എഴുത്ത് :- സൽമാൻ സാലി
” ഇക്കാ .. ഇക്കാ …
ബാത്റൂമിലെ ലൈറ്റ് ഓഫായതും ഷഹീടെ ഇക്കാ വിളിയും ഒന്നിച്ചാണ് കേട്ടത് ..
സാധാരണ ഗൾഫിൽ കറണ്ട് പോവാത്തതാണല്ലോ എന്നോർത്തതാണ് .. ജോണിക്കുട്ടീടെ വല്യമ്മച്ചി ഫ്രിഡ്ജിനടുത്ത് എത്തിയപ്പോഴാണ് വായന മുടക്കി ഓൾടെ വിളി വീണ്ടും വന്നത് ..
‘ഇക്കാ ഇങ്ങള് വാതിൽ തുറക്കുന്നോ അതോ ഞാൻ ചവിട്ടി പൊളിക്കണോ ..?
ആകെ സ്വസ്ഥമായിട്ട് ഒന്ന് വായിക്കണമെങ്കിൽ ബാത്‌റൂമിൽ കേറണം .. അല്ലാത്ത പ്പോഴൊക്കെ മക്കൾ ഫോണും വാങ്ങിച്ചോണ്ട് പോകും ..
ഇതിപ്പോ വായന പോയിട്ട് കാര്യം സാധിക്കാൻ വരെ പറ്റാത്ത avastha അവസ്ഥ ആയി ..
പിന്നൊന്നും നോക്കിയില്ല ഡിക്കി വെള്ളമടിച്ചു കഴുകി ഒരു തോർത്തും ചുറ്റി വാതിൽ തുറന്നതും ഒരു ടോർച്ചിന്റെ വെളിച്ചം കണ്ണിലേക്കടിച്ചു കേറി .. പെട്ടെന്നുള്ള ടോര്ച് ആക്രമണത്തിൽ ഒന്ന് പതറി പോയി ..
” ഇയ്യെന്താ ഷാഹീ കാണിക്കുന്നേ .. നിനക്ക് വട്ടായോ ..?
” ഹാ ഞാനൊന്ന് നിങ്ങടെ ജീവിതം പ്രകാശിപ്പിക്കാൻ നോക്കിയപ്പോ എനിക്ക് വട്ട് .. വേറെ അവളുമാർ വെളിച്ചമായി വന്നാൽ പ്രേമം അല്ലെ ..
” അല്ല ഷാഹീ ഗൾഫിലെ ഈ ചൂട് കാലത്തെ വെളിച്ചം തന്നെ താങ്ങാൻ ആവുന്നില്ല പിന്നെയാ നിന്റെ വക വേറൊരു പ്രകാശം ..
” അപ്പൊ പിന്നെ ഇത് ഏതവളുടെ പ്രകാശിപ്പിക്കാൻ ആണ് ഇങ്ങള് മെസ്സേജ് അയച്ചത് ..
ഓൾടെ ഫോണിൽ എന്റെ ഒരു വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോർട് എടുത്ത് അവൾക്ക് അയചിരിക്കുന്നു ..
അതിലെ മെസ്സേജ് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ
❤️❤️ ” ഇരുൾ വീണ എൻ ജീവിതത്തിൽ 💙💙
❤️❤️ ” നിലാവെളിച്ചമായി വന്നവളെ …!! 💜💜
❤️ ” സൂര്യ തേജസോടെ എൻ ജീവിതത്തിൽ💙
❤️ ‘ മരണംവരെ പ്രാകാശമായി നീകൂടെ വേണം 💙
ഇത്രേം കളർ ഫുൾ ആയ മെസ്സേജ് കണ്ടിട്ടാണ് ഓള് പ്രാകാശിപ്പിക്കാൻ ടോർച്ചുമായി വന്നത് ..
