പ്രേതത്തിന്റെ കൈ
എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.
സൂര്യാ അപ്പാ൪ട്മെന്റിൽ പതിനാറ് നിലകളാണ്. ഓരോ നിലയിലും ആറ് ഫ്ലാറ്റുകൾ. എട്ട് വ൪ഷമായി സിറ്റിയിൽ ആ കെട്ടിടം ഉയ൪ന്നിട്ട്. തൊട്ടടുത്തും അനേകം ബഹുനിലക്കെട്ടിടങ്ങൾ ഉണ്ട്. വലിയ വ്യവസായപ്രമുഖരും സിനിമാനടന്മാരും ഉദ്യോഗസ്ഥരും അവിടുത്തെ അന്തേവാസികളാണ്.
ടൌൺ സ്റ്റേഷനിൽ രാവിലെ തന്നെ ഒരു ഫോൺകാൾ വന്നു.
സ൪, സൂര്യാ അപാ൪ട്മെന്റിൽ എന്തോ ചില പ്രശ്നങ്ങൾ…
ആരാ വിളിച്ചത്?
ഒരു ജോസ് സ്റ്റാൻലി. അവരുടെ തൊട്ടടുത്ത ഫ്ലാറ്റിൽ, ബാൽക്കണിയിൽ എന്തൊക്കെയോ ചില സാധനങ്ങൾ വന്നു വീഴുന്നതായി അവരുടെ മെയിൻഡോറിന് പുറത്തുള്ള ക്യാമറയിൽ കണ്ടു എന്നാണ് കംപ്ലെയിന്റ്..
ശരി, നമുക്കവിടെവരെ ഒന്ന് പോയിനോക്കാം.
ടൌൺ എസ് ഐ സൂര്യാ അപാ൪ട്മെന്റിൽ വന്ന് ജോസ് സ്റ്റാൻലിയെയും കുടുംബത്തെയും വിശദമായി ചോദ്യംചെയ്തു.. അവർ തങ്ങളുടെ സിസിടിവിയിൽ പതിഞ്ഞ വിഷ്വൽസ് എസ്ഐക്ക് കൈമാറി. പോലീസുകാർ അതൊക്കെ പരസ്പരം ചർച്ചചെയ്യുകയും കോറിഡോറിലൂടെ നടക്കുകയും ബാൽക്കണി യിലേക്ക് നോക്കുകയും ഒക്കെ ചെയ്തു.
തൊട്ടടുത്ത കുടുംബങ്ങളിലെ ആളുകളെയും വിളിച്ചുവരുത്തി. എല്ലാവരും ഒരേ വാക്കുകൾ പറഞ്ഞു. ആരുടെ സംസാരത്തിലും ഒരു സംശയവും തോന്നിയതുമില്ല. എല്ലാവരും ആശങ്കാകുലരായി കാണപ്പെട്ടു.
സിസി ടിവിയിൽ കാണുന്നത് അർദ്ധരാത്രി പന്ത്രണ്ടരയോടെ ചില സാധനങ്ങൾ അവരുടെ ബാൽക്കണിയിലേക്ക് വന്നുവീഴുന്നതാണ്. അത് ആരാണ് അവിടെ കൊണ്ടുവന്നിടുന്നത് എന്ന് പോലീസുകാർ പരിസരം വീക്ഷിച്ചു കണ്ടെത്താൻ ശ്രമിച്ചു. ആരും പുറത്തിറങ്ങാതെ എല്ലാവരുടെയും വാതിലുകൾ അടഞ്ഞു കിടക്കുമ്പോൾ എങ്ങനെ സാധനങ്ങൾ അവിടെവന്ന് വീഴുന്നു എന്നതിൽ എല്ലാവരും ആശ്ചര്യപ്പെട്ടു. രണ്ട് മാസങ്ങൾ കടന്നുപോയി. ആരെയും പിടികിട്ടിയില്ല.
എസ്ഐയും സംഘവും ഇടക്ക് അപ്പാർട്ട്മെൻറിൽ വരും. അവിടെയുള്ള മുഴുവൻ ആളുകളുടെയും ഡീറ്റെയിൽസ് കളക്ട് ചെയ്തു. അതുപോലെ മറ്റുള്ള സിസിടിവി ക്യാമറകളും വിഷ്വൽസും ചെക്ക് ചെയ്തു. ഒരു തുമ്പും കിട്ടിയില്ല.
