കലികാലം
എഴുത്ത്:-നിഷ സുരേഷ്കുറുപ്പ്
” മോളേ “….
” അയ്യോ “….
തലയ്ക്ക് പിന്നിൽ കൈകളമർത്തി, അലർച്ചയോടെ സുകന്യ തറയിലേക്ക് ഊർന്നു വീണു. കൈകളിൽ കൂടി രiക്തം വാർന്നൊഴുകി. ചുറ്റിനും ഉള്ള കാഴ്ചകൾ മങ്ങി. മറഞ്ഞു തുടങ്ങുന്ന കാഴ്ചയിലും, ഉള്ളിലൊരു ആന്തലോടെ ആ ദൃശ്യം കണ്ടു. തൻ്റെ തല തല്ലിപ്പൊളിച്ച വിളക്കുമായി മകൾ അനഘ, കലിയടങ്ങാതെ നില്പുണ്ട്. അബോധാവസ്ഥയിലേക്ക് വീഴുമ്പോഴും സുകന്യയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.
കണ്ണുകൾ തുറക്കുമ്പോൾ, അതൊരു ആശുപത്രിയാണെന്നും താൻ ഐ.സി യു വിലാണെന്നും അവൾക്കു മനസ്സിലായി . എത്ര ദിവസമായെന്നോ അതിനു ശേഷം എന്തൊക്കെ സംഭവിച്ചെന്നോ അറിയാൻ കഴിയാതെ സുകന്യ അതിനുള്ളിൽ വീർപ്പുമുട്ടി. ശബ്ദമുണ്ടാക്കാൻ നോക്കിയെങ്കിലും സംസാരിക്കാൻ ആവാതെ നാവു കുഴഞ്ഞു. ആരെയും കാണുന്നില്ല. ഏന്തി വലിഞ്ഞ് തല ഉയർത്താൻ നോക്കി യെങ്കിലും കഴിയുന്നില്ല, തലയ്ക്ക് വല്ലാത്ത ഭാരം. കൈകാലുകൾ അനക്കാൻ കഴിയാതെ മരവിച്ച അവസ്ഥ. ഒറ്റയ്ക്ക് ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ ഒരേ കിടപ്പു കിടന്നു. തലയിലുണ്ടായ മുറിവിൻ്റെ വേദന അറിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു. അനഘ, തൻ്റെ മകൾ, അതോർക്കവേ സുകന്യയ്ക്ക് ഹൃദയം പിളരുന്ന വേദന തോന്നി.
ഓർമയിൽ കുഞ്ഞിളം പല്ലു കാട്ടി ചിരിച്ചുകൊണ്ടു മകൾ നിറഞ്ഞു നിന്നു. ഏഴ് വർഷങ്ങൾ, മക്കളില്ലാത്ത വേദനയെ ഉരുക്കി, മഞ്ഞുപോലെ കുളിരുള്ളതാക്കി ജനിച്ച മകൾ. എത്ര കൊഞ്ചിച്ചിട്ടും മതിവരാതെ താഴത്തും തലയിലും വയ്ക്കാതെ വളർത്തി. പിടിവാശിക്കെല്ലാം കൂടെ നിന്നു. ഭർത്താവ് വിദേശത്ത് നിന്നും ഇടയ്ക്കിടെ ലീവിനു വരുമ്പോഴൊക്കെ ഉപദേശിച്ചു, ഇങ്ങനെ വാശിക്കെല്ലാം കൂടെ നില്ക്കരുത്. ചെറിയ ചെറിയ ശിക്ഷകൾ കൊടുത്തു വളർത്തണം. പക്ഷേ അന്നത് ചെവിക്കൊണ്ടില്ല. മകൾക്കപ്പുറം ഒന്നുമില്ലായിരുന്നു. തൻ്റെ അച്ഛനമ്മമാരും ചെറുമകൾക്കുള്ള ലാളന ഒട്ടും കുറച്ചില്ല. മകൾ വളർന്നു. തന്നിഷ്ടക്കാരിയായി. ആഗ്രഹിക്കുന്നതെന്തും അപ്പോൾ തന്നെ കൈക്കലാക്കണം എന്ന ശാഠ്യക്കാരി. പക്ഷേ അന്ധമായ പുത്രീ സ്നേഹം കാരണം, തന്നിലെ അമ്മയ്ക്ക് അതൊന്നും തെറ്റാണെന്നു തിരിച്ചറിയാനോ, തിരുത്താനോ കഴിഞ്ഞിരുന്നില്ല.