” ഇത്രേം കാലമായിട്ട് എന്നോട് ലൈറ്റ് ഓഫാക്കാൻ അല്ലാതെ ഇങ്ങള് എപ്പോഴെങ്കിലും ഇങ്ങനെ പ്രകാശിപ്പിക്കാൻ പറഞ്ഞിട്ടുണ്ടോ ..
” എടീ ഷാഹീ ഇത് ഞാൻ നിനക്ക് തന്നെ .. ബാക്കി പറഞ്ഞു മുഴുമിപ്പിക്കാൻ അവസരം ഓള് തന്നീല്ല ടോര്ച് കൊണ്ട് മണ്ടക്കിട്ട് ഒന്ന് തന്ന് ഓള് ന്റെ വെളിച്ചം കെടുത്തി …
വെഡ്‌ഡിങ് ആനിവേയ്സറിക്ക് ഒന്ന് കളറാക്കാൻ വേണ്ടി ഫാമിലി ഫോട്ടോ ഫ്രയിം ചെയ്യാൻ കൊടുത്തിരുന്നു അതിന്റെ മുകളിൽ എഴുതാൻ വേണ്ടി ഒന്ന് ജീവിതം സാഹിത്യവത്കരിച്ചു സ്റ്റുഡിയൊക്കാരന് അയച്ചതാണ് ഓള് കണ്ട മെസ്സേജ് .. അത് പറയാൻ ഉള്ള അവസരം ഓള് തന്നീല്ല …
തലയും തടവി ജോണിക്കുട്ടീടെ കഥക്ക് കമന്റ്ട് ഇടാൻ നേരം ഫോൺ റിങ് ആയി ..
” ഹാലോ സാലിയെ കേക് റെഡി ആണ് .. ഇയ്യ് അതിന്മേൽ ന്തെലും എഴുതണം എന്ന് പറഞ്ഞിരുന്നല്ലോ ന്തായിരുന്നു ..
ബേക്കറീന്ന് വിളിച്ചപ്പോ ഓളോട് ഉള്ള കലിപ്പിൽ ആയിരുന്നു ഞാൻ അളിയാ എട്ടിന്റെ പണി കിട്ടി കിടക്കുവാ പണി മേടിക്കാൻ ജീവിതം ഇനിയും ബാക്കി നീ ഇപ്പൊ ഫോൺ വെച്ചോ എന്നും പറഞ്ഞു ഫോൺ വെച്ച് ഓളെ അടുത്ത് ചെന്നപ്പോ ഓള് മുഖം തിരിച്ചു നടക്കുന്നു …
വൈകിട്ട് ഓൾടെ സങ്കടം മാറട്ടെ എന്ന് കരുതി ബേക്കറിയിൽ പോയി ഒന്ന് കേക്ക് വാങ്ങിച്ചു വന്നു ഓൾക് കൊടുത്തു കൊണ്ട് പറഞ്ഞു HAPPY ANNIVERSARY DEAR ..
എന്താണ് അറീല്ല കേക്ക് കയ്യിൽ കൊടുത്ത് ആനിവേയ്സറി വിഷ് ചെയ്തപ്പോ ഓൾഡ് മുഖത്ത് ഒരു സന്തോഷം വന്നു ..
കേക്കിന്റെ ബോക്സ് തുറന്നതും ഓൾഡ് കയ്യിലെ ചൂൽ എന്റെ നേർക്ക് പറന്നു വന്നു ..
കേക്കിൽ നല്ല പച്ച മലയാളത്തിൽ ഇങ്ങനെ എഴുതീട്ടുണ്ട്
” എട്ടിന്റെ പണികിട്ടി പണി മേടിക്കാൻ ജീവിതം ഇനിയും ബാക്കി …
അങ്ങിനെ ഞങ്ങളുടെ എട്ടാം വിവാഹ വാർഷികം അടിപൊളി ആയിട്ട് ഇന്ന് കൊണ്ടാടി ..
NB ജീവിതത്തിൽ വെളിച്ചമായി വന്നവളാണ് ഷാഹി ഇനിയും ഒരുപാട് കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ .. പ്രാർത്ഥിക്കുക ..

