മഞ്ഞ്
Story written by Santhosh Appukuttan
മiദ്യലiഹരിയിൽ നിന്നുണർന്ന നിഖിൽ, തൻ്റെ നെഞ്ചിൽ ഒരു പെൺക്കുട്ടി കിടക്കുന്നതും കണ്ട് ഞെട്ടലോടെ അവളെ തള്ളി മാറ്റാൻ ശ്രമിച്ചതും, പൊടുന്നനെ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ, അവ്യക്തതയോടെ മനസ്സിലേക്കിരച്ചെത്തിയപ്പോൾ അവൻ പതിയെ അവളെ ചേർത്തണച്ചു കിടന്നു.
അവളെ പതിയെ തഴുകുമ്പോൾ ഇന്നലെയിലെ അപ്രതീക്ഷിത സംഭവങ്ങൾ മഞ്ഞുതുള്ളിയെ പോലെ അവൻ്റെ മനസ്സിനെ തണുപ്പിച്ചു കൊണ്ടിരുന്നു.
“ഡാ ആശാനെ നല്ലൊരു സാധനത്തിനെ കിട്ടിയിട്ടുണ്ട്. ലോഡ്ജിലെ നിൻ്റെ ചങ്ങാതിയോടു പറഞ്ഞ്, ആദ്യം ബുക്ക് ചെയ്ത പെണ്ണിനെ ഒഴിവാക്ക്.അല്ലെങ്കിൽ പിന്നെ നമ്മൾക്ക് ഒരു കാര്യം ചെയ്യാം. നിൻ്റെ എസ്റ്റേറ്റിൽ പോകാം “
ഇന്നോവയിലിരുന്നു റം മിക്സ് ചെയ്തു കഴിക്കുമ്പോഴാണ്, വിവേകിൻ്റെ അഹ്ളാദം നിറഞ്ഞ സംസാരം കേട്ട് നിഖിൽ തല ഉയർത്തി ദേഷ്യത്തോടെ നോക്കിയത്.
” എല്ലാ മാസവും തമിഴത്തികളുടെ വാടിയ മുല്ലപ്പൂവിൻ്റെ വാസന ശ്വസിച്ച് വയ്യാതായി അളിയാ… ആരാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്?”
വിവേകിൻ്റെ അതിരറ്റ സന്തോഷം അവൻ്റെ സ്വരത്തിൽ നിന്നറിഞ്ഞ നിഖിൽ പതിയെ ചിരിച്ചു കൊണ്ട് അവനെ നോക്കി.
“നിങ്ങളൊക്കെ ശരിക്കും നായയായി ജനിക്കേണ്ട ജന്മങ്ങളാ… പെണ്ണെന്ന് കേൾക്കുമ്പോഴെയ്ക്കും നായയ്ക്ക് കന്നിമാസം വന്നതു പോലെയാ…”
“ഓ…. എന്നാ പറയാനാ അളിയാ… ഒരു പൂതി… ഇത്തിരി കൊതി… അളിയന് കള്ളിനോടുള്ളതുപോലെ “
ഒന്നും പറയാതെ,ചുണ്ടിലെരിയുന്ന സിiഗററ്റിൻ്റെ പുക, മഞ്ഞിലലി യുന്നതും നോക്കി നിഖിൽ ഇരിക്കുമ്പോൾ, വിവേക് പ്രതീക്ഷയോടെ അവൻ്റെ തോളിൽ തൊട്ടു.
“പേടിക്കാനൊന്നുമില്ല അളിയാ…. കണ്ടിട്ട് ഒരു നൂല് പൊട്ടിയ പട്ടമാണെന്നു തോന്നുന്നു… “
” നിനക്ക് എങ്ങിനെ അതു മനസ്സിലായി? ഇക്കിളി പുസ്തകം വായിക്കാ നല്ലാതെ നിനക്ക് ഒരു വ്യക്തിയുടെ മനസ്സ് വായിക്കാൻ അറിയോ?
നിഖിലിൻ്റെ ചോദ്യം കേട്ടപ്പോൾ ഒരു ചമ്മിയ ചിരിയോടെ നിറച്ചു വെച്ച മiദ്യഗ്ലാസ് എടുത്ത് വായിലേക്ക് കമഴ്ത്തി വിവേക്.
“ദാ അവളെയൊന്നു നോക്ക് ആശാൻ…. എന്നിട്ട് ഞാൻ പറഞ്ഞ കെമിസ്ട്രിയിലും , ബയോളജിയിലും വല്ല തെറ്റുമുണ്ടോന്ന് നോക്ക് “
വിവേക് കൈ ചൂണ്ടിയയിടത്തേക്ക് നോക്കിയ നിഖിലിൻ്റെ കണ്ണുകൾ അമ്പരപ്പോടെ പതിയെ വികസിച്ചു.
നിറഞ്ഞു പെയ്യുന്ന മഞ്ഞിൽ, അവ്യക്തമായി കാണാവുന്ന ഒരു സുന്ദരി പെണ്ണ്..
ജീൻസ് ടൈറ്റ്പാൻ്റ്സും, ചുവന്ന നൂലിൽ ഹൃദയം തുന്നിവെച്ച തൂവെള്ള ബനിയനും.
