ചങ്കാണോ ഖൽബാണോ
Story written by Saji Thaiparambu
കവ്വായി പുഴയോരത്തെ കുളിക്കടവിൽ മു ലക്കച്ചകെട്ടിയ പെണ്ണുങ്ങൾ ,നീരാട്ട് കഴിയാറായിട്ടും, മേനിപറഞ്ഞ് കഴിഞ്ഞിരുന്നില്ല.
പുതിയ പരദൂഷണവുമായെത്തിയത്, ആറ്റുവക്കത്തെ ജാനുവായിരുന്നു.
“അല്ല ബീപാത്തുവേ, ജ്ജ്അ റിഞ്ഞില്ലാഹ്…. ?”
മുഖത്ത് സോപ്പ് തേച്ച് കൊണ്ടിരുന്ന ബീപാത്തു ഒന്ന് മുങ്ങി നിവർന്നിട്ട് ജാനുവിനോടാരാഞ്ഞു.
“എന്താ ജാനുവേ, അനക്ക് പിന്നേം, പള്ള ചാടിയ “
പാത്തുവിന്റെ ഹാസ്യാത്മക ചോദ്യം കേട്ട് ജാനു തിരുത്തലോടെ പറഞ്ഞു.
“അല്ലാന്ന്, എന്റെ വീടിന് മുട്ടീട്ട് ഒരു പൊരയില്ലേ? ആടെ പുതിയോരു ചെക്കനും, പെണ്ണുങ്ങളും, താമസിക്കണില്ലേ, “
പെട്ടെന്ന് ബീപാത്തു ഇടയ്ക്ക് കയറി ചോദിച്ചു.
” ങ്ഹാ, അത് കിഡ്നി പോയ ചെക്കനല്ലേ, “
“അതെ, ഇപ്പോൾ ഓന്റെ കാഴ്ചയും പോയന്നാ പറയുന്നേ”
ജാനു പറഞ്ഞത് കേട്ട്ബീ വാത്തു വിഷമത്തോടെ പറഞ്ഞു.
“അള്ളാ, വല്ലാത്തൊരദാബായി പോയല്ലാ, ആ പെണ്ണുങ്ങടെ കാര്യം’ ഓള്, കാണാൻ നല്ല മൊഞ്ചത്തിയാണല്ലേ?”
ബീപാത്തു ന്റെ ചേദ്യം ‘
” ഉം’ മൊഞ്ചത്തിയൊക്കെ തന്നെ ‘അതോണ്ടാണല്ലോ, ഓന്റെ ചങ്ങായീന്ന് പറഞ്ഞ് വേറൊരുത്തൻ രാവും പകലുമൊക്കെ ആട, കേറി എ റങ്ങുന്നുണ്ട്. “
അത് പറഞ്ഞപ്പോൾ ഞാനുവിന്റെ മുഖത്ത് അർത്ഥം വെച്ചൊരു ചിരി തെളിഞ്ഞു.
“കഷ്ടം, കാഴ്ചയില്ലാത്തോണ്ട് ഓനിതൊന്നുമറിയണുണ്ടാവില്ല, ല്ലേ ,ജാനുവേ?”
അവരുടെ സംഭാഷണം അങ്ങനെ പൊടിപ്പും തൊങ്ങലുമൊക്കെയായി അതിവേഗം, ആ കൊച്ചുഗ്രാമത്തിൽ, ഒരു വാർത്തയായി പടർന്നു പിടിച്ചു.
ഇത് മേൽപറഞ്ഞ കിഡ്നിയും, കാഴ്ചയും പോയ സലീമിന്റെ ഭാര്യ നൂർജഹാന്റെ ചെവിയിലുമെത്തി.
രാത്രി. സലിമിന് മരുന്ന് കൊടുത്തിട്ട് തോളിൽ കിടന്ന കോട്ടൻ ഷാള് കൊണ്ട്, അവന്റെ ചുണ്ട് തുടച്ച് കൊടുത്തിട്ട് അവൾ പറഞ്ഞു.
“സലിംക്കാ, ങ്ങടെ ചങ്ങായി വരുമ്പോൾ ഓരോട് പറയണം’ഇങ്ങട്ടുള്ള, സവാരി ലേശം കുറയ്ക്കണോന്ന്, വേണോങ്കില്, പകല് വന്നോട്ടെ. പക്ഷേ മോന്തിക്ക് കൂടി വരുമ്പോൾ ‘ അയല് വക്കത്തു ള്ളൊരൊക്കെ ഇപ്പോ വേണ്ടാധീനം പറയാൻ തൊടങ്ങീട്ടുണ്ട്”
അവൾ പറഞ്ഞ് നിർത്തുമ്പോൾ ശബ്ദമടഞ്ഞിരുന്നു.
