എഴുത്ത്:-സുമി
വീഴ്ചയുടെ പടവുകൾ താണ്ടി ഒരിക്കൽ ഒരിടത്തെങ്കിലും ജയിക്കണമെന്നുറച്ച് മുന്നോട്ട് പോയവൾ . എം എ പഠനം കഴിഞ്ഞപ്പോൾ വിവാഹമെന്ന ബന്ധനത്തിൽപ്പെട്ട് പിന്നീടുള്ള ജീവിതത്തിൽ ശ്വാസംമുട്ടി കഴിഞ്ഞവൾ. നിർധനരായ അച്ഛനും അമ്മയ്ക്കും ജനിച്ചുപോയതുകൊണ്ടു മാത്രം സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും കുഴിച്ചു മൂടപ്പെട്ടവൾ.
മയിലാടുംപാറ എന്ന കൊച്ചുഗ്രാമത്തിൽ കൂലിപ്പണിക്കാരായ ശേഖരനും സുമതിയ്ക്കും ജനിച്ച ഒരേഒരു മകൾ ശാരി. പഠിക്കാൻ മിടുക്കി, കാണാൻ സുന്ദരിയായ പെൺകുട്ടി. സാമ്പത്തികം ഇല്ലാത്തതുകൊണ്ടു നാട്ടിലെ സ്കൂളിലും പാരലൽ കോളേജുകളിലുമായുള്ള പഠനം. ആ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യത നേടിയവൾ.
പാവപ്പെട്ടവർ അഭിമാനത്തോടെയും പണമുള്ളവർ അസൂയയോടെയും നോക്കിയിരുന്ന പെൺകുട്ടി. അവളുടെ ഉള്ളിലും ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. നന്നായി പഠിച്ച് നല്ലൊരു ജോലി നേടണം. പൊളിഞ്ഞു വീഴാറായ വീടിനു പകരം കുറച്ചുകൂടി മെച്ചപ്പെട്ട ഒരു വീട് വയ്ക്കണം പിന്നെ അച്ഛനേയും അമ്മയേയും പൊന്നുപോലെ നോക്കണം.
മിടുക്കിയായ മകളെക്കുറിച്ചോർത്ത് അഭിമാനത്തോടെ തലയുയർത്തി നടന്നിരുന്ന അച്ഛൻ്റേയും അമ്മയുടേയും മനസ്സിൽ വിiഷം കുiത്തിവച്ചതും നാട്ടുകാരിൽ ചിലരായിരുന്നു.
“എന്തിനാ ശേഖരാ….. നിൻ്റെ മകളെ ഇനിയും പഠിപ്പിക്കുന്നേ….. നിങ്ങളൊക്കെ പാവങ്ങൾ അല്ലേ. ഇന്നത്തെക്കാലത്ത് ഒരു ജോലി കിട്ടാനൊക്കെ വല്യ പാടാണ്. നീയിക്കിടന്ന് കഷ്ടപ്പെടണ പൈസയൊക്കെ വെറുതെ പോവുകയല്ലാതെ ഒന്നും നടക്കാൻ പോണില്ല.” ജോലി ചെയ്യുന്ന വീട്ടിലെ മുതലാളിയുടെ വാക്കുകൾ രണ്ടാം ക്ലാസ്സുവരെ മാത്രം പഠിച്ചിട്ടുള്ള ശേഖരന് വേദവാക്യമായിരുന്നു.
” അപ്പോ ….. ഇനി പഠിപ്പിച്ചിട്ട് കാര്യമില്ല അല്ലേ മുതലാളി. എം.എ വരെ പഠിച്ചു. ഇനിയും എന്തോ ടീച്ചർ ആവാൻ പഠിക്കണമെന്നാ മോള് പറയണത്.”
” ടീച്ചർ ആവാനൊക്കെ നല്ല കാശ് കൊടുക്കണം, സർക്കാർ സ്കൂളുകളൊക്കെ ഇപ്പോൾ പൂട്ടി കൊണ്ടിരിക്കുകയല്ലേ. കുട്ടികൾ ഇല്ലാ അവിടെ പഠിക്കാൻ. ഒക്കെ കാശ് കൊടുത്ത് വലിയ ഇംഗ്ലീഷ് മീഡിയം സ്ക്ളുകളിലാ പഠിക്കുന്നത്.”
