മൂന്നാം നാൾ വീണ്ടും പോയെങ്കിലും മുഖത്ത് നോക്കി കതകടച്ചാണ് അവൾ അവനെ സ്വാഗതം ചെയ്തത്… അന്ന് അവൻ ശരിക്കും കരഞ്ഞുപോയി……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മുപ്പത്തിയഞ്ചുകാരിയായ ശോശാമ്മയെ അവൻ കാണുന്നതും പരിചയ പ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും അവന്റെ ഇരുപതാമത്തെ പ്രായത്തിലാണ്. എന്തുകൊണ്ടോ, മറ്റേത് സ്ത്രീകളോടും ഇടപെടുന്നതിനേക്കാളും കൂടുതൽ ഹൃദയമിടിപ്പ് അവളുമായുള്ള സമ്പർക്കത്തിൽ അവന് അനുഭവപ്പെട്ടു.

വീടിന് പരിസരത്തുള്ള ട്രാവൽ ഏജൻസിയിൽ ജോലിചെയ്യുന്ന ശോശാമ്മയോട് ചിരിക്കാതേയും സംസാരിക്കാതേയും അവൻ വീട്ടിലേക്ക് കയറാറില്ല. പ്രായ വിത്യാസം കൂടുതലായത് കൊണ്ട് തന്നെ അവന്റെ ഉള്ളിലിരുപ്പ് ആർക്കുമൊട്ടും മനസ്സിലായതുമില്ല. പ്രത്യേകിച്ച് ശോശാമ്മയ്ക്ക്…

ഒരിക്കൽ അവൻ കോളേജ് ബസിൽ നിന്ന് ഇറങ്ങി ട്രാവൽ ഏജൻസിയിലേക്ക് പോയപ്പോൾ ശോശാമ്മ ഉണ്ടായിരുന്നില്ല. ശോക മൂകനായി വീട്ടിലേക്ക് കയറിപ്പോയ അവനോട് നിനക്ക് ഇതെന്തുപറ്റിയെന്ന് അവന്റെ അമ്മ ചോദിച്ചു. തലവേദനയാണെന്നും പറഞ്ഞ് മുറിയിലേക്ക് കയറി കതകടച്ചപ്പോഴാണ് തനിക്ക് ശോശാമ്മയോട് കടുത്ത പ്രേമമാണെന്നത് അവന് മനസ്സിലായത്. പലപ്പോഴും ഒരാൾ മാത്രം പേറുന്ന പ്രേമമൊരു തലവേദന തന്നെയാണല്ലോ…!

അന്ന് അവന് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്ന് വൈകുന്നേരം വരെ അവൻ അക്ഷമനായി കാത്തിരുന്നു. ബസ്സിറങ്ങി ട്രാവൽസിലേക്ക് പോയപ്പോൾ തനിക്ക് ചുറ്റും പ്രകാശം പരത്തുന്ന തെളിച്ചത്തോടെ ശോശാമ്മ ഉണ്ടായിരുന്നു. കണ്ടതും അവൾ അവനോട് പുഞ്ചിരിച്ചു. ഉള്ളിൽ പ്രേമം കൊണ്ടപ്പോഴുള്ള പിണക്കം കൊണ്ടായിരിക്കണം തിരിച്ച് പുഞ്ചിരിക്കാൻ അവന് കഴിഞ്ഞില്ല. അകത്ത് മാറ്റാരുമില്ലാത്തത് കൊണ്ട് സധൈര്യം തന്റെ പ്രേമം അവളോട് അവൻ തുറന്ന് പറഞ്ഞു.

ലോകോത്തര തമാശ കേട്ട ലാഘവത്തിൽ അവൾ നിർത്താതെ ചിരിച്ചു. ആ ചിരികണ്ടപ്പോൾ അവന് കരയാൻ തോന്നി. കരയാതിരിക്കണമെന്ന നിർബന്ധമുള്ളത് കൊണ്ടായിരിക്കണം ധൃതിയിൽ അവിടെ നിന്നെഴുന്നേറ്റ് അവൻ പോയത്.

