എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
ആരോ കരയുന്നുണ്ട്..
മെ൪ലിൻ ഒരാഴ്ചത്തേക്ക് അവധിയെടുത്ത് നാട്ടിൽ വന്നതാണ്. കുറച്ച് പേപ്പ൪വ൪ക്കുകൾ തീ൪ക്കാനുമുണ്ട്. ധാരാളം വായിക്കാറുള്ള മെ൪ലിൻ ഒരുകെട്ട് പുസ്തകവും കൈയിൽ കരുതിയിരുന്നു.
നീയവിടെ വായിക്കാൻ പോകുന്നതാണോ..?അതോ ആ വീടൊന്ന് അടിച്ചുതുടച്ചിടാൻ പോകുന്നതാണോ..?
ഫിലിപ്പ് കളിയും കാര്യവുമായി ചോദിച്ചിരുന്നു.
ഓ.. അതൊക്കെ മറിയച്ചേടത്തി തൂത്തുതുടച്ചിട്ടുകാണും. ഞാൻ വരുന്ന വിവരം വിളിച്ചു പറഞ്ഞതല്ലേ..
ഒന്നരക്കൊല്ലമായി ഇങ്ങോട്ടൊന്ന് തിരിഞ്ഞുനോക്കിയിട്ട്. മമ്മ മരിച്ചതിൽപ്പിന്നെ ഇപ്പോഴാണ് ഒന്ന് വരുന്നത്.?വന്നുകയറിയപ്പോഴേ വല്ലാത്ത ഒരേകാന്തത തന്നെ പൊതിഞ്ഞു. മറിയച്ചേടത്തി എല്ലാം വൃത്തിയാക്കിയിട്ടിരുന്നെങ്കിലും നാല് ദിവസം മകളുടെ വീട്ടിൽ നിന്നിട്ടേ വരികയുള്ളൂ എന്ന് പറഞ്ഞ് പോയിട്ടാണുള്ളത്. അതുകൊണ്ട് വേഗം പേപ്പ൪വ൪ക്കുകൾ തീർക്കാൻ മെ൪ലിനും ധൃതികൂട്ടി.
ഫ്രിഡ്ജിൽ പച്ചക്കറികളും മറ്റു അവശ്യവസ്തുക്കളും വാങ്ങിവെച്ചിട്ടുണ്ട്. മമ്മ ഉണ്ടായിരുന്നപ്പോൾ എങ്ങനെയായിരുന്നോ, അതുപോലെ തന്നെയുണ്ട് എല്ലാം.
മെ൪ലിൻ എല്ലാം ഒന്ന് ചുറ്റിനടന്നുകണ്ടു. പൂക്കളെയെല്ലാം തൊട്ടുതലോടി. അടുക്കളയിലും വടക്കേ തൊടിയിലും കയറിയിറങ്ങി. ഒരു കപ്പ് കാപ്പിയുണ്ടാക്കി കുടിച്ചു. തന്റെ ബെഡ്റൂമിൽ കയറി ബേഗിൽ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തുവെക്കുകയായിരുന്നു.
ആരോ തേങ്ങുകയാണ്…!
മെ൪ലിൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.
ഏയ്.. ആരുമില്ല..
മമ്മ മരിച്ചതിനുശേഷം ഇങ്ങോട്ട് വരാതെ കുറേയായില്ലേ… അതിന്റെ മനോവിഷമം കുറച്ചുനാളായി തന്നെ വേട്ടയാടുന്നുണ്ടായിരുന്നു. അതാവാം ഇങ്ങനെ ഓരോ തോന്നൽ..മെ൪ലിൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ഫിലിപ്പിനെ വിളിച്ച് രണ്ട് മിനുറ്റ് സംസാരിച്ചു. രോഹൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. അവന് ക്രിക്കറ്റ് കളിക്കാൻ കൂട്ടുകാരുണ്ട് വന്നിട്ട്, കളിയിലാണ് എന്ന് മറുപടി കിട്ടി. മെ൪ലിൻ സന്തോഷത്തോടെ ഫോൺ വെച്ചു. ലാപ്ടോപ്പ് തുറന്ന് മെയിലുകൾ ചെക്ക് ചെയ്യാൻ തുടങ്ങി.
വീണ്ടും അതേ ശബ്ദം..
ആരോ കരയുന്നുണ്ട്..