താഴ്വാരത്തിലേക്കിറങ്ങുന്ന മഞ്ഞിൻ കൂട്ടത്തെയും നോക്കി നിൽക്കുന്ന അവളെ നോക്കിനിൽക്കെ, പണ്ടെങ്ങോ കണ്ടു മറന്ന ഒരു മനോഹരമായ ചിത്രം പോലെ തോന്നി നിഖിലിന്.
മഞ്ഞിൽ വിരിഞ്ഞു നിൽക്കുന്ന ഒരു പനിനീർ പുഷ്പം പോലെയുള്ള ആ പെൺക്കുട്ടിയെയും, വിവേകിനെയും മാറിമാറി നോക്കി നിഖിൽ നിഷേധാർത്ഥത്തിൽ തലയാട്ടി.
“സത്യം ആശാനെ… അവളുടെ നിൽപ്പും, ഭാവവും, സംസാരവും കേട്ടിട്ട് ജീവിതം മടുത്ത് ഓടിവന്നവളാണെന്നു തോന്നുന്നു “
വിവേകിൻ്റെ സംസാരം കേട്ട നിഖിൽ, മiദ്യം നിറച്ച ഗ്ലാസ് വായിലേക്ക് കമഴ്ത്തി, ഇന്നോവയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“ദിലീയും, വിഷ്ണുവും എവിടെ?”
“അവർ, ഇവൾക്കുള്ള ഭക്ഷണം വാങ്ങാൻ പോയിരിക്കാണ് “
തല ചൊറിഞ്ഞുകൊണ്ട് വിവേക് പറഞ്ഞപ്പോൾ, അവനെ നോക്കി ഒന്നു തലയാട്ടി നിഖിൽ.
“എല്ലാം സെറ്റപ്പും ആക്കി വന്നിരിക്കാണ് അല്ലേ? അല്ല അവൾ സമ്മതിച്ചോ? “
നിഖിലിൻ്റെ ചോദ്യത്തിന് വിവേക് സന്തോഷത്തോടെ തലയാട്ടി.
“ഇനി ആശാൻ ആ ലോഡ്ജിലെ റൂമും കൂടി ശരിയാക്കി തന്നാൽ നമ്മുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഊട്ടി ട്രിപ്പിൻ്റെ ആഘോഷങ്ങൾ തുടങ്ങാം”
പകുതിയിൽ നിർത്തി വിവേക് നിഖിലിനെ നോക്കിയൊന്നു പുഞ്ചിരിച്ചു.
“ആശാൻ പേടിക്കണ്ട. ആശാന് ഈ മൂന്നു ദിവസവും സമയം കളയാനുള്ള നാലു ഫുൾ ബോട്ടിലും അവർ വാങ്ങി വരും”
‘അതൊക്കെ ശരി വിവേക് … ആദ്യം അവൾക്കു സമ്മതമാണെന്നു ചോദിക്കട്ടെ “
പറഞ്ഞു തീർന്നതും, നിഖിൽ മഞ്ഞുപാളിയെ വകഞ്ഞു മാറ്റി അവൾക്കരികിലേക്കു നടന്നു.
“എക്സ്ക്യൂസ് മീ”
വാക്കുകളോടൊപ്പം പുകയും ഉയർന്നപ്പോൾ അവൾ തിരിഞ്ഞു നോക്കി.
ഭയം നിറഞ്ഞ മിഴികൾ കണ്ടപ്പോൾ നിഖിലിനു വല്ലാതായി.
പീലികളാടുന്ന ആ നീളൻ മിഴികൾ കണ്ടപ്പോൾ, ഇപ്പോഴും മറക്കാൻ കഴിയാത്ത ഏതോ മുഖം അവൻ്റെ ഓർമ്മയിൽ വന്നതും അവൻ പതിയെയൊന്നു വിറച്ചു.
” അവർ പറഞ്ഞു നീ സെറ്റാണെന്ന്. അതൊന്നു കൺഫേം ചെയ്യാൻ വന്നതാണ് “
ഞാനതിനൊരുക്കമല്ല എന്നവൾ പറയണമെന്ന് മനസ്സിലൊരായിരം വട്ടം പ്രാർത്ഥിച്ചിട്ടാണ് നിഖിൽ ആ ചോദ്യം ചോദിച്ചത്!
” എനിക്ക് സമ്മതമാണ് “
അവളുടെ ആ മറുപടി നിഖിലിൻ്റെ ഹൃദയത്തിൽ വെള്ളിടിയായി വീണു….
ഒന്നും പറയാൻ കഴിയാതെ അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.
ആത്മാവിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ആ നോട്ടത്തെ നേരിടാനാവാതെ അവൻ ഒരു നിമിഷം പതറി.
“തൻ്റെ പേരെന്താ?”
മiദ്യം മണക്കുന്ന ചോദ്യം അവളുടെ കാതിൽ പതിഞ്ഞപ്പോൾ അവൾ ഒരടി പിന്നിലേക്ക് മാറി നിന്നു പതിയെ പറഞ്ഞു.
“നിമിഷ….. ഉണ്ണി എന്നെ വിളിക്കുന്നത് നിച്ചു എന്നാണ് “
അവളുടെ ആ സംഭാഷണശൈലി കേട്ട് നിഖിൽ പതിയെ പുഞ്ചിരിച്ചു.
