മാനസാന്തരം
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
“മാതാവേ അപ്പൻ വല്ല വണ്ടിയും ഇടിച്ചു ചiത്തുപോണേ,ഇനി അമ്മച്ചിയെം മോനേം തiല്ലാനായി ഇങ്ങോട്ടുവരല്ലേ”
അടിവാരത്ത് നിന്നും കിട്ടിയ വാiറ്റുചാiരായവും മോന്തി ഉറയ്ക്കാത്ത കാൽവയ്പുകളോടെ പുരയിലേക്കു കയറിയ ജോസൂട്ടി അഞ്ചു വയസ്സുകാരൻ മകന്റെ പ്രാർത്ഥന കേട്ട് ഞെട്ടലോടെ പ്രാർത്ഥനാമുറിയിലേക്കെത്തി നോക്കി .
ചുവരിൽ തൂക്കിയ മാതാവിന്റെ ഫോട്ടോക്ക് മുമ്പിലായി കത്തിച്ചുവച്ച മെഴുകുതിരിക്കു മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് പ്രാർത്ഥിക്കുന്ന അജിമോൻ.
ഒരു നിമിഷം അയാളുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. നിശബ്ദമായ കാലടികളോടെ അയാൾ അകത്തേക്ക് കയറി.കണ്ണുകൾ അടച്ച് പൂർണമായും പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണവൻ.
മകന്റെ മുഖത്തു കണ്ട നിഷ്കളങ്കത അയാളെ ഭയചകിതനാക്കി.തന്റെ മകന്റെ നിഷ്കളങ്കമായ പ്രാർത്ഥന മാതാവെങ്ങാനും ചെവി ക്കൊണ്ടാലോ. പിള്ള മനസ്സിൽ കള്ളമില്ലെന്നല്ലേ പ്രമാണം. മാതാവും ഉണ്ണിയേശുവുമാണെങ്കിൽ പുഞ്ചിരി തൂകുന്ന മുഖത്തോടെ എല്ലാം കേട്ടിരിക്കുകയാണ് .
അടിച്ച വാiറ്റ് ചാiരായത്തിന്റെ കെട്ട് ഒരു നിമിഷം കൊണ്ട് ആവിയായി പോകുന്നതയാൾ അറിഞ്ഞു.
ജെസ്സി അവിടെയെങ്ങാനും ഉണ്ടോയെന്നറിയാനായി അടുക്കളയിലേ ക്കെത്തി നോക്കി.അവൾ ഇതൊന്നും അറിയാതെ രാത്രിയിലേക്കുള്ള ഭക്ഷണം ഒരുക്കുകയാണ്.
ഒരു നിമിഷം അയാളുടെ ചിന്തകൾ കഴിഞ്ഞ കാലത്തേക്ക് പോയി. നാട്ടിൽ നിന്നും കുറച്ചകലെയുള്ള ഗ്രാമത്തിൽ വീട് പണിക്ക് ചെന്നപ്പോഴാണ് ജെസ്സിയെ കാണുന്നത്.
തങ്ങൾ പണിതിരുന്ന വീടിന്റെ അയല്പക്കമായിരുന്നു അവളുടെ വീട്. അവിടെനിന്നും എല്ലായിപ്പോഴും ഒരു മുതിർന്ന സ്ത്രീയുടെ ശാപവാക്കുകൾ
ഉയർന്നു കേട്ടിരുന്നു. പണിക്ക് ചെന്ന വീട്ടിലെ അമ്മാമ്മയാണ് വിശേഷങ്ങൾ പറഞ്ഞത്.
“എന്റെ മോനെ അവിടെയൊരു പാവം പെങ്കൊച്ചുണ്ട്.ആ കൊച്ചാ അവിടത്തെ എല്ലാ ജോലിയും ചെയ്യുന്നത്. ആ തള്ള അതിന്റെ രണ്ടാനമ്മയാ.അവർക്ക് രണ്ടു പിള്ളേർ വേറെയുണ്ട്. അവരാ കൊച്ചിനെ പറയുന്ന ചീiത്തയാ കേൾക്കുന്നത്.
