അവൾക്കായ്
എഴുത്ത്:- ഷെർബിൻ ആന്റണി
എന്നും വൈകിട്ട് ചാറ്റ് ചെയ്ത് തുടങ്ങുന്നത് നമ്മുക്ക് പിരിയാം എന്നാണെങ്കിലും പറഞ്ഞ് പറഞ്ഞ് കിടക്കാറാകുമ്പോൾ ഒടുക്കത്തെ പ്രണയമായി പോകും!
രാവിലെ എഴുന്നേറ്റയുടൻ വീണ്ടും അടി തുടങ്ങും വൈകും നേരം വരെ.ഒരു പ്രത്യേകതരം കോമ്പിനേഷനായിരുന്നു ഞങ്ങളുടേത്. ഗുഡ് മോണിംഗ് ഇടാൻ വൈകിയാൽ കുറ്റം, ഗുഡ് മോണിംഗിൻ്റെ കൂടെ ഡീയറേന്ന് ചേർത്താൽ ആക്കിയതാണോന്നും ചോദിക്കും, ഇല്ലേൽ ഇന്ന് ഞാൻ നിൻ്റെ ഡീയറല്ലേടാന്നും ചോദിക്കും.
നമ്മുക്ക് പിരിയാം അതാ നല്ലത് എപ്പോ നോക്കിയാലും വഴക്ക് മാത്രം. അവൾ പതിവ് പോലേ പറഞ്ഞ് തുടങ്ങി…
ശര്യാ.. എന്നിക്കും മടുത്തു. ഞാൻ ചെയ്ത ഒരേ ഒരു തെറ്റ് നിന്നോട് ഞാനെൻ്റെ പ്രണയം തുറന്ന് പറഞ്ഞതാണ്. പറയരുതായിരുന്നെന്ന് ഇപ്പോ തോന്നുന്നെടീ…
എന്നെ മറക്കാൻ നിനക്ക് കഴിയുമോടാ?
അതിന് ഞാൻ ചാകണം
അന്ന് നിന്നെ ഞാൻ കൊല്ലും !
നീ ഇപ്പോ എന്നെ ഇട്ടേച്ച് പോയാലും, ഞാൻ എങ്ങും പോകില്ലെടി കാരണം നിന്നെ പോലേ ഒരുത്തീനെ ഇനി എനിക്ക് എങ്ങ്ന്നും കിട്ടാനും പോകുന്നില്ല.എന്നേലും നിൻ്റെ മനസ്സ് മാറി തിരിച്ച് വരുമെന്ന് എനിക്കുറപ്പുണ്ട്.
അപ്പഴേക്കും നീ സെൻ്റി ആയോടാ….?
വീണ്ടും പ്രണയമഴ ചാറി തുടങ്ങി.
ഏതോ ഒരു fb ഗ്രൂപ്പിൽ നിന്നാണ് എനിക്കവളെ കിട്ടിയത് കമൻ്റിൽ തുടങ്ങിയ സൗഹൃദമായിരുന്നു ഞങ്ങളുടേത്. അന്ന് ഞാൻ ഗൾഫിൽ ആയിരുന്നു, അവൾ നാട്ടിലും.എഫ് ബി ആയിരുന്നു വിരസതകൾ അകറ്റാൻ ഏക മാർഗ്ഗം. അവൾ വന്നതോട് കൂടി ഞാൻ ഫുൾ ടൈം ഓൺലൈൻ ജീവിയായ് മാറി.
രണ്ട് ദിവസം തിരക്ക് മൂലം എന്നെ കാണാതായപ്പോൾ എന്നെ തേടിയവൾ എൻ്റെ ഇൻബോക്സിലുമെത്തി. പയ്യെ പയ്യെ ഞങ്ങൾ പ്രണയത്തിലുമായി.
ഞാൻ മനസ്സിൽ വിചാരിക്കുന്നത് അവൾക്കും, അവളുടെ ഉള്ളിലെന്താണ് എന്നും എനിക്കും അറിയാൻ സാധിച്ചിരുന്നു. അതാണ് ഞങ്ങളെ കൂടുതൽ അടുപ്പിക്കാൻ കാരണം
പെട്ടെന്നൊരു നാൾ അവളെ കാണാതായ്…മെസ്സേജുകൾ നിലച്ചു. കോളുകൾ പോവാതായ്….
നാട്ടിലെത്തി അവളെ തേടി നടക്കാൻ ഇനി എങ്ങും ബാക്കിയില്ല. അവൾ ചിലപ്പോഴൊക്കെ ഇങ്ങനെയാണ് കുറേ അധികനേരം എന്നിൽ നിന്നും മാറി നിൽക്കും എന്നെ പേടിപ്പിക്കാനായിട്ട്. പിന്നെ ഒരു വരവുണ്ട്… ആർത്തിരമ്പുന്ന കടല് പോലേ… തീരത്തണയുന്ന തിരമാല പോലേ എന്നിലേക്കവൾ വന്ന് ചേരും.
ഞാനിന്നും കാത്തിരിക്കുവാണ് അവൾക്കായ്….

