ഈ ഫോൺ റിപ്പയ൪ ചെയ്യുന്നതിലും നല്ലത് പുതിയതൊന്ന് വാങ്ങുന്നതാ.അതുപറ്റില്ല.. എനിക്കീ ഫോൺ റിപ്പയ൪ചെയ്ത് കിട്ടണം…..

ഓ൪മ്മകളുടെ തീരങ്ങളിൽ..

എഴുത്ത്:ഭാഗ്യലക്ഷ്മി. കെ. സി.

ഈ ഫോൺ റിപ്പയ൪ ചെയ്യുന്നതിലും നല്ലത് പുതിയതൊന്ന് വാങ്ങുന്നതാ…

അതുപറ്റില്ല.. എനിക്കീ ഫോൺ റിപ്പയ൪ചെയ്ത് കിട്ടണം. ഇതിൽ എനിക്ക് വേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്..

എന്താ സ൪, അത്ര പ്രധാനപ്പെട്ടത്? ഫോട്ടോസാണോ?

അതെ, ഫോട്ടോസും, ചാറ്റ്സും… പിന്നെയും പിന്നെയും കാണാനും വായിക്കാനും ഇഷ്ടമുള്ള ചില ഫോട്ടോസും ചാറ്റ്സും..

ഫോൺകടയിലെ പയ്യനും അടുത്തുനിന്ന പെൺകുട്ടിയും പരസ്പരം നോക്കി ഒരു ചിരി ഒളിപ്പിച്ചു. അയാൾ അതൊന്നും ശ്രദ്ധിക്കാതെ പറഞ്ഞു:

പുതിയ ഫോൺ എന്റെ കൈയിലുണ്ട്.

അയാൾ തന്റെ കൈയിലുള്ള വിലകൂടിയ ഫോൺ ഉയ൪ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ എനിക്ക് ഈ ഫോൺ റിപ്പയ൪ ചെയ്തു തരണം.. പണം എത്രയായാലും ഒരു പ്രശ്നമല്ല.. ചാറ്റ്സ് ബേക്കപ്പ് ചെയ്താൽ തിരിച്ചുകിട്ടും, പക്ഷേ ഫോട്ടോസ്…

എന്തോ പറയാൻ ഒരുങ്ങിയത് വേണ്ടെന്നുവെച്ച് പെട്ടെന്ന് അയാളിറങ്ങിപ്പോയി.

അച്ഛൻ മരിക്കുന്നതിനുമുമ്പ് ചാറ്റ് ചെയ്ത മുഴുവൻ വരികളും അച്ഛന്റെ ഫോട്ടോസും… ഇടയ്ക്കിടെ അതൊക്കെ ഒന്ന് കാണുന്നതും വായിക്കുന്നതുമാണ് ഇപ്പോൾ മനസ്സിന് ആകെയുള്ള ഒരു സുഖം.

ഇറയത്ത് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛൻ, അകത്ത് മേശയ്ക്കരികിൽ ഇരുന്ന് എഴുതുന്ന അച്ഛൻ, മുറ്റത്ത് മുല്ലപൂത്തുകിടക്കുന്നതൊക്കെ തൊട്ടും തലോടിയുമുള്ള ആ നിൽപ്പ്, അമ്മയും താനുമുള്ള ഫോട്ടോ നോക്കി നി൪വൃതിയോടെ നിൽക്കുന്ന അച്ഛൻ, തലയിലൊരു തോ൪ത്തൊക്കെ കെട്ടി അടുക്കളയിൽ അമ്മയെ സഹായിക്കുന്ന അച്ഛൻ, പെൻഷൻ വാങ്ങാനിറങ്ങുമ്പോൾ എടുത്ത പാന്റും ഷ൪ട്ടുമിട്ട് ബാഗുമെടുത്ത വേഷം, അച്ഛന്റെ ഏറ്റവും പ്രിയസുഹൃത്ത് പപ്പേട്ടന്റെ ഒപ്പം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സന്തോഷം നിറഞ്ഞ ഫോട്ടോ…

അങ്ങനെ എത്രയെത്ര നിമിഷങ്ങൾ… കുറച്ചൊക്കെ മെമ്മറികാ൪ഡിലാക്കി സൂക്ഷിച്ചിരുന്നു. പക്ഷേ അവസാനനാളുകളിലെ ചില ഫോട്ടോസ്… അതൊന്നും നഷ്ടപ്പെടാൻ വയ്യ…

തറവാട്ടുപറമ്പിലെ പഴയ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അമേരിക്കയിൽ നിന്ന് വന്നപ്പോൾ പുതിയ വീട്ടിലേക്ക് മായയും കുട്ടികളും പോയപ്പോൾ താനിങ്ങോട്ടാണ് വന്നത്. അച്ഛന്റെ മുറിയിൽ കയറി, അച്ഛനിരുന്ന കസേരയിലിരുന്ന്, ആ കട്ടിലിൽ കിടന്ന്, അകത്തളത്തിലൂടെ നടക്കുമ്പോൾ എന്തോ അച്ഛന്റെ സാമീപ്യം…

നീയെപ്പോഴാണെടാ അപ്പൂ ഇനിയിങ്ങോട്ട്..?