സംസാരം ഒരു അഞ്ചു വയസുകാരിയെ പോലെ തോന്നുമെങ്കിലും, അവളുടെ വെളുത്ത ബനിയനിലേക്ക് നോക്കിയാൽ?! “
തെറ്റായ ചിന്ത മനസ്സിലേക്കിരച്ചു കയറിയെന്ന തോന്നലിൽ അവൻ ഒന്നു തല കുടഞ്ഞു ദൂരെയ്ക്ക് നോക്കി.
മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന താഴ്വാരങ്ങളും, മലനിരകളും…..
“എനിക്ക് ആദ്യം ഇത്തിരി ഭക്ഷണം വേണം”
നിമിഷയുടെ വാക്കുകൾ നിഖിലിനെ ഓർമ്മയിൽ നിന്നുണർത്തിയതും, അവൻ പൊടുന്നനെ അവളുടെ കൈയും പിടിച്ച് ഇന്നോവയുടെ അടുത്തേക്ക് നടന്നു.
“ഞങ്ങൾ ഒന്നു കറങ്ങീട്ട് വരാം:. നീ ഇവിടെ നിൽക്ക്
കൂടുതലൊന്നും പറയാതെ അവളെയും കാറിൽ കയറ്റി നിഖിൽ കാർ മുന്നോട്ടെടുത്തപ്പോൾ, വിവേക് ഒന്നും മനസ്സിലാവാതെ കുതിച്ചു പായുന്ന ആ കാറിനെയും നോക്കി നിന്നു.
” സ്വമനസ്സാലെ വന്നതാണോ ഈ പണിക്ക് ?”
കാർ കുറെ ദൂരം ഓടിയപ്പോൾ, നിഖിൽ നിമിഷയെ ഒന്നു പാളി നോക്കി.
മഞ്ഞു വീണുകിടക്കുന്ന ടാറിട്ടനിരത്തിലായിരുന്നു അവളുടെ നോട്ടം…..
ഇടയ്ക്കിടെ റോഡ് വശങ്ങളിൽ പല നിറത്തിലുള്ള പൂക്കൾ പൂത്തു നിൽക്കുന്ന ചെടികളിലേക്കും കണ്ണെറിയുന്നുണ്ട് അവൾ..
” വീട്ടിലെ സ്ഥിതി മോശമാണ് സാറെ… “
അതു പറയുമ്പോൾ, അപ്പോൾ വന്ന തണുത്ത കാറ്റിൽ അവളുടെ ചുടുകണ്ണീർ പാറി വീണിരുന്നു.
മൗനത്തിൻ്റെ നേർത്ത മഞ്ഞുപാളി തങ്ങൾക്കു ചുറ്റും ഉയരുന്നതറിഞ്ഞ നിഖിൽ അവളെ നോക്കി പതിയെ പുഞ്ചിരിച്ചു …
വലംകൈ കൊണ്ട് കണ്ണീർ തുടച്ചു അവൾ തിരിച്ചു തന്ന പുഞ്ചിരിയ്ക്ക്; മഞ്ഞിനെ വകഞ്ഞുമാറ്റി മലനിരകളിൽ നിന്നുയരുന്ന പ്രഭാത സൂര്യൻ്റെ ചേലുണ്ടെന്ന് അവന് തോന്നി.
“എന്നെ പേടിയുണ്ടോ നിമിഷയ്ക്ക്?”
നിഖിലിൻ്റെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് നോക്കി.
“പേടി….. ഉണ്ടായിരുന്നു കുട്ടിക്കാലത്തൊക്കെ…. അന്നൊക്കെ പേടിച്ചാൽ സാന്ത്വനിപ്പിക്കാൻ ആരെങ്കിലുമുണ്ടായിരുന്നു ഇന്ന് ആരും ആശ്വസിപ്പിക്കാൻ ഇല്ലാത്തതു കൊണ്ട് ആരെയും പേടി ഇല്ല”
ജീവിതത്തിൻ്റെ ഒരേടാണ് അവൾ തനിക്കു മുന്നിൽ തുറന്നു വെച്ചതെന്ന് അവനു തോന്നി.
മനസ്സിൽ നന്മയും, വിശുദ്ധിയും ഉള്ളവർക്ക് പെട്ടെന്ന് വായിക്കാൻ കഴിയുന്ന ഒരേട്!
“ആ കുപ്പിയൊന്നു തുറന്നു തരോ?”
ബാക്ക്സീറ്റിൽ കിടക്കുന്ന റംബോട്ടിൽ ചൂiണ്ടി കാണിച്ച് അവൻ ചിരിയോടെ നിമിഷയെ നോക്കി.
അവൾ കൈ എത്തിച്ച് മiദ്യക്കുപ്പിയെടുത്ത് അടപ്പ് തുറന്ന് അവൻ്റെ വായിലേക്ക് പതിയെ ഒഴിച്ചു.
ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നിഖിലിനെ അവൾ പുഞ്ചിരിയോടെ നോക്കി.
“ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനാണെന്നു തോന്നുന്നു?”
