Story written by JK
“” നീ ഒന്നുകൂടി ആലോചിക്കു മോളെ!! ഞങ്ങൾ പറയാനുള്ളതൊക്കെ പറഞ്ഞു! ഇനിയൊക്കെ നിന്റെ ഇഷ്ടം!””
അതും പറഞ്ഞ് ചന്ദ്രിക അവിടെനിന്ന് ഇറങ്ങുമ്പോൾ അവരോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ തളർന്നു പോയി നീതു..
തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന പൊന്നുമോളെ അവൾ വാരിയെടുത്ത് നെഞ്ചോട് ചേർത്തു…. ഒപ്പം അവളുടെ കണ്ണുകൾ മേശപ്പുറത്ത് ഇരിക്കുന്ന അരവിന്ദേട്ടന്റെ ഫോട്ടോയിലേക്ക് പോയി.
“” എന്തിനാ അരവിന്ദേട്ടാ ഞങ്ങളെ വിട്ടു പോയത് അതുകൊണ്ടല്ലേ ഇതെല്ലാം എനിക്ക് കേൾക്കേണ്ടി വന്നത്?? “” എന്ന് പറഞ്ഞവൾ പൊട്ടി പൊട്ടി കരഞ്ഞു.
രണ്ടര കൊല്ലം മുൻപായിരുന്നു വിവാഹം.. അരവിന്ദൻ ഏതോ ഒരു കല്യാണത്തിന് കണ്ട് ഇഷ്ടപ്പെട്ട കല്യാണാലോചനയുമായി ആ കുടുംബത്തിലേക്ക് വന്നതായിരുന്നു.. നീതുവിന്റെ അച്ഛൻ ചുമട്ടുതൊഴിലാളി ആണ്.. അമ്മയ്ക്ക് തൊഴിലുറപ്പ്.. മൂന്ന് പെൺമക്കളെ അല്ലാതെ വലിയ സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല ..
മൂന്ന് പെൺമക്കളും തമ്മിൽ ഈരണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാൾക്ക് നാൾ കൺമുന്നിൽ വളർന്നുവരുന്ന മൂന്ന് പെൺകുട്ടികളും സദാശിവന് ഒരു പേടി സ്വപ്നമായിരുന്നു..
മൂന്നു പേരെയും വിവാഹം കഴിച്ചു വിടണം തന്റെ കയ്യിൽ ആണെങ്കിൽ ഒന്നുമില്ല ആദ്യത്തെ ആളെ വേണമെങ്കിൽ വീടിന്റെ ആധാരം പണയം വെച്ച് കല്യാണം കഴിപ്പിച്ചു വിടാം പിന്നെയും ഉണ്ട് രണ്ടുപേർ.
അയാൾക്ക് എന്തുവേണമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല ഈ സമയത്താണ് അരവിന്ദൻ ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതി എന്നും പറഞ്ഞു വരുന്നത്.. എന്തുകൊണ്ടും നല്ല ഒരു ആലോചനയാണ്.. അരവിന്ദിന് അവിടെത്തന്നെ ഉള്ള ഒരു തുണി മില്ലിലെ ലോഡ് കൊണ്ടുപോകുന്ന പണിയാണ്..
വീട്ടിൽ അമ്മയും ഇളയ സഹോദരൻ ആദിത്യനും മാത്രമേ ഉള്ളൂ… ആദിത്യൻ ഒരു ഹോസ്പിറ്റലിൽ അക്കൗണ്ടന്റ് ആയി കേറി.. രണ്ട് ആൺമക്കളും നന്നായി അധ്വാനിച്ച് കുടുംബം നോക്കും അതിന്റെ ഒരു പൊലിമ അവരുടെ കുടുംബത്തിൽ കാണാനും ഉണ്ട് നല്ല ഒരു വാർപ്പ് വീട് അതിന് ചുറ്റും അത്യാവശ്യം സ്ഥലം… ആർക്കും ഇഷ്ടപ്പെടുന്ന അന്തരീക്ഷം അതുകൊണ്ടുതന്നെയാണ് നീതുവിന് ഇങ്ങനെ ഒരു കല്യാണാലോചന വന്നപ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കാതെ സദാശിവൻ അരവിന്ദിന് അവളെ പിടിച്ചു കൊടുത്തത്.
ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോവുകയായിരുന്നു.. അരവിന്ദേട്ടന് സ്നേഹിക്കാൻ മാത്രമേ അറിയൂ എന്ത് ആഗ്രഹിച്ചാലും അത് കൺമുന്നിൽ എത്തിച്ചിരിക്കും.. തന്റെ വയറ്റിൽ അദ്ദേഹത്തിന്റെ കുഞ്ഞു വളരുന്നുണ്ട് എന്നറിഞ്ഞതിൽ പിന്നെ ആ സ്നേഹം ഇരട്ടിയായി..
