ആരാണയാൾ..
എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.
മതിലിന് മുകളിലൂടെ ഒരു കൈവന്ന് ഇടയ്ക്ക് തന്റെ റോസാപ്പൂക്കൾ മോഷ്ടിക്കുന്നത് ബൽരാജ് കാണാറുണ്ട്. സിസിടിവിയിൽ നോക്കിയപ്പോൾ അതിസുന്ദരിയായ ഒരു കോളേജ് ഗേൾ ആണെന്ന് മനസ്സിലായി.
ഒരുദിവസം കൈയോടെ പിടിക്കണം
അയാൾ തീരുമാനിച്ചു.
എടാ, നീയറിഞ്ഞാ..
എന്ത്?
മുസ്തഫ ഷെറിനെ നോക്കി ചോദിച്ചു.
അപ്പുറത്തെ കോച്ചിങ് ക്ലാസ്സിൽ ക്ലാസ് എടുക്കാൻവരുന്ന ആ സുന്ദരൻസാറില്ലേ?
ആര് ബൽരാജോ?
ആ, അയാളെപ്പോലൊരാളെ ഞാനീയിടെ ഒരു വീട്ടിൽ കണ്ടു. ഈയിടെയായി മമ്മി സ്റ്റേറ്റ്സിൽ ചേച്ചിയുടെ അടുത്ത് പോയതോടെ ഞാൻ ആന്റിയുടെ വീട്ടിൽനിന്നല്ലേ വരുന്നത്…
ആ..
അവിടെനിന്നും ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഒരു വീട്ടിൽ നിറയെ റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നതുകണ്ട് ഇടയ്ക്ക് ഞാനൊരെണ്ണം ആരും കാണാതെ പറിക്കും.
അതിന് നീ പൂചൂടിയൊന്നുമല്ലല്ലോ കോളേജിൽ വരുന്നത്?
സേറ അവളെ കളിയാക്കി.
പൂ ചൂടുന്നെങ്കിൽ അത് ചെമ്പരത്തിയാ നിനക്ക് ചേരുക..
സാബു അത് പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു. അവ൪ ഏഴുപേ൪ കട്ട ചങ്ക് ഫ്രന്റ്സാണ്. ക്ലാസ്സിൽ കയറുന്നതിനുമുമ്പായി ഒരു വട്ടമേശസമ്മേളനം പതിവുള്ളതാണ്.
ദേ സാബു, ഇവളുടെ കുസൃതി കുറച്ചു കൂടുന്നുണ്ട്. അയാൾ കഷ്ടപ്പെട്ട് വള൪ത്തുന്ന പൂക്കൾ ഇവളെന്തിനാ പറിക്കാൻ പോകുന്നത്?
നീന ദേഷ്യത്തോടെ പറഞ്ഞു.
ഓ, കണക്കായിപ്പോയി.
ഷെറിൻ, എന്നിട്ട്, നീ പറയ്, ആ ഉദ്യാനപാലകനെ വട്ടാക്കിയോ..
അതല്ല… അയാൾ ഒരു വീൽചെയറിലിരുന്നാണ് ചെടികളൊക്കെ നനക്കുന്നത്. വലിയ കൊട്ടാരം പോലുള്ള അടിപൊളി വീടാണ്. നമ്മുടെ ബൽരാജ്സാറിനെ പോലെതന്നെ തോന്നിച്ചു. അതേ തലയെടുപ്പ്, സൈഡിൽ നിന്നും കയറിയ നരച്ചമുടി, നിറം… മറ്റാരെങ്കിലും വീട്ടിൽ ഉള്ളതായി തോന്നിയില്ല.
പക്ഷേ ബൽരാജ്സ൪ കാറിൽവന്നിറങ്ങി ഇവിടെ പാ൪ക്ക്ചെയ്ത് നടന്നു പോകുന്നത് കാണാറുണ്ടല്ലോ…
മാത്രവുമല്ല ഒരു കോച്ചിങ് ക്ലാസ്സിൽ ദിവസവും ഒന്നോ രണ്ടോ മണിക്കൂർമാത്രം പഠിപ്പിക്കുന്നയാൾക്ക് ഇത്രവലിയ കൊട്ടാരംപോലുള്ള വീട് വെക്കാനാകുമോ..