പിറ്റേന്ന് വൈകുന്നേരവും അവൻ അവിടെ ചെന്ന് ശോശാമ്മയ്ക്ക് മുഖം കൊടുത്തു. എന്തിനാണ് ഇന്നലെ ചിരിച്ചതെന്ന് ചോദിച്ചപ്പോൾ അവളുടെ മുഖം അതീവ ഗൗരവ്വത്തിലേക്ക് ചുവട് മാറി. കളി പറയാതെ പോ ചെക്കായെന്നും പറഞ്ഞ് ശോശാമ്മ അവനെയപ്പോൾ അവഗണിച്ചു. അവനപ്പോഴും കരയാൻ തോന്നി.. തന്നിലും പ്രായമുള്ള ഒരുത്തിയെ പ്രേമിക്കാൻ കാണിച്ച ധൈര്യമെല്ലാം ചോർന്ന് പോകുന്നത് പോലെ… അത് കണ്ടിട്ടാകണം അവൾ അവന്റെ അടുത്തേക്ക് പോയതും അവന്റെ തലയിൽ തൊട്ടതും എല്ലാം നിന്റെ പ്രായത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞതും..

‘എനിക്ക് ശോശാമ്മയെ കെട്ടണം..’ അവനതും പറഞ്ഞൊരു കുട്ടിയെപ്പോലെ ചിണുങ്ങി.

“പോ ചെറുക്കാ … എനിക്ക് സ്കൂളിൽ പോകുന്നയൊരു കൊച്ചുണ്ട് … എന്നെ ദേഷ്യം പിടിപ്പിക്കാതെ നീയൊന്ന് പോയേ…”

അത് പറയുമ്പോൾ അവളുടെ മൂക്കിന്റെ തുമ്പ് ദേഷ്യം കൊണ്ട് പഴുത്തിരുന്നു.

‘കുഞ്ഞല്ലേയുള്ളൂ… ഭർത്താവില്ലല്ലോ..!’

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ശോശാമ്മയുടെ കെട്ടിയോൻ പണ്ട് അവൾ ഗർഭിണിയായിരിക്കെ കുളിക്കാൻ തിളപ്പിച്ച വെള്ളത്തിന് ചൂടില്ലെന്നും പറഞ്ഞ് പിണങ്ങി പോയതാണ്. വർഷം പത്ത് കഴിഞ്ഞിട്ടും അയാൾ തിരിച്ച് വന്നില്ല. വേറെ കെട്ടിയെന്നൊക്കെയാണ് കേൾക്കുന്നത്..

ഒന്നും പറയാതെ തന്റെ ജോലിയിൽ മുഴുകിയെന്ന് അവൾ അഭിനയിച്ചപ്പോൾ അവൻ തന്റെ വീട്ടിലേക്ക് നടന്നു. ഈ ചെക്കൻ ഇതെന്ത് ഭാവിച്ചാണെന്ന ചിന്ത മാത്രമായിരുന്നു അവൻ പോകുമ്പോൾ ശോശാമ്മയുടെ ഉള്ളിൽ…

കനത്ത നി തംബവും കൊ ഴുത്ത മു ലയുമൊക്കെയുള്ള ശോശാമ്മയെ കാണാനൊരു ആന ചന്തമൊക്കെയുണ്ട്. അവൾ കടന്ന് പോകുന്ന ആണുങ്ങളിൽ മിക്കവരും അവളിൽ പ്രായഭേദമില്ലാതെ ആകൃഷ്ട്ടരാകാറുമുണ്ട്. കിളിന്ത് പ്രായത്തിന്റെ ആവേശമാണ് അവന് തന്നോടെന്ന് വിധിയെഴുതി ശോശാമ്മ അവനെ മനപ്പൂർവ്വം ആവർത്തിച്ച് അവഗണിച്ചു.

കാലം മറിഞ്ഞപ്പോൾ അവന്റെ ജീവിതത്തിലേക്ക് സുന്ദരികളായ ഒത്തിരി പെണ്ണുങ്ങൾ കടന്ന് വന്നു. പക്ഷേ, ആരേയും ശോശാമ്മയോളം പ്രേമിക്കാൻ അവനായില്ല. എന്തുകൊണ്ട് അവളോട് മാത്രം ഇത്രയും ഗാഡ്ഢമായ പ്രേമമെന്ന് ചോദിച്ചാൽ അവന് ഉത്തരം പ്രയാസമാണ്. ഏർപ്പെടുന്നവർക്ക് പോലും കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കാത്ത ഇത്തരം ബന്ധങ്ങൾ ഉണ്ടെന്നത് തന്നെയല്ലേ പ്രാണന്റെ പ്രേമ സവിശേഷതകളിലൊന്ന്…

അന്ന് ഡ്രൈവറുടെ അശ്രദ്ധ കാരണം സ്കൂൾ ബസ്സ്‌ മറിഞ്ഞ് മരിച്ച പത്തോളം കുട്ടികളിൽ ശോശാമ്മയുടെ ചെക്കനുമുണ്ടായിരുന്നു. അറിഞ്ഞ ഉടൻ വീട്ടിലേക്ക് പോയെങ്കിലും അവളെ കാണാൻ സാധിച്ചില്ല. അവളുടെ അണഞ്ഞ് തുടങ്ങിയ തേങ്ങല് മാത്രം നനഞ്ഞ ആൾക്കൂട്ടത്തിൽ നിന്നും അവൻ കൃത്യമായി തിരിച്ചറിഞ്ഞു.

