പറയാൻ മറന്ന മറുപടി
എഴുത്ത് :-നിഷ സുരേഷ്കുറുപ്പ്
ഐ.സി.യുവിൻ്റെ തണുപ്പിൽ കണ്ണുകൾ തുറന്നു കിടന്ന സീതാലക്ഷ്മിയിൽ നിന്നും അറിയാതെ കണ്ണുനീർ ഒഴുകി. ആത്മഹiത്യക്ക് മുന്നിലും താൻ പരാജയപ്പെട്ടിരിക്കുന്നു. ആരാണ് തന്നെ രക്ഷപ്പെടുത്തിയത് ? ഈ ഭൂമിക്ക് ഭാരമായി ഇനിയും എന്തിന് ?
പെട്ടന്ന് ആരോ അരികിലേക്ക് വരുന്നതിൻ്റെ കാൽപ്പെരുമാറ്റം കേട്ട് അവൾ അങ്ങോട്ടേക്ക് കണ്ണുകൾ പായിച്ചു. നിറഞ്ഞ മിഴികളിൽ അവ്യക്തരൂപം അരികിലേക്ക് അണഞ്ഞതും ചെമ്പകപ്പൂമണം അവളിൽ നിറഞ്ഞു. ഒരു ഞെട്ടലോടെ അവൾ ആ രൂപത്തെ നോക്കി
“ആദിത്യേട്ടൻ “…..അവളിൽ നിന്നും പതിയെ ശബ്ദം അടർന്നു വീണു. അയാൾ അതെ എന്ന മട്ടിൽ തല ചലിപ്പിച്ചു. മിഴികൾ നിറഞ്ഞിരുന്നെങ്കിലും ചെറിയ ചിരിയോടെ അവളുടെ കൈ കവർന്നു. ഞiരമ്പു മുiറിച്ചതിനെ തുടർന്ന് കെട്ടി വെച്ചിരുന്ന ആ കൈയ്യിൽ മെല്ലെ തഴുകി. ചെമ്പകപ്പൂക്കൾ ഇറുത്തു മാല കോർത്ത് പരസ്പരം അണിയിയിച്ച ബാല്യം അവളുടെ മനസിൽ ഓടിയെത്തി. ഒരുമിച്ച് കളിച്ചു വളർന്നവർ. അടുത്ത് വരുമ്പോഴൊക്കെ ചെമ്പകപ്പൂവിൻ്റെ വാസനയായിരുന്നു. കുട്ടിക്കാലത്ത് എന്തിനും ആദിത്യേട്ടൻ വേണമായിരുന്നു. എല്ലാത്തിനോടും പേടിയുണ്ടായിരുന്ന തനിക്ക് ധൈര്യത്തിൻ്റെ താക്കോലായിരുന്ന ആൾ. ഒരു നാൾ തന്നോട് ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തൻ്റെ മനസിലും അതേ ഇഷ്ടം ഉണ്ടായിരുന്നിട്ടും, മറുപടി പറയാൻ മറന്ന് താൻ മിഴിച്ച് ആ കണ്ണുകളിൽ നോക്കി നിന്നു.
” പറയൂ ലച്ചൂട്ടീന്ന് ” പറഞ്ഞു തൻ്റെ കൈ കവർന്നതും, അതു കണ്ടുകൊണ്ടു വന്ന ചെറിയമ്മ, അച്ഛനോടും മറ്റും പോയി ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി. തങ്ങളുടെ തറവാട്ടിലെ കാര്യസ്ഥൻ്റെ മകനായിരുന്ന ആദിത്യേട്ടനെ നിഷ്ക്കരുണം അച്ഛൻ തiല്ലി ചതച്ചു. താൻ മറുപടി പറയാൻ ഭയന്നു പ്രണയത്തെ മനസിൻ്റെ കോണിൽ ഒളിപ്പിച്ചു. വിവാഹം ഉറപ്പിച്ചപ്പോൾ രഹസ്യമായി വീണ്ടും കാണാൻ വന്നു. ” പറയൂ ലച്ചൂട്ടി ഇഷ്ടമല്ലെ നിനക്കെന്നെ” ? എന്ന ചോദ്യത്തിൽ ഉള്ളം വിങ്ങിപ്പൊട്ടിയെങ്കിലും ഒന്നും മിണ്ടിയില്ല. തലയും താഴ്ത്തി നിരാശനായി മടങ്ങി പോകുന്ന ആദിത്യൻ്റെ മുഖം സീതാലക്ഷ്മിയിൽ വീണ്ടും തെളിഞ്ഞു വന്നു. “ലച്ചൂട്ടി “വർഷങ്ങൾക്കിപ്പുറം കേട്ട ആ വിളിയിൽ അവളുടെ ഹൃദയതാളമേറി, ആ മുഖത്തേക്ക് നോക്കി കിടന്നു.
“എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. ഭർത്താവ് മരിച്ചതും ആകെയുള്ള തറവാട് വീടും കൂടി വില്ക്കാൻ മക്കൾ നിർബന്ധിക്കുന്നതും എല്ലാം. ഒരു വിളിപ്പുറത്ത് ഞാനുണ്ടായിട്ടും എന്തിന് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നു ? ഇന്നും ഞാൻ ഒറ്റയ്ക്കാണെന്നറിയില്ലേ” ?
സീതാലക്ഷ്മിക്ക് കുറ്റംബോധം തോന്നി. വിധേയത്വമുള്ള ഭാര്യാ വേഷം പിന്നീട ങ്ങോട്ട് ആടി തീർത്തപ്പോൾ ആദിത്യനെ മറന്നിരുന്നോ ? ആർക്കോ വേണ്ടി, എന്തിനോ വേണ്ടി..ജീവിച്ച വർഷങ്ങൾ. സ്നേഹത്തെക്കാൾ പണത്തെ സ്നേഹിച്ച ഭർത്താവ്. ഒടുവിൽ അതേ പാത പിന്തുടർന്ന മക്കളും. ഭർത്താവ് മരിച്ചതിനെ തുടർന്ന് മക്കൾക്ക് പണം മാത്രം മതി. ജീവിച്ചിരുന്നപ്പോഴേ ഭർത്താവ് സ്വത്തൊക്കെ മക്കളുടെ പേരിലാണ് എഴുതി വെച്ചത്. അവിടെയും തന്നെ മറന്നു. വീട് മകൻ്റെ പേരിലായിരുന്നതിനാൽ അവനോടൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മകളുടെ വീട്ടിലും പോയി നിന്നു. ശമ്പളം ഇല്ലാത്ത ജോലിക്കാരിയായിരുന്നു. മക്കളുടെ സന്തോഷം മാത്രം നോക്കി ജീവിച്ചു. മക്കൾക്ക് ബാദ്ധ്യതയാണെന്നവരുടെ പ്രവൃത്തികളിൽ നിന്നും മനസിലായി. ഒടുവിൽ തൻ്റെ പേരിൽ നാട്ടിലുള്ള വീടും പറമ്പും കൂടി സ്വന്തമാക്കാനുള്ള തർക്കത്തിൽ എല്ലാം അവസാനിപ്പിക്കാൻ തോന്നി. താൻ ജനിച്ചു വളർന്ന വീടും കൈയ്യിൽ നിന്ന് ഊർന്ന് പോകുന്നത് താങ്ങാൻ പറ്റിയില്ല. രണ്ട് ദിവസം മുന്നേ നാട്ടിലെ വീട്ടിൽ വന്നിരുന്നു. മരിക്കാൻ തീരുമാനിച്ച അന്നു രാവിലെ അവസാനമായി ഒന്നു ക്ഷേത്രത്തിൽ പോയി. തിരികെ വരും വഴി ആദിത്യനെ കണ്ടിരുന്നു. ലച്ചൂട്ടീന്ന് വിളിച്ചിരുന്നെങ്കിലും ഒന്നും മിണ്ടാതെ താൻ നടന്നകന്നു. മരിക്കാൻ പോകുന്ന തനിക്ക് ആരോടും ഒന്നും പറയാനോ കേൾക്കാനോ ഇല്ലായിരുന്നു. താൻ പോകുന്നതും നോക്കി നില്ക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നാട്ടിൽ വരുമ്പോഴൊക്കെ ഇതുപോലെ കാണാറുണ്ടായിരുന്നു അന്നൊക്കെ സുഖം ആണോന്ന ചോദ്യത്തിന്, മറുപടിയായി തലയാട്ടി ഞാൻ നടന്നകലുന്നത് നോക്കി നില്ക്കുന്നതും കണ്ടിട്ടുണ്ട്. വിവാഹം കഴിച്ചിട്ടില്ലെന്നും സ്കൂളിലെ മാഷായിരുന്നു എന്നും എപ്പൊഴൊക്കെയോ കേട്ടറിവുകൾ ഉണ്ടായിരുന്നു. “ലച്ചൂട്ടി “…
അവൾ ചിന്തകളിൽ നിന്നും ഉണർന്നയാളെ നോക്കി.