സുകന്യയുടെ ചിന്തകളെ മുറിച്ചു കൊണ്ട് കിടക്കയൊന്നു കുലുങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, പരിഭ്രാന്തിയോടെ അവൾ ചുറ്റിനും നോക്കി. തന്നെ ആരൊക്കെയോ ചേർന്ന് പൊക്കിയെടുത്ത് സ്ട്രെച്ചറിൽ കിടത്തുകയാണ്. ആശുപത്രിയിലെ സ്റ്റാഫുകളാണെന്ന് മനസിലായി.
” എവിടേയ്ക്കാണ് തന്നെ കൊണ്ടു പോകുന്നത് ? തൻ്റെ ഭർത്താവും അച്ഛനമ്മമാരും എവിടെ ” ?
” മകൾ.. അവളോ ” … അതോർത്തപ്പോൾ ഭീതിയും സങ്കടവും കാരണം ഉറക്കെ അലറാൻ തോന്നി. ഇല്ല ശബ്ദം പുറത്തേക്ക് വരുന്നില്ല. അപ്പോഴേക്കും സ്ട്രെച്ചർ പുറത്തേക്ക് എത്തിയിരുന്നു. അവിടെ പുറത്ത് ബഞ്ചിൽ പ്രായത്തിൻ്റെ അവശതയിൽ തളർന്നിരിക്കുന്ന അച്ഛനെ കണ്ടു. തകർന്നു തരിപ്പണമായി ഒരു മൂലയിൽ ഒതുങ്ങി നില്ക്കുന്ന ഭർത്താവിനെയും. കൂടാതെ ബന്ധുക്കളും പരിചയക്കാരും എല്ലാവരിലും അമ്പരപ്പും വേദനയും നിറഞ്ഞു നിന്നിരുന്നു.
“ദേവേട്ടാ “
സുകന്യ ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചു. ആരും കേൾക്കുന്നില്ല. സുകന്യയെ കണ്ട് ഒരു നിലവിളിയോടെ അച്ഛൻ അരികിലേക്ക് ഓടിയടുക്കാൻ ശ്രമിച്ചു.ആരൊക്കെയോ വീണു പോകാതെ അച്ഛനെ താങ്ങിപ്പിടിച്ചു.
” അച്ഛാ “
സുകന്യ മനസു തകർന്നു കരഞ്ഞു. പക്ഷെ ആരുമൊന്നും കേട്ടില്ല. ദേവൻ സുകന്യയ്ക്കരുകിലേക്ക് വന്നു. അവളുടെ മുഖം കൈക്കുമ്പിളിൽ ഒതുക്കി തന്നിലേയ്ക്ക് ചേർത്തു പിടിച്ചു. ഏങ്ങലടിച്ചു കരയാൻ തുടങ്ങിയ അയാളെ കൂടെയുള്ളവർ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
“എന്നാലും എന്നെ വിട്ടിട്ടു പോയല്ലോ.. ഇതിനാണോ ഞാനിത്രയും വർഷം അന്യനാട്ടിൽ കിടന്നു കഷ്ടപ്പെട്ടത് ? ഇതിനായിരുന്നോ നമ്മൾ മോളെ പൊന്നു പോലെ വളർത്തിയത്” ?
അയാൾക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
“നീയില്ലാതെ ഞാനിനി എന്തിനാ ജീവിയ്ക്കുന്നെ “?
ദേവനിൽ ഗദ്ഗദം കാരണം വാക്കുകൾ മുറിഞ്ഞു.