മെ൪ലിന് ശരിക്കും പേടിയായി. ആരാണത്…..? അവൾ റൂം വിട്ടിറങ്ങി വീട് മുഴുവൻ വീണ്ടും ചുറ്റിനടന്നു. ഓരോ മുറിയിലും കയറിയിറങ്ങി.
എന്താ തനിക്ക് ഇങ്ങനെ തോന്നാൻ…? മെർലിന്റെയുള്ളിൽ ചില ആശങ്കകൾ ഉടലെടുത്തു.മമ്മ അവസാനകാലത്ത് തനിച്ചായിരുന്നു. മറിയച്ചേടത്തി ഇടക്കൊക്കെ വന്ന് സഹായിച്ചിട്ട് പോകും. മമ്മ പക്ഷേ ഇതുവരെ അതിനൊന്നും പരാതി പറഞ്ഞിട്ടില്ല. മമ്മക്ക് എന്തെങ്കിലും മനസ്സിന് വിഷമം ഉണ്ടായിരുന്നോ… മെർലിൻ ഓർത്തെടുക്കാൻ ശ്രമിച്ചു. മമ്മ ഫോണിലൂടെ എപ്പോഴും വളരെ സന്തോഷത്തോടെ മാത്രമേ സംസാരിച്ചുകേട്ടിട്ടുള്ളൂ. ഏകാന്തതയെക്കുറിച്ചോ അനാരോഗ്യത്തെക്കുറിച്ചോ പറഞ്ഞു തന്നെയോ ഫിലിപ്പിനെയോ ഒരിക്കലും മമ്മ വിഷമിപ്പിച്ചിട്ടില്ല. വല്ലപ്പോഴും താൻ രോഹനെയും കൂട്ടി ഒന്നു വന്നാൽ നിറഞ്ഞ സന്തോഷത്തോടെ ഉണ്ടാക്കിവെച്ച പലഹാരങ്ങൾ ഒക്കെ അവനെ കഴിപ്പിക്കാൻ മത്സരമായിരുന്നു മമ്മ.
എങ്ങനെ പോകുന്നു ദിവസങ്ങൾ എന്ന് താൻ ചോദിക്കുമ്പോൾ മമ്മക്ക് ഒരു നൂറുകൂട്ടം വിശേഷങ്ങൾ പറയാനുണ്ടാകും. ആലീസാന്റിയുമൊത്ത് ഷോപ്പിംഗ് മാളിൽ പോയതും ഐസ്ക്രീം കഴിച്ചതും സിനിമക്ക് പോയതും വയ്യാത്ത കാലും വെച്ച് സ്റ്റെപ്പ് കയറി കാലിൽ നീര് വെച്ചതും ഡോക്ടറെ കണ്ടതും കുഴമ്പ് തേക്കുന്നതും എല്ലാം പറയുമ്പോഴും മമ്മയുടെ മുഖത്ത് എപ്പോഴും നല്ല പ്രസരിപ്പും ചിരിയും ആയിരുന്നു.
മമ്മയും പപ്പയും എപ്പോഴും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിച്ചവരായിരുന്നു. പള്ളിയിൽ പോവുക, പ്രാർത്ഥിക്കുക, അവസരം കിട്ടുമ്പോഴൊക്കെ യാത്ര പോകുക, വീടും തൊടിയും വൃത്തിയിൽ വെക്കുക, അത്യാവശ്യം പച്ചക്കറികൾ ഒക്കെ നട്ടുനനച്ചുണ്ടാക്കുക എന്നിങ്ങനെ അവരവരുടെ സന്തോഷത്തിന് വേണ്ടുന്നതൊക്കെ സ്വയം കണ്ടെത്തി ചെയ്യുന്ന കൂട്ടത്തിൽ ആയിരുന്നു. പപ്പ പോയതോടെ മമ്മ തീർത്തും തനിച്ചായിപ്പോകുമെന്ന് താൻ ഭയന്നിരുന്നു. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. മമ്മ പെട്ടെന്നുതന്നെ ആ ഏകാന്തതയിൽനിന്നും സ്വന്തം ഇഷ്ടങ്ങളിലേക്ക് തിരിച്ചിറങ്ങി.
മെർലിൻ ബാൽക്കണിയിൽനിന്നും തന്റെ ചിന്തകൾ മതിയാക്കി വീണ്ടും ബെഡ്റൂമിൽ വന്നിരുന്ന് തന്റെ ജോലികളിലേക്ക് കടന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞില്ല വീണ്ടും പിറകിൽനിന്ന് ആരോ ഏങ്ങിയേങ്ങിക്കരയുന്നു.