അവൾ ചോദിച്ചപ്പോൾ അവൻ പൊടുന്നനെ കുപ്പി പിടിച്ചിരുന്നു നിമിഷയുടെ കൈമാറ്റി പതിയെ തലയാട്ടി.
“അങ്ങിനെയുള്ളവരാണ് കൂടുതലും ഇങ്ങിനെയൊക്കെ നടക്കാറ്…. നിയമങ്ങൾ ലംഘിച്ചും, കരൾ നശിപ്പിച്ചും “
അവൾ അടപ്പ് ഇട്ട് കുപ്പി പിന്നിലെ സീറ്റിലേക്ക് എറിഞ്ഞു.
” ഭവതിയുടെ ഹിസ്റ്ററി പറഞ്ഞില്ല…”
കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ നിഖിലിൻ്റെ നോട്ടം അവളെ തേടിചെന്നു.
“ഐ മീൻ ശാരീരിക സുഖം തേടിയല്ല ഇയാള് ഈ പണിക്ക് ഇറങ്ങിയ തെന്ന് മനസ്സിലായി.. ഇഫ് യു ഡോണ്ട് മൈൻഡ്?”
കാറിൻ്റെ ബാക്ക് സൈഡിലെ സീറ്റും നോക്കി അവൻ ഒരു കള്ള ചിരിയോടെ നിമിഷയെ നോക്കി.
“കഥയറിഞ്ഞ് ആട്ടം കാണണമെന്ന ഒരു പഴഞ്ചൊല്ല് കുട്ടി കേട്ടിട്ടില്ലേ? ഞാൻ ആ ഗണത്തിലാണ് “
നിഖിൽ പറഞ്ഞു തീർന്നതും, അവളുടെ തോളിലൂടെ കൈയ്യിട്ടതും ഒരുമിച്ചായിരുന്നു.
അവൻ്റെ കൈപ്പത്തി അവളുടെ മാറിൽ വിശ്രമിച്ചപ്പോൾ, ഭീതിക്കൊണ്ട് ആ നെഞ്ച് വല്ലാതെ മിടിക്കുന്നത് അവൻ അറിഞ്ഞു.
ഒരു പ്രാവിൻ്റെ ചെറുകുറുകൽ പോലെ അവളുടെ ശ്വാസം മുഖത്തടിച്ചതും, എവിടെയോ നഷ്ടമായ ശ്വാസത്തിൻ്റെ ചൂട് തനിക്കു ചുറ്റും പരക്കുന്നെന്നു തോന്നിയ നിമിഷം അവൻ പതിയെ നിമിഷയെ തൻ്റെ തോളിലേക്കു ചേർത്തു.
അവനെയും നോക്കി കിടക്കുന്ന അവളുടെ മിഴികളിൽ, സുരക്ഷിതത്വ ത്തിൻ്റെ ഒരു ചെറിയ നനവ് പടർന്നിരുന്നു….
തണുത്ത കാറ്റിൽ നിമിഷയുടെ മുടിയിഴകൾ അവൻ്റെ മുഖത്തു വീണൊഴുകിയപ്പോൾ, ഓർമ്മയുടെ ഒരു തിര മനസ്സിലേക്കിരച്ചു കയറിയതും, സ്റ്റിയറിംങ്ങ് അവനിൽ നിന്നും ഒന്നുപാളി.
കാർ വെട്ടിതിരിഞ്ഞപ്പോൾ, അപ്രതീക്ഷിതമായി ചുണ്ടുകൾ ചുണ്ടോട് ചേർന്ന നിമിഷം……
ഉമിനീരുകളിലലിഞ്ഞ് ചുണ്ടുകളലങ്ങിനെ ബന്ധനത്തിലായ രണ്ടു നിമിഷത്തിനു ശേഷം, അവൾ ഒരു കള്ള ചിരിയോടെ അവൻ്റെ നെഞ്ചിൽ നിന്നും തെന്നി നീങ്ങി.
” പറഞ്ഞില്ല ഒന്നും…”
കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൻ ചുണ്ടിൽ വിരലോടിച്ചു കൊണ്ട് അവളെ നോക്കി.
” അങ്ങിനെ വല്യ കഥയൊന്നുമില്ല സാറേ… അച്ഛൻ്റെ മരണത്തോടെ അമ്മ രണ്ടാമത് തമിഴനായ കണ്ണപ്പനെ കല്യാണം കഴിക്കുന്നു. അങ്ങിനെ എൻ്റെ നാടായ പാലക്കാട് നിന്നും അമ്മയോടും, അനിയനോടും, രണ്ടാനച്ഛനോടും കൂടി ഊട്ടിയിലേക്ക് വണ്ടി കയറുന്നു. ഇവിടെ ഒരു വാടക വീടും എടുത്ത് ഗൈഡ് ആയി രണ്ടാനച്ഛൻ പണിക്ക് കയറുന്നു “
“പിന്നെ?”
അവളെ നെഞ്ചിലേക്ക് വലിച്ചിട്ട്, ആ മുടിയിഴകളിൽ തലോടിക്കൊണ്ട് അവൻ പതിയെ ചോദിച്ചു.