” അതെയോ മുതലാളി”
” പിന്നേ…. എൻ്റെ കണ്ണൻ തന്നെ സിറ്റിയിലെ വലിയൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അല്ലേ പഠിക്കുന്നത്. മാസം ഇരുപതിനായിരം രൂപയാ ഫീസ്” സ്വന്തം മകനെക്കുറിച്ച് അഭിമാനത്തോടെ അയാൾ പറഞ്ഞ വാക്കുകൾ മനസ്സിലാക്കാൻ ആ പാവപ്പെട്ടവന് കഴിഞ്ഞില്ല.
” മ്മ്”
“പിന്നെ അവിടെയൊക്കെ നിൻ്റെ മോൾക്ക് ജോലി വേണംന്ന് വച്ചാൽ പത്തും പതിനഞ്ചും ലക്ഷം രൂപ കൊടുക്കണേ”
” മ്മ്” എല്ലാം മൂളിക്കേട്ട ശേഖരൻ പിന്നെ ആലോചിച്ചത് ശാരിയുടെ വിവാഹത്തെക്കുറിച്ച് മാത്രമായിരുന്നു.
അങ്ങനെ മുതലാളി ചുണ്ടിക്കാണിച്ചു കൊടുത്ത ഒരു പയ്യൻ്റെ തലയിൽ മകളെ കെട്ടിവച്ചു അച്ഛൻ.
തൻ്റെ വീട്ടിലെ ജോലിക്കാരൻ്റെ മകൾ പഠിച്ച് ജോലി വാങ്ങുന്നതും തന്നെക്കാൾ ഉയർന്നു വരുമോ എന്നുള്ള അസൂയയും ഭയവുമായിരുന്നു ആ മനുഷ്യൻ്റെ വാക്കുകളിലുള്ളത് എന്ന് ചിന്തിക്കാനുള്ള വിവേകം ശേഖരന് ഉണ്ടായിരുന്നില്ല.
ഇരുപത്തിനാലാം വയസ്സിൽ അനിരുദ്ധൻ എന്ന മiദ്യപാനിയുടെ ഭാര്യയായി ഒരു വാടക വീട്ടിലേയ്ക്ക് കുടിയേറിയപ്പോഴും മനസ്സിൽ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഇഷ്ടക്കേടൊന്നുമില്ലാതെ നടന്ന വിവാഹം. സാമ്പത്തികമായി രണ്ടു കുടുംബവും തുല്യം. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനിരുദ്ധൻ വളർന്നത് ഒരു ബന്ധു വീട്ടിലായിരുന്നു. വിദ്യാഭ്യാസം തീരെ കുറവായിരുന്നു എങ്കിലും അത്യാവശ്യം അറിവും ബോധവും ഉള്ള മനുഷ്യൻ. നിയന്ത്രിക്കാൻ ആരുമില്ലാത്തതിൻ്റെ പേരിൽ ജീവിതം കൈവിട്ടു പോയൻ. മiദ്യത്തിൽ ലiഹരി കണ്ടെത്തിയവൻ.
സാമ്പത്തികം കുറഞ്ഞുപോയതിൻ്റെ പേരിൽ, സ്ത്രീധനമായി ഒന്നും കൊടുക്കാനി ല്ലാത്തതിൻ്റെ പേരിൽ അനിരുദ്ധൻ എന്ന കുiടിയനായ മനുഷ്യൻ്റെ, അതിലുപരി പല സ്ത്രീകളിലും ആസക്തി തീർക്കുന്ന ഒരു വൃiത്തികെട്ടവൻ്റെ ഭാര്യയാകേണ്ടിവന്നു അവൾക്ക്. ഒറ്റ മകളായിരുന്നിട്ടും ബാധ്യതകളുടെ പട്ടിക നിരത്തി ശല്യം ഒഴിവാക്കിവിട്ട വീട്ടുകാരോട് തെല്ലും പരിഭവമില്ലാതെ അവൾ അയാൾക്കൊപ്പം ചെറിയൊരു വാടക വീട്ടിലേയ്ക്ക് വലതുകാൽവച്ച് കയറുമ്പോഴും സ്നേഹം കൊണ്ട് ആ മനുഷ്യനെ മാറ്റിയെടുക്കാമെന്ന് സ്വപ്നം കണ്ടവൾ. പക്ഷെ ആ സ്വപ്നത്തിന് യാതൊരർത്ഥവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടുള്ള ജീവിതം അവളെ പഠിപ്പിച്ചു.