എടാ, കപീഷേ…
എടീ, എന്നെ കപീഷേ എന്ന് വിളിക്കരുതെന്ന് നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഷെറിൻ..
ആ, സുധീഷേ, നിനക്കൊരു കൂട്ടുകാരനില്ലേ ഒരു വീഡിയോഗ്രാഫ൪? അവന്റെ കൈയിൽ ഡ്രോൺ കാണില്ലേ? ക്യാമറയുള്ള… നമുക്കൊന്ന് കിട്ടുമോ എന്ന് നോക്കിയാലോ?
ദേ, വെറുതേ വേണ്ട… പുലിവാലാകും. അങ്ങേര് ഇങ്ങേരുടെ സഹോദരനോ മറ്റോ ആയിരിക്കും..
നീ വിട്ടേ…
അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല..
എന്താ? അയാളുടെ ഗ്ലാമ൪ കണ്ടിട്ടാണോ? അയാൾക്ക് പത്തമ്പത്തഞ്ച് വയസ്സുണ്ട്..
എന്നാലും എന്തൊരു ലുക്കാ അല്ലേ…
ഓ, പിന്നേ…
അടുത്ത ദിവസം ഷെറിന്റെ നി൪ബ്ബന്ധപ്രകാരം സുധീഷിന്റെ വീഡിയോഗ്രാഫറായ സുഹൃത്തിന്റെ ഡ്രോണുമായി ഏഴംഗസംഘം ബൽരാജിന്റെ വീട്ടുമതിലിന് സമീപമെത്തി. അവളന്നും ഒരു പൂ പറിച്ചു. അതും കൈയിൽപ്പിടിച്ച് കുറച്ചുനേരം ഒളിഞ്ഞും പാത്തും അകത്തേക്ക് നോക്കി അവ൪ മതിലിനകത്തേക്ക് ഡ്രോൺ പറത്തി.
ഈ വീട്ടിൽ എന്തായാലും സിസിടിവി ഉണ്ടാകും, നമ്മുടെ ഏഴ്പേരുടെയും മുഖം പതിഞ്ഞിട്ടുമുണ്ടാകും..
നാളെ പേപ്പറിൽ അച്ചടിച്ച് വരുമോടെ നമ്മുടെ ചിത്രവും വാർത്തയും?
പെട്ടെന്നാണ് ആ വീട്ടിൽ നിന്നും ഒരു വലിയ സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടത്.. ഡ്രോൺ തിരിച്ചെടുത്ത് എല്ലാവരും ബൈക്കിൽ പറപറന്നു.
കുന്നിൻചരിവിലെ ഒരു തുറസ്സായ സ്ഥിരം താവളത്തിൽ ബൈക്ക് നി൪ത്തി അവ൪ ക്യാമറ പരിശോധിച്ചു. അത് ബൽരാജാണെന്നും അല്ലെന്നും വാദമുയ൪ന്നു. അയാൾ വീൽചെയറിൽ ഇരുന്നു വായിക്കുന്നതിന്റെയും സൈറൺ മുഴങ്ങിയപ്പോൾ പരിഭ്രാന്തിയോടെ ആകാശത്തേക്ക് നോക്കിയതിന്റേയും വ്യക്തമായ ചിത്രങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ അത്രക്കും സാമ്യമുള്ള സ്ഥിതിക്ക് കൂടുതൽ അറിയണമെന്ന് ഷെറിൻ വാശിപിടിച്ചു.
മുസ്തഫ പറഞ്ഞു:
അയാളുടെ ക്ലാസ് അറ്റൻഡ്ചെയ്യുന്ന ചില പിള്ളേരെ എനിക്കറിയാം. ഞാനവരെ യൊന്ന് വിളിച്ചുനോക്കട്ടെ..
വീഡിയോകാൾ ചെയ്യ്.. എല്ലാവർക്കും കാണാലോ..
അവൻ പ്രജിത്തിനെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. സംശയം ചോദിച്ചു.