” അതിന് ഈയ്യെന്തിനാ അതിനൊക്കെ ചെവിട്കൊ ടുക്കാൻ പോണ, പറയണോരെന്താച്ചാ പഞ്ഞോട്ടെ’ എനക്കറിയാം എന്റെ ഓളെയും, പിന്നെ ഫിറോസിനെയും .ജ്ജ്ബേ ജാറാവാണ്ടിവിടെ, കുത്തിരി, എനക്ക് അന്നോട്, ചെലത് പറയാനൊണ്ട്. “
അത് കേട്ടവൾ, കട്ടിലിൽ ,അവനരികിൽ ചേർന്നിരുന്നു.
സലിം അവളുടെ മിനുസ്സമുള്ള കൈകൾ രണ്ടും പരതിയെടുത്ത്, മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു.
“നൂരി, അന്നെ പോലൊരു മൊഞ്ചത്തിയെ ‘എന്റെയും, നിന്റെയും വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ, ഞാൻ വിളിച്ചിറക്കിക്കൊണ്ട് പേരുമ്പോൾ, അനക്ക് ഞാനൊരു വാക്ക് തന്നിരുന്നു.
അന്നെ ഞാൻ പൊന്നുപോലെ നോക്കുമെന്ന് . എന്നിട്ടിപ്പോ ഒന്നിനും കൊള്ളാത്തോനായിട്ട് വൃക്കയുമില്ല, കാഴ്ച്ചയുമില്ലാത്ത എന്നെ നീ, സഹിക്കുന്ന തോർക്കുമ്പോൾ എനക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു.
അവൻ തൊണ്ടയിടറി പറയുമ്പോൾ അവൾ ഇടയ്ക്ക് കയറി.
“ങ്ങള് ഒന്ന് മിണ്ടാണ്ട് കിടക്കുന്നുണ്ടോ, ഇതാ പ്പോ ,ചേല് .”
അവൻ പിന്നെയും തുടർന്നു.
“ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിര് പറയരുത്. “
” ഉം എന്താ?
അവന്റെ ചലിക്കുന്ന ചുണ്ടിലേക്ക് അവൾ സസൂക്ഷ്മം നോക്കിയിരുന്നു.
“അന്നെപ്പോല തന്ന എനക്ക് പ്രിയപ്പെട്ടതാ എന്റെ ചങ്ങായി, നീ എന്റെ ഖൽബാണെങ്കിൽ, ഓനെന്റെ ചങ്കാണ്.ഞാനൊരു കാര്യം പറഞ്ഞാൽ അവൻ എതിർക്കില്ലന്നാ എനക്ക് തോന്നുന്നത്.
ഒന്ന് നിർത്തിയിട്ട് അവളുടെ കൈപ്പത്തി നെഞ്ചോട് ചേർത്ത് വച്ച് അവൻ തുടർന്നു.
ഞാനിനി, എത്രനാളുണ്ടാവുമെന്ന് അറിയില്ല.
എനക്ക് വേണ്ടി ഒരാൾ വൃക്കയും, മറ്റൊരാൾ ഒരു കണ്ണും ദാനമായി കൊണ്ട് വരുമെന്ന് കരുതി ,ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങീട്ട്, നാളുകൾ കുറെയായില്ലേ,
ഇനി അങ്ങനൊരാളെ പ്രതീക്ഷിച്ചിരിക്കുന്നതിലർത്ഥമില്ല.
പെട്ടെന്നൊരു ദെവസം ‘ഞാനില്ലാണ്ടായാ നീ ഒറ്റക്കാവാൻ പാടില്ല’ അന്നെ വിശ്വസിച്ചേൽപിക്കാൻ എനക്ക് ഒരാളേയുള്ളു.
അത് ഓനാണ്. എന്റെ ചങ്ക് ഫിറോസ് . ഓൻ നിന്നെ പൊന്ന് പോല നോക്കും, നിക്കുറപ്പാ”
അപ്പോഴേക്കും അവന്റെ വായ പൊത്തിപ്പിടിച്ചിട്ട് അവൾ അരിശത്തോടെ പറഞ്ഞു.
