Story written by Shaan Kabeer
“കുട്ടിയെ നോക്ക് ആദ്യം, എന്നിട്ടുമതി എന്നോടുള്ള സംസാരം”
കോളിനിടക്ക് കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ ഷാൻ കബീറിന് സഹിക്കാൻ പറ്റിയില്ല.
“മോനെ ഉറക്കീട്ട് ഇപ്പൊ വരാവേ, ന്റെ ഇക്കൂസ് ഉറങ്ങോ…?”
“ഷാഹിനാ ഒരുകാര്യം ഞാൻ പറഞ്ഞേക്കാം, ആദ്യം കുട്ടിയുടെ കാര്യം നോക്ക്. പാവല്ലേ അത്. ഞാൻ ഇവിടെ ഉണ്ടാകും, ന്റെ പൊന്നു കുട്ടിയെ വേഗം ഉറക്കീട്ട് വാ… ആ പിന്നേ, ന്റെ മോളുസ് ഫുഡ് കഴിച്ചോ…?”
ഷാഹിന ഒന്നും മിണ്ടാതെ നിന്ന് പരുങ്ങി
“ഇക്കൂ…. സേ… പൊന്നൂ, ന്റെ ഹണി ന്നോട് പിണങ്ങോ”
ഷാനിന് ആകെ പരിഭ്രാന്തിയായി
“പറ പൊന്നൂസേ പറ, ന്റെ മുത്തുമണി ഫുഡ് കഴിച്ചില്ലേ…”
മടിച്ച് മടിച്ചാണെങ്കിലും ആ ഞെട്ടിക്കുന്ന സത്യം അവൾ വെളിപ്പെടുത്തി
“ഇല്ല, വിശപ്പില്ല. അതോണ്ടാ കഴിക്കാഞ്ഞേ, ന്റെ ഇക്കൂസ് ന്നോട് പിണങ്ങോ”
തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ മുണ്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി ഒന്ന് നെടുവീർപ്പിട്ട് ഷാൻ മെല്ലെ സംസാരിച്ചു
“ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലാ മായിരുന്നില്ലേ മോളൂ… ന്റെ പൊന്നൂനോട് ഞാൻ പറഞ്ഞിട്ടില്ലേ കൃത്യ സമയത്ത് ഫുഡ് കഴിക്കണം എന്ന്. പെട്ടന്ന് പോയി ഫുഡ് കഴിക്ക്, ന്റെ മോള് പട്ടിണി കിടന്നാൽ ഈ ഇക്കൂസ് തകർന്ന് പോവും… പ്ലീസ്”
ഷാഹിന കരച്ചിൽ അടക്കാൻ പാടുപ്പെട്ടു
“ന്തിനാ ഇക്കൂസേ എന്നെയിങ്ങനെ സ്നേഹിക്കുന്നേ…? ഞാൻ തോറ്റുപോവാ ഈ സ്നേഹത്തിന് മുന്നിൽ… ഒരു പെണ്ണിനെ ഒരു പുരുഷന് ഇത്രേം പ്രണയിക്കാൻ പറ്റോ ഇക്കൂ”
ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു
“എന്റെ കുട്ടിയുടെ കാര്യത്തിൽ പോലും ഇങ്ങക്ക് എന്തൊരു കേറിങ് ആണ്. ഈ കേറിങ് ന്റെ ഭർത്താവിന് ഇല്ലാത്തോണ്ടാ ഞാൻ നിങ്ങളിലേക്ക് എത്തിയേ… അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഈ ഇക്കൂന്റെ ഭാര്യയായി ജീവിക്കണം, ഇങ്ങളെ കേറിങ് മുഴുവൻ എനിക്ക് ആസ്വദിക്കണം”
പിന്നെ അവിടെ നടന്നത് രണ്ടുപേരുടേയും പൊട്ടി ക്കരച്ചിൽ ആയിരുന്നു. നിറ ക്കണ്ണുകളോടെ ഷാഹിന ഫോൺ കട്ട് ചെയ്ത് കുട്ടിയെ ഉറക്കാൻ തുടങ്ങി. ഈ സമയത്താണ് ഷാനിന് ഭാര്യയുടെ കോൾ വരുന്നത്
“ആ… ന്താണ്…?”
“ഇങ്ങളെ ഒരു വിവരോം ഇല്ലല്ലോ ഇക്കാ…? വിളിച്ചിട്ട് രണ്ട് ദിവസായല്ലോ”
“ഞാൻ ഇവിടുണ്ട്, എന്നും വിളിച്ച് സംസാരിക്കാൻ എന്താ ഉള്ളത്… എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ പോരെ”
ആ സമയത്താണ് കുട്ടി കരയുന്നത് ഷാനിന്റെ ചെവിയിലൂടെ തുളച്ച് കയറിയത്
“ഹേയ്, ഇതെന്ത് ചീറലാ ഇത്… അതിന്റെ വായിൽ വല്ല തുണിയും തിരുകി വെക്ക്… നീ വിളിക്കുമ്പോൾ എപ്പോഴും ഈ ഒച്ചയും ബഹളവും ആണല്ലോ”
“മോന് വയ്യാത്തോണ്ടല്ലേ ഇക്കാ, നല്ല പനിയാ. ഞാൻ ഈ സമയം വരെ അവന്റെ കൂടെയാ. ഞാനൊന്ന് തിരിഞ്ഞാൽ അപ്പോ കരയും. ഞാൻ ഒന്നും കഴിച്ചിട്ട് പോലുമില്ല”
“ഹോ പിന്നേ, ഇരുപത്തിനാല് മണിക്കൂറും തിന്നോണ്ടിരുന്നോ… ന്നാ ശരി ഞാൻ പിന്നെ വിളിക്കാം”
ഷാൻ ഫോൺ കട്ട് ചെയ്തതും ഷാഹിനയുടെ കോൾ വന്നു
“ന്റെ ഷാഹി മോളു ന്താ കഴിച്ചേ… എത്ര പിടി ചോറ് തിന്നു…? എത്ര കരണ്ടി കറിയൊഴിച്ചു…? മീൻ പൊരിച്ചത് തിന്നപ്പോൾ ന്റെ പൊന്നൂന്റെ വായിൽ മുള്ള് കുത്തിയോ…?”
ന്തൊരു കേറിങ്ങാണ് ന്റെ ഷാൻ കബീർ ഇക്കാക്ക്…

