മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…..
എന്താടി നീ പറഞ്ഞതിന്റെ അർത്ഥം ? ഞാൻ പെണ്ണല്ലെന്നോ…? നല്ല സംസ്കാര മാണല്ലോടി നിനക്ക്? എടോ ശിവരാമാ.ഈ സ്വഭാവമാണ് തന്റെ മൂത്ത മകളും അവിടെ വന്നു കാണിക്കുന്നതെങ്കിൽ താൻ പിന്നെ നേരെ ചൊവ്വേ തന്റെ മോളേ കാണില്ല. പറഞ്ഞേക്കാം ഞാൻ.
നിങ്ങൾ എന്റെ ചേച്ചിയെ എന്ത് ചെയ്യും? കൊ ല്ലുമോ? എങ്കിൽ അതൊന്നു കാണണമല്ലോ…. രഞ്ജു വിട്ടുകൊടുക്കാൻ തയ്യാറായില്ല.
രഞ്ജൂ നീ നിന്റെ കാര്യം നോക്കിക്കോണം. നീ ആരോടാ ഈ സംസാരിക്കുന്നത് എന്ന വല്ല ബോധവുമുണ്ടോ?ഇവരുടെ മുൻപിൽ നിൽക്കാൻ എന്ത് യോഗ്യതയാടീ നിനക്കുള്ളത്?.
എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്റെ അമ്മയോട് നീ സംസാരിക്കരുത്.പറഞ്ഞു തീർന്നതും അഞ്ജു ആർക്കും മുഖം കൊടുക്കാതെ അകത്തേയ്ക്ക് പോകാനൊരുങ്ങി.
ഹലോ ചേച്ചി ഒന്ന് നിന്നേ….ഇങ്ങനെ നെടു നീളൻ ഡയലോഗ് പറഞ്ഞ് ചേച്ചി എങ്ങോട്ടാ ഈ പോകുന്നത്?
നിങ്ങളുടെ ഈ മഹാലക്ഷ്മി അമ്മയുടെ മുൻപിൽ നിൽക്കാനുള്ള യോഗ്യത ഒന്ന് പറഞ്ഞ് തന്നിട്ട് പോ……
രഞ്ജൂ നിനക്ക് അസൂയയാ…. അതുകൊണ്ട് തന്നെയാ നീ എല്ലാവരെയും അധിക്ഷേപിച്ചു സംസാരിക്കുന്നത്. നീ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുവാ…. അതെനിക്ക് നന്നായിട്ടറിയാം. എനിക്ക് നിന്നോട് കൂടുതലൊന്നും സംസാരിക്കാനില്ല രഞ്ജൂ… നീ നിന്റെ പാടുനോക്ക്. ഇത്രയും നാണം കെടുത്തിയില്ലേ? ഇനി നീ ഇതിൽ കൂടുതലൊന്നും എനിക്ക് ചെയ്തു തരാനില്ല.
ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ ചേച്ചിയല്ലേ?എന്നെ കെട്ടാൻ പോകുന്ന ചെറുക്കനും അദ്ദേഹത്തിന്റെ വീട്ടുകാരുമല്ലേ ഇവിടെ ഇരിക്കുന്നത്. ആളുകളോട് എങ്ങനെയാ സംസാരിക്കേണ്ടതെന്ന് നിനക്ക് ഇപ്പോഴും അറിയില്ലേ?നീ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കേണ്ടത് ഞാനും അമ്മയും അച്ഛനും ആണ്. ദയവു ചെയ്ത് ഞങ്ങളെ ശല്യം ചെയ്യരുത്. ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ. അഞ്ജു രഞ്ജുവിന്റെ മുൻപിൽ തൊഴുകയ്യോടെ നിന്നു.
രഞ്ജു…. ഇവിടെ വാ മാലതി അധികാരത്തോടെയാണ് വിളിച്ചത്. അമ്മേ…. ഞാൻ ആരെയും വിഷമിപ്പിക്കാനല്ല പറഞ്ഞത്.രഞ്ജു വിഷമത്തോടെ മാലതിയെ നോക്കി..
എനിക്കറിയാം മോളേ….നിന്നെ… പക്ഷെ ഒരു കാര്യമുണ്ട് അഞ്ജു മോളുടെ ചേച്ചിയാ… അവളെ ഒരിക്കലും മോള് വേദനിപ്പിക്കരുത്.അവളെ എന്നല്ല ആരുടേയും മനസ്സ് നമ്മളായിട്ട് വേദനിപ്പിക്കരുത്. എന്റെ മോള് പോയി അഞ്ജൂനോട് ക്ഷമ പറഞ്ഞിട്ട് വാ. മാലതി അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.രഞ്ജു ഒരു മടിയും കൂടാതെ അഞ്ജുവിനോട് ക്ഷമാപണം നടത്തിയെങ്കിലും അഞ്ജു രഞ്ജുവിന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.
