ആത്മനൊമ്പരം
എഴുത്ത്:-ഭാവനാ ബാബു
ഈ ഒറ്റപ്പെടൽ ഇപ്പോൾ ഒരു ശീലമായി…എന്റെ വിധിയോട് ആരോടുമില്ല പരിഭവം…പതിനഞ്ചാം വയസ്സിൽ നഷ്ടപ്പെട്ടു പോയ മായമ്മയോളം വരില്ല്യ ബാക്കി ഒരു നഷ്ടങ്ങളും…എത്ര വേഗമാണ് അമ്മ എന്നെ വിട്ടേച്ചു പോയത്…അതോടെ അച്ഛനെയും കാണാതെയായി…. ചടങ്ങുകളൊക്കെ കഴിഞ്ഞു ബന്ധുക്കളൊക്കെ പോയി…പിന്നെ ആ കുടിലിൽ ഒറ്റയ്ക്കായി….മഴക്കാലത്തു ചോർന്നൊലിയ്ക്കുന്നത് പിന്നെയും സഹിയ്ക്കാം…രാത്രി കതകിലെ മുട്ടലാണ് സഹിക്കാൻ പ്റ്റാതായത്….പേടിച്ചരണ്ട മാന്പേടയെ പ്പോലെ….ഉറങ്ങാതിരുന്ന നീണ്ട രാവുകൾ…ഒടുവിൽ മാധവൻമാഷാണ് ഇവിടെ കൊണ്ടാക്കിയത്…. വീട്ടുപണിയ്ക് ഒരാൾ…അതായിരുന്നു ഇവരുടെ ആവശ്യം….എന്നാലും ശാരദാമ്മ നല്ലൊരു കുലീനയായിരുന്നു…ഒറ്റ മകൾ..ലക്ഷ്മി…എന്നെക്കാൾ ഒരു വയസ്സ് മാത്രമാണ് മൂപ്പു…എന്നാലും ഞാൻലക്ഷ്മിയേടത്തി എന്നെ വിളിയ്ക്കാറുള്ളൂ…. ചേച്ചിയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു…അങ്ങനെ ഞാൻ ഇപ്പോൾ ഈ വലിയ വീട്ടിലാണ് . കiമാവേറി പൂണ്ട കണ്ണുകളോടെ ആരും കതകിന് മുട്ടാനില്ല….. കിടക്കാൻ നല്ലൊരു മുറിയുണ്ട്…കിട്ടുന്ന ശമ്പളം ശാരദാമ്മ…മുടങ്ങാതെ എന്റെ പേരിൽ ബാങ്കിൽ ഇടുന്നു…
രാത്രിയാകുമ്പോൾ ഒരു സങ്കടമൊക്കെയാണ്….ആരും കാണാതെ നിറയുന്ന കണ്ണീരൊപ്പാൻ നീട്ടുന്ന കൈവിരലുകളില്ല…സന്തോഷം പങ്കുവയ്ക്കാൻ ചായം പൂശിയ ഈ ചുമരുകൾ മാത്രം…എന്നാലും ഈ ദേവൂന് ഒരു പ്രിയ സഖിയുണ്ട്…എന്റെ ഡയറി…പത്താം ക്ലാസിൽ കൂടുതൽ മാർക്ക് വാങ്ങിയതിന് സ്കൂളിൽ നിന്നും കിട്ടിയതാണ്… അന്ന് മുതൽ വേര്പിരിയാതെ ഇവൾ എനിയ്ക്കൊപ്പമുണ്ട്…. വരുന്ന സങ്കടങ്ങളും…ചിരികളുമൊക്കെ ഞാൻ ഇവളുടെ മാ റിലാണ് പകർത്തുന്നത്…ചട്ടയൊക്കെ നരച്ചു തുടങ്ങി…അക്ഷരങ്ങൾ മങ്ങിയും…ചിലതു വീണ്ടും