോക്കുന്ന എന്നെ സാറ് പെട്ടെന്ന് നോക്കിയത്. കണ്ടെന്ന് കണ്ടപ്പോൾ ഞാൻ ചിരിച്ചു. പ്രഭാകരൻ സാറും പുഞ്ചിരിച്ചു.

‘ആള് മിടുക്കനാണ്. എല്ലാത്തിനും കൂടെ തന്നെയുണ്ട്…’

മക്കളോട് അങ്ങനെയൊരു മറുപടി അദ്ദേഹം പറയുമെന്ന് ഞാൻ കരുതിയതേയില്ല. ജനാലയുടെ കറുത്ത ഗ്ലാസിൽ കണ്ട എന്നോട് ഞാൻ തന്നെ ലജ്ജിച്ചു. ഇങ്ങനെ പലരേയും നോക്കാൻ പോയിട്ടുണ്ടെങ്കിലും ആരോടും എനിക്കൊരു മാനസികമായ അടുപ്പമൊന്നും തോന്നിയിട്ടില്ല. ആ തോന്നലിൽ ഇതാണോ സ്നേഹമെന്ന് ഞാൻ സംശയിച്ചു. ആണെങ്കിൽ ഈ ഭൂമിയിൽ രണ്ടാമത്തെ വട്ടമാണ് ഞാൻ ഒരു മനുഷ്യനെ സ്നേഹിക്കുന്നത്.

ആ നിമിഷം തെരുവിന് കൊടുക്കാതെ എന്നെയൊപ്പം കൊണ്ടുപോയ ഒരു വികാരിയച്ഛനെ ഞാൻ ഓർത്തുപോയി. അച്ഛൻ മരിച്ചതിന്റെ പള്ളി മണി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. പിന്നീടുള്ള എന്റെ ജീവിതം ഒരു കുട്ടിയുടെ കൈയ്യിൽ നിന്ന് വിട്ടുപോയ പട്ടം പോലെയായിരുന്നു. എവിടെ യൊക്കെയോ തട്ടി എങ്ങോട്ടൊക്കെയോ പറന്ന് ഇപ്പോൾ ഈ വീട്ടിൽ വന്ന് വീണിരിക്കുന്നു.

‘എന്താണ് മക്കളോട് അങ്ങനെ പറഞ്ഞത്? വിളിക്കുമ്പോഴൊന്നും ഞാൻ ഉണ്ടാകാറില്ലല്ലോ…’

ഫോൺ വെച്ചപ്പോൾ പ്രഭാകരൻ സാറിനോട് ഞാൻ ചോദിച്ചു. വിളിക്കാതെ നീയിടക്കൊക്കെ എന്റെ അടുത്തേക്ക് വരാറില്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഇതിന് മുമ്പുണ്ടായിരുന്ന ആൾക്ക് ഇവിടെ ജീവിക്കാനൊരു സുഖമില്ലെന്ന് പറഞ്ഞാണ് പോലും പോയത്. എന്തെങ്കിലും പറഞ്ഞാൽ എനിക്ക് ഇഷ്ടക്കേട് തോന്നിയാലോയെന്ന് കരുതിയിട്ടാണ് പോലും ഒന്നും പറയാതിരുന്നത്. വല്ലപ്പോഴും മക്കൾ വിളിക്കുമ്പോൾ എന്തിനാണ് അവരെ ഇതും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതെന്നാണ് ആ വൃദ്ധൻ ചിന്തിച്ചത്.

ഏജൻസിക്കാരോട് മല്ലിട്ടിട്ടാണ് പോലും മുമ്പുണ്ടായിരുന്നവൻ പോയപ്പോൾ മക്കൾ എന്നെയിവിടെ എത്തിച്ചത്. തനിച്ചാക്കി പോയ മക്കളോടും ദേഷ്യമില്ല. പണിക്ക് വന്ന് ഉഴപ്പുന്ന എന്നോട് പരിഭവവുമില്ല. പ്രായത്തിന്റെ നരയൊരു മനുഷ്യനെ എത്രത്തോളം പാകപ്പെടുത്തുമെന്ന് ഞാൻ ഓർക്കുകയായിരുന്നു.

ഇനിയുള്ള കാലം അദ്ദേഹത്തിനെ എങ്ങനെയൊക്കെ നന്നായി പരിചരിക്കണ മെന്നായിരുന്നു ആ നാളിന് ശേഷം എന്റെ തലയിൽ മുഴങ്ങിയത്. ശമ്പളക്കാരൻ ആണെങ്കിലും പ്രഭാകരൻ സാറിനോട് വല്ലാത്തയൊരു മാനസിക അടുപ്പം എനിക്ക് തോന്നുന്നു. ആഗ്രഹിക്കുന്ന കാലത്തൊന്നും ജീവിതത്തിൽ ഇല്ലാതിരുന്ന സ്വന്തം അച്ഛനെ പോലെ കാണാനൊന്നും മനസ്സ് വഴങ്ങിയില്ല. എന്നാലും അദ്ദേഹത്തെ എനിക്ക് സ്നേഹിച്ചേ പറ്റൂ…

അന്ന് എനിക്ക് ശമ്പളം കിട്ടിയ നാളായിരുന്നു. മIദ്യപിക്കണമെന്ന അതിയായ മോഹത്തിലായിരുന്നു ലiഹരിയുടെ തല. പ്രഭാകരൻ സാറിനോട് അനുവാദം ചോദിച്ചപ്പോൾ ആയിക്കൊള്ളൂവെന്നും പറഞ്ഞു. തന്റെ മുന്നിൽ ഇരുന്ന് തന്നെ കുടിക്കുകയും വേണമെന്ന നിബന്ധനയും ഞാൻ സമ്മതിച്ചു.