അവര് കുട്ടികളല്ലേ….ഇതൊക്ക ഒരു കുട്ടികളിയായിട്ട് കരുതിയാൽ മതി. കല്ല്യാണം കഴിഞ്ഞാൽ നോക്കിക്കോ രണ്ടുപേരും എങ്ങനെ എപ്പോൾ കാണാൻ പറ്റും എന്നുള്ള ചർച്ചയിലായിരിക്കും. അടുത്തുള്ളപ്പോൾ നമ്മുടെ മനസ്സിലുള്ള സ്നേഹം നമുക്കറിയില്ല. അകന്നുമാറൽ നമ്മുടെ മനസ്സിനേൽപ്പിക്കുന്ന മുറിവ് ആഴത്തിലുള്ളതായിരിക്കും. രണ്ടാഴ്ച കഴിയുമ്പോൾ അവരത് മനസ്സിലാക്കും. ദിവാകരൻ പറഞ്ഞത് കേട്ട് എല്ലാവരും ചെറുതായൊന്നു ചിരിച്ചു.
ഞാൻ ഒരുകാര്യം കൂടി പറഞ്ഞോട്ടെ… ദിവാകരൻ എല്ലാവരോടുമായി അനുവാദം ചോദിച്ചു. നരേൻ അഞ്ജുമോളെയും. എന്റെ മോൻ രഞ്ജുമോളെയും കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് മുതൽ നമ്മളെല്ലാവരും ഒരു കുടുംബം പോലെ കഴിയണം. ഇപ്പോൾ കഴിഞ്ഞതൊക്കെ കഴിഞ്ഞു. നമുക്ക് ഡ്രസ്സ് എടുക്കാൻ
ഇറങ്ങിയാലോ?
ഞാൻ അത് പറയാൻ തുടങ്ങുവായിരുന്നു. ഡ്രസ്സ് എടുക്കാനാ നമ്മൾ പോകുന്നത്. അതും പെണ്ണുങ്ങളെയും കൊണ്ട്. ഒരു ദിവസം പോക്കാ…ശങ്കർ ദാസ് ആണ് പറഞ്ഞത്.
എല്ലാവരും പെട്ടെന്ന് തന്നെ ഓരോ കാറുകളിൽ കയറി. അഞ്ജു നരേനോടൊപ്പമാണ് പോയത്. രഞ്ജുവിനെ മാലതി അവരുടെകൂടെ കൂട്ടി. ശിവരാമനും ഗിരിജയും ഏതു കാറിൽ കയറണമെന്ന സങ്കോജത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ മാലതി തന്നെ അവരോടും ശംഭുവിന്റെ കാറിൽ വന്നു കയറാൻ ആവശ്യപ്പെട്ടു. ആദ്യം തന്നെ സ്വർണ്ണക്കടയിലേയ്ക്കാണ് അവര്പോയത്.
ഫ്ളോർ മാനേജർ എല്ലാവരെയും വളരെ മാന്യമായി സ്വീകരിച്ചു. കല്യാണ ആഭരങ്ങളാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ അയാൾ അവരെ വെഡിങ് ആഭരണങ്ങളുടെ സെക്ഷനിലേക്ക് കൊണ്ടുപോയി അവിടെയുള്ള സെയിൽസ്മാനെ പരിചയപ്പെടുത്തി കൊടുത്തു.
പറയൂ സർ എത്ര പവനാണ് വേണ്ടത്?അതനുസരിച്ചു ഞാൻ സെറ്റ് ചെയ്തു തരാം. അതിനുശേഷം നമുക്ക് കുട്ടിയെ അതണിയിച്ചുനോക്കാം.
നൂറു പവന്റേത് നോക്കാം. ശിവരാമൻ പറഞ്ഞതുകേട്ട് രഞ്ജു ഒന്ന് ഞെട്ടി.