അവസ്ഥ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും ആരെയും ഒന്നുമറിയിക്കാതെ ആ ചെറിയ വീട്ടിനുള്ളിൽ ഒതുങ്ങി ജീവിക്കാൻ അവൾ പഠിച്ചു. ആശാരിപ്പണിക്കാരനായ ഭർത്താവ് കുടിച്ചു ലെക്കുകെട്ടു രാത്രി ഏറെ വൈകി വീട്ടിലേക്ക് കയറി വരുകയും സംശയത്തിൻ്റെ പേരിൽ അതിക്രൂiരമായി ഉiപദ്രവിക്കുകയും ചെയ്യു മായിരുന്നു. എങ്കിലും അവൾ അതെല്ലാം സഹിച്ചു മുന്നോട്ട് പോയി.
മൂന്നുന്നാല് വർഷം കരഞ്ഞു തീർത്ത കണ്ണീർ ഒരു കടലോളം ഉണ്ടാകുമായിരുന്നു. മൂത്ത കുട്ടിയ്ക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോഴേയ്ക്കും രണ്ടാമതും അവൾ ഗർഭിണിയായി. ആ അവസ്ഥയിലും അനിരുദ്ധനിൽ നിന്നും ഒരുപാട് ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടുണ്ട് അവൾക്ക്. രണ്ട് കുട്ടികളും തൻ്റേതല്ല എന്ന കാരണം പറഞ്ഞ് പിന്നീടുള്ള ദിവസങ്ങളും അയാൾ അവളെ പൊതിരെ തiല്ലി.
വീടിനടുത്തുള്ള വിധവയായ ഒരു സ്ത്രീയുമായി അയാൾക്ക് അiവിഹിതബന്ധമുണ്ടായിരുന്നു. ആ മനുഷ്യനെക്കാൾ പ്രായമുള്ള സ്ത്രീയായിരുന്നു അവർ. എന്നിട്ടും അവർക്ക് വേണ്ടി അയാൾ എന്തും ചെയ്യും. സ്വന്തം ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ഒരു നേരത്തെ ആഹാരം പോലും മര്യാദയ്ക്ക് കൊടുക്കാതെ ആ സ്ത്രീയെ അണിയിച്ചൊരുക്കി കൊണ്ടു നടക്കും. ഭാര്യാഭർത്താക്കൻമാരെപ്പോലെയാണ് അവർ ജീവിച്ചത്. ആദ്യ ഭർത്താവിൽ ജനിച്ച ഒരു മകനുണ്ടായിരുന്നു ആ സ്ത്രീയ്ക്ക്. അവനെ സ്വന്തം കുഞ്ഞിനെപ്പോലെ അനിരുദ്ധൻ കൊണ്ടുനടന്നു. ഒന്നും കണ്ടില്ല എന്നു നടിച്ച്അ പ്പോഴും ഭർത്താവിൻ്റെ ക്രൂiരമായ പീഠനങ്ങൾ സഹിച്ച് ശാരി ജീവിതം തുടർന്നു. സ്വന്തമായി വരുമാനമില്ലാതെ സംശയരോഗിയും മiദ്യപാനിയുമായ ഭർത്താവിനൊപ്പം ജീവിക്കുക എന്നത് ഏതൊരു സ്ത്രീയ്ക്കും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
കഴിക്കാൻ നല്ല ആഹാരമില്ലാതെ……. ഉടുക്കാൻ വൃത്തിയുള്ള വസ്ത്രങ്ങളില്ലാതെ……. കിടന്നുറങ്ങാൻ സുരക്ഷിതമായൊരിടമില്ലാതെ ………… ജന്മം കൊടുത്ത മക്കൾക്ക് നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കാൻ കഴിയാതെ……… നെടു വീർപ്പിലും കണ്ണീരിലും ജീവിതമൊഴുക്കി കളയുന്ന നിരവധി സ്ത്രീകളുണ്ട് ഈ നാട്ടിൽ. അതിൽ ഒരാളായിരുന്നു ശാരിയും.
