സത്യം പറ ഇക്ക…എന്താ…എന്താ നിങ്ങൾ എന്നിൽ നിന്നും മറക്കുന്നത്…ഞാൻ വീണ്ടും ചോദിച്ചപ്പോഴും ഇക്ക ഒന്നും പറയാത്തത് കൊണ്ട് തന്നെ ഞാൻ ഫസ്‌ലു വിന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…….

എഴുത്ത്:- നൗഫു ചാലിയം

“ആമാ… .മ്മാ….

ആമാ… .മ്മാ….”

രാത്രി ഭക്ഷണവും കഴിച്ചു റൂമിലേക്കു കിടക്കുവാനായി കയറാൻ നേരത്തായിരുന്നു ആ വിളി ഞാൻ കേട്ടത്…

ഞാൻ അല്ല കേട്ടത് എന്റെ ഭർത്താവ് കേട്ടിട്ട് എന്നോട് പറയുകയായിരുന്നു…

“സുലു…”

ആരോ പുറത്ത് വന്നിട്ടുണ്ടെന്ന് തോന്നുന്നു…

ഞാൻ ശ്രെദ്ധിച്ചു നോക്കിയപ്പോൾ ഞാനും കേട്ടു ആ ശബ്ദം …

“ആമാ….മ്മാ….

ആമാ….മ്മാ….”

“പടച്ചോനെ എന്റെ മോൻ ഫസ്‌ലു ആണല്ലോ അത്…

ഞാൻ പെട്ടന്ന് തന്നെ പുറത്തേക്കുള്ള വാതിൽ തുറന്നു സിറ്റ് ഔട്ടിലേക് ഇറങ്ങി..”

“ആമാ മ്മാ….

ഞാൻ ആണ്…

ഫസ്‌ലു…”

എന്നെ കണ്ട ഉടനെ തന്നെ അവൻ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു…

“സമയം പത്തു പത്തര ആയത് കൊണ്ട് തന്നെ പുറത്തുള്ള ഗേറ്റ് ഉള്ളിലേക്കു പൂട്ടി ഇട്ടിരുന്നു… പുറത്തുള്ള ലൈറ്റ് ഓഫാക്കാറില്ല…

വീട്ടിൽ ആണേൽ ഞാനും എന്റെ ഭർത്താവും മാത്രമേ ഉള്ളൂ.. നാളെ ഒരു ദിവസം സ്കൂൾ ലീവ് കിട്ടിയപ്പോൾ മരുമോളും പേര കുട്ടികളും അവളുടെ വീട്ടിലേക് പോയതാണ്…”

“പുറത്താണെൽ ശക്തമായ മഴയുമാണ് രണ്ടു ദിവസമായി…

ഞാൻ വേഗം ഒരു കുടയുമെടുത്തു പുറത്തുള്ള ഗേറ്റ് തുറന്നു…അവനൊരു കോട്ട് ഇട്ട് അവന്റെ ബുള്ളറ്റിൽ ആയിരുന്നു വന്നിരുന്നത്..

അവനോ ഉള്ളിലേക്കു കയറ്റി ഗേറ്റ് പതിവ് പോലെ അടിച്ചിട്ടു.. ആ സമയം കൊണ്ട് തന്നെ അവൻ അവന്റെ കോട്ട് ഊരി വെച്ചിരുന്നു.. “

“ടാ… ഫസ്‌ലു…”

“അഞ്ചു കൊല്ലങ്ങൾക് ശേഷമുള്ള അവന്റെ മുഖം ഞാൻ കണ്ട് അവനെ സ്നേഹത്തോടെ വിളിച്ചു…”

“അസ്സലാമുഅലൈക്കും….

എനിക്കും അവന്റെ ഉപ്പാന്റെ അനിയനായ എന്റെ ഭർത്താവിനോടുമായി സലാം ചൊല്ലി അവൻ സിറ്റൗട്ടിലേക് കയറി…”

“ഞാൻ ചായ എടുക്കാം…”

അവനോട് പറഞ്ഞു വീടിനുള്ളിലേക് കയറാൻ തുടങ്ങിയപ്പോൾ തന്നെ അവൻ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു…

“വേണ്ട… ആമാ മ്മാ… ഞാൻ ഇപ്പൊ ഇറങ്ങും… ഇന്ന് രാവിലെ അല്ലേ വന്നത്…എല്ലാവരുടെ അടുത്തും കയറി ഇറങ്ങി പറ്റെ നേരം വൈകി… ഇങ്ങള് ഉറങ്ങിയിട്ടുണ്ടാവുമോ എന്ന് ഞാൻ കരുതിയിരുന്നു…എന്നാലും വെറുതെ ഒന്ന് വന്നു നോക്കിയതാ…”