” അതൊരു ചiതിയായിരുന്നുവെന്ന് പതിയെയാണ് മനസ്സിലായത്…. വിദേശിക ളായ ടൂറിസ്റ്റുകളെ വീട്ടിലേക്ക് കൊണ്ടുവന്ന് ഞങ്ങളെ വിൽക്കാനായിരുന്നു അയാളുടെ പ്ലാൻ.”
ശ്വാസം കിട്ടാതെ നിർത്തിയ അവൾ ഒരു തേങ്ങലോടെ നിഖിലിനെ നോക്കി.
” അമ്മയും ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ, മരിക്കണമെന്ന് ഒരുപാട് ചിന്തിച്ചതാണ് സാറെ… പക്ഷെ അനിയനെ ഓർക്കുമ്പോൾ അത് ചെയ്യാൻ ധൈര്യം കിട്ടുന്നില്ലാ”
നിമിഷയുടെ ദയനീയമായ ആ സംസാരം കേട്ടപ്പോൾ അവൻ ഒരു മൂളലോടെ അവളെ ശക്തിയോടെ ചേർത്തു പിടിച്ചു.
” ആരെങ്കിലും എന്നെ നശിപ്പിച്ചാൽ ആ നിമിഷം ജീവിതം അവസാനി പ്പിക്കാമെന്നു തീരുമാനിച്ചു… അതു വരെ ദൈവം തന്ന ഈ ജീവിതം ഇങ്ങിനെ നീട്ടി കൊണ്ടുപോകാമെന്നു വെച്ചു “
അവൻ പുഞ്ചിരിയോടെ അവളെ നോക്കി തലയാട്ടി.
മഞ്ഞിറങ്ങുന്ന രാത്രിയിലെ മനോഹാരിതയായിരുന്നു ആ നിമിഷം അവൾക്കെന്ന് നിഖിലിന് തോന്നി.
” പക്ഷെ എൻ്റെ അനുവാദമില്ലാതെ ആരാണോ എൻ്റെ ശoരീരത്തിൽ ആദ്യം തൊടുന്നത്, അവനെയും കൊണ്ടേ ഞാൻ പോകൂ”
ബാഗിൽ നിന്ന് ഒരു ചെറിയ കiത്തിയെടുത്ത് അവൾ നിഖിലിനു നേർക്ക് കാട്ടിയപ്പോൾ, അവൻ അമ്പരപ്പോടെ അവളെ നോക്കി.
“അനിയൻ വാങ്ങി തന്നതാ… ചേച്ചിയുടെ മാനം കാക്കാൻ “
” പിന്നെയെന്തിനാ താൻ ഈ പണിക്ക് ഇറങ്ങിയത്?”
“എത്ര പൂട്ടിക്കെട്ടി നടന്നാലും വിധിയെന്നൊരു സാധനം നമ്മൾക്ക് എതിരായാൽ പിന്നെ ഒരു രക്ഷയുമില്ല സാറേ”
അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ട ഒരുവളുടെ നിസ്സഹായതയായിരുന്നു അവൻ ആ വാക്കുകളിൽ കേട്ടത്.
ഹോട്ടലിൻ്റെ പാർക്കിങ് ഏരിയയിലേക്ക് നിഖിൽ വണ്ടി ഓടിച്ചു കയറ്റി ഇറങ്ങിയതും, പൊടുന്നനെ അവൻ്റെ മൊബൈൽ അടിച്ചു.
അപ്പുറത്ത് വിവേക് ആണെന്ന് കണ്ട നിഖിൽ ഒരു നിമിഷം നിമിഷയെ നോക്കി ചുണ്ടിൽ വിരൽ ചേർത്തു.
” പെട്ടെളിയാ… ഞങ്ങൾ ഇപ്പോൾ പോലീസ് സ്റ്റേഷനിലാ… ഇമ്മോറൽ ട്രാഫിക്കിന് … ഈ തമിഴൻ എസ്.ഐ ആരൊക്കെ കൂടെയുണ്ടോന്ന് ചോദിക്കുന്നുണ്ട്… അളിയൻ്റെ കാര്യം ഈ പെണ്ണ് പറഞ്ഞിട്ടുണ്ട്….. “
അപ്പുറത്ത് ഒരു നിമിഷം നിശബ്ദത പരന്നപ്പോൾ നിഖിൽ ഒരു പുഞ്ചിരിയോടെ നിമിഷയെ നോക്കി.
“നിങ്ങൾ നാട്ടിലേക്ക് പോകുന്നെന്നോ …. അത് സാരല്യ … അവിടെ ആരോടും ഈ നാറ്റക്കേസ് പറയാതിരുന്നാൽ മതി”
മൊബൈൽ ഓഫ് ചെയ്ത് അവളെയും ചേർത്തു പിടിച്ച് ഹോട്ടലിലേക്ക് കയറുമ്പോൾ, തൻ്റെ ഫ്രണ്ട്സുകളെ ഓർത്ത് ചിരിക്കുകയായിരുന്നു നിഖിൽ.
” ഒരു ചിക്കൻ ബിരിയാണി പാർസൽവാങ്ങട്ടെ?”
അവൾ കഴിക്കുന്നതും നോക്കി സംതൃപ്തിയോടെ ഇരിക്കുന്ന നിഖിലിനെ നോക്കി ചോദിച്ചപ്പോൾ അവൻ പുഞ്ചിരിയോടെ തലയാട്ടി.
