എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
നിരന്തരം കാണുകയോ, ഇടപെടുകയോ ചെയ്തില്ലെങ്കിലും മുരളിയോളം എന്നെ അറിയുന്ന ആരും ഈ ലോകത്തിലില്ല. എന്റെ ഭാര്യക്ക് പോലും അവനോളം എന്നെ മനസിലാക്കാൻ സാധിച്ചിട്ടില്ല. എന്റെ ആഗ്രഹ ജീവിതത്തിലേക്കുള്ള ഓരോ ചുവടും അവന്റെ വാക്കിലുള്ള വിശ്വാസത്തിലായിരുന്നു. നാട് അറിയുന്ന നടനിലേക്ക് മാറാനുള്ള നേരത്തെയാണ് ഞാൻ ഇപ്പോൾ കാത്തിരിക്കുന്നത്.
സ്കൂൾകാലത്ത് കൂട്ട് കൂടിയവരാണ് ഞങ്ങൾ. മുരളി അഭിനയിച്ച നാടകം കണ്ടിട്ടാണ് അഭിനയമോഹം എന്നിൽ ഉടലെടുക്കുന്നത്. പിന്നീടത് ജീവനിൽ നിന്ന് പോയില്ല. സ്കൂൾ പഠനം കഴിഞ്ഞ് മുരളി കോളേജിൽ ചേർന്നു. പത്തിൽ തോറ്റുപോയ ഞാൻ അന്നുതൊട്ട് സിനിമയുടെ പിറകേയായിരുന്നു…
‘നിങ്ങൾക്കിത് നിർത്തിക്കൂടെ… എത്ര കാലായി തുടങ്ങിയിട്ട്… പഴയ പോലെയല്ല.. മോൻ വളരുകയാണ്…’
എന്റെ അഭിനയ മോഹത്തിനെയാണ് കാലത്ത് തന്നെ ഭാര്യ നിരുത്സാഹപ്പെടുത്തുന്നത്. ഞാനൊരു അറിയപ്പെടുന്ന നടനാകുമെന്ന വിശ്വാസമൊന്നും അവൾക്ക് ഇപ്പോൾ ഇല്ല. പെണ്ണിനേയും കുറ്റം പറയാൻ പറ്റില്ല. അവൾ പറയുന്നത് പോലെ, കാലം കുറേ ആയല്ലോ…
ഇരുപത് വർഷങ്ങളായി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. ഓർമ്മ ശരിയാണെങ്കിൽ, റിലീസിന് ഒരുങ്ങുന്നതും കൂടെ കൂട്ടി ഇരുന്നൂറോളം സിനിമകളിലെങ്കിലും ഞാൻ അഭിനയിച്ചിട്ടുണ്ടാകും. കല്ല്യാണം, മരണം, സമരം, തുടങ്ങിയ ഏത് ബഹളത്തിലും ഒരാളായി എന്റെ തല കാണാം. പാതിയോളം ചിത്രങ്ങളിൽ മുഖം തെളിയാറില്ല. തെളിയുന്നവയിൽ ശബ്ദവുമില്ല. എന്നിട്ടും, നാട് അറിയുന്ന നടനാകാൻ വേണ്ടിയുള്ള എന്റെ പരിശ്രമം ഞാൻ തുടർന്ന് കൊണ്ടേയിരുന്നു..
നിരവധി ഓഡീഷന് പങ്കെടുത്ത പരിചയം എനിക്കുണ്ട്. ഉറ്റസുഹൃത്ത് മരിച്ചുപോയ രംഗം സൃഷ്ടിക്കാനും, അഭിനയിക്കാനും ഒരു പ്രമുഖ സംവിധായകൻ പറഞ്ഞ ഓർമ്മയുണ്ട് നെഞ്ചിൽ. അദ്ദേഹം പറഞ്ഞത് പോലെയൊരു പ്രകടനം കാഴ്ച്ച വെക്കാൻ എനിക്കന്ന് സാധിച്ചില്ല. പേടിച്ചിട്ടാണോയെന്ന് അറിയില്ല. ഉറ്റസുഹൃത്ത് നഷ്ട്ടപ്പെടുമ്പോഴുള്ള സങ്കടത്തിന്റെ സൂക്ഷ്മ കണികകൾ പോലും ഭാവത്തിലേക്ക് കലരുന്നില്ല. ഇവന് അഭിനയിക്കാൻ അറിയില്ലെന്ന് വരെ കൂടിയവരിൽ പലരും പറഞ്ഞു. ഞാൻ തീർത്തും തകർന്ന് പോയ തുടക്കമായിരുന്നുവത്…
അന്ന്, കോളേജ് പഠനമൊക്കെ കഴിഞ്ഞ് മുരളി നാട്ടിലേക്ക് വന്ന നേരമായിയുന്നു. കരയാൻ പറ്റാത്തത് കൊണ്ട് അവസരം നഷ്ട്ടപ്പെട്ട കഥ അറിഞ്ഞപ്പോൾ അവൻ എന്നെ ആശ്വസിപ്പിച്ചു. നിനക്ക് പറ്റുമെടായെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. മാനസികമായി വീണുപോകുന്ന വേളകളിൽ എന്നെ ഉയർത്താൻ അവനേ സാധിക്കാറുള്ളൂ… ശ്രമിച്ചാൽ, നേടാൻ പറ്റാത്തതായി യാതൊന്നും ജീവിതത്തിൽ ഇല്ലെന്ന ആത്മവിശ്വാസത്തോടെയാണ് പിന്നീട് ഞാൻ തുടർന്നത്. എന്റെ കഴിവിൽ ഞാൻ പരിപൂർണ്ണമായി വിശ്വസിച്ചു. പക്ഷേ, ഈയിടെയായി….