അവൻ പറഞ്ഞു:
നിങ്ങളുടെ സംശയം ശരിയാണ്. അതയാൾ തന്നെയാണ്… ബൽരാജ് സ൪..
സ൪ എന്തിനാണ് വീൽചെയറിലിരിക്കുന്നത്? അദ്ദേഹം നടന്ന് ക്ലാസ്സിലേക്ക് കയറുന്നത് പലവട്ടം നമ്മൾ കണ്ടിട്ടുള്ളതാണല്ലോ..
അദ്ദേഹം വെറും ബൽരാജല്ല… കേണൽ ബൽരാജാണ്. അദ്ദേഹത്തിന്റെ കാലിന് ഒരു ബോംബ് ബ്ലാസ്റ്റിൽ ഒരപകടം പറ്റി. വെപ്പുകാലിന്റെ സഹായത്തോടെ മാത്രമേ അദ്ദേഹത്തിന് നടക്കാൻ സാധിക്കൂ..
പക്ഷേ ആ നടത്തം കണ്ടാൽ പറയില്ല…
അതേ, അയാൾ ധീരനായ ഒരു പട്ടാളക്കാരനാണ്.
പിന്നെന്തിനാണ് അയാൾ ഈ ക്ലാസ്സെടുക്കാൻ വരുന്നത്? അയാൾക്ക് നല്ല പെൻഷൻ കാണില്ലേ?
പെൻഷൻ മാത്രമല്ല, ഗവണ്മെന്റ് പല സൗകര്യങ്ങളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അതിലൊന്നാണ് നിങ്ങൾ കേട്ട സൈറൺ. അദ്ദേഹത്തിന്റെ സുരക്ഷക്കായി ഗവണ്മെന്റ് ഒരുക്കിയ പല കാര്യങ്ങളിലൊന്ന്. അദ്ദേഹം ക്ലാസ്സെടുത്ത് കിട്ടുന്ന തുക അംഗവൈകല്യമുള്ള കുട്ടികളെ ചികിത്സിക്കുന്ന ഒരു സ്ഥാപനത്തിന് അയച്ചുകൊടുക്കുകയാണ്, മാസംതോറും മുപ്പതിനായിരം രൂപ…
അത്രയൊക്കെ ആ കോച്ചിങ് സെന്ററിൽനിന്നും അയാൾക്ക് കിട്ടുന്നുണ്ടാവുമോ?
പിന്നില്ലേ… അയാളുടെ മോട്ടിവേഷൻ സ്പീച്ച് കേൾക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്.. പോരാത്തതിന് വലിയ ജനറൽ നോളജും. ചിട്ടയായ പഠനവും വ്യായാമവും ലക്ഷ്യബോധവും എല്ലാം നേടാനുള്ള നല്ലൊരു ക്ലാസ്സാണ് അദ്ദേഹത്തിന്റേത്…
അതാണല്ലേ ആ ക്ലാസ്സിലിരിക്കാൻമാത്രം ഇത്രയും കുട്ടികൾ…
യേസ്… അങ്ങേരൊരു സംഭവമാ.. വേണേൽ നിങ്ങളും പ്രത്യേക പെ൪മിഷൻ വാങ്ങി ഇടയ്ക്കൊക്കെ കയറിഇരുന്നോ… ലൈഫ് രക്ഷപ്പെടും..
എല്ലാവരും ആ ഐഡിയ സ്വീകരിക്കാനൊരുങ്ങി. പക്ഷേ ഷെറിന് മാത്രമൊരു സംശയം…
അയാൾ എന്നെ കണ്ടിട്ടുണ്ട്… ഒരിക്കൽ പൂ പറിക്കുമ്പോൾ..
എന്താ ചമ്മലാ…?
ഉം, എങ്ങനെയാ ഫേസ് ചെയ്യുക?
അതൊക്കെ കണ്ടോ… ആദ്യം ഇടിച്ചുകയറി സോറിപറഞ്ഞ് ക്ലാസ്സിൽ കയറുന്നത് നീയായിരിക്കും, നമുക്കറിഞ്ഞൂടേ…
ഷെറിൻ ഒരു ചമ്മിയചിരി ചിരിച്ചു.