‘സാറിനെ പറ്റി ഒന്നും പറഞ്ഞില്ല “
ഹോട്ടലിൽ നിന്നുള്ള മടക്കയാത്രയിൽ, അവൾ അവൻ്റെ നെഞ്ചിലേക്ക് ചാരിയിരുന്നു ചോദിച്ചു.
അവൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി.
” അങ്ങിനെ വലിയ കഥകളൊന്നും എനിക്കും ഇല്ല. അച്ഛനും, അമ്മയ്ക്കും ഏകമകൻ. കiള്ള്, സിiഗററ്റ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാൾ… ബട്ട് കiഞ്ചാവില്ലാട്ടോ. പിന്നെ പെണ്ണും ഇല്ല. !”
അവൻ്റെ ആ സംസാരം കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി ….
പിന്നെ ഏതോ ഉൾപ്രേരണയിൽ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി!
” ഈ നെഞ്ചിനകത്ത് ഒരാളുണ്ടായിരുന്നു… ജീവനു തുല്യം സ്നേഹിച്ച ഒരു പെണ്ണ്. എനിക്കു മാത്രം അറിയാവുന്ന, എൻ്റെ ഫ്രണ്ട്സുകൾക്ക് പോലും അറിയാത്ത എൻ്റെ പ്രണയം… ഇവിടെ ബോർഡിങ്ങിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം… ഒരു ആക്സിഡൻ്റിൽ അവൾ മരിക്കുമ്പോൾ അവിടെ എൻ്റെ മനസ്സും മരിച്ചിരുന്നു”
ഇടറിപോകുന്ന വാക്കുകൾ ചേർത്ത് വെക്കാൻ ശ്രമിച്ച് അവൻ പരാജയപ്പെട്ടപ്പോൾ, ആ കണ്ണിൽ നിന്നും നീർ നിമിഷയുടെ മുഖത്ത് വീണ് ചിന്നിചിതറി.
നിഷ്കളങ്കമായ മനസ്സോടുകൂടിയാണ് അവൻ പറയുന്നതെന്നറിഞ്ഞ അവൾ, അനുവാദമില്ലാതെ കണ്ണീർ വീണ അവൻ്റെ കവിളിൽ പതിയെ ഉമ്മ വെച്ചു.
നിഖിൽ തൻ്റെ ആരൊക്കെയാണോ എന്നറിഞ്ഞ നിമിഷം, അവൻ്റെ സങ്കടമോർത്ത് അവളിൽ ഒരു കരച്ചിൽ ചങ്കോളം വന്ന് തടഞ്ഞു നിന്നു.
മഞ്ഞുതിരുന്ന ഊട്ടിയിലെ ഈ രാത്രിയ്ക്ക്, എന്തെന്നില്ലാത്ത വശ്യതയുണ്ടെന്ന് തോന്നിയ നിമിഷങ്ങളിൽ അവർ തോളോടുതോൾ ചേർന്നിരുന്നു.
ഡോറിൽ ആരോ മുട്ടുന്നതു കേട്ട് ഓർമ്മകളിൽ നിന്നുണർന്ന നിഖിൽ, നെഞ്ചിൽ കൊച്ചു കുഞ്ഞിനെ പോലെ കിടക്കുന്ന നിമിഷയെ തള്ളി നീക്കാനാഞ്ഞതും. പൊടുന്നനെ അത് വേണ്ടായെന്ന് വെച്ച് അവളെ മാiറോട് ചേർത്ത് കിടന്നു.
അവളിൽ നിന്നുയരുന്ന ശ്വാസനിശ്വാസം മുഖത്ത് വന്ന് പതിക്കുമ്പോൾ, അവനിൽ പേരറിയാത്ത ഒരു വികാരം ഉടലെടുക്കുകയായിരുന്നു..
കവിളിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി കൊണ്ട്, അവൻ ആ മുഖത്തേക്ക് നോക്കി.
നിഷ്കളങ്കതയുടെ ഒരു വെട്ടം ആ മുഖത്ത് നിറഞ്ഞു തെളിയുന്നുണ്ട്.
വായുടെ വശങ്ങളിലൂടെ ഒഴുകി വരുന്ന ഉമിനീർ തൻ്റെ നഗ്നമായ നെഞ്ചിൽ പലപല ചിത്രങ്ങൾ വരച്ചിരിക്കുന്നത് കണ്ട് അവൻ പതിയെ പുഞ്ചിരിച്ചു.
നീണ്ട കാലയളവിനു ശേഷമാണ് അവൾ സ്വസ്ഥതയോടെയും, ഭീതിയില്ലാതെയും ഉറങ്ങുന്നതെന്ന് അവന് മനസ്സിലായി.