വായിക്കുമ്പോൾ കണ്ണീരാൽ മുങ്ങി പോയിപ്പോയി…എന്നാലും മനസ്സിൽ കോറിയിട്ട നൊമ്പരങ്ങൾ പകർത്താൻ മറന്നു പോകില്ലല്ലോ…വീണ്ടും മാഞ്ഞു പോയ അക്ഷരങ്ങൾക്ക് ജീവൻ പകരും…ഇപ്പോൾ ഏകദേശം നൂറോളം കഥകൾ ആയിട്ടുണ്ടാകും…ഒക്കെ മാഷിനെ കാണിയ്ക്കും…വായിക്കുമ്പോൾ മാഷിന്റെ മുഖത്തെ മിന്നിമറയുന്ന ഭാവങ്ങൾ ശ്രദ്ധിയ്ക്കാറുണ്ട്…
ഒടുവിൽ ആത്മസംതൃപ്തിയുടെ നിഴലാട്ടം ആ മുഖത്തു കാണുമ്പോൾ ഞാനൊരു നെടുവീർപ്പിടും…ആദ്യമൊക്കെ മാഷ് ചോദിയ്ക്കാറുണ്ടായിരുന്നു” ദേവൂ…നിന്റെ ‘അമ്മ എഴുതാറുണ്ടോ”?…’അമ്മ…എന്റെ മായമ്മ…പാവം..അതിനു ഇതിനൊക്കെ എവിടെയാ മാഷെ..നേരം? ആ കരിപുരണ്ട അടുക്കളയിൽ ജീവിതം ഹോമിച്ച അമ്മയുടെ കണ്ണുകൾ ഒരായിരം കഥകൾ ചൊല്ലാറുണ്ടെന്നു തോന്നിയിട്ടുണ്ട്….നിറഞ്ഞൊഴുകുന്ന കണ്ണുകൾ…ചിരിയ്ക്കാനും മറന്നുപോയ ആ മുഖത്തു അല്പം സന്തോഷം കാണുന്നത് എന്നെ കാണുമ്പോൾ മാത്രമാണ്…ഒരു കുഞ്ഞു കമ്മൽ വാങ്ങിത്തരാൻ കിട്ടുന്ന ചില്ലറയൊക്കെ മണിച്ചെപ്പിലൊളിപ്പിച്ചു കുഴിച്ചിടും..എന്നും അതു പെറുക്കിയെടുത്തു എണ്ണും…”എണ്ണുന്തോറും കൂടണുണ്ടോ മായമ്മേ” എന്നു ചോദിച്ചു ഞാൻ എപ്പോഴും കളിയാക്കും…ഇതാ മാഷെ…എന്റെ അമ്മ…
എന്റെ വാക്കുകൾ കേട്ട് മാഷ് നിശബ്ദനായി…അപ്പോൾ ദേവൂന്റെ അച്ഛനോ ? ഓഹ്…അച്ഛൻ എഴുത്തില്ല്യ മാഷെ..പക്ഷെ…പാടും…നല്ല പൂരപ്പാട്ട്…ഞാൻ ജനിച്ചതുമുതൽ തുടങ്ങിതാ ഈ പൂരപ്പാട്ട്…മുൻപൊക്കെ കiള്ളുകുടി മാത്രേ ഉണ്ടായിരുന്നുള്ളൂ…ഞാൻ പെണ്ണായപ്പോൾ അച്ഛൻ ആകെ തകർന്ന പോലെയായി…ആണത്തം ഇല്ലതോർക്ക് ആണത്രേ പെണ്ണു ജനിക്യ… കiള്ളും കുടിച്ചു നാലുകാലിൽ വരുമ്പോൾ എന്നെ കണ്ടാൽ അപ്പോൾ എനിയ്ക്കും കിട്ടും ത ല്ല്… രാത്രിയാകുമ്പോൾ അമ്മയെ മോഹിച്ചു കൊണ്ട് ഒരു വരവുണ്ട്.. കണ്ണുകളിൽ കാiമം ഒളിപ്പിച്ചു…രാത്രിയിൽ അമ്മയുടെ മേലിൽ പടർന്നു കേറുന്ന ആ കൈകളെ അമ്മ തട്ടിമാറ്റില്ല… പകരം അടുത്തു കിടക്കുന്ന എന്നെ നുള്ളിയുണർത്തും….ഒരു കാരച്ചിലോടെ ഞെട്ടിയുണർന്നു കരയുന്ന എന്നെ കണ്ടു അരിശത്തോടെ അച്ഛൻ മുറിവിട്ടു പോകും . അതുകൊണ്ടുതന്നെ അച്ചന്റെ ബാക്കി വിത്തുകളൊന്നും അമ്മയുടെ ഉദരത്തിൽ പാകാനുമായില്ല….എന്നാൽ ആ ദിവസത്തിൽ ഒക്കെ കീഴ്മേൽ മറഞ്ഞു…അന്ന് ഞാൻ പ്രൈസ് വാങ്ങാൻ സ്കൂളിലേയ്ക്കു പോയതായിരുന്നു . ഒപ്പം വരാൻ ഞാൻ അമ്മയെ ഒരുപാട് നിര്ബന്ധിച്ചതായിരുന്നു . മാറിയുടുക്കാൻ നല്ല സാരിയില്ലെ്ന്നു പറഞ്ഞു ‘അമ്മ ഒഴിവായി…പാവം…പറഞ്ഞതും ശരിയാട്ടോ….എന്റെ കൂട്ടുകാരുടെ മുന്നിൽ നാiണക്കേടാവുമോ എന്നു കരുതീട്ടാകും….അല്പം സങ്കടത്തോടെ ഞാനും പോയി…ഇതറിഞ്ഞിട്ടു തന്നെയാകും അച്ഛൻ ഉച്ചയ്ക്ക് വന്നത്….അമ്മയെ മോഹിച്ചു…അച്ഛന് ഒരാണ്കുഞ്ഞു കൂടി വേണം…അമ്മയ്ക്കു ഈ കഷ്ടപ്പാടിനിടയിൽ ഒരു കൂട്ടി കൂടി വേണമെന്നില്ലയിരുന്നു…അതുകൊണ്ടു തന്നെ അച്ഛനെ ‘അമ്മ തടഞ്ഞു…പിന്നെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്താനായി ശ്രമം….ആ ബലപ്രയോഗത്തിനിടയിൽ ഉമ്മറപ്പടിയിൽ തലയിടിച്ചു ചോരവാർന്നൊലിച്ചു അമ്മ പോയി….പേടിച്ചു പോയ അച്ഛനും നാടുവിട്ടു…എവിടെയാണാവോ ? ഒരറിവുമില്ല…പോലീസ് കുറെ തിരഞ്ഞു . ഇതാണ് മാഷെ…അച്ഛൻ എഴുതിയ കഥകൾ….ആ രചനയിൽ എന്റെ അനാഥത്വവും ഉണ്ടായിരുന്നു…
ഇതൊക്കെ കേട്ടു മാഷ് നിശബ്ദനായി…സാരമില്ല ദേവൂ…ഒക്കെ മറക്കണം നീ..നിനക്കു ഒരു നല്ല കാലമുണ്ടാകും…ഈ കഥകളൊക്കെ പുറം ലോകം കാണണം…നീ ലക്ഷ്മിയോട് പറയു…ഈ കഥകളൊക്കെ ഓണ്ലൈനില് പ്രസിദ്ധീകരിയ്ക്കാൻ….എനിക്ക് ഈ മൊബൈലിനോടൊക്കെ അല്പം തൊട്ടുകൂടയ്ക് ഉണ്ട് ദേവൂ..അല്ലെങ്കിൽ ഇതൊക്കെ ഞാൻ തന്നെ ഓണ്ലൈനില് ഇട്ടേനെ…എന്റെ കഥകളും കവിതകളുമൊക്കെ എന്റെ ചെറുമോൾ ചിന്നുവാണ് പോസ്റ്റ് ചെയ്യുന്നത്….എന്റെ തൂലിക എന്ന പേജിൽ…അതിൽ നീ പോസ്റ്റ് ചെയ്യൂ…നിനക്കു നലൊരു ഭവിയുണ്ടാകും തീർച്ച…
“അയ്യോ മാഷെ..എനിയ്ക്കു മൊബൈൽ കൂടിയില്ല…അതിന്റെ ആവശ്യവും ഉണ്ടായിട്ടില്ല..അനാഥയായ എനിയ്ക്കു എന്തിനാണ് അതൊക്കെ…? മാഷ് പറഞ്ഞതൊന്നും എനിയ്ക്കു മനസ്സിലായിട്ടു കൂടില്യ”…ഈ ത്രിശൂരിൽ…പൂരത്തിനിടയിൽ പെട്ടുപോയ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെയുള്ള എന്റെ വാക്കുകൾ കേട്ട മാഷ് ചെറുതായൊന്നു ചിരിച്ചു… സാരമില്ല…ഞാനൊരു കത്തുതതരാം നീയത് ലക്ഷ്മിയെ ഏൽപ്പിച്ചാൽ മതി…. ഞാൻ മാഷിന്റെ വാക്കുകൾ കേട്ട് മെല്ലെയൊന്നു തലയാട്ടി……
വൈകുന്നേരം ചയകുടിയൊക്കെ കഴിഞ്ഞു ഊഞ്ഞാലിൽ ആടുകയായിരുന്നു ലക്ഷ്മിയേടത്തി….കൈയിൽ മൊബൈൽ ഫോണിൽ എന്തൊക്കെയോ എഴുതുന്നുണ്ട്…ചുണ്ടിൽ ചെറിയ ചിരിയും…മിന്നിമായുന്ന ഭാവങ്ങൾ….
ലക്ഷ്മിയേടത്തി…… ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു…
“എന്താ…ദേവൂ…എന്താ..വേഗം കാര്യം പറയ്.. ഞാൻ അല്പം ബിസി ആണിപ്പോൾ….
ഞാൻ ഒന്നും മിണ്ടാതെ….മാഷ് തന്ന കത്തു ചേച്ചിയ്ക്കു നേരെ നീട്ടി…..
ഇതെന്താണ്…?
മാധവൻ മാഷ് തന്നതാ..ചേച്ചിയെ ഏല്പിയ്ക്കാൻ…
മാഷ് തന്നതോ ? എന്നെ ഏല്പിയ്ക്കാനോ…ആ നോക്കട്ടെ..ചേച്ചി ആ കത്തു വായിയ്ക്കാൻ തുടങ്ങി…
ആ കത്തിലെ ഉള്ളടക്കം എനിയ്ക്കു അജ്ഞാതമാണ്….
കത്തു വായിച്ച ചേച്ചിയുടെ മുഖത്തു ഒരു അത്ഭുതഭാവം…വിടർന്ന കണ്ണുകളോടെ ചേച്ചി എന്നെ നോക്കി….
നീ എഴുതുമോ ദേവൂ….? ഞാൻ ഒന്നും മിണ്ടാതെ തലയാട്ടി..
നീ പോയി അതൊക്കെ എടുത്തിട്ടു വാ….നോക്കട്ടെ…നല്ലതാണെങ്കിൽ ഞാൻ എന്റെ തൂലികയിൽ പോസ്റ്റ് ചെയ്യാം….മാധവൻ മാഷ് വെറുതെ പറയില്ല്യല്ലോ ദേവൂ..വേഗം പോയി എടുത്തിട്ടു വാ…….
ഞാൻ വേഗം തന്നെ ആ ഡയറി മറോടടുക്കി വന്നു….എടത്തിയ്ക്കു നേരെ നീട്ടി……
ലക്ഷ്മി ഏടത്തി ഒക്കെ വായിച്ചു..
” എന്റെ ദേവൂ…….കുനു കുനാന്നുള്ള ഈ അക്ഷരങ്ങൾ വായിക്കാൻ വളരെ പ്രയാസാട്ടോ
ഏടത്തി….അതു പേജ് തീരാണ്ടിരിയ്ക്കാൻ അങ്ങനെ എഴുതണതാ…
എന്റെ ദേവൂ…നിനക്ക് എത്ര ഡയറി വേണം ഞാൻ തരാല്ലോ..
എത്ര ഡയറി കിട്ടിയാലും ആ ഡയറി പോലെ ആകില്ല..അതിൽ എന്റെ അമ്മയുടെ ചോരയുടെ ഗന്ധമുണ്ട്…കണ്ണീരിന്റെ ഉപ്പും…
ഞാൻ ഒന്നും മിണ്ടാതെ നിന്നു..
ദേവൂ…ഞാൻ ഇന്ന് തന്നെ കഥകൾ പോസ്റ്റ് ചെയ്യാം…ആരെങ്കിലും വായിക്കുമോ ആവോ…എനിയ്ക്കു ഈ കഥകളെ പ്റ്റിയൊന്നും വലിയ ജ്ഞാനം ഇല്യാട്ടോ….. എന്തായാലും ഈ ഡയറി…എന്റെ അടുത്തിരിക്കട്ടെ…..
ആ ഡയറി പോയതോടെ ഞാൻ ഏകയായപോലെ….ആത്മാവിൽ നിന്നും എന്തോ പറിച്ചെറിഞ്ഞപോലെ….അമ്മിഞ്ഞപ്പാൽ കിട്ടാതെ ഉഴറുന്ന പിഞ്ചു പൈതൽ പോലെയായി ഞാൻ….എന്നാലും എന്റെ കഥകളൊക്കെ ആരേലും വായിക്കുമല്ലോ എന്ന സന്തോഷം എനിയ്ക്കു ആശ്വാസം പകർന്നു..
പിറ്റേ ദിവസം അതിരാവിലെ കതകിലെ നിർത്താതെയുള്ള മുട്ടു കേട്ടാണ് ഞാനുർന്നത്…നോക്കിയപ്പോൾ ഏടത്തി….പുലർച്ചെ എന്താ ഏടത്തി എന്റെ മുറിയ്ക്കു പുറത്തു എന്ന എന്റെ കണ്ണുകളിലെ ചോദ്യം ചേച്ചി വായിച്ചെടുത്തു….
ദേവൂ…ഐ ആം സോ ഹാപ്പി…നിന്റെ ആ സ്റ്റോറി ആത്മനൊമ്പരം ഹിറ്റ് ആയി…ഒറ്റ ദിവസം കൊണ്ട് 1000 ലൈക്സ്..നീ ഈ കമന്റ്സ് ഒക്കെ വായിച്ചു നോക്ക്…..
ഒക്കെ വായിച്ചു….കണ്ണുകൾ നിറഞ്ഞു…ആത്മനൊമ്പരം വെറുമൊരു കഥയല്ല….എന്റെ ജീവിതം തന്നെയാണ്…
അങ്ങനെ എന്റെ കഥകളൊക്കെ ഓരോന്നായി പുറത്തു വന്നു..എല്ലാത്തിനും…നല്ല പ്രതികരണങ്ങളും കിട്ടി…എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കാൻ തുടങ്ങി…വീണ്ടും ഞാൻ പുതിയ കഥകൾ എഴുതാൻ തുടങ്ങി….നാളുകളും…മാസങ്ങളും വേഗം തന്നെ കൊഴിഞ്ഞുതുടങ്ങി…..എന്റെ തൂലിക മാത്രം നിലയ്ക്കാതെ ഒഴുകി…
ഒരു സന്ധ്യയ്ക്ക് അമ്പലത്തിൽ വച്ചു ചിന്നുവാണ് മാഷിനു തന്നെ കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞത്…. ശരിയാണ്…മാഷിനെ കണ്ടിട്ടു കുറെ നാളായി…ഈ എഴുത്തിനിടയിൽ ഒക്കെ മറന്ന പോലെയാണ്… “ചിന്നു…ഇന്നു നേരം ഇശ്ശിയായി..നാളെ ഞാൻ എന്തായാലും വരും..തീർച്ച..”
പിറ്റേദിവസം….രാവിലെ തന്നെ ഞാൻ മാഷിന്റെ വീട്ടിലെത്തി..ഉമ്മറത്ത് ചാരു കസേരയിൽ പുസ്തകം വായിച്ചു കിടക്കുകയായിരുന്നു മാഷ്…ഞാൻ ആ കാൽക്കൽ തൊട്ടു അനുഗ്രഹം വാങ്ങി…. ദേവൂ..ഇരിയ്ക്കൂ……
മാഷ് അറിഞ്ഞുവോ കാര്യങ്ങളൊക്കെ ? എന്റെ കഥകളൊക്കെ പുറത്തു് വന്നു..എല്ലാർക്കും ഒക്കെ ഇഷ്ടായി…സന്തോഷായി മാഷെ എനിയ്ക്കു….
കണ്ടു ദേവൂ….ഒരീസം ചിന്നുവാണ് എന്നോട് ചോദിച്ചത്…” “മുത്തശ്ശ…വടക്കെതിലെ ലക്ഷ്മിചേച്ചി കഥയെഴുതുമോ”? അമ്പരപ്പോടെയാണ് ആ മൊബൈലിലിലെ കഥകൾ ഞാൻ വായിച്ചത്…ആ കഥകളൊക്കെ നീ എഴുതിയതായിരുന്നു ദേവൂ…ഞാൻ ചിന്നൂനോട് ഒന്നും പറഞ്ഞില്ല…പക്ഷെ കഴിഞ്ഞ ആഴ്ചയാണ് ചിന്നു വളരെ സന്തോഷത്തോടെ മറ്റൊരു കാര്യം എന്നോട് പറയുന്നത്…
മാഷിന്റെ സംസാരം കേട്ടു ഞാൻ ഒന്നും മിണ്ടാനാകാതെ തരിച്ചിരുന്നു….. മുളപൊട്ടിയ സ്വപ്നത്തിന്റെ ചിറകുകൾ കരിയാൻ തുടങ്ങി….
ദേവൂ…..നീ കേൾക്കണുണ്ടോ ?
പറയൂ…മാഷെ…എന്താണ് ചിന്നു പറഞ്ഞത് ?
മം….” എന്റെ തൂലികയുടെ രണ്ടാംവാര്ഷികോത്സവം ഈ ശനിയാഴ്ച നമ്മുടെ സാഹിത്യ അക്കാദമി ഹാളിൽ വച്ചു നടത്തുകയാണ്…അന്ന് അവരുടെ കഥാ സമാഹാരമായ “ഇലഞ്ഞി പൂക്കും മണങ്ങൾ” എന്ന പുസ്തകത്തിൽ എന്റെ ഒരു കഥയോടൊപ്പം നിന്റെ ‘ ആത്മനൊമ്പരങ്ങൾ ‘ എന്ന കഥ കൂടിയുണ്ട്…
സത്യണോ മാഷെ ? എന്റെ കഥയോ ? ആ കഥ എന്റെ ജീവിതമാണ് മാഷെ..
അതേ…ദേവൂ….സത്യം…എന്റെ തൂലികയിൽ ഏറ്റവും കൂടുതൽ ലൈക്സ് കിട്ടിയ നിന്റെ കഥ…ആരും മോഹിച്ചു പോകുന്ന അംഗീകാരം…..പക്ഷേ ദേവൂ ഇതൊക്കെ നീ എഴുതിയതാണെങ്കിലും ഒക്കെ ലക്ഷ്മിയുടെ പേരിലാണ്..ആ വേദിയിൽ അംഗീകരിക്കപ്പെടുക നീയല്ല ലക്ഷ്മിയാകും…
മാഷെ…അടക്കിവച്ച സങ്കടമൊക്കെ പുറത്തു ചാടി…സാരല്യ മാഷേ… അല്ലേലും ഞാൻ ഭാഗ്യല്യാത്തോളാ…ഏടത്തി മനപൂർവം ചെയ്തതാകില്ല്യാ..ഞാൻ എന്റെ കഥ പോസ്റ്റ് ചെയ്യാനല്ലേ പറഞ്ഞുള്ളൂ.ഇങ്ങനെയൊക്കെആവുമെന്ന് ഏടത്തിയും കരുതിട്ടുണ്ടാകില്ല…
അറിയില്ല്യ ദേവൂ…ന്നാലും ഒരു വാക്ക് അവൾക്കു നിന്നോട് പറയാർന്നു….
ഒലിച്ചിറങ്ങുന്ന …കണ്ണുനീർ, മാഷ് കാണാണ്ടേ തുടയ്ക്കുന്ന തിടുക്കത്തിലായിരുന്നു ഞാനപ്പോൾ…..
സാരമില്ല കുറച്ചൊക്കെ എന്റെ തെറ്റാണ് ദേവൂ…അന്ന് ഞാൻ ചിന്നുനെ ഏൽപ്പിച്ചാൽ മതിയായിരുന്നു നിന്റെ കഥകൾ..ഇനിയിപ്പോൾ ആരും വേണ്ട . ഞാൻ നിനക്കു ഒരു മൊബൈൽ ഉടനെ വാങ്ങി തരാം….നീ സ്വയം എഴുതണം…പിന്നെ ശനിയാഴ്ച നീ വരണം….
അയ്യോ മാഷേ…ഞാൻ വരില്ല്യ.എനിയ്ക്കു സങ്കടാവും…
എനിയ്ക്കു ഒന്നും കേൾക്കേണ്ട ദേവൂ…ഇതു എന്റെ ആഞ്ജയാണ് .ലക്ഷ്മിയോടൊന്നും പറയേണ്ട . അമ്പലത്തിനടുത്തു കാറിൽ ഞാനും ഞാനും ചിന്നുവും ഉണ്ടാകും.. നീ കൃത്യ സമയത്തു തന്നെ വരിക . ശാരദയോട് ഞാൻ ഫോണിൽ കാര്യം പറഞ്ഞു കൊള്ളാം
അങ്ങനെ ആ ശനിയാഴ്ച എത്തി..പറഞ്ഞപോലെ മാഷ് കൃത്യ സമയത്തെത്തി…ഇവിടുന്നു അരമണിക്കൂർ യാത്രയേയുള്ളൂ അക്കാദമി ഹാളിലേക്ക്….വേദിയിൽ തന്നെ മാഷിനുള്ള ഇരിപ്പിടമുണ്ടായിരുന്നു . തൊട്ടടുത്തുതന്നെ ലക്ഷ്മിഏ ട ത്തിയും…മാഷിനെ കണ്ട ഏടത്തിയുടെ മുഖം വിളറി കടലാസു പോലെയായി….
ചടങ്ങുകളൊക്കെ തുടങ്ങി . എഴുത്തുകാരെയും…കവികളെയും കൊണ്ടു നിറഞ്ഞ സദസ്സ്.. ശരിയ്ക്കും സ്വപ്നതുല്യമായ മുഹൂർത്തം…പ്രസ്സും…ഫോട്ടോഗ്രാഫേഴ്സും ഒക്കെ ഉണ്ടായിരുന്നു . അവർ മാഷിനോട് ഓരോ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി . എല്ലാത്തിനും മാഷ് കൃത്യമായി ഉത്തരമേകി…അടുത്ത ഊഴം ലക്ഷ്മി എടതിയുടേതായിരുന്നു..