‘ സങ്കടപ്പെടുത്താൻ പറയുന്നതല്ല മനുഷ്യാ.. നിങ്ങക്ക് അഭിനയിക്കാനറിയില്ല. നമുക്ക് വേറെയെന്തെങ്കിലും നോക്കാമെന്നേ…’
ഷൂട്ട് കഴിഞ്ഞ് വന്നയൊരു രാത്രിയിൽ ഭാര്യ പറഞ്ഞതാണ്. നല്ല ക്ഷീണമുണ്ട്. വെiട്ടേറ്റ് മiരിച്ചയാളുടെ വേഷമായിരുന്നു. പത്തിരുപത് ആൾക്കാരോടൊപ്പം വെയിലത്ത് കിടക്കണം. ആ ക്ഷീണത്തിലും ഭാര്യ പറഞ്ഞത് ആലോചിക്കാതെയിരുന്നില്ല. അവൾ പറഞ്ഞതിൽ വല്ല കാര്യമുണ്ടോയെന്ന് എന്നിൽ നിന്ന് മറ്റൊരു ഞാൻ മുഖത്ത് നോക്കി ചോദിക്കുന്നത് പോലെ…
ഉറങ്ങാൻ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ആ രാത്രിയിൽ മുരളിയല്ലാതെ മറ്റാരും എനിക്ക് അഭിനയിക്കാൻ അറിയാമെന്ന് പറഞ്ഞില്ലെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയെങ്കിൽ അവൻ എന്നോട് കള്ളം പറഞ്ഞതാണൊ? അതുകൊണ്ട് എന്ത് ഗുണമാണ് അവന് ലഭിക്കുന്നത്! എന്തായാലും മുരളിയെയൊന്ന് കാണണമെന്ന് എനിക്ക് തോന്നി.
‘എടാ… അൽപ്പം തിരക്കിലാണ്. വൈകീട്ട് വിളിക്കാം…’
പറഞ്ഞത് പോലെ മുരളി വിളിച്ചില്ല. പിറ്റേന്നും യാതൊരു വിവരവുമില്ല. വിളിച്ചിട്ട് എടുക്കുന്നുമില്ല. ആത്മമിത്രമെന്ന് വർഷങ്ങളോളം അവൻ എന്നെ തോന്നിപ്പിച്ചതാണോയെന്ന് വരെ ഞാൻ സംശയിച്ച് പോയി. അത് ശരിയാണെങ്കിൽ, സിനിമാനടൻ ആകാതിരുന്നതിനേക്കാളും ആഘാതത്തിൽ മുരളിയുടെ പേരിൽ ഞാൻ വേദനിക്കുമെന്നത് തീർച്ചയാണ്.