ആ നിഷ്കളങ്ക ഭാവത്തോടെയുള്ള കിടത്തം എത്ര നോക്കിയിട്ടും കൊതി തീരുന്നില്ലായെന്ന് കണ്ട്, അവൻ ഒരു ഉൾപ്രേരണയോടെ ആ ചുiണ്ടിൽ ചുiണ്ടമർത്തി,നെഞ്ചോടമർത്തി പിടിച്ച്, തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
അന്തരീക്ഷത്തിലേക്കുയർന്നു നിൽക്കുന്ന പൈൻ മരങ്ങൾക്കപ്പുറത്തെ, മലയിടുക്കുകളിൽ കോടമഞ്ഞ്, വെൺമേഘങ്ങളെ പോലെ പടർന്നു തുടങ്ങിയിരുന്നു.
ചീറി വന്നെത്തുന്ന തണുത്ത കാറ്റിൽ കുളിർന്നിട്ടെന്നവണ്ണം അവൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ സുഖമായ ഉറക്കത്തിന് തൻ്റെ ശ്വാസഗതികൾ തടസ്സമാകരുതെന്ന് കരുതി അവൻ ശ്വാസമെടുക്കാതിരുന്ന നിമിഷങ്ങൾ….
വെൺപിറാവിൻ്റെ കുറുകൽ പോലെ അവളുടെ മാiറിടം, അവൻ്റെ നെഞ്ചിൽ പതിയെ കുറുകി കൊണ്ടിരുന്നു.
ആ കിടപ്പിൽ ഉറങ്ങിയ പോയ നിഖിൽ, ആരോ തട്ടി വിളിക്കുന്നതു പോലെ തോന്നിയപ്പോഴാണ് കണ്ണു തുറന്നത്.
കുളിച്ച്, ആ പഴയ ഡ്രസ്സിൽ തന്നെ നിൽക്കുന്ന നിമിഷയുടെ കൈയിൽ, ആവി പറക്കുന്ന ചായഗ്ലാസ് കണ്ടപ്പോൾ അവൻ ചോദ്യഭാവത്തോടെ അവളെ നോക്കി.
” കുറച്ചു ദൂരം മാറി താഴെ ഒരു ചായക്കടയുണ്ട്’.. ഇവിടെ നിന്നും ഒരു ഫ്ളാസ്ക്ക് എടുത്ത് ഞാൻ അങ്ങോട്ടു പോയി… “
അവൻ ചുടുചായ മൊത്തിക്കുടിച്ച് അവളെയൊന്നു നോക്കിയപ്പോൾ, ആ മുഖത്ത് പൊടുന്നനെ രiക്തം ഇരച്ചു കയറി.
പിടയുന്ന മിഴികൾ ലജ്ജയോടെ നിലത്തേക്ക് നീണ്ടതും കൂടി കണ്ടപ്പോൾ അവൻ സംശയത്തോടെ ബെഡ്ഡിലേക്കൊന്നു നോക്കി.
ചുളിവുവീണ വെളുത്ത ബെഡ്ഷീറ്റിൽ നിഖിലിൻ്റെ കണ്ണുകൾ വട്ടം കറങ്ങിയതും അവൻ ഞെട്ടലോടെ അവളെ നോക്കി.
“ഇന്നലെ വല്ലതും സംഭവിച്ചോ? “
പാതിതീർന്ന ചായഗ്ലാസ് അവൾക്കു നേരെ നീട്ടി അവൻ ചോദിച്ചപ്പോൾ, ആ ചായ പതിയെ കുടിച്ചു കൊണ്ട് അവൾ പുറത്ത് മഞ്ഞിറങ്ങുന്നതും നോക്കി നാണത്തോടെ മന്ത്രിച്ചു.
“ഇനി ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല”
അവൻ ഒന്നും പറയാതെ,ബെഡ്ഡിൽ നിന്നിറങ്ങി അവൾക്കരികിലേക്ക് ചെന്നു ആ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി നിന്ന ശേഷം കുളിമുറിയിലേക്ക് നടന്നു.
കുളിച്ചു വന്ന അവൻ, നിമിഷയുടെ കൈയ്യും പിടിച്ച്, അവർ കിടന്നിരുന്ന റൂമിനപ്പുറത്തുള്ള മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി.
കൈയിലുണ്ടായിരുന്ന കീ കൊണ്ട് അവൻ വാതിൽ തുറന്നതും, അവൾ അകത്തു കയറി.
ചുമരിൽ നിരനിരയായി പതിച്ചു വെച്ചിട്ടുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോകൾ ….
അധികവും സ്ക്കൂൾ യൂണിഫോമിലുള്ള ഫോട്ടോകൾ!
” ഇവളാണ് എൻ്റെ മെർലിൻ…. എന്നെ ഒറ്റക്കാക്കി പോയവൾ… ഇപ്പോഴും മരിച്ചെന്നു വിശ്വസിക്കാൻ ഞാനിഷ്ടപെടാത്ത എൻ്റെ മെർലിൻ “
നിഖിലും മെർലിനും സ്ക്കൂൾ യൂണിഫോമിൽ നിൽക്കുന്ന ആ ഫോട്ടോയിൽ തടവി അവനത് പറയുമ്പോൾ ആ ശബ്ദം വിറക്കുന്നത് നിമിഷ അറിഞ്ഞു.
ഒന്നും പറയാൻ കഴിയാതെ ആ നെഞ്ചിലേക്ക് ചാരിയവൾ നിന്നു.