‘ഒന്ന് ഒഴിക്കട്ടെ..?’

എല്ലാം സജ്ജമാക്കി വരാന്തയിലൊരു കസേരയുമിട്ട് ആദ്യത്തെ പെi77ഗ്ഗ് ഒഴിക്കുമ്പോൾ ഒരു തമാശയെന്ന പോലെ അദ്ദേഹത്തിനോട്‌ ഞാൻ ചോദിച്ചു. ഈ ശീലമൊന്നും ഇല്ലാതിരുന്നത് കൊണ്ടാണ് ഈ പ്രായത്തിലും ഞാൻ ഇങ്ങനെ ജീവിക്കുന്നതെന്ന് സാറ് പറഞ്ഞു. അത് ശരിയാണെന്ന് എനിക്ക് സമ്മതിക്കാതിരിക്കാൻ പറ്റിയില്ല. വെറുതേ പറഞ്ഞതാണ് പൊന്നേയെന്നും പറഞ്ഞ് ഞാൻ ഒന്നുകൂടി ഒഴിച്ചു.

‘സാഹചര്യമുണ്ടായാൽ തനിയേ താമസിക്കാൻ പേടിയുണ്ടോ..?’

ഉണ്ടെന്ന് പറഞ്ഞ് പ്രഭാകരൻ സാർ ഇരുത്തിയിൽ ഉണ്ടായിരുന്ന മിച്ചറിൽ നിന്നൊരു കടലയെടുത്ത് കടിച്ചു. എന്തിന് പേടിക്കണമെന്ന് ചോദിച്ച് മറുപടിക്കായി മൂന്നാമതും ഒഴിച്ച് ഞാൻ കാതോർത്തൂ…

‘തട്ടി തടഞ്ഞ് വീണാൽ ആരെങ്കിലും വേണ്ടേ…? ച ത്തുപോയാൽ ഈച്ച പൊതിയും മുമ്പേ പുറത്തറിയിക്കാനെങ്കിലും ഒരാൾ വേണ്ടേ..? അങ്ങനെ യൊരാൾ ഇല്ലാതെ വരുമോയെന്ന പേടി…!’

ചിരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങൾ പുറത്തേക്ക് വന്നത്. അപ്പോഴുമത് പലയിരട്ടി ശക്തിയോടെ എന്റെ അകത്തേക്ക് തറക്കുമെന്ന് ഞാൻ കരുതിയതേയില്ല.

ച ത്തു പോയാൽ ഈച്ച പൊതിയുന്നതിലൊന്നും എനിക്ക് യാതൊരു ആകുലതയുമില്ല. എങ്ങാനും തട്ടി വീണാൽ താങ്ങിയെടുക്കാൻ ജീവിതത്തിൽ ഒരു മനുഷ്യൻ പോലുമില്ലെന്ന് ഓർക്കുമ്പോൾ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്. അങ്ങനെ ചിന്തിച്ചപ്പോൾ ദരിദ്രരായ വായോധികരുടെ പള്ളയിലെ ആളൽ എനിക്ക് അനുഭവിക്കാൻ സാധിച്ചു.

‘മതിയെടാ… നീയെങ്ങാനും തട്ടി വീണാൽ വാരിയെടുക്കാനുള്ള ആവതില്ലയെനിക്ക്…’

ഒന്നുകൂടി ഒഴിക്കാൻ തുനിഞ്ഞ എന്നോട് പ്രഭാകരൻ സാർ പറഞ്ഞു. കേട്ടത് ചിന്തകളുമായി ചേർത്തു വെച്ചപ്പോൾ വളരേ പതിയേ കണ്ണുകൾ നിറഞ്ഞു പോയി. കുപ്പിയുടെ അടപ്പ് തിരിച്ചടച്ച് ഒരു കുട്ടിയെ പോലെ അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു. കുട്ടിയെ പോലെ…!

മiദ്യപിച്ചത് കൊണ്ടാണോയെന്ന് അറിയില്ല! ആ നേരം ഞാനൊരു വികാരിയച്ഛന്റെ കൈയ്യും പിടിച്ച് തെരുവിൽ പകച്ചു നിന്ന പ്രായത്തിൽ തന്നെയായിരുന്നു. അല്ലായിരുന്നുവെങ്കിൽ വൈകാതെ പള്ളിമണി മുഴങ്ങുമെന്ന ഭയത്തിൽ ഞാനെന്റെ കാതുകളെ അടക്കില്ലായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *