പുതുപ്പെണ്ണ്
എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ
“ശരത്തേട്ടാ നമുക്കൊരു നൈറ്റ് റൈഡിന് പോയാലോ?”
സമൃദ്ധമായ അത്താഴവും കഴിഞ്ഞ് കാലം തെറ്റി പെയ്ത മഴയിൽ മുറ്റത്തുകെട്ടിക്കിടന്ന വെള്ളത്തിൽ ചേട്ടന്റെ മോനോടൊപ്പം കടലാസുവഞ്ചി ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്ന ശരത് പ്രിയതമയുടെ ആഗ്രഹം കേട്ട് അമ്പരപ്പോടെ ഒന്നു നോക്കി.
ആൾ ഒരു ടൈറ്റ് ജീൻസും ബനിയനുമൊക്കെയിട്ട് തലയിൽ ഒരു തൊപ്പിയും വച്ചു കയ്യിൽ N95 മാസ്‌കും കറക്കിക്കൊണ്ടു നിൽപ്പാണ്. കല്യാണം കഴിഞ്ഞിട്ടു ഒരാഴ്ച്ചയെ ആയിട്ടുള്ളു .
കൊറോണയുടെ രണ്ടാം വരവ് മൂലം ഒന്നു കറങ്ങാൻ പോവാനോ ബന്ധുവീടുകളിൽ വിരുന്നു പോവാനോ കഴിഞ്ഞിട്ടില്ല.ഒരമ്പലത്തിൽ പോലും മര്യാദക്ക് പോയിട്ടില്ല.അവൾക്കും ആഗ്രഹങ്ങളൊക്കെ കാണും.
ബുള്ളറ്റിൽ പ്രിയതമനേയും കെട്ടിപ്പിടിച്ചിരുന്നു കൊണ്ടു ഒരു രാത്രി യാത്ര ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്.
പക്ഷെ ഈ സമയത്തു രാത്രിയിൽ കറങ്ങാൻ പോകുക എന്നുവച്ചാൽ ആത്മഹത്യപരമാണ്.
മുട്ടിനു മുട്ടിനു പോലീസാണ്.
” മീനു അതു വേണോ പോലീസെങ്ങാനും പിടിച്ചാൽ പുലിവാലാണ്.കേസ് ചാർജ് ചെയ്യും”
അവൻ യാത്ര ഒഴിവാക്കാൻ നോക്കി.
“പ്ളീസ് …അധികം ദൂരെയെങ്ങും പോകണ്ട. ഒന്നു കറങ്ങിവരാം.ഒന്നു ഫ്രഷ് ആവാമല്ലോ എന്നു കരുതിയാ” അവളുടെ കണ്ണുകൾ ആർദ്രമായിരുന്നു. പുതു പെണ്ണിന്റെ ആഗ്രഹമാണ്.
നടത്തികൊടുത്തില്ലെങ്കിൽ അതു പുത്തരിയിലെ കല്ലുകടിയാകും.
അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞിട്ട് ആഗ്രഹിച്ചതൊന്നും നടന്നിട്ടില്ല. അവൾക്ക് റിലാക്സ് ആവാൻ അല്പം സമയം വേണ മെന്നാണ് പറഞ്ഞത്. ചിലപ്പോൾ ഇന്നത്തെ രാവ് ആഘോഷിക്കാനുള്ള പുറപ്പാടായിരിക്കും.
അവന്റെ ന്റെ മനസ്സിൽ തൃശൂർ പൂരം കൊടികയറി
‘അമ്മ’ കിടന്നു കാണും.
ഈ സമയത്തു പുറത്തുപോയി എന്ന് അമ്മയെങ്ങാനും അറിഞ്ഞാൽ തiല്ലിക്കൊiല്ലും.
ചേട്ടനാണെങ്കിൽ നൈറ്റ് ഡ്യൂട്ടിയാണ്. ആകെയുള്ള ശരണം ഏടത്തിയാണ്.
പക്ഷെ ഈ കാര്യത്തിന് പുള്ളിക്കാരിയുടെ സപ്പോർട്ട് പ്രതീക്ഷിക്കേണ്ട.
എന്നാലും കാര്യം പറയാതെ വയ്യ.
“ഏടത്തി മീനുവിന് ബുള്ളറ്റിൽ ഒന്നു കറങ്ങാൻ പോകണമെന്ന്. ഞങ്ങളൊന്നു കറങ്ങി വരാം .ഏടത്തി ആരോടും പറയരുത്”
” ശരത്തെ നീ എന്തു മണ്ടത്തരമാ പറയുന്നത്. വഴി മുഴുവൻ പൊലീസാ. പിടിച്ചാ കേസാവും”
“ഏടത്തീ പ്ളീസ്.അവൾക്കും ആഗ്രഹം കാണില്ലേ . ഇത്രയും ദിവസ മായിട്ടും പുറത്തൊന്നും പോയിട്ടില്ലല്ലോ.പെട്ടെന്ന് വരാം”
“പോകുന്നതൊക്കെ കൊള്ളാം പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ അറിഞ്ഞില്ലന്നെ ചേട്ടനോട് പറയൂ”
“താങ്ക്യു ഏടത്തി”
ഒരു ഷോട്സും ബനിയനുമിട്ടു അവനും ഒരുങ്ങി. “കൊച്ചച്ച എന്നെ കൂടി കൊണ്ടു പോകോ”
‘വള്ളംകളി ‘മുറിഞ്ഞ ദുഃഖത്തിൽ കുഞ്ഞുണ്ണി അവന്റെ പുറകെ കൂടി.