‘രണ്ടുനാളാകും ഞാൻ വരാൻ…’
എന്നും പറഞ്ഞാണ് അന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. പെട്ടെന്ന് വരണമേയെന്ന് ഭാര്യ പ്രത്യേകം പറയുകയും ചെയ്തു. എനിക്ക് പോകേണ്ടിയിരുന്നത് മുരളി താമസിക്കുന്ന നഗരത്തിലേക്കാണ്. അവന് അവിടെ ബിസിനസ്സാണ്. ആറേഴ് വർഷം മുമ്പ് അവന്റെ കല്ല്യാണത്തിന് പോയ ഓർമ്മയേയുള്ളൂ…
‘ഇരിക്കൂ…. ഞാൻ വിളിക്കാം…’
കതക് തുറന്നപ്പോൾ മുരളിയുടെ ഭാര്യ പറഞ്ഞതാണ്. വരാന്തയിലെ കസേരകളിൽ ഒന്നിൽ ഞാൻ ഇരുന്നു. വൈകാതെ, ഉറക്കപ്പിച്ചോടെ മുരളി വരുകയും ചെയ്തു. എന്താണ് ഫോണെടുക്കാത്തതെന്ന് ഞാൻ ചോദിക്കും മുമ്പേ നീയെന്താ കാലത്ത് തന്നേയെന്ന് അവൻ എന്നോട് ചോദിക്കുകയായിരുന്നു. വന്നിരിക്കുന്നത് ആരാണെന്ന സംശയത്തോടെയാണ് അവന്റെ ഭാര്യ നിൽക്കുന്നത്…
‘നിനക്ക് മനസ്സിലായില്ലേ… നമ്മുടെ കല്ല്യാണത്തിന് വന്നിരുന്നു… സിനിമക്കാരൻ ആകാൻ നടക്കുന്ന, നാട്ടിലെ…’
ഭാര്യയുടെ സംശയം തീർക്കാൻ ശ്രമിക്കുന്ന മുരളിയെ ഞാൻ ശ്രദ്ധിക്കുകയാണ്. ഇതെന്റെ സുഹൃത്താണെന്ന് പറയാൻ അവന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായതേയില്ല.
‘ഓഹ്.. മുരളിയുടെ നാടകം കണ്ടിട്ട് അഭിനയിക്കാൻ നടക്കുന്ന….’
എന്നും പറഞ്ഞ് മുരളിയുടെ ഭാര്യ ചിരിച്ചു. ശേഷം, അകത്തേക്ക് കയറിയിരിക്കൂവെന്ന് അവർ പറഞ്ഞെങ്കിലും എനിക്കതിന് സാധിച്ചില്ല. മുരളിക്ക് ഞാനൊരു തമാശയാണ്. അല്ലായിരുന്നുവെങ്കിൽ, അഭിനയിക്കാനുള്ള കഴിവ് നിനക്ക് ഇല്ലെന്ന് എന്റെ ഭാര്യയേക്കാളും മുമ്പേ അവൻ പറയുമായിരുന്നു. ഉണ്ടായിരുന്നത് വെറും മോഹ മായിരുന്നുവെന്ന് മനസിലാക്കാൻ പണ്ടേക്ക് പണ്ടേ ഞാൻ ശ്രമിക്കുമായിരുന്നു…
ഉണ്ടെന്ന് കരുതിയ കഴിവ് ഇല്ലെന്ന് അറിയുമ്പോഴുള്ള മാനസികാ വസ്ഥയെക്കാളും വേദനയായിരുന്നു മുരളിയുടെ പെരുമാറ്റത്തിൽ തല അനുഭവിച്ചത്. വീട്ടിലേക്കുള്ള മടക്ക യാത്രയിൽ നഷ്ട്ടപ്പെടുത്തിയ ഇരുപത് വർഷങ്ങളും അഭിനയിക്കാൻ കഴിവില്ലാത്തവനെ നോക്കി കളിയാക്കുന്നുണ്ടായിരുന്നു…
സിനിമയുടെ ദിക്കിലേക്ക് ആഗ്രഹം കൊണ്ട് മാത്രം സഞ്ചരിച്ച എന്നെ, മുരളി തടയണമായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം. അവനെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും കാണുകയോ വിളിക്കുകയോ ചെയ്യുന്നയൊരു നാട്ടുകാരൻ മാത്രമായിരിക്കും ഞാൻ. അതുകൊണ്ട് തന്നെ ജീവിതത്തിനോട് എനിക്ക് ഇല്ലാതിരുന്ന കരുതൽ അവന് കാട്ടേണ്ട കാര്യം ഇല്ലല്ലോ…
ഇപ്പോൾ എല്ലാം വ്യക്തമാണ്. അത്രയേറെ പ്രിയപ്പെട്ടവരെന്ന് കരുതുന്ന മനുഷ്യരുടെ ജീവിതത്തിൽ നമുക്കൊന്നുമൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ സ്ഥാനം പോലും ഉണ്ടാകണമെന്നില്ല. അങ്ങനെ ചിന്തിച്ചപ്പോൾ തന്നെ അനുവാദം ചോദിക്കാതെ കണ്ണുകൾ നിറഞ്ഞു. സഹയാത്രികർ കാണാതിരിക്കാൻ പുറം കൈകൊണ്ട് ഞാനത് തുടച്ച് കളയുകയും ചെയ്തു. ആ വേളയിൽ, ഉറ്റസുഹൃത്ത് നഷ്ട്ടപ്പെട്ടതിന്റെ വേദന കാട്ടാൻ പറ്റാതെ വന്ന ആ പഴയ ഓഡീഷൻ രംഗം വെറുതേ ഞാൻ ഓർത്തുപോയി….!!!