അവന്റെ മുഖത് പണ്ട് തൊട്ടേ ഉണ്ടാവാറുള്ള പതിവ് ചിരിയോടെ എന്നെ നോക്കി അവൻ പറഞ്ഞു…

” നിനക്ക് നാളെ രാവിലെ വന്നാൽ പോരായിരുന്നോ… ഈ രാത്രി തന്നെ വരേണ്ടിയിരുന്നില്ല ല്ലോ…”

അവൻ വീട്ടിലേക്കുള്ള ഇടവഴി ക്ക് വണ്ടി ഓടിച്ചു വന്നത് ഓർത്തായിരുന്നു ഞാൻ പറഞ്ഞത്…

“ഹേയ് അത് ശരിയാവില്ല… ഞാൻ എല്ലായിടത്തും കയറി ഇറങ്ങി ഇനി ഇവിടെ മാത്രം കയറാതെ എങ്ങനെയാ പോവുക…”

അവൻ ഞങ്ങളെ നോക്കി പറഞ്ഞു..

“എന്നാലും നീ ഇവിടെ ഇരി.. ഞാൻ ഒരു ഗ്ലാസ് ചായ ഉണ്ടാക്കി തരാം… അതെങ്കിലും കുടിക്കാതെ എങ്ങനെയാ… “

“ഞാൻ അതും പറഞ്ഞു അവന്റെ മറുപടിക്ക് നിൽക്കാതെ…അടുക്കളയിലേക് പോയി…

നിന്നാൽ അവൻ എന്തെങ്കിലും പറയും..”

“പാവമാണ്…

ഓരോരോ കഷ്ടപ്പാട് കൊണ്ട് അഞ്ചു കൊല്ലമായിട്ട് നാട്ടിലേക് വരുവാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു..

ആദ്യ രണ്ടു കൊല്ലം എന്തോ ബിസിനസ് ചെയ്തു അത് പൊട്ടി അതിന്റെ കടം തീർക്കാൻ ഏതോ കമ്പനിയിൽ കയറിയെന്ന് കേട്ടിരുന്നു…

പിന്നെ ഒരു മൂന്നു കൊല്ലാം ആ കമ്പനിയിൽ തന്നെ ആയിരുന്നു…

അതിനിടയിൽ വീട് പണിയും വന്നു…

ഇപ്പൊ അതൊക്കെ തീർന്നിട്ടുണ്ട്…

ഇനി വേണം ചെക്കന് ഒരു പെണ്ണ് നോക്കാൻ… ഇന്നലെ ഇവൻ വരുന്നുണ്ടെന്ന് പറയാൻ നാത്തൂൻ പറഞ്ഞത് പോലും ഇതേ കാര്യമായിരുന്നു…

ഇതിനിടക്ക് ഒരു പെണ്ണിനെ കണ്ട് ഏകദേശം ഉറപ്പിച്ചു വെച്ചു വള യെല്ലാം ഇട്ട് വെച്ചിരുന്നു.. പക്ഷെ അവർക്ക് ചെക്കനെ അങ്ങോട്ട് കിട്ടണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തന്നെ വേണ്ടാ എന്ന് വെച്ചു… നാത്തൂൻ ആകെ ഒരു മോനേ ഉള്ളൂ…അവനെ അങ്ങോട്ട്‌ കൊടുക്കണമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ.. ഇനി ഞങ്ങൾ സമ്മതിച്ചാലും അവൻ സമ്മതിക്കില്ലല്ലോ…”

ചായ തിളച്ചപ്പോൾ അവനുള്ളതും ഇക്കാക് ഉള്ളതും എടുത്തു പുറത്തേക് ചെന്നപ്പോൾ…ഇക്കാന്റെ മുന്നിൽ കൊച്ചു കുഞ്ഞിനെ പോലെ കരയുന്ന ഫസ്‌ലു വിനെ ആയിരുന്നു…

“എന്താ…

എന്ത്‌ പറ്റി എന്റെ മോന്…”

കയ്യിലുള്ള ഗ്ലാസ് ടേബിളിൽ വെച്ച് മിടിക്കുന്ന നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു…

” ഹേയ് അതൊന്നും ഇല്ലെടി… ഞങ്ങൾ ഓരോന്ന് സംസാരിക്കുകയായിരുന്നു…”

ഇക്ക എന്നോട് എന്തോ മറക്കാൻ എന്ന പോലെ എന്നോട് പറഞ്ഞു…

“സത്യം പറ ഇക്ക…എന്താ…എന്താ നിങ്ങൾ എന്നിൽ നിന്നും മറക്കുന്നത്…”

ഞാൻ വീണ്ടും ചോദിച്ചപ്പോഴും ഇക്ക ഒന്നും പറയാത്തത് കൊണ്ട് തന്നെ ഞാൻ ഫസ്‌ലു വിന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

” എന്ത്‌ പറ്റി മോനേ…?