എന്റെ കണ്ണുകൾ ഏടത്തിയിലായിരുന്നു…ലഷ്മി…ആത്മനൊമ്പരം കഥയിൽ ദേവുവിന്റെ നൊമ്പരങ്ങളാണോ കൂടുതൽ അതോ മായയുടെ നൊമ്പരങ്ങളാണോ കൂടുതൽ? ഈ കഥയ്ക്ക് ഈ പേരിടാനുള്ള കാരണം ? അതിനൊന്നും ഉത്തരം നൽകാൻ ലക്ഷ്മിയ്ക്കു ആയില്ല…പരിഭ്രമത്തോടെ അവൾ മാഷിനെ നോക്കി…
“ഇതിനുള്ള ഉത്തരങ്ങൾ നൽകാൻ ഈ ലക്ഷ്മിയ്ക്കു കഴിയില്ല…കാരണം ഇതൊക്കെ എഴുതിയതു ഇവളല്ല…ആ ഇരിയ്ക്കുന്ന ദേവുവാണ്…മാഷ് വേദിയുടെ ഏറ്റവും പിന്നിലിരിയ്ക്കുന്ന എനിയ്ക്കു നേരെ വിരൽ ചൂണ്ടി…എല്ലാവരുടെയും ശ്രദ്ധ എന്നിലേയ്ക്കായി…ഇപ്പോഴാണ് ഞാൻ ശരിയ്ക്കും പൂരപ്പറമ്പിൽ വഴിതെറ്റിയ കിടവായത്…ചോദ്യങ്ങളുമായി അവർ എന്റെ നേരെ വന്നു…എല്ലാത്തിനും ഞാൻ കൃത്യമായി ഉത്തരമേകി…അവരുടെ അവസാന ചോദ്യം കേട്ട് ഏടത്തിയൊന്നു ഞെട്ടി “ദേവുവിന്റെ ഈ കഥകൾ എങ്ങനെ ലക്ഷ്മിയുടേതായി ? അവർ മോഷ്ടിച്ചതാണോ? ഞാൻ ഏടത്തിയുടെ മുഖത്തേയ്ക്കൊന്നു നോക്കി…..തലയും താഴ്ത്തി ഇരിയ്ക്കുകയാണ് ഏടത്തി….
ഇല്ല..ഈകഥകൾ ആരും മോഷ്ടിച്ചതല്ല…ഞാൻ തന്നെയാണ് ഇതൊക്കെ പോസ്റ്റ് ചെയ്യാൻ ഏൽപ്പിച്ചത്…ഏടത്തി കാരണം എന്റെ കഥകളൊക്കെ പുറം ലോകമറിഞ്ഞു…എന്റെ ഈ വാക്കുകൾ കേട്ടതും ഏടത്തി നന്ദിയോടെ ഒരു പുഞ്ചിരി പടർത്തി വേദിവിട്ടിറങ്ങി…എന്നെ എല്ലാവരും വേദിയിലേക്ക് ആനയിച്ചു..മാഷിന്റെ തൊട്ടടുത്തു തന്നെ….
ഇന്ന് ഈ വേദിയിൽ ഞാൻ സന്തോഷവതിയാണ്..മാഷിനോടുള്ള കടപ്പാട് മറക്കാനാവില്ല..മറ്റൊരാളുടെ സൃഷ്ടികൾ നമുക്ക് സ്വന്തമാക്കാനാകും..പക്ഷേ ആ നൊമ്പരങ്ങൾ ആർക്കും മോഷ്ടിക്കാനാകില്ല…എന്റെ ഈ ആത്മനൊമ്പരങ്ങൾ പോലെ അവയും പവിത്രമാണ്….