“ഒന്ന് നിർത്തണുണ്ടോ, ഞാൻ നിങ്ങടൊപ്പം എറങ്ങി വന്നത്. എന്റെ തൊണ്ടക്കുഴിയിൽ നിന്ന് റൂഹ് എറങ്ങണ വരെ നിങ്ങടൊപ്പം പൊറുക്കാൻ വേണ്ടീട്ടാണ്. അല്ലാണ്ട്, ങ്ങളെ, മരണത്തിന് വിട്ട് കൊടുത്തിട് ഞമ്മക്കായിട്ട് ഒരു സൊകവും വേണ്ട’
എനക്കാണെങ്കിൽ , ഒരു കിഡ്നിയെ നല്ലതായിട്ടുള്ളു. എന്ന്ഡോ : പറഞ്ഞില്ലേ? അദ്ദേഹം സമ്മതി ച്ചിരുന്നെങ്കിൽഅതു തരാൻ ഞാനൊരുക്കവുമായിരുന്നു. പക്ഷേ അതിനും വിധിയില്ലല്ലോ, ഇനി മേലാൽ ഇമ്മാതിരി വർത്താനോം പറഞ്ഞോണ്ട് വന്നേക്കരുത്.
ആരേലും വരും നമ്മളെ, സഹായിക്കാൻ ഇല്ലെങ്കിൽ ,നമുക്കൊരു മിച്ച് പോകാം, ദുനിയാവിൽ കിട്ടാത്ത ജീവിതം നമുക്ക് ആഹിറത്തിൽ കിട്ടും.
കരുണയുള്ളവൻ നമ്മളെ കൈവിടില്ല’ പടച്ച തമ്പുരാനറിയാം, ങ്ങളെ, പ്രണയിച്ച് എനക്ക്പൂതി തീർന്നിട്ടില്ലാന്ന്.”
അതും പറഞ്ഞവൾ, അവന്റെ നെഞ്ചിലേക്ക് ഒരു പൊട്ടിക്കരച്ചിലോടെ വീണു.
ഇതെല്ലാം കേട്ടുകൊണ്ട് സലിമിനെ കാണാൻ വന്ന ഫിറോസ്,ഹൃദയവേദനയോടെ പുറത്തേക്കിറങ്ങി പോയി.
ഈ പ്രണയ കുസുമങ്ങൾ മദ്ധ്യാഹ്നത്തിലെ, പൊഴിയാൻ പാടില്ല.
തന്റെ ചങ്ങാതിയെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള ഉറച്ച തീരുമാനവുമായാണ് പിറ്റേന്ന് ഫിറോസ്അ വിടേക്ക് വന്നത്.
തന്റെ ഒരു കണ്ണും, വൃക്കയും തരാൻ ഒരുക്കമാണെന്ന് പറഞ്ഞ ഫിറോസിനെ, സലിം നിരുത്സാഹപ്പെടുത്തി.
” ഇല്ല ഫിറോസെ, നാളെ അനക്കും ഒരു ,ജീവിതം വേണ്ടതല്ലേ, അത് കൊണ്ട് നീ അവിവേകമൊന്നും ചിന്തിക്കണ്ട “
അത് പറഞ്ഞ ചങ്ങാതിയുടെ കൈപിടിച്ചിട്ട് ഫിറോസ് പറഞ്ഞു.
“ഡാ സലിമേ, നമ്മൾ ഒറ്റച്ചങ്കാന്നല്ലേ,നീയെപ്പോഴും പറയുന്നേ, ഇനി മുതൽ കിഡ്നിയും, കണ്ണും കൂടെ ഒന്നാകട്ടെടൊ, ആർക്കാ ചേതം”
അത് കേട്ട് ഫിറോസിനെ വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു, സലീം.
പിറ്റേന്ന് ‘നൂർജഹാനും, ഫിറോസും ചേർന്ന് സലിമിനെ പിടിച്ച് കൊണ്ട് വന്ന് വീട്ടുമുറ്റത്ത് കിടന്നിരുന്ന, ഓട്ടോറിക്ഷയിലേക്ക് കയറ്റി.
ചെമ്മൺ പാതയിലൂടെ പൊടിപറത്തി കടന്ന് പോയ ഓട്ടോറിക്ഷയിലേക്ക് നോക്കി നില്ക്കുമ്പോൾ, ജാനുവിന്റെ, അടുത്ത പരദൂഷണത്തിനായി, ബീപാത്തു കാതോർത്തു.