അച്ഛൻ്റെ മരണശേഷം ആകെയുണ്ടായിരുന്ന മൂന്ന് സെൻ്റും വീടും ഒറ്റ മകളായ ശാരിയുടെ പേരിലേയ്ക്ക് കിട്ടിയതു കൊണ്ട് വാടക വീട്ടിലെ താമസം മതിയാക്കേണ്ടി വന്നത് തെല്ലൊരു ആശ്വാസമായി. സ്വന്തം വീട്ടിലേയ്ക്ക് തിരികെ വരുമ്പോൾ എല്ലാത്തിനും കൂട്ടായി ഇനി അമ്മയുണ്ടല്ലോ എന്ന സന്തോഷമായിരുന്നു മനസ്സു നിറയെ .
പക്ഷെ അപ്പോഴും അവൾ ചിന്തിക്കാത്ത ഒരു കാര്യമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു ഭർത്താവിനൊഷം മറ്റൊരു വീട്ടിലേയ്ക്ക് പോകുന്ന മകൾ ജീവിക്കാൻ മാർഗ്ഗമില്ലാതെ കുട്ടികളുമായി തിരികെ വരുന്നത് അച്ഛനമ്മമാർക്ക് വലിയൊരു ബാധ്യത യായിത്തീരുമെന്നത്. അതിൻ്റെ പേരിൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വരുമെന്നുള്ളത്. പൊന്നുരച്ചു കൊടുത്തു വളർത്തിയതായാലും താലിച്ചരട് കഴുത്തിൽ വീണുകഴിഞ്ഞാൽ പിന്നെ ഒരു മകൾ സ്വന്തം വീട്ടിൽ വിരുന്നുകാരിയാകാനേ പാടുള്ളു.
ഭർത്താവിൻ്റെ മരണശേഷം അടുത്തുള്ള ഒരു വലിയ വീട്ടിൽ ജോലിക്കാരിയായി നിന്നു ജീവിതം തള്ളിനീക്കുന്ന സുമതിയ്ക്ക് മകളും മരുമകനും പേരക്കുട്ടികളും വീട്ടിൽ തിരിച്ചെത്തിയത് ശരിക്കും ഒരു ബുദ്ധി മുട്ടാകുകയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അവർ പലതും പറഞ്ഞു. അതെല്ലാം സഹിക്കാനുള്ള ശക്തി തരണേ എന്നു മാത്രമായിരുന്നു ശാരിയുടെ പ്രാർത്ഥന.
പലപ്പോഴും പട്ടിണികിടന്ന് തളർന്നുറങ്ങുന്ന മക്കളെ നോക്കി അവൾ കണ്ണീരൊഴുക്കിയിരുന്നിട്ടുണ്ട്. അപ്പോഴും മക്കളെക്കുറിച്ചോ ഭാര്യയെക്കുറിച്ചോ ഒന്നും ഓർക്കാതെ ജോലി ചെയ്ത് കിട്ടുന്ന പൈസയ്ക്ക് കുടിച്ച് ബോധമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന ഭർത്താവിനു മുന്നിൽ നിശബ്ദയായിരുന്നു ശാരി. അയാളുടെ ക്രൂiരമായ ശകാരങ്ങളും മർദ്ദനവും സഹിച്ച് ആ വൃത്തി കെട്ടവൻ്റെ ഉള്ളിൽ തിളച്ചു മറിയുന്ന ആസക്തി തീർക്കാനുള്ള ഒരു ഉപകരണമായി പലപ്പോഴും കിiടക്കേണ്ടി വന്നിട്ടുണ്ട് ആ പാവം പെണ്ണന്. താലികെട്ടുന്ന ഭാര്യയിൽ ഭർത്താവിനുള്ള ഏക അവകാശം അതു മാത്രമാണെന്ന് ചിന്തിക്കുന്ന പല പുരുഷൻമാരും ഇന്നും ഈ ലോകത്ത് ജീവിക്കുന്നു എന്നതൊരു സത്യം മാത്രം.