“അവര് കറങ്ങീട്ടു വരട്ടെ മോനെ നമുക്ക് ടിവി കാണാം”
ഏടത്തി കുഞ്ഞിനെയുമെടുത്തു അകത്തേക്ക് പോയി.
അതിന്റെ പ്രത്യാഘാതമെന്നോണം കുഞ്ഞുണ്ണി സാമാന്യം ശക്തമായി തന്നെ കരച്ചിൽ തുടങ്ങി.
വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് ‘അമ്മ’ അറിയാതിരിക്കാനായി തള്ളി ഗേറ്റിനു പുറത്തെത്തിച്ചു.
തള്ളാൻ മീനുവും കൂടി.
വണ്ടി സ്റ്റാർട്ട് ചെയ്തതും അവൾ ചാടി വണ്ടിയിൽ കയറി അവന്റെ ന്റെ തോളിൽ കൈ വച്ചു് ഇരുപ്പായി.
റോഡിലുള്ള കുഴികളിൽ വണ്ടി ചാടുമ്പോൾ അവളുടെ ശരീരം തന്നിൽ അമരാതിരിക്കാൻ അവൾ ശ്രദ്ദിക്കുന്നത് പോലെ അവനു തോന്നി.
ഇടപ്പിള്ളിക്കു തിരിയുന്ന ജംക്ഷന് മുൻപുള്ള വളവിലെത്തി.
” വണ്ടി ഒന്നു ലെഫ്റ്റ് ഒതുക്കാമോ. ആ കാറിന്റെ പിന്നിൽ”
“എന്തുപറ്റി” അവൻ ആകാംക്ഷയോടെ ചോദിച്ചുകൊണ്ടു റോഡരുകിൽ പാർക്കു ചെയ്തിരുന്ന ഇന്നോവയുടെ പിന്നിൽ നിർത്തി.
“ചുമ്മാ”
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒന്നു മൂരി നിവർത്തി.
പെട്ടെന്ന് ഇന്നോവയുടെ ഡോർ തുറന്നു ഒരാൾ ഞങ്ങളുടെ സമീപത്തേക്ക് വന്നു.
മീനു “ജിപ്സൻ ” എന്നു വിളിച്ചു കൊണ്ട് അയാളുടെ സമീപത്തേക്ക് ഓടി ചെന്നു കെട്ടിപ്പിടിച്ചു.
“ശരത് ഞാൻ ജിപ്സൻ”
അയാൾ ശരത്തിനെ നോക്കികൊണ്ട് സാവധാനം പറഞ്ഞു.
“കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഞാനും മീനുവും തമ്മിൽ പ്രണയത്തിലാണ്.ഇവളുടെ വീട്ടുകാരുടെ എതിർപ്പുമൂലമാണ് ഞങ്ങളുടെ വിവാഹം നടക്കാതിരുന്നത്.
ഞാൻ UK യിൽ ആയിരുന്നു.കല്യാണത്തിന് മുന്നേ ഇവളെയും കൂട്ടി ഇവിടെ നിന്നും പോകണം എന്ന് കരുതിയതാ.നശിച്ച ക്വാറന്റൈൻ കാരണം കല്യാണത്തിന് മുൻപ് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇന്നാണ് ഞാൻ പുറത്തിറങ്ങിയത് .
ശരത്തുമായുള്ള മീനുവിന്റെ വിവാഹം വീട്ടുകാരെ സമാധാനി പ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. ഞങ്ങളോട് ക്ഷമിക്കണം.എനിക്ക് ഇവളില്ലാതെ ജീവിക്കാൻ പറ്റില്ല.ഇവൾക്ക് ഞാനും.ഇനി ഞങ്ങൾക്ക് കാത്തിരിക്കാൻ പറ്റില്ല.
ഞാൻ ഇവളെ കൊണ്ടു പോവുകയാണ്. നിങ്ങൾക്ക് എന്തു നഷ്ടപരിഹാരം വേണമെങ്കിലും തരാൻ ഞാൻ തെയ്യാറാണ്.ശരത്തിനെ ഈ കളിയിലേക്കു കൊണ്ടുവന്നതിൽ ഖേദമുണ്ട്.പക്ഷെ വേറെ നിവൃത്തി യില്ലായിരുന്നു ഗുഡ് നൈറ്റ്”
മീനുവിന്റെ കയ്യും പിടിച്ചു ജിപ്സൻ കാറിലേക്കു നടന്നു.
” ശരത്തേട്ടാ മാപ്പ് ഒന്നും മനപ്പൂർവമല്ല” അവൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി യാത്ര പറഞ്ഞു കൊണ്ട് ജിപ്സനോടൊപ്പം നടന്നു. കറങ്ങാൻ കൊണ്ടുപോയ പൊണ്ടാട്ടി എവിടെ യെന്ന് വീട്ടിൽ ചെല്ലുമ്പോൾ ചോദിച്ചാൽ മറുപടി എന്ത് നൽകും എന്ന നിസ്സഹായതയോടെ അവൻ മണ്ണിലേക്കിരുന്നു!
(ലോക്ക് ഡൗൺ കാലത്ത് എഴുതിയതാണ് )