മെർലിൻ ഞെട്ടി എഴുന്നേറ്റു. വേഗം പുറത്തിറങ്ങി മുറ്റത്തുകൂടി രണ്ട് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്താണ് ചെയ്യുക.. മെ൪ലിന് അല്പം പരിഭ്രമം തോന്നി.
തന്റെ വീടല്ലേ.. താൻ എത്രയോനാൾ താമസിച്ച വീടല്ലേ.. പിന്നെന്തിനാണ് ഇവിടെ താമസിക്കാൻ തനിക്കൊരു ഭയം..തന്റെ മമ്മ തന്നെയൊന്നും തന്നെ ചെയ്യുകയില്ല.. തന്റെ പപ്പയ്ക്കും തന്നോട് ഒരുവിധത്തിലുള്ള അനിഷ്ടവും ഇല്ല…
ചിന്തകൾ അഅത്രത്തോളമെത്തിയപ്പോൾ മെർലിൻ രണ്ടും കൽപ്പിച്ച് തന്റെ ബെഡ്റൂമിലേക്ക് വീണ്ടും കടന്നു. ഓരോ മുക്കും മൂലയും തിരഞ്ഞു. ഓരോ സാധനങ്ങളും വീണ്ടും എടുക്കുകയും പൊടിയൊക്കെ തുടച്ച് പഴയ സ്ഥലത്തുതന്നെ വയ്ക്കുകയും ചെയ്തു. താൻ പണ്ട് ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങളും മെർലിനെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി. പഴയ വേനലവധികളും കോളേജ് ദിനങ്ങളും കളികളും ചിരികളും കൂട്ടുകാരും മെ൪ലിന്റെ ഓർമ്മകളെ സമ്പന്നമാക്കി.
ജനലുകൾ തുറന്നിട്ട് വീണ്ടും മെർലിൻ ലാപ്ടോപ് തുറന്നു. ഏകാഗ്രതയോടെ ഏറെനേരം ജോലികൾ ചെയ്തു. അടുക്കളയിൽ കയറി അത്യാവശ്യത്തിന് ചിലതൊക്കെ രുചികരമായി വെച്ചുണ്ടാക്കി കഴിച്ചു. വൈകുന്നേരം മുറ്റത്തിറങ്ങി ചെടികളൊക്കെ ഒന്ന് നനച്ചു. ചെറുതായി കാറ്റ് വീശുന്നുണ്ടായിരുന്നു. ആ കുളിർമയിൽ മെർലിൻ ഏറെനേരം മുറ്റത്തേക്ക് ഇറങ്ങുന്ന സ്റ്റെപ്പിൽ ഇരുന്നു.
സന്ധ്യ കനത്തപ്പോൾ മെർലിൻ എഴുന്നേറ്റ് അകത്തേക്ക് വന്ന് ലൈറ്റുകൾ ഒക്കെ ഇട്ടു. കുറച്ചുനേരം ടിവിയൊക്കെ വെച്ച് വാർത്തകൾ ഒക്കെ കണ്ടു. ഒരു എട്ടര ആയപ്പോൾ മെർലിന് തന്റെ ഒരു സുഹൃത്തിന്റെ ഫോൺ വന്നു. ജാൻവി. അവൾ ഏറെക്കാലത്തിനുശേഷം വിളിക്കുകയാണ്.
നീ നാട്ടിലൊക്കെ വരാറുണ്ടോ…?
അവൾ ചോദിച്ചു.
ഞാനിപ്പോൾ നാട്ടിലാണ് ഉള്ളത്.. ഒരാഴ്ചത്തേക്ക് ലീവെടുത്തു പോന്നു.