“ദേവേട്ടാ ഞാനുണ്ട്.. ഞാനുണ്ട് കൂടെ “
അവൾ മന്ത്രിച്ചു. പക്ഷെ… നാവുകൾ അനക്കാൻ കഴിഞ്ഞിരുന്നില്ല. നിരാശയുടെ, നിസഹായതയുടെ പടുകുഴയിൽ നിന്നും സുകന്യയുടെ കണ്ണുകൾ പതിച്ചത് മുന്നിൽ കണ്ട ബോർഡിലേക്കായിരുന്നു .
” മോർച്ചറി ” !!
സുകന്യ ഞെട്ടിത്തരിച്ചു. അപ്പോൾ താൻ മരിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും തനിക്കു തൻ്റെ ദേവേട്ടനോട് സംസാരിക്കാൻ കഴിയില്ല, തൊടാൻ കഴിയില്ല.
അമ്മ, തൻ്റെ അമ്മ വീട്ടിലായിരിക്കില്ലേ ? ഇതെങ്ങനെ സഹിക്കും. സുഖമില്ലാത്ത അച്ഛൻ്റെ തളർന്ന ശബ്ദവും, മോളേന്നുള്ള വിളിയും കേൾക്കാൻ തനിക്കു ശേഷിയില്ല .
വേണ്ട. എനിക്കു മരിയ്ക്കണ്ട. ഇനിയുള്ള കാലം ദേവേട്ടനോടൊപ്പം ജീവിയ്ക്കണം. അമ്മയ്ക്കും അച്ഛനും താനേ ഉള്ളൂ. ഉറക്കെയുറക്കെ കരയാൻ തോന്നി. ഒന്നിനും കഴിയാതെ വീർപ്പുമുട്ടിയ സുകന്യയുടെ മുന്നിൽ വീണ്ടും അനഘയുടെ ചിന്തകൾ പല്ലിളിച്ചു കാണിച്ചു .
ദേവേട്ടൻ പ്രവാസം മതിയാക്കി വന്നപ്പോൾ മുതൽ അവൾക്ക് വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ടായിരുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവത്രെ. അതിനു മുൻപ് വരെ രാത്രിയും പകലുമെന്നില്ലാതെ കറങ്ങി നടന്നും, ആണെന്നും പെണ്ണെന്നും വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തിയും, അവൾ ജീവിതം ആഘോഷിച്ചു. തടയാൻ ചെന്നാൽ ഇപ്പോഴത്തെ കാലം അങ്ങനെയാണെന്നും എല്ലാ കുട്ടികളും ഇങ്ങനെയൊക്കെ ആണെന്നും തർക്കിച്ചു. തന്നിൽ നിന്നും മകൾ അകന്നു പോകുന്നത് അറിഞ്ഞെങ്കിലും മനസ് അതംഗീകരിച്ചില്ല. എല്ലാ അമ്മമാരെയും പോലെ തൻ്റെ മകൾ ലോകത്ത് ഏറ്റവും നല്ലവളാണെന്ന് വിശ്വസിക്കാൻ വൃഥാ ശ്രമിച്ചു.