തiന്തയാണേല് ഒരു വെള്ളമടിക്കാരനാ . ഒരു പെൺകോന്തൻ അയാൾക്ക് അവര് പറയുന്നതാ വേദവാക്യം. അയാളും ആ കൊച്ചിനെ ചിലപ്പോഴൊക്കെ ഓടിച്ചിട്ട് തiല്ലുന്നത് കാണാം.ആരെങ്കിലും അതിനെ കെട്ടിക്കൊണ്ടു പോയിരുന്നെങ്കിൽ അതിന്റെ കാര്യം രക്ഷപ്പെട്ടേനെ. അവരതിന്റെ കല്യാണമൊന്നും നടത്താൻ പോകുന്നില്ല. അവർക്ക് ഒരു വേലക്കാരിയേയാ ആവശ്യം”
അതിനു ശേഷമാണ് താനവളെ ശ്രദ്ധിച്ചു തുടങ്ങിയത്.പക്ഷേ ഒരിക്കൽ പോലും അവൾ തന്നെ ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല.മെല്ലെ മെല്ലെ അവളോടൊരു സഹതാപവും സ്നേഹവും ഉടലെടുക്കുകയായിരുന്നു.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട തനിക്ക് മറ്റു ബന്ധുക്കൾ ആരുമില്ലാത്തതിനാൽ പണിക്കു ചെന്ന വീട്ടിലെ അമ്മച്ചിയുടെ സഹായത്തോടെ കല്യാണം ആലോചിച്ചു. പക്ഷെ അവളുടെ വീട്ടുകാർക്ക് സമ്മതമല്ലായിരുന്നു.അങ്ങിനെ അവിടെ നിന്നും പോരുമ്പോൾ അവളെയും കൂടെകൂട്ടി.
മറ്റുള്ളവർക്ക് അസൂയ ജനിപ്പിക്കുന്ന ദാമ്പത്യമായിരുന്നു തങ്ങളുടേത്.ഒരു മകൻ കൂടി പിറന്നതോടെ ജീവിതം കൂടുതൽ സുരഭിലമായി. അതിനിടയിലേക്കാണ് തന്റെ മiദ്യപാനം വില്ലനായി എത്തിയത്. ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടു.എന്നും വഴക്കും ബഹളവും തiല്ലുമൊക്കെയായി.
ജെസ്സിക്കു തന്നെ വിട്ട് മറ്റെങ്ങും പോകാനില്ല എന്ന തിരിച്ചറിവ് അവളെ ഉപദ്രവിക്കുന്നതിൽ തനിക്കൊരാനന്ദംപകർന്നുനൽകി .പലപ്പോഴും വാവിട്ടൊന്നു നിലവിളിക്കാൻ പോലും കഴിയാതെ അവൾ തന്നെ സഹിക്കുകയായി രുന്നു. അമ്മയെ രക്ഷിക്കാനായി ഇടക്ക് കയറി വരുന്ന മകനും കിട്ടാറുണ്ടായിരുന്നു മiർദ്ദനം. പക്ഷെ തന്റെ ചെയ്തികൾ മകന്റെ മനസ്സിനെ ഇത്രമാത്രം മുറിവേൽപ്പിച്ചു എന്ന് ഇന്നാണറിയുന്നത്. അയാൾ ഒരു തേങ്ങലോടെ മാതാവിന്റെ മുന്നിൽ മുട്ടുകുത്തി.
അപ്പന്റെ ശബ്ദം കേട്ടാണ് അജിമോൻ കണ്ണ് തുറന്നത്.തന്റെ പ്രാർത്ഥന അപ്പൻ കേട്ടിട്ടുണ്ടാവും എന്ന ചിന്തയിൽ അവൻ ഭയത്തോടെ ചാടിയെഴുന്നേറ്റു.ഒരുനിമിഷം ജോസൂട്ടി അവനെ തന്നോട് ചേർത്തു പിടിച്ച് മുടിയിഴകളിൽ തഴുകി.’മോനേ മാപ്പ് ‘. അയാളുടെ മനസ്സ് നിശബ്ദമായി പറഞ്ഞു.
പ്രാർഥനാമുറിയിലെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും വന്ന ജെസ്സി കാണുന്നത് മകനേയും ചേർത്തു പിടിച്ച് മാതാവിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് കണ്ണീർവാർക്കുന്ന ജോസൂട്ടിയെയാണ്. അവൾ അവിശ്വസ നീയതയോടെ ആ കാഴ്ച്ച കണ്ടുനിന്നു.കണ്ണീരിൽ കുതിർന്ന മിഴികളോടെ.
ശുഭം
വാൽകഷ്ണം: ജോസൂട്ടി നന്നായോ എന്ന് എനിക്കറിയില്ല.