ഒരു ദിവസം എസ് ഐ മറ്റൊരു ബിൽഡിങ്ങിലുള്ള തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് യാദൃശ്ചികമായി വന്നു. അവരുടെ മകൾക്ക് ചില സംശയങ്ങൾ തീർത്തുകൊടുക്കാൻ സുഹൃത്ത് റിക്വസ്റ്റ് ചെയ്തതനുസരിച്ച് അവിടെ പോവുക യായിരുന്നു. അവളാകട്ടെ ഒരു പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. സംസാരിച്ച് നേരം പോയതറിഞ്ഞില്ല. അവളുടെ അമ്മ ഒരു കപ്പ് ചായയുമായി വന്നപ്പോൾ ഒരു ബ്രേക്ക് എടുത്ത് ചായ കുടിച്ചുകൊണ്ട് എസ് ഐ ജനലിനരികിൽ പോയിനിന്നു.
അവിടെനിന്നും അയാൾ ഏകദേശം ഇരുപത് മീറ്റ൪ അകലെയായി ഒരു കാഴ്ചകണ്ടു. ഉടനെതന്നെ അയാൾ തന്റെ സുഹൃത്തിനെ വിളിച്ച് ചില കാര്യങ്ങൾ ചോദിച്ചു. ഒപ്പം മൊബൈലിൽ ആ കാഴ്ച ഷൂട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹം ചോദിച്ചു:
ആ കാണുന്ന ബിൽഡിങ് ഏതാണെന്നറിയാമോ?
അതല്ലേ സൂര്യ അപ്പാർട്ട്മെൻറ്സ്.. അതിന്റെ പിറകിലെ ഭാഗമാണ് ഇവിടെ നിന്ന് നോക്കിയാൽ കാണുന്നത്. അവിടെ ചില പ്രേതബാധയൊക്കെ ഉണ്ടായതായി ഈയിടെ ഇവിടെ ആരോ പറഞ്ഞു കേട്ടു.
എനിക്ക് തന്റെ സഹായം വേണം. ഇനിയും ഇത്തരം രംഗങ്ങൾ താൻ കാണുകയാണെങ്കിൽ തന്റെ മൊബൈലിൽ ഷൂട്ട് ചെയ്ത് എനിക്ക് അയച്ചുതരണം, ഓകെ?
സുഹൃത്ത് സമ്മതിച്ചു. എസ് ഐ ഉടൻതന്നെ സ്റ്റേഷനിലെത്തി. പോലീസു കാരെയും കൂട്ടി സൂര്യ അപ്പാ൪ട്മെന്റിലെത്തി. ജോസ് സ്റ്റാൻലിയുടെ വീട്ടിൽച്ചെന്നു. അവരോട് അടുത്ത ഫ്ലാറ്റിലെ വീട്ടുകാരെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു.
അവിടെ താമസിക്കുന്നത് അച്ഛനും അമ്മയും ഒരു മകനും മാത്രമാണ്. മകൾ വിവാഹം കഴിഞ്ഞ് ദുബായിലാണ്. അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു. ഇപ്പോൾ അധികം ജോലി ഒന്നും ചെയ്യാൻ വയ്യ. പ്രായാധിക്യം ആയി. മകൻ പഠിക്കുകയാണ്. അമ്മയും ഒരു ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. പകൽ സമയങ്ങളിൽ അച്ഛൻ ക്ലബ്ബുകളിലോ സുഹൃത്തുക്കളെ കാണാനോ ഇറങ്ങും. മകൻ ക്ലാസിനു പോയിക്കഴിഞ്ഞാൽ ഫ്ലാറ്റിൽ ആരും ഉണ്ടാകാറില്ല. ഇത്രയുമാണ് അവർ കൊടുത്ത വിവരം.
എസ് ഐ ഓരോരുത്തരെയായി മാറ്റിനിർത്തി വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചു. അച്ഛനെയും അമ്മയെയും ചോദ്യംചെയ്തു കഴിഞ്ഞതിനുശേഷം മകനെയുംകൂട്ടി എസ് ഐ അടുത്ത ഒരു റൂമിൽ ചെന്നിരുന്നു. മറ്റുള്ളവരൊക്കെ ആകാംക്ഷാഭരിതരായി അവരെ നോക്കിനിൽപ്പുണ്ട്. പക്ഷേ എസ് ഐയും മകനും എന്താണ് സംസാരിക്കുന്നത് എന്ന് അവർക്ക് കേൾക്കാൻ സാധിക്കു മായിരുന്നില്ല.