പെൺമക്കളുടെ വളർച്ച കാണും തോറും ശാരിയെന്ന അമ്മയുടെ മനസ്സ് കനൽ വീണപോലെ പൊള്ളുമായിരുന്നു. ഇന്നത്തെ ലോകം വളരെ ഭയാനകമാണ്. ബന്ധങ്ങൾക്ക് വിലകൽപ്പിക്കാതെ കാiമം തീർക്കാൻ പാഞ്ഞു നടക്കുന്ന കാപാലികരുടെ കണ്ണുകളിൽ തൻ്റെ കുട്ടികൾ പെട്ടു പോകുമോ എന്ന ഭയം. അതിനെ ക്കാളുപരി കുടിച്ചു ബോധമില്ലാതെ വീട്ടിലേയ്ക്ക് കയറിവരുന്ന ഭർത്താവ് മുന്നിൽ നിൽക്കുന്നത് സ്വന്തം മക്കളാണെന്ന് മറന്നു പോയാലുള്ള അവസ്ഥ. എല്ലാം ആ അമ്മയുടെ ഉറക്കംകെടുത്തി. ഇനിയും ഒതുങ്ങിക്കൂടിയാൽ മക്കളുടെ ജീവിതം നiശിച്ചു പോകുമെന്ന തിരിച്ചറിവ് എന്തെങ്കിലും ഒരു ജോലി ചെയ്യാൻ അവളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
ഭർത്താവ് അറിയാതെ ജോലിക്ക് പോകണം. മക്കൾ സ്കൂളിൽ നിന്ന് വരുന്നതിനു മുൻപ് തിരികെ വീട്ടിൽ എത്തണം. എം.എ വരെ പഠിച്ചതു കൊണ്ട് സിറ്റിയിലോ മറ്റോ ജോലിയ്ക്ക് ശ്രമിച്ചാൽ കിട്ടും. പക്ഷേ അവിടുത്തെ സമയക്രമം ശാരിയുടെ രീതിയ്ക്ക് ശരിയാകില്ല. അങ്ങനെയാണ് അമ്മയോടൊപ്പം അടുത്തുള്ള വീടുകളിൽ ചെറിയ ചെറിയ ജോലിയ്ക്ക് പോകാൻ തുടങ്ങിയത്. മുറ്റം തൂക്കാനും പാത്രം കഴുകാനും വീട് വൃത്തിയാക്കാനും തുണി അലക്കാനും മറ്റും. അതിലൊന്നും ഒരു അഭിമാനക്കുറവും അവൾക്ക് തോന്നിയതുമില്ല. മക്കളെ നന്നായി വളർത്തുക, അവർക്ക് നല്ല വിദ്യാഭ്യാസവും വസ്ത്രങ്ങളും ആഹാരവും കൊടുക്കുക എന്നതിനപ്പുറം ആ അമ്മയ്ക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല.
ശാരിയുടെ അവസ്ഥയിൽ സഹതപിച്ചവരും പരിഹസിച്ചുവരും ഒരുപാടുണ്ടായിരുന്നു ആ നാട്ടിൽ. ഒന്നിലും ചെവി കൊടുക്കാതെ അവൾ തൻ്റെ ജോലി തുടർന്നു.
അയൽക്കാർക്കും ബന്ധുക്കൾക്കും അവളെക്കുറിച്ച് പല കഥകളും പറയാനുണ്ടായിരുന്നു.
‘ഭാര്യയേയും മക്കളെയും നല്ലതുപോലെ നോക്കുന്ന ഭർത്താവുണ്ടായിരുന്നിട്ടും വീട്ടുജോലിയ്ക്ക് പോകുന്നെന്ന പേരിൽ വ്യiഭിചരിക്കാൻ നടക്കുന്നവൾ’
‘ നല്ല വിദ്യാഭ്യാസ മുണ്ടായിരുന്നിട്ടും നല്ലൊരു ജോലിയ്ക്ക് ശ്രമിക്കാതെ വൃiത്തികെട്ട ജോലിയ്ക്ക് പോകുന്നവൾ.’ ഈ പറയുന്നവർക്ക് അറിയില്ലല്ലോ ഓരോ ജോലിയ്ക്കും അതിൻ്റേതായ മഹത്വമുണ്ടെന്ന്.