താൻ വളർന്ന കാലമല്ലല്ലോ, ഇപ്പോഴത്തെ കുട്ടികൾ ഇതു പോലെയാണെന്നും സ്വയം ആശ്വസിച്ചു. ദേവേട്ടൻ വന്നതോടെ നിയന്ത്രണങ്ങൾ ഉണ്ടായി. ഒടുവിൽ എഞ്ചിനിയറിംഗിന് അഡ്മിഷൻ വാങ്ങി അനഘ ഹോസ്റ്റലിലേക്ക് മാറി. വീട്ടിൽ വരുന്നത് കുറഞ്ഞു. പഠിക്കാൻ ഉണ്ടത്രെ. ഒരു ദിവസം കോളേജിൽ നിന്നു ഫോൺ വന്നതിനെ തുടർന്ന് ചെന്നപ്പോഴാണ് അറിയുന്നത് ലiഹരിമരുന്ന് മുറിയിൽ നിന്നും കിട്ടിയതിനെ തുടർന്ന് അവളെ കോളേജിൽ നിന്നും പുറത്താക്കാൻ വിളിപ്പിച്ച തായിരുന്നുവെന്ന്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് തുടർന്ന് അറിയാൻ കഴിഞ്ഞത്. ഇവരുടെ ഒരു ഗാങ്ങ് തന്നെ ഉണ്ടത്രേ. കൂസലില്ലാതെ നില്ക്കുന്ന അവളെ കണ്ട് താൻ നിയന്ത്രണം വിട്ടു കരഞ്ഞു ..പൊട്ടിത്തെറിച്ചു. പക്ഷെ അവൾക്ക് ഒരു കുലുക്കവുമില്ല. ദേവേട്ടൻ്റെ മുഖത്ത് നോക്കാൻ കുറ്റബോധം തോന്നി നിന്നപ്പോൾ തന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.
” സമാധാനപ്പെടൂ..എല്ലാം ശരിയാകും”.
അവളെ ഡീ – അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി. മനസമാധാനം ഇല്ലാതെ കാണാൻ ചെന്നപ്പോൾ, അവൾ മാപ്പു ചോദിച്ചു. ഒരിയ്ക്കലും ആവർത്തിക്കില്ല അമ്മാന്ന് കരഞ്ഞു പറഞ്ഞു. കണ്ടു നിൽക്കാനുള്ള ശേഷിയില്ലാതെ ദേവേട്ടനെ നിർബന്ധിച്ച് അവളെ തിരികെ കൊണ്ടു വന്നു. വേറെ ശല്യങ്ങൾ ഒന്നും ഇല്ലാതെ മുറിയിൽ ഒതുങ്ങി. അവൾ പതിയെ മാറി വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അവൾ മാറിയില്ല.
രഹസ്യമായി വീണ്ടും ലiഹരി ഉപയോഗിച്ചു തുടങ്ങി. രാത്രിയും മറ്റും കണ്ണുവെട്ടിച്ച് വീട്ടിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരിൽ നിന്നും വാങ്ങി ഉപയോഗിച്ച് മുറിയ്ക്കുള്ളിൽ ഒതുങ്ങി. അതു കണ്ടു പിടിച്ചപ്പോൾ വീണ്ടും ചികിത്സിക്കാം എന്നു ദേവേട്ടൻ പറഞ്ഞിട്ടും താൻ എതിർത്തു. പഴയ പോലെയല്ല അവൾക്ക് മാറ്റം ഉണ്ടെന്നു താൻ പ്രതീക്ഷയോടെ പറഞ്ഞു.
ഒടുവിൽ… ആ നശിച്ച ദിവസം…. തൻ്റെ അലമാര തുറന്ന് ആഭരണപ്പെട്ടിയിൽ നിന്നും ഒരു മാല മോഷ്ടിച്ച് തിരിഞ്ഞ അവൾ തന്നെക്കണ്ട് പതറി. സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച. ഓടി ചെന്ന് അവളെ പിടിച്ച് കുലുക്കി, അലറിക്കൊണ്ട് അടിയ്ക്കാൻ കൈ ഉയർത്തിയപ്പോൾ അവൾ കൈയ്യിൽ കയറി പിടിച്ചു. ഒരു ഭ്രാന്തിയെപ്പോലെ അട്ടഹസിച്ചു.
” എനിക്ക് പണം വേണം…പണംതാ ” എന്നലറി.തടയാനും മാല തിരികെ വാങ്ങാനും ശ്രമിച്ച തന്നെ അവൾ പിടിച്ചു തള്ളി. താഴേക്കു നിലം പതിച്ച താൻ പ്രയാസപ്പെട്ട് എണീറ്റു. ആ സമയം സമനില തെറ്റിയ അവൾ തൊട്ടടുത്ത മേശപ്പുറത്തിരുന്ന വിളക്കെടുത്ത് തiലയിൽ ആkഞ്ഞടിച്ചു. ആ ഓർമയിൽ സുകന്യ വീണ്ടും വീണ്ടും നടുങ്ങി. മകളുടെ കൈയ്യാൽ മരണപ്പെട്ട അമ്മ. ഇതിലും വലിയ ദൗർഭാഗ്യവതി ആരുണ്ട് ?