മെർലിൻ പറഞ്ഞു. അവരുടെ സംസാരത്തിൽ പഴയ കോളേജിലെ ദിനങ്ങളും രസങ്ങളും ഓർമ്മകളും നിറഞ്ഞു.അവൾ സംസാരിച്ചുകൊണ്ട് നിൽക്കെതന്നെ ഫോൺ കട്ടായി. മെർലിൻ തിരിച്ചുവിളിക്കാൻ ശ്രമിച്ചിട്ട് ഈ നമ്പർ നിലവിലില്ല എന്നാണ് അവൾക്ക് ഉത്തരം കിട്ടിയത്. അപ്പോഴാണ് മെ൪ലിന് പെട്ടെന്ന് ഓർമ്മ വന്നത്, ഇവൾ മരിച്ചിട്ട് നാലഞ്ചു വർഷമായല്ലോ എന്ന്… പിന്നെ തന്നോട് ആരാണ് സംസാരിച്ചത്…! ഇനി ഇവളുടെ അനുജത്തിയോ മറ്റോ ആയിരിക്കുമോ… അത്ര നേരവും ഉണ്ടായിരുന്ന ആത്മവിശ്വാസം മെ൪ലിന് കുറയാൻ തുടങ്ങി. ഇവളാണോ ഇത്രയുംനേരം കരയുന്നതായി തനിക്ക് തോന്നിയത്.. മെ൪ലിന്റെ ഓർമ്മകൾ അവളുടെ നേർക്ക് ചുറ്റിപ്പറ്റി നടന്നു. കോളേജ് കാലത്ത് ഏറ്റവുമധികം പൊട്ടിച്ചിരിച്ചു കൊണ്ടിരുന്ന സുഹൃത്തായിരുന്നു അവൾ. അവൾക്ക് സ്വകാര്യമായി എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിരുന്നതായി തനിക്ക് അറിയില്ല.
മെർലിൻ പരവേശത്തോടെ ഉറങ്ങാൻ കിടന്നു. വാതിലുകളും ജനലുകളും കൊളുത്തിട്ടില്ലേ, നേരാംവണ്ണം അടച്ചില്ലേ എന്ന് ഇടയ്ക്കിടെ എഴുന്നേറ്റ് ചെന്ന് ഉറപ്പുവരുത്തി. ഇടയ്ക്കിടെ വെള്ളമെടുത്ത് കുടിച്ചു. നാളെ പുലർന്നാലുടനെ തിരിച്ചുപോയാലോ എന്നുവരെ മെർലിൻ ചിന്തിച്ചു. ചിന്തകൾ കൊടുങ്കാറ്റുപോലെ മെ൪ലിനെ വട്ടംചുറ്റി കടന്നുപോയ്ക്കൊണ്ടിരുന്നു. ഏതോയാമത്തിൽ അവൾ ഉറങ്ങിപ്പോയി.
പതുപതുത്ത ഒരു തേങ്ങൽ കേട്ടാണ് അവൾ ഞെട്ടിയത്. ആരോ തന്റെ മുറിയിലുണ്ട്. മെ൪ലിന് ഉറപ്പായി. അവൾക്ക് എഴുന്നേൽക്കാനോ അനങ്ങാനോപോലും ഭയമായി. കണ്ണുകൾ തുറന്നിരിക്കണോ അടച്ചുപിടിക്കണോ എന്നുപോലും ചിന്തിക്കാനാവാതെ വിയ൪ത്തുപോയി അവൾ. തന്റെ ശ്വാസം നിലച്ചുപോയോ, താൻ ജീവനോടെയുണ്ടോ എന്നുപോലും ഒരുവേള അവൾ സംശയിച്ചു.
നിനക്കെന്നെയോ൪മ്മയുണ്ടോ..?
കാതിന്നരികിൽനിന്ന് നനുനനുത്ത ഒരു ശബ്ദം.. മെർലിന് ആ ശ്വാസം പോലും തന്റെ കവിളിൽ തട്ടുന്നതായി തോന്നി.. ഉവ്വ് എന്ന് പറയാൻ മെ൪ലിന് നാവ് ചലിച്ചതില്ല..
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്.. അതൊക്കെ കുഴിച്ചുമൂടി നീയങ്ങ് പറന്നുപോയപ്പോൾ ഞാൻ ഇവിടെ തനിച്ചായിപ്പോയി..
അവൾ പിന്നെയും തേങ്ങി.
മെ൪ലിൻ ആലോചിക്കാൻ തുടങ്ങി. ആരാണ് ഇവൾ…? ആരുടെ സ്വപ്നങ്ങളാണ് കുഴിച്ചുമൂടിയത്..? അതിന് താൻ കാരണക്കാരി ആയിട്ടുണ്ടോ..? തന്നോട് എന്തിനാണ് ഇതൊക്കെ പറയുന്നത്…? താൻ ആരുടെയെങ്കിലും ജീവിതത്തിൽ പ്രതിസന്ധി തീർത്തിട്ടുണ്ടോ..?
പിന്നില്ലേ…!!
ആ ശബ്ദത്തിന് കനമേറി.