‘ പാവം പെണ്ണ്….. എങ്ങനെ ജീവിക്കേണ്ടതാ….. കണ്ടില്ലേ അതിൻ്റെ ഒരു അവസ്ഥ’
അങ്ങനെ നല്ലതും ചീiത്തയുമായ പല കമൻ്റുകളും കേൾക്കേണ്ടി വന്നു ശാരിക്ക്. ഒന്നിലും പതറാതെ മുന്നോട്ട് ജീവിക്കാനുള്ള കരുത്താർജ്ജിച്ചിരുന്നു അവൾ. സ്വന്തം ജീവിതം കൊണ്ട് പലതും പഠിച്ചു. കൈയ്യിൽ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു പോയാൽ സഹായത്തിന് ഒരാളുമുണ്ടാകില്ലെന്ന് അവൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. പക്ഷേ അവളുടെ ആ നിസ്സഹായാവസ്ഥ മുതലെടുക്കാനും ചിലരുണ്ടായി.
ഭർത്താവിൻ്റെ കുറവുകൾ പറഞ്ഞ് രഹസ്യമായൊരു ജീവിതം വാഗ്ദാനം ചെയ്ത പല മാന്യന്മാരെയും പുച്ഛിച്ചുതള്ളി അവൾ. ആയിരം രൂപയുടെ ജോലി ചെയ്യിച്ച് ഇരുന്നൂറു രൂപ കൂലി കൊടുത്ത് പറ്റിച്ചു ചില വീട്ടുകാർ. എന്നിട്ടും ഒന്നുമറിയാത്തവളെപ്പോലെ അവൾ നിന്നു. കാരണം താൽക്കാലം പിടിച്ചു നിൽക്കാനൊരു പിടിവള്ളി വേണമായിരുന്നു അവൾക്ക്.
ഓരോ വീടുകളിൽ നിന്നും ജോലി കഴിയുമ്പോൾ കിട്ടുന്ന ആഹാരം അവൾ എടുത്ത് പൊതിഞ്ഞ് മാറ്റി വയ്ക്കും. വൈകുംന്നേരം വിശന്ന വയറുമായി വീട്ടിലേയ്ക്ക് വരുന്ന മക്കളുടെ വിശപ്പകറ്റാൻ. ചിലപ്പോൾ അവൾക്ക് കിട്ടുന്ന ആഹാരത്തിന് രണ്ടും മൂന്നും ദിവസത്തെ പഴക്കമുണ്ടാകും….. ചിലപ്പോൾ കിട്ടുന്നത് ആരെങ്കിലുമൊക്കെ കഴിച്ചതിൻ്റെ ബാക്കിയാകും.
ആവശ്യമില്ലാതെ കളയുന്നതാണെങ്കിൽകൂടി അവൾക്ക് കൊടുക്കുന്ന ആഹാരത്തിന് കണക്ക് പറയുന്നവരും ഉണ്ട്. പട്ടിയ്ക്ക് കൊടുക്കുന്ന ആഹാരമാണെങ്കിൽ പോലും പിച്ചക്കാരന് കൊടുക്കേണ്ടി വരുമ്പോൾ വേദന തോന്നുന്നവർ.
എങ്കിലും ആഹാരത്തിൻ്റെ വില അറിയുന്നതുകൊണ്ട് അവളത് രണ്ടുകൈയ്യും നീട്ടി വാങ്ങും. അങ്ങനെ അത്യാവശ്യം അവരുടെ കാര്യങ്ങൾ മുന്നോട്ട് പൊയ്കൊണ്ടിരുന്നു.
ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു ചെറിയ വിഹിതം മാറ്റിവച്ചു. അങ്ങനെ ഒരു വർഷത്തിനു ശേഷം അവൾ ഒരു മൊബൈൽ ഫോൺ വാങ്ങി. ജോലി ചെയ്തു ക്ഷീണിച്ച് വീട്ടിലെത്തുമ്പോഴേയ്ക്കും പന്ത്രണ്ടും പത്തും വയസ്സായ ശിവാനിയും ശിവഗംഗയും വീട്ടിലെ ജോലികൾ തീർത്തിട്ടുണ്ടാകും. പിന്നെയുള്ള അത്യാവശ്യ കാര്യങ്ങൾ കഴിഞ്ഞ് അമ്മയും മക്കളും പഠിക്കാനായി ഇരിക്കും. മക്കൾ പുസ്തകത്തിലുള്ളത് പഠിക്കുമ്പോൾ അമ്മ മൊബൈലിലൂടെ പി എസ് സി പഠിക്കും. അങ്ങനെ വീണ്ടും മൂന്നുനാല് വർഷം കടന്നുപോയി. അതിനിടയിൽ അനിരുദ്ധൻ വിധവയായ സ്ത്രീയ്ക്കൊപ്പം നാടുവിട്ടു പോവുകയും ചെയ്തു. ശരിക്കും അത് ശാരിയ്ക്ക് രക്ഷയായി എന്നുതന്നെ പറയാം.
ശല്യങ്ങളൊന്നുമില്ലാതെ ആ അമ്മയും മക്കളും ചെറിയ വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞു. അത്യാർത്തിയില്ലാതെ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ട് മുന്നോട്ട് ജീവിച്ചു. അമ്മയുടെ കഷ്ടപ്പാടിൻ്റെ വിലയറിയുന്ന മക്കൾ എപ്പോഴും ശാരിക്ക് തുണയായി നിന്നു.
മറ്റുള്ള കുട്ടികളെപ്പോലെ ഒന്നിനു വേണ്ടിയും വാശിപിടിക്കാതെ……. ഒന്നിലും അമിതമായ ആഗ്രഹം പ്രകടിപ്പിക്കാതെ വണ്ടികൂലിയായും മറ്റുള്ള ആവശ്യങ്ങൾക്കും അമ്മ കൊടുക്കുന്ന ചെറിയ തുകയിൽ നിന്ന് മിച്ചം പിടിച്ചും ശാരിയെ സഹായിച്ചു അവർ.
അങ്ങനെ വീണ്ടും മാസങ്ങൾ പലത് കടന്നു പോയി. വീട്ടുവേല ക്കാരിയുടെ വേഷം അഴിച്ചു വയ്ക്കാൻ സമയമായെന്നുള്ള ഉത്തരവ് ഒരിക്കൽ അവളുടെ വീടിൻ്റെ പടി കടന്നെത്തി. നാട്ടിൽ തന്നെ വില്ലേജ് ഓഫീസറായി നിയമിച്ചുകൊണ്ടുള്ള പി എസ് സി ഉത്തരവ് വളരെയധികം സന്തോഷത്തോടെ ആ അമ്മയും മക്കളും സ്വീകരിച്ചു.
കഠിനമായ അധ്വാനത്തിൻ്റേയും പരിശ്രമത്തിൻ്റെയും ഫലം സർക്കാർ ജോലിയുടെ കുപ്പായമായി ശാരിയുടെ ജീവിതത്തിലേയ്ക്ക് വന്നു.
ഇന്ന് വൃത്തിയുള്ള വസ്ത്രം ധരിച്ച് വയറു നിറയെ ആഹാരം കഴിച്ച് അടച്ചുറപ്പുള്ള വീട്ടിൽ അത്യധികം സന്തോഷത്തോടെ അവൾ തൻ്റെ മക്കളേയും നെഞ്ചോട് ചേർത്ത് ജീവിക്കുന്നു. വീട്ടുജോലിയ്ക്ക് പോയിരുന്ന അമ്മയെ ജോലിയ്ക്കൊന്നും വിടാതെ സുഖമായി വീട്ടിൽ ഇരുത്തുന്നു ആ മകൾ.
അന്നൊരിക്കൽ അവളെ പരിഹസിച്ചവരും ആട്ടിപ്പായിച്ചവരും ഇന്ന് അവളുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ട ഒരു അവസ്ഥ ഉണ്ടായിരിക്കുന്നു. ഇതാണ് ജീവിതം….. ചിലപ്പോൾ ദൈവം ഒരാളെ ഒരുപാട് പരീക്ഷിക്കും ഒരുപക്ഷേ പിന്നീട് നല്ലതെന്തോ കൊടുക്കാനാകും.