“ഞാൻ തിരക്കി വീട്ടിൽ വരുമ്പോൾ ലച്ചൂട്ടി രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ ആയിരുന്നു. ” കുറച്ച് നേരത്തെ മൗനത്തിന് ശേഷം അയാൾ പറഞ്ഞു, “മരിക്കാൻ ശ്രമിക്കും മുൻപ് ഒരിക്കലെങ്കിലും എന്നെ ഓർക്കായിരുന്നില്ലേ, എനിക്ക് വേണം ലച്ചൂട്ടിയെ. ” അവളുടെ മുടിയിഴകളിൽ തഴുകി അയാൾ പതിയെ പറഞ്ഞു “ഒന്നും പേടിയ്ക്കണ്ട പുറത്ത് ഞാൻ ഉണ്ട് എന്നും കൂടെയുണ്ടാവും”.?ആദിത്യൻ പുറത്തേക്ക് നടന്നു പോകുന്നതും നോക്കി സീതാലക്ഷ്മി കിടന്നു.
തനിക്കായി വിവാഹം പോലും കഴിക്കാതെ ജീവിച്ച മനുഷ്യൻ. അച്ഛനു വേണ്ടി , കുടംബത്തിനു വേണ്ടി, ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ചപ്പോൾ തനിക്ക് വേണ്ടി എന്തേ ജീവിച്ചില്ല. അവളുടെ ഉള്ളിൽ ഒരു ഉറച്ച തീരുമാനം ഉടലെടുത്തു മക്കൾ നിർബന്ധിച്ചതിൻ്റെ പേരിൽ വീട് എഴുതി കൊടുക്കാൻ മാത്രം വിഡ്ഢിയാകുന്നില്ല. ജീവിക്കണം തനിക്കായി ഒരായുസ് മുഴുവൻ കാത്തിരുന്ന മനുഷ്യനു വേണ്ടി. മരണത്തിനു പോലും വിട്ടു കൊടുക്കാതെ ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്നേഹിച്ച ആദിത്യേട്ടന് വേണ്ടി മുന്നോട്ട് ജീവിക്കണം. സമൂഹം എന്തോ പറയട്ടെ ദുഃഖത്തിൽ, ഒറ്റപ്പെടലിൽ ആരും ഇല്ലായിരുന്നല്ലോ. നമ്മളെ സ്നേഹിക്കുന്നവരെയല്ലേ തിരിച്ചും സ്നേഹിക്കേണ്ടത്. അന്ന് പറയാൻ മറന്ന മറുപടി ഇന്നെനിക്ക് ആദിത്യേട്ടനോട്ടു പറയണം. ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ ആദിത്യേട്ടനെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു.
സീതാലക്ഷ്മിയിൽ പ്രണയത്തിൻ്റേതായ, സുരക്ഷിതത്വത്തിൻ്റേതായ ഒരു ചിരി നിറഞ്ഞു. അവൾ ശാന്തമായി കണ്ണുകൾ അടച്ചു കിടന്നു.