ആമാ മ്മയോട് പറ…”

അവൻ എന്നെ ഒന്ന് നോക്കി…

“ആമേ… എന്റെ അവിടുത്തെ ജോലി പോയി…

ഞാൻ എക്സിറ്റ് അടിച്ചാണ് വന്നത്… കൈയിൽ ആണേൽ ഒന്നും ഇല്ല…

കിട്ടിയിരുന്ന ശമ്പളം മുഴുവൻ ഞാൻ വീട് പുതുക്കി പണിയാനായി ഉപയോഗിക്കുകയും ചെയ്തു…

ഇനി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല ആമേ…”

അവൻ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു…

വീണ്ടും തുടർന്നു…

” ആമേ ഞാൻ വരുമ്പോൾ ഒന്നും കൊണ്ടു വന്നിട്ടില്ല…

അത് കൊണ്ടു തന്നെ ഞാൻ എങ്ങോട്ടും പോയിട്ടില്ല… എങ്ങനെ ഒന്നും ഇല്ലാതെ കയറി ചെല്ലുക…

രാവിലെ വീട്ടിൽ എത്തിയത് മുതൽ റൂമിൽ തന്നെ ആയിരുന്നു…

ഉമ്മാന്റെ കയ്യിൽ ഉള്ളതെല്ലാം വീട് പണിക്കായി എടുത്തു ബാങ്കിൽ ആണ്…

പിന്നെ ഉപ്പാന്റെ കാര്യം നിങ്ങൾക് അറിയാമല്ലോ…”

എനിക്കിനി എന്താണ് വേണ്ടതെന്നു അറിയില്ല…

“ഹോ അതാണോ കാര്യം…

എന്റെ മോനേ നീ എന്തിനാ പേടിക്കുന്നത്…

നിന്നെ അവർ എക്സിറ്റ് അടിച്ചെങ്കിലും നാട്ടിലേക് എത്തിയില്ലേ…

ഇനി ഒരു ജോലി അത് നമുക്ക് നോക്കാടാ… ആ കമ്പിനി മാത്രമല്ലല്ലോ ഈ ലോകത് ഉള്ളത്…

ഇനി നിനക്ക് ഇവിടെ കുറച്ചു ദിവസം കറങ്ങി തിരിയാനുള്ള പൈസയല്ലേ…അത് ഞാൻ ശരിയാക്കി തരാം…

ഇന്ന ഇത് രണ്ടു പവൻ ഉണ്ട്… ഇത് നീ എടുത്തോ… വിൽക്കുകയോ എന്ത്‌ വേണേലും ചെയ്തോ…”

ഞാൻ അത്രയും പറഞ്ഞു അവനെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ഇനി നീ എന്തിനാ കരയുന്നത്.. കരയല്ലേ ടാ…

നീ എന്റെ വയറ്റിൽ പിറന്നില്ലേലും നീയും എന്റെ മോൻ തന്നെ അല്ലേ…

ചിരിച്ചേ…ഞാൻ അവനെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു..

ആ സമയം എന്റെ കണ്ണിൽ നിന്നും കണ്ണ് നീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു…

അവൻ പോയി കഴിഞ്ഞു വീടിനുള്ളിലേക് കയറിയപ്പോൾ കെട്ടിയോന്റെ മുഖം ബലൂൺ പോലെ വീർത്തിട്ടുണ്ട്…

“ഏ ഇനി ഇങ്ങക്ക് എന്തെ…”

” ഞാൻ നിന്നോട് കഴിഞ്ഞ മാസം ആ വള ഒന്ന് ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞെതെന്ന് ഓർമ്മയുണ്ടോ…”

ഇക്ക പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചിരിച്ചു..

” ഉണ്ടല്ലോ… എന്റെ ജീവൻ പോയാലും തരില്ലെന്ന്…

പിന്നെ ആ പോയത് എന്റെ ജീവൻ ആണെന്ന് കരുതിക്കോ നിങ്ങൾ…

അവൻ ആ വള ഒന്ന് രണ്ടു മാസം കൊണ്ടു എനിക്ക് തന്നെ കൊണ്ടു തരും…

പക്ഷെ ഇങ്ങളെ വിശ്വാസിക്കാൻ പറ്റില്ല… ആ വള ഞാൻ പിന്നെ കാണില്ലെന്നേ… അത് കൊണ്ടല്ലേ…”

” പിന്നെ ഇങ്ങക്ക് വേണ്ടാ പൈസ ഞാൻ നമ്മുടെ മോനോട് പറഞ്ഞു വാങ്ങിയും തന്നിട്ടുണ്ടല്ലോ…

ഇങ്ങള് വേം വന്നു കിടക്കാൻ നോക്കി…”

ഞാൻ ഇക്കയുടെ കയ്യിലെക് ചേർന്നു നിന്നു കൊണ്ടു പറഞ്ഞു…

ഇഷ്ട്ടപെട്ടാൽ…👍👍👍

Leave a Reply

Your email address will not be published. Required fields are marked *