ചോദ്യം ചെയ്യലിന് ശേഷം എസ് ഐ എല്ലാവരെയും അകത്തേക്ക് വിളിച്ച് ഒരു വീഡിയോ കാണിച്ചു കൊടുത്തു.
ഇതാണ് നിങ്ങൾ പറഞ്ഞ പ്രേതത്തിന്റെ കൈ.
എല്ലാവരും അത്ഭുതസ്തബ്ധരായി ആ മകനെ നോക്കി. എസ് ഐ പറഞ്ഞു:
ഇവനാണ് ആ സാധനങ്ങളൊക്കെ ബാൽക്കണിയിൽ കൊണ്ടിട്ടിരുന്നത്.
ചില ദിവസങ്ങളിൽ അവൻ അർദ്ധരാത്രിയിൽ ഉറക്കമിളച്ച് ചെയ്യുന്ന പണിയാണ്. ഒരുദിവസം പകലും ആ പണി ചെയ്യുമ്പോഴാണ് എസ് ഐ ആ കാഴ്ച കാണാനിടയായത്. ഇത്രയും ഉയരമുള്ള ബിൽഡിങ്ങിൽ, ഒരു കുഞ്ഞിന് മാത്രം നടന്നു പോകാവുന്നത്ര വീതിയുള്ള പുറത്തേക്ക് തള്ളി നിൽക്കുന്ന തറയിലൂടെ ചുമരിൽ അള്ളിപ്പിടിച്ച് ഒരാൾ പതുക്കെ ബാൽക്കണി ലക്ഷ്യമാക്കി പോകുന്നു. അതിനിടയിൽ വസ്ത്രത്തിലൊളിപ്പിച്ച ചില സാധനങ്ങൾ വലിച്ചെടുത്ത് ബാൽക്കണിയിലിടുന്നു. വീണ്ടും തിരിച്ച് ചുമരിനെ അള്ളിപ്പിടിച്ച് വന്ന് തന്റെ മുറിയിലേക്ക് ജനലിലൂടെ കടന്നു ചെല്ലുന്നു. ഈ രംഗങ്ങൾ എല്ലാവരും വീഡിയോയിൽ കണ്ട് ഞെട്ടിത്തരിച്ചുനിന്നു.
അവന്റെ അമ്മ കരച്ചിൽ തുടങ്ങി.
നീ ഇത്ര ഉയരത്തിൽനിന്നും വീണാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ?
നീ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത്?
എല്ലാവർക്കും അതറിയാനായിരുന്നു ആകാംക്ഷ.
തൊട്ടടുത്ത വീട്ടിലെ ഗീതാൻറിക്ക് ഫ്ളാറ്റ് വിറ്റ് തന്റെ നാട്ടിൽപ്പോയി സെറ്റിൽ ചെയ്യാൻ താല്പര്യമുണ്ട്. അവരുടെ ഭർത്താവിന് ആണെങ്കിൽ ഫ്ലാറ്റ് വിൽക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അവന്റെ സുഹൃത്തിനെ തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കൊണ്ടുവരാൻ അവന് ആഗ്രഹമുണ്ട്. ഇവർ ഫ്ലാറ്റ് വിറ്റ് പോവുകയാണെങ്കിൽ തന്റെ സുഹൃത്തിന് ആ ഫ്ലാറ്റ് ലഭ്യമാക്കാൻ വേണ്ടി എടുത്ത പണിയാണ് ഇതെല്ലാം..
ജോസ് സ്റ്റാൻലി പരാതി പിൻവലിച്ചതോടെ തൽക്കാലം കേസ് ഒഴിവായി. പക്ഷേ എസ് ഐ അവനെ കടുത്ത ഭാഷയിൽ ഒന്ന് ശാസിച്ചു. അവന്റെ അച്ഛനോടും അമ്മയോടും അവനെ കൂടുതൽ ശ്രദ്ധിക്കാനും ഏൽപ്പിച്ചു.