മൂന്നാം നാൾ വീണ്ടും പോയെങ്കിലും മുഖത്ത് നോക്കി കതകടച്ചാണ് അവൾ അവനെ സ്വാഗതം ചെയ്തത്… അന്ന് അവൻ ശരിക്കും കരഞ്ഞുപോയി. ഇരുപതുകളിൽ നിറയാത്ത കണ്ണുകൾ അവന്റെ മുപ്പത്തുകളിൽ വാർന്നൊലിച്ചു. തുടർന്ന് ശോശാമ്മ തന്റെ ട്രാവൽസിലെ ജോലിയും ഉപേക്ഷിച്ചു. പരിഗണിച്ചില്ലെങ്കിലും അരികിൽ അവൾ ഉണ്ടെന്ന സമാധാനവും അവന് നഷ്ട്ടപ്പെട്ടു.

കൂപ്പകൾ നിറയേ ഓർമ്മകളും സ്വപ്നങ്ങളും നിരാശകളും നിറച്ചയൊരു തീവണ്ടി പോലെ വർഷങ്ങൾ പിന്നേയും രണ്ടുപേർക്കിടയിലൂടെ പാഞ്ഞു. വിലാസം അറിയുന്നത് കൊണ്ട് ഒരിക്കൽ രണ്ടും കൽപ്പിച്ച് ശോശാമ്മയെ തേടി അവൻ പിന്നേയും പോയി.

അന്ന് കതക് തുറന്നതൊരു ചെറുപ്പക്കാരി പെണ്ണായിരുന്നു. ശോശാമ്മ ഇല്ലേയെന്ന അവന്റെ ചോദ്യത്തിന് അകത്ത് കിടക്കുകയാണെന്ന മറുപടി അവൾ നൽകി. കാണണമെന്ന് പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരി അവനെ അകത്തേക്ക് ആനയിച്ചു.

‘ആരാണ് ബീനേ…?’

കട്ടിലിൽ പാതി ഉയർന്നിരുന്ന ശോശാമ്മയുടെ ചോദ്യത്തിന് ഉത്തരമെന്ന പോലെ അവൻ അവളുടെ അരികിലേക്ക് നടന്നു. അവളുടെ കണ്ണുകൾ രണ്ടും ആളെ മനസ്സിലാകാതെ മുറുക്കി ചിമ്മി തുറന്നപ്പോഴേക്കും അവൻ ആ കട്ടിലിലേക്ക് ഇരുന്നിരുന്നു. പതിയേ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം ശോശാമ്മയുടെ തലയൊന്നും പറയാതെ കുനിഞ്ഞത്..

അവൻ അവളുടെ ചുളിഞ്ഞ് തുടങ്ങിയ കൈകളിൽ പിടിക്കുകയും താടിയെല്ലിൽ തൊട്ട് മുഖമുയർത്തുകയും ചെയ്തു. എന്തോ, അരുതെന്നോ.. കടക്ക് പുറത്തെന്നോ അവൾ പറഞ്ഞില്ല..

അവൻ ചിരിച്ചപ്പോൾ കൈകൾ രണ്ടും അവന്റെ കഴുത്തിലേക്ക് ഉയർത്തി മുഖത്തെ മുഖത്തോട് ചേർത്ത് അവൾ പുണർന്നു. പ്രായം വന്ന് അമ്പതിൽ മുട്ടിയ ശോശാമ്മയൊരു അഞ്ചുവയസ്സുകാരിയെ പോലെ വിങ്ങി വിങ്ങി കരയുകയായിരുന്നു. കഥ അറിയാതെ ആ രംഗം നോക്കി അന്തം വിട്ട് കതകിൽ ചാരിനിൽക്കുന്ന ബീനയെ രണ്ടുപേരും കണ്ടതേയില്ല…!!!

Leave a Reply

Your email address will not be published. Required fields are marked *