“ഡാഡിക്കും, മമ്മിക്കും സർപ്രൈസ് കൊടുക്കാമെന്നു വെച്ചു ഇവളുടെ ഫോട്ടോ അവർക്കൊന്നും ഞാൻ കാണിച്ചിരുന്നില്ല… പക്ഷേ സർപ്രൈസ് കൊടുക്കും മുൻപെ അവളങ്ങ് ആരോടും പറയാതെ പോയി “
അവൻ സങ്കടമൂറുന്ന കണ്ണുകളോടെ നിമിഷയെ നോക്കി.
“ഡാഡിയോടും, മമ്മിയോടും ഇവൾ മരിച്ച വിവരം ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല… മെർലിനെ കാണാനില്ലാന്നു മാത്രം പറഞ്ഞ് അവരെ വിഡ്ഡിയാക്കിക്കൊണ്ട്, അവളെ അന്വേഷിക്കാനെന്നു പറഞ്ഞാ ഞാൻ ഇടക്കിടക്ക് ഈ ഊട്ടിയിലെത്തുന്നത് “
പറഞ്ഞു തീർന്നതും നിമിഷയിൽ നിന്നു മുഖം തിരിച്ചു അവൻ മെർലിൻ്റെ ഫോട്ടോയിലേക്ക് നോക്കി.
“ഡാഡിയ്ക്കും, മമ്മിയ്ക്കും പ്രായമായി. ഇനിയും അവരെ പറഞ്ഞ് പറ്റിക്കുന്നത് ശരിയല്ല അല്ലേ മെർലിൻ?. അതുകൊണ്ട്, കാണാൻ നിന്നെപോലെ യുള്ള ഒരു പാവം പെൺകുട്ടിയെ ഞാൻ ഈ നിമിഷം മുതൽ കൂടെ കൂട്ടുകയാണ് “
പറഞ്ഞ് തീർന്നതും ഇന്നലെ രാത്രി അവൻ വാങ്ങിയ സിന്ദൂരച്ചെപ്പ് തുറന്ന് ഒരു നുള്ള് കുങ്കുമമെടുത്ത് നിമിഷയുടെ തിരുനെറ്റിയിൽ പതിച്ചു.
അവിശ്വസനീയതയോടെ നിൽക്കുന്ന അവളെ നെഞ്ചിലേക്ക് ചേർത്തണച്ചു അവൻ പതിയെ മന്ത്രിച്ചു.
” പുത്രവധുവിനെ കാത്തിരിക്കുന്ന എൻ്റെ ഡാഡിയുടെയും, മമ്മിയുടെയും സ്വപ്നങ്ങൾ പൂവണിച്ചുക്കൊണ്ട് നാളെ പുലർച്ചെ നീ മെർലിനായി ഇവിടെ നിന്നും എൻ്റെ കൈയ്യും പിടിച്ചു ഇറങ്ങുകയാണ് എൻ്റെ വീട്ടിലേക്ക് പോകാൻ…
ഒന്നും പറയാതെ മുഖം കുനിച്ചു നിൽക്കുന്ന അവളുടെ മുഖം പതിയെ അവൻ പിടിച്ചുയർത്തിയപ്പോൾ ആ മിഴികളിൽ നിന്ന് നീർ നിലത്ത് വീണ് ചിതറി.
” അനിയൻ്റെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട. ഇന്നലെ ഫുഡ് കൊടുക്കാൻ പോയപ്പോൾ നമ്മൾ ഇവിടെ നിന്നു പോകുന്ന കാര്യം പറഞ്ഞിട്ടുണ്ട്. അവൻ കുറച്ച് നേരം മുൻപ് വന്ന് ഈ വാതിലിൽ മുട്ടിയിരുന്നു: ”
പൊടുന്നനെ വന്നെത്തിയ സൗഭാഗ്യത്തിൽ,ഒന്നും പറയാൻ കഴിയാതെ സന്തോഷതിരതള്ളലാൽ അവൻ്റെ നെഞ്ചിലേക്കവൾ പറ്റി ചേർന്നു.
” എൻ്റെ ബംഗ്ലാവിലെ ഈ മുറിയിലിരുന്നു എൻ്റെ മെർലിൻ നമ്മൾക്കു വേണ്ടി പ്രാർത്ഥിക്കും”
അതും പറഞ്ഞ് കണ്ണീരോടെ നിഖിൽ ജാലകവാതിലൂടെ പുറത്തേക്ക് നോക്കിയതും, അന്തരീക്ഷത്തിൽ നിന്നൂറിയെത്തിയ മഞ്ഞിൻകണികൾ മെർലിൻ്റെ രൂപമായി തീർന്നതും, പൊടുന്നനെ ആ മഞ്ഞിൻകണങ്ങൾ ജാലകത്തിലൂടെ ഒഴുകിയെത്തി നിമിഷയെ പൊതിയുന്നതും, സന്തോഷം നിറഞ്ഞ കണ്ണുകളോടെ അവൻ കണ്ടു..
ഒരിയ്ക്കലും അവസാനിക്കാത്ത പ്രണയം പോലെ ആ എസ്റ്റേറ്റിൽ അപ്പോഴും മഞ്ഞു പൊഴിഞ്ഞുകൊണ്ടിരുന്നു.!