ഒന്നിനും ഒരു കുറവുമില്ല അവിടുത്തെ അമ്മയും ഒരു പാവമാണ് എന്തെങ്കിലും ഉണ്ടെങ്കിൽ നേരെ പറയും.. അത് കഴിഞ്ഞാൽ ആ ദേഷ്യം ഒന്നും ഇല്ലാതെ പെരുമാറുകയും ചെയ്യും.. എന്തെങ്കിലും കാര്യമായ പ്രശ്നങ്ങളിൽ മാത്രമേ അമ്മ ദേഷ്യപ്പെടാറുള്ളൂ..
എന്തുകൊണ്ടും സുഖമായിരുന്നു മാത്രവുമല്ല അരവിന്ദൻ നീതുവിന്റെ താഴെയുള്ള കുട്ടികളുടെ പഠനത്തിനും സഹായിക്കാൻ തുടങ്ങിയതോടെ സദാശിവന് അരവിന്ദ് സ്വന്തം മകൻ തന്നെയായി.
എന്നാൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു കുഞ്ഞ് ജനിച്ച് നീതുവിനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ഇനി മൂന്നുമാസം കഴിഞ്ഞെ തിരിച്ചു വരൂ.. എന്നാൽ അരവിന്ദിന് കുഞ്ഞിനെ കാണാതെ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ലോഡ് കൊണ്ടുപോയി വരുമ്പോൾ രണ്ടുദിവസത്തിന് ഒരിക്കൽ അവൻ എത്ര വൈകിയാലും വീട്ടിലെത്തും.. അന്നും പതിവുപോലെ ലോഡ് കൊണ്ടു പോയി സ്വന്തം വീട്ടിലെത്തിയതിനു ശേഷം കുളിച്ച് നീതുവിന്റെ വീട്ടിലേക്ക് പോന്നതായിരുന്നു അരവിന്ദ്..
എന്നാൽ എതിരെ വന്ന ഒരു ലോറി അവനെയും അവന്റെ ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു.. രാത്രി ആയതുകൊണ്ട് ആരും അറിഞ്ഞില്ല രiക്തം പുലർച്ചെ മരിച്ചു കിടക്കുന്നത് ആരോ കണ്ട് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
സ്നേഹസമ്പനായ തന്റെ ഭർത്താവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ നീതുവിന് കഴിഞ്ഞില്ല. അവൾ ആകെ തകർന്നു പക്ഷേ കുഞ്ഞിന് വേണ്ടി പിടിച്ചുനിൽക്കാൻ എല്ലാവരും ആവശ്യപ്പെട്ടു പതിയെ കുഞ്ഞിന്റെ മുഖം കണ്ട് അവൾ ജീവിതത്തിലേക്ക് തിരിച്ചു വരിക യായിരുന്നു….
ഏറെ നാൾ കഴിയും മുമ്പ് ചന്ദ്രിക അവളെ തന്റെ വീട്ടിലേക്ക് കൂട്ടി മകനോ തനിക്ക് നഷ്ടപ്പെട്ടു അവന്റെ കുഞ്ഞ് എങ്കിലും തന്റെ അരികിൽ എപ്പോഴും വേണം എന്ന് ചന്ദ്രിക ആഗ്രഹിച്ചു… അങ്ങനെ ഇരിക്കുമ്പോഴാണ് ആദിത്യന് കല്യാണം നോക്കാൻ തുടങ്ങിയത്.. ബ്രോക്കറിനോട് ആദിത്യന്റെ കാര്യം പറയുമ്പോൾ മൂത്ത മകന്റെ ഭാര്യ ഇവിടെ ഇങ്ങനെ വന്നു നിൽക്കുന്നത് പലർക്കും പ്രശ്നമാണ് എന്ന് അയാൾ അറിയിച്ചു..
അപ്പോഴാണ് അവർ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചത് ആദിത്യൻ കല്യാണം കഴിച്ചാലും ആ പെൺകുട്ടിക്ക് നീതുവിനെ അംഗീകരിക്കാൻ കഴിയണം എന്നില്ല.. എന്നുവച്ച് നീതുവിനെ അവളുടെ വീട്ടിലേക്ക് വിടാനും ചന്ദ്രിക ഒരുക്കമായിരുന്നില്ല അത്രത്തോളം ആ കുഞ്ഞിനെ അവർ ആഗ്രഹിച്ചിരുന്നു.
അതുകൊണ്ട് അവർ തന്നെ കണ്ടു പിടിച്ച ഒരു മാർഗ്ഗം ആയിരുന്നു..
ആദിതിനെ കൊണ്ട് നിത്യയെ വിവാഹം കഴിപ്പിക്കുക എന്നത്… സ്വന്തം ഏട്ടന്റെ കുഞ്ഞ് ആയതുകൊണ്ട് അവന് ആ കുഞ്ഞിനെ സ്വന്തം പോലെ സ്നേഹിക്കാൻ കഴിയും മാത്രവുമല്ല തന്റെ മകന്റെ കുഞ്ഞ് തന്റെ അരികിൽ നിന്ന് പോവുകയും ഇല്ല .. ആദിത്യനും നീതുവും ഒരുപോലെ അവരുടെ തീരുമാനത്തെ എതിർത്തു എന്നാൽ ചന്ദ്രിക തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു..
നീതുവിനെ കൊണ്ട് അത് സഹിക്കാൻ കഴിഞ്ഞില്ല അവൾ തന്റെ കുഞ്ഞിനെയും എടുത്ത് വീട്ടിൽ പോയി നിന്നു.. ഇതിനിടയിൽ ആദിത്യനെ കൊണ്ട് ചന്ദ്രിക വിവാഹത്തിന് സമ്മതിപ്പിച്ചിരുന്നു…
ആദിത്യൻ വിവാഹത്തിന് സമ്മതിച്ചു ഇനി നീ കൂടിയെ സമ്മതിക്കാൻ ഉള്ളൂ… സമ്മതിച്ചില്ല എന്നുണ്ടെങ്കിൽ കുഞ്ഞിനെ ഞങ്ങൾക്ക് തന്നിട്ട് മാത്രമേ മറ്റൊരു വിവാഹം തെരഞ്ഞെടുക്കാവൂ എന്നെല്ലാം ചന്ദ്രിക പറഞ്ഞു..
അത് കേട്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല കാരണം തന്റെ വീട്ടിൽ വന്ന് നിൽക്കാൻ പറ്റില്ല എന്നുള്ള കാര്യം അവൾക്ക് നേരത്തെ അറിയാമായിരുന്നു. രണ്ടാറ്റം കൂട്ടിമുട്ടിക്കാൻ ഇപ്പോൾ തന്നെ അച്ഛൻ പെടാപ്പാട് പെടുന്നുണ്ട്. അരവിന്ദേട്ടൻ ഉള്ളപ്പോൾ എല്ലാം വളരെ ഈസിയായിരുന്നു അച്ഛനെയും അരവിന്ദേട്ടൻ സഹായിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ താൻ ഇവിടെ നിൽക്കുന്നത് അവർക്ക് ബുദ്ധിമുട്ടാണ്..
തിരികെ പോകാനും അവൾക്ക് കഴിയില്ല ഇനി അങ്ങനെ ഒരു തീരുമാനം എടുത്തല്ലാതെ അങ്ങോട്ട് ചെല്ലാൻ കഴിയില്ല.
വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടു വീട്ടുകാർ കൂടി നിർബന്ധിച്ചപ്പോൾ അവൾ ആദ്യത്തെ വിവാഹം കഴിക്കാൻ തയ്യാറായി.നിസ്സഹായാ വസ്ഥയിൽ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നു എന്നതായിരുന്നു ശരി.
എന്നാൽ ആ വിവാഹം കഴിഞ്ഞപ്പോൾ ആദ്യരാത്രി തന്നെ ആദിത്യൻ അവളോട് ഒരു കാര്യം പറഞ്ഞിരുന്നു… ഏട്ടത്തി എന്ന രീതിയിൽ നിന്ന് അവളെ ഭാര്യയായി കാണാൻ അവന് ഇന്നുവരെ കഴിഞ്ഞിട്ടില്ല പിന്നെ ഇങ്ങനെ ഒരു വിവാഹം നടന്നില്ലെങ്കിൽ ഉള്ള പ്രശ്നങ്ങൾ ഓർത്താണ് അവൻ കല്യാണത്തിന് സമ്മതിച്ചത്.. ആദ്യം നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം എന്നെങ്കിലും പരസ്പരം ഭാര്യാഭർത്താക്കന്മാരായി അംഗീകരിക്കാൻ കഴിയുമെങ്കിൽ മാത്രം ആ രീതിയിൽ നമുക്ക് ജീവിക്കാൻ തുടങ്ങാം… ഒരിക്കലും കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ കുഞ്ഞിനെ മാത്രം ഓർത്ത് അവളുടെ അച്ഛനും അമ്മയും മാത്രമായി നമുക്ക് മുന്നോട്ട് ജീവിക്കാം..
നീതുവിന് വല്ലാത്ത ആശ്വാസമാണ് അത് കേട്ടപ്പോൾ തോന്നിയത്..
ആദിത്യനും അരവിന്ദിന്റെ പോലെ സ്നേഹത്തോടെ തന്നെയാണ് അവളോട് പെരുമാറിയത് ക്രമേണ അരവിന്ദിന് പൂർണമായി മറന്നില്ലെങ്കിൽ കൂടി ആദിത്യനെ അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞു…!! ഇന്ന് സന്തോഷത്തോടെ ആ കുടുംബം മുന്നോട്ട് പോകുന്നു..
ജീവിതം പലപ്പോഴും അങ്ങനെയാണ് ചിന്തിക്കാത്ത പല തീരുമാനങ്ങളും കൈക്കൊള്ളേണ്ടിവരും മറ്റുള്ളവർക്ക് ഒരുപക്ഷേ അത് തെറ്റായി തോന്നാം.. പക്ഷേ ചില തീരുമാനങ്ങൾ എടുക്കാൻ നമ്മൾ നിർബന്ധിതരാകുന്നു… പലപ്പോഴും നമ്മൾ നിസ്സഹായരാണ്…