മെർലിന്റെ തൊണ്ടയിൽ ഒരു കരച്ചിൽ വന്നു തടഞ്ഞു. ആരെ വിളിക്കും..? ആരോട് പറയും..? പെട്ടെന്ന് ഒരു ആവേശത്തിൽ മെ൪ലിൻ ചാടി എഴുന്നേറ്റ് മുറിയിലെ ലൈറ്റ് ഇട്ടു. അപ്പോഴാണ് അവൾ കണ്ടത്, മുറിയിലെ കണ്ണാടിയിൽ ഇരുപത്തിനാല് വർഷങ്ങൾക്കുമുമ്പുള്ള തന്റെതന്നെ പ്രതിരൂപം തന്നെ നിശ്ചേഷ്ടയായി നോക്കിനിൽക്കുന്നു…..
അവളുടെ കവിളുകൾ നനഞ്ഞിട്ടുണ്ട്.. മിഴികളിലെ പീലികൾ തുളുമ്പിനിൽക്കുന്ന കണ്ണീർക്കണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്… കണ്ണുകൾ നിർജ്ജീവമായി നിസ്സംഗതയോടെ ഏതോ ബിന്ദുവിൽ തറച്ചു നിൽക്കുന്നു.. വരണ്ട ചുണ്ടുകൾ.. പാറിപ്പറന്ന തലമുടി..
ഇടയ്ക്കിടെ അവൾ വിതുമ്പുന്നുണ്ട്.. കരച്ചിലടക്കാൻ പാടുപെടുന്നുണ്ട്.. കണ്ണുനീർ ത്തുള്ളികൾ ഒഴുകി മാറത്തു വീഴുന്നുണ്ട്. പൊടുന്നനെ മെർലിൻ പഴയ തന്നെ ഓർത്തു.
എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു തനിക്ക് ഒരു കാലം…! ഒരുപാട് എഴുതിയിരുന്നു… കവിതകൾ ആയിരുന്നു തനിക്കൊന്നും കൂട്ട്. അന്നൊക്കെ താൻ ധരിച്ചിരുന്നത് താൻ ഒരു വലിയ എഴുത്തുകാരിയാകുമെന്ന് ആയിരുന്നു. വിവാഹിതയായി പോയതോടെ പിന്നീട് ഒരു വരി പോലും താൻ എഴുതിയില്ല. ജീവിതത്തിന്റെ തിരക്കുകളിൽ താനൊരു അമ്മയും ജോലിക്കാരിയും ആയതോടെ ആ സ്വപ്നമൊക്കെ കുഴിച്ചുമൂടി. ഫിലിപ്പും രോഹനും മാത്രമായി തന്റെ ലോകം.
പൊടുന്നനെ മെർലിൻ ഷെൽഫ് തുറന്ന് തന്റെ പഴയ പുസ്തകങ്ങൾ തിരഞ്ഞു. അതിൽനിന്നും മൂന്നു നാല് ഡയറി എടുത്തു. അതിൽ മുഴുവൻ കുത്തിക്കുറിച്ചിരുന്ന പല കവിതകളിലൂടെ അവളുടെ വിരലുകൾ പരതി നടന്നു. തന്റെ സ്വപ്നങ്ങൾ.. തന്റെ സന്തോഷങ്ങൾ.. തന്റെ ദുഃഖങ്ങൾ.. തന്റെ നിരാശകൾ… തന്റെ പ്രതീക്ഷകൾ.. എല്ലാം ദിവസവും എഴുതിനിറച്ചിരുന്ന ആ ഡയറിയെല്ലാം അവൾ നെഞ്ചോട് ചേർത്തു.
അവൾ കണ്ണാടിയിലേക്ക് നോക്കി. തന്റെ രൂപം മാഞ്ഞുമാഞ്ഞ് ഇരുപത്തിനാലുവർഷം മുമ്പുള്ള പഴയ താനായി മാറുന്നത് അവൾ തിരിച്ചറിഞ്ഞു. അന്നത്തെ ചുറുചുറുക്കും പ്രസരിപ്പും ആവേശവും ആകാംക്ഷയും എല്ലാം തന്നിൽ പഴയതുപോലെ നിറയുന്നത് മെ൪ലിന് ബോധ്യമാവാൻ തുടങ്ങി. പുസ്തകങ്ങൾ മേശപ്പുറത്ത് വെച്ച് അവൾ കണ്ണാടിക്കരികെ ചെന്നുനിന്നു. എന്നിട്ട് കണ്ണാടിയിലൂടെ പഴയ മെർലിന്റെ കണ്ണുനീർ തുടക്കുന്നതിനായി ശ്രമിച്ചു. അത്ഭുതമെന്ന് പറയട്ടെ, കണ്ണാടിയിൽ പിന്നീട് അവൾ കണ്ടത് കരയുന്ന മെർലിനെ ആയിരുന്നില്ല..