ഈ സമയം സുകന്യ ആംബുലൻസിൽ വീടെത്തിയിരുന്നു. അലമുറയിട്ട് അകത്ത് നിന്ന് ഓടി തൻ്റെ അരുകിലേയ്ക്ക് അമ്മ വരുന്നുണ്ട്. തട്ടിത്തടഞ്ഞു വീഴാൻ പോയ അമ്മയെ കുഞ്ഞമ്മയും മറ്റും അണച്ചു പിടിക്കുന്നു.
” ഇല്ല ഒന്നും കാണാനുള്ള ശേഷിയില്ല”. കൂട്ടക്കരച്ചിലോടെ ഹാളിൽ തന്നെ കൊണ്ടു കിടത്തി. തൻ്റെ മേലെ വീണ് അമ്മ കരയുകയാണ്. കരയല്ലേ അമ്മയ്ക്ക് ശ്വാസം മുട്ട് വരുമെന്ന് പറയാൻ തനിക്കു കഴിയുന്നില്ല. തലോടാൻ കൈ പൊക്കാൻ പറ്റുന്നില്ല. അച്ഛൻ, ദേവേട്ടൻ എല്ലാവരും ഓരോയിടങ്ങളിൽ തകർന്നിരിക്കുകയാണ്. ഷെൽഫിലെ ഫോട്ടോകളിൽ നിറയെ മകളാണ്. അവളുടെ ഓരോ പ്രായത്തിലെയും ഫോട്ടോകൾ.
ആരൊക്കെയോ പിറുപിറുക്കുന്നു.
” ഒന്നേ ഉള്ളുവെങ്കിലും തെറ്റുകൾ തിരുത്തി ചൊല്ലിക്കൊടുത്തു വളർത്തണം. ഇപ്പോൾ കണ്ടില്ലേ അമ്മയും പോയി മകൾ ജയിലിലുമായി. ഇനി അവിടെ കിടന്നു മര്യാദ പഠിക്കട്ടെ “..
ഒന്നും കാണാനും കേൾക്കാനുമുള്ള ശക്തിയില്ല. പ്രിയപ്പെട്ടവരെ പിരിഞ്ഞു താൻ പോയിരിക്കുന്നു. എല്ലാത്തിനും കാരണം തൻ്റെ അന്ധമായ മകളോടുള്ള സ്നേഹമാണെന്ന കുറ്റബോധം സുകന്യയെ പിടിമുറുക്കി. തൊണ്ടയിൽ സങ്കടം വന്നു വിങ്ങി.
മക്കളോടുള്ള സ്നേഹംകൊണ്ടു അവരുടെ തെറ്റുകൾക്കു കൂട്ടു നിൽക്കുമ്പോൾ, ജീവിതങ്ങൾ തന്നെ കൈവിട്ടു പോകുമെന്നും, ചില തെറ്റുകളൊന്നും ഒരിക്കലും തിരുത്താൻ കഴിയാത്തവയായി മാറുമെന്നും തിരിച്ചറിഞ്ഞെങ്കിലും, തന്റെ മകളുടെ ഭാവിയോർത്ത് സുകന്യയുടെ ആത്മാവുപോലും തപിച്ചു.
മരണ ശേഷം എന്താണെന്നറിയില്ല. ഭാവനയിൽ നമ്മൾക്ക് ചിന്തിക്കാലോ മകൾ കാരണം മരണപ്പെട്ട ഒരു അമ്മയുടെ സങ്കടം എന്തായിരിക്കുമെന്ന്🙏