ശരി സർ.കല്യാണ പെണ്ണ് ഇതിൽ ആരാണ്?സെയിൽസ് മാൻ ചോദിച്ചതും അഞ്ജുവും രഞ്ജുവും ഒരുപോലെ എഴുന്നേറ്റു നിന്നു.രണ്ടുപേരുടെയും കല്യാണമാണോ? രണ്ടുപേർക്കും കൂടി ആണെങ്കിൽ നൂറ്റി രണ്ട് പവൻ വേണ്ടേ?അൻപത്തി ഒന്നും അൻപത്തി ഒന്നും വച്ച് ആണോ എടുക്കേണ്ടത്? ശ്വാസം വിടാതെ സെയിൽസ് മാൻ അയാളുടെ സംശയം ചോദിച്ചു.
നൂറ്റിരണ്ട് പവനല്ല നൂറ്റൊന്ന് പവൻ. ഒരാൾക്ക്. അത് മതി.ശിവരാമൻ പറഞ്ഞപ്പോഴും സെയിൽസ്മാന് പിന്നെയും സംശയം ബാക്കിയായി.
അഞ്ജു ചിരിച്ച് സന്തോഷിച്ച് ആഭരണങ്ങൾ സെലക്ട് ചെയ്തു. വലിയ ജിമുക്കിയും അതിനനുസരിച്ചുള്ള മാലകളും വളകളും…. അവിടെ ഒരു നോക്കുകു ത്തിയെപ്പോലെ രഞ്ജു നിന്നു.
മാലതി രഞ്ജുവിന്റെ തോളിൽ പിടിച്ചു. അവരെടുത്തിട്ട് നമുക്കെടുക്കാം.
കെട്ടോ. മോള് വിഷമിക്കണ്ട. എനിക്ക് ഒരു വിഷമവും ഇല്ല.ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല അമ്മേ… മോളേ നിനക്കുള്ളത് സെലക്ട് ചെയ്യാൻ ഗൗരി മോള് ഇപ്പോൾ വരും.അതാ ഞങ്ങൾ ഒന്നും മിണ്ടാതെ ഇവിടിരുന്നത്.
അതൊന്നും വേണ്ട. എന്റെ കയ്യിൽ കുറച്ചു പൈസ ഉണ്ട്. അതിനുള്ള സ്വർണ്ണം മതി എനിക്ക്. ഞാൻ ട്യൂഷൻ പഠിപ്പിച്ചുണ്ടാക്കിയ പൈസയാ. അന്നുമുതൽ ഞാൻ ഒരു രൂപ പോലും അതിൽ നിന്നെടുത്തിട്ടില്ല. അഞ്ചു പവനുള്ള പൈസ എന്റെ കയ്യിലുണ്ടാവും. അത് മതി എനിക്ക്. രഞ്ജുവിന്റെ ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
രഞ്ജൂ ശംഭു വിളിച്ചു.. എന്താ ശംഭുവേട്ടാ…. അവൾ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
എന്റെ അമ്മ എന്ത് പറയുന്നോ അത് നീ കേൾക്കണം. നീ എന്റെ പെണ്ണാ. അഞ്ജു എങ്ങനെയാണോ വിവാഹ പന്തലിൽ എത്തുന്നത് അതുപോലെ തന്നെയാവും നീയും എത്തുക. ഇത് ഞങ്ങൾ കൂട്ടായെടുത്ത തീരുമാനമാണ്.
ശംഭുവേട്ടാ അത്…. അത് വേണ്ടാട്ടോ… എന്നെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ…..
ഏയ് ഞങ്ങൾ നിന്നേ സങ്കടപ്പെടുത്തില്ല…. അല്ലേ അമ്മേ…. ശംഭു ചെറുതായൊന്നു ചിരിച്ചു.
അതേ ചേട്ടാ…. ശംഭു സെയിൽസ്മാ നെ വിളിച്ചു.
എന്താ സർ… ഞാൻ ഇവിടെ ആഭരണങ്ങൾ സെറ്റ് ചെയ്യുന്നേ ഉള്ളൂ…. താൻ സെറ്റ് ചെയ്തോ… തനിക്കൊരു എളുപ്പത്തിനാ ഞാൻ തന്നെ വിളിച്ചത്. ശംഭു പറഞ്ഞു.
എന്താ സർ പറഞ്ഞോളൂ.. താൻ ഇപ്പോൾ എടുക്കുന്ന സെറ്റ് തന്നെ ഈ കുട്ടിക്കും കൂടി എടുക്കണം. രഞ്ജുവിനെ തന്നോട് ചേർത്ത് നിർത്തികൊണ്ട് ശംഭു പറഞ്ഞു. ഒരു നിമിഷം ശിവരാമനും അഞ്ജുവും ഗിരിജയും ഞെട്ടലോടെ തിരിഞ്ഞുനോക്കി.
തുടരും….