അതിമോഹനമായ ഒരു മന്ദഹാസം ചുണ്ടിലൊളിപ്പിച്ച്, കണ്ണിൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ നിറച്ച്, പ്രതീക്ഷയോടെ തന്നെ ഉറ്റുനോക്കുന്ന മെർലിനെയായിരുന്നു.
പ്രഭാതത്തിൽ അതിതീക്ഷ്ണമായ ഒരു ഉറക്കം കഴിഞ്ഞ് ഉറങ്ങി എണീറ്റ ആലസ്യത്തിൽ മെർലിൻ തന്റെ ഫോൺ എടുത്ത് ഇന്നലെ സംസാരിച്ച കൂട്ടുകാരി ജാൻവിയുടെ നമ്പർ തിരഞ്ഞു. പക്ഷേ അങ്ങനെയൊരു നമ്പർ അവളുടെ മൊബൈലിൽ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കോളും അവൾക്ക് വന്നിരുന്നില്ല. അവൾ പരിഭ്രാന്തിയോടെ എഴുന്നേറ്റ് മേശപ്പുറത്തേക്ക് നോക്കി. അവിടെ പക്ഷേ ആ നാല് ഡയറികൾ ഉണ്ടായിരുന്നു. താളുകൾ മറിഞ്ഞ് അതിനകത്ത് അവളുടെ കുനുകുനാ അക്ഷരത്തിൽ എഴുതിയ കവിതകൾ പുഞ്ചിരിതൂകി അവളെത്തന്നെ നോക്കിനിൽപ്പുണ്ടായിരുന്നു.
മുറ്റത്തൊരു കാർ വന്നുനിന്നു. അതിരാവിലെ ഇതാരാണ് എന്ന് അമ്പരന്ന് മെർലിൻ പുറത്തേക്കിറങ്ങി. രോഹനും ഫിലിപ്പും കാറിൽനിന്ന് ഇറങ്ങുന്നത് കണ്ട് മെർലിൻ ആഹ്ലാദത്തോടെ ചോദിച്ചു:
ഇതെന്താ അതിരാവിലെ…?
നീയല്ലേ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞത് രാവിലെതന്നെ നിന്നെ കൂട്ടിക്കൊണ്ടുപോകാൻ വരണമെന്ന്..?
ഫിലിപ്പ് പറഞ്ഞു. താൻ അങ്ങനെ പറഞ്ഞിരുന്നോ എന്ന് ഓർത്തെടുക്കാൻ മെർലിൻ ശ്രമിച്ചുനോക്കി. രോഹൻ ഓടി അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു:
അമ്മ കവിത എഴുതാറുണ്ടോ..? അമ്മയുടെ കവിതകൾ മുഴുവൻ നമുക്ക് പബ്ലിഷ് ചെയ്യണം…
ആര് പറഞ്ഞു..?
മെർലിൻ തെല്ലൊന്നമ്പരന്നുകൊണ്ട് ചോദിച്ചു.
അവൻ ഇന്നലെ സ്വപ്നം കണ്ടതാണത്രേ. വഴിനീളെ കാറിൽവച്ച് അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്.. നിന്റെ ഏതോ കൂട്ടുകാരിയാണത്രേ അവനോട് സ്വകാര്യമായി അതൊക്കെ പറഞ്ഞുകൊടുത്തത്.. ഒരു ജാൻവി… അങ്ങനെയൊരു കൂട്ടുകാരിയുണ്ടോ തനിക്ക്..?
ഫിലിപ്പ് തമാശമട്ടിൽ പറഞ്ഞു.
ഉത്തരം കേൾക്കാൻ നിൽക്കാതെ ഫിലിപ്പ് അകത്തേക്ക് കയറി. മെ൪ലിനാവട്ടെ അനങ്ങാൻപോലും ആവാതെ ആ തരിപ്പിൽ നിൽക്കുകയായിരുന്നു. അവളെ തഴുകി കടന്നുപോകുന്ന കാറ്റിന് വലിയ കുളിർമയും പൂക്കളുടെ സുഗന്ധവുമായിരുന്നു അപ്പോൾ