വരാം അച്ഛാ…

ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് വ൪ഷം ഏഴായി…

തീർച്ചയായും അടുത്തുതന്നെ വരികയാ.. വീട്ടുപണി തീ൪ന്നു. മായക്കും മക്കൾക്കും ഹൌസ് വാമിങ് നടത്തണമെന്നുണ്ട്.

എന്നിട്ട്? വീണ്ടും പൂട്ടിയിട്ട് മടങ്ങിപ്പോകുമോ? അതോ താമസിക്കുമോ?

എനിക്കിവിടം മടുത്തു അച്ഛാ… നാട്ടിൽ സെറ്റിൽചെയ്യാനാ എന്റെ പ്ലാൻ..

അതു നന്നായി..

അച്ഛൻ വരുമോ എന്റെ കൂടെ താമസിക്കാൻ?

അതെന്തിനാ അപ്പൂ? എനിക്കിവിടെ വീടില്ലേ?

അച്ഛന് പ്രായമായില്ലേ? എപ്പോഴും തനിച്ച്…

ഗോപാലൻ വരും, ഊണ് വാങ്ങിക്കൊണ്ടുത്തരും. ചായ ഒക്കെ ഞാനുണ്ടാക്കും…

ഇനി അതൊന്നും വേണ്ട അച്ഛാ, ഞാനുണ്ട് എല്ലാറ്റിനും… അച്ഛനോ൪മ്മയുണ്ടോ, അമ്മ പണ്ട് ഉണ്ടാക്കുമായിരുന്ന ചേമ്പിന്റെ തണ്ട് കൊണ്ടുള്ള മോരുകറി?

പിന്നേ… മറക്കാൻ പറ്റുമോ…

ഇപ്പോഴും തൊടിയിൽ ചേമ്പ് ഉണ്ടോ?

ഉണ്ട്, ഞാൻ ഫോട്ടോ ഇടാം…

അച്ഛാ, ഇപ്പോൾ വേണ്ട… പിന്നെയെടുത്താൽ മതി…

എവിടെ, അച്ഛനതൊന്നും പറഞ്ഞാൽ കേൾക്കില്ല. അപ്പോൾത്തന്നെ തൊടിയിൽപ്പോയി ചേമ്പിന്റെ പിക് എടുത്ത് അയച്ചു തന്നു. അതൊക്കെ അങ്ങ് ദൂരെനിന്ന് കാണുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ.. അമ്മയു മൊത്തു കഴിഞ്ഞ കാലത്തെ ഓ൪മ്മകളിലായിരിക്കും ഓരോ ചാറ്റും അവസാനിക്കുക.

എപ്പോഴും വല്ല പച്ചക്കറിനടാനോ തെങ്ങിന് തടമെടുക്കാനോ മറ്റോ ഉണ്ടാവും. അച്ഛനൊപ്പം താനും കൂടും. തൊടിയിൽനിന്നും കയറിവരുമ്പോൾ കറിവേപ്പില തണ്ടൊടിച്ച് അമ്മയെ ഏൽപ്പിക്കും. രണ്ട് കാന്താരിയും ചേ൪ത്ത് അമ്മ സംഭാരമുണ്ടാക്കിത്തരും. എല്ലാവരും അതൊക്കെ കുടിച്ച് വിയ൪പ്പാറ്റി വല്ലതും പറഞ്ഞുകൊണ്ട് വടക്കേ ഇറയത്തിരിക്കും. എന്ത് സുഖമുള്ള ഓ൪മ്മകളാണ് അവയൊക്കെ..

അമ്മ പോയപ്പോഴാണ് അച്ഛനും താനും അനാഥരായത് അറിഞ്ഞത്… അതിനു ശേഷമാണ് പരസ്പരം കൂടുതൽ അടുത്തത്. വീഡിയോകോൾ വീട്ടിൽ വെച്ചാണ് പതിവ്. മറ്റിടങ്ങളിലേക്കുള്ള യാത്രകളിൽ സമയം കിട്ടുമ്പോഴാണ് ചാറ്റ് പതിവ്. അച്ഛൻ ഒരു വിരൽത്തുമ്പിനപ്പുറത്ത് തൊട്ടടുത്ത് തന്നെയുണ്ടെന്ന ചിന്തയായിരുന്നു തനിക്ക്..

അമ്മ മരിച്ചപ്പോൾ വന്ന് പോയതിനുശേഷം രണ്ട് വ൪ഷം കഴിഞ്ഞപ്പോൾ ഒന്നുകൂടി വന്നുപോയിരുന്നു. പിന്നെ ഏഴ് വ൪ഷമെടുത്തു. വീടുപണി ഒരുപാട് താമസിച്ചു തീരാൻ.

അച്ഛനുമൊത്ത് അവിടെ താമസിക്കുന്നതായിരുന്നു മനസ്സ് മുഴുവൻ. പക്ഷേ അച്ഛൻ വരാനൊരുക്കമായിരുന്നില്ല. എങ്ങനെയെങ്കിലും നി൪ബ്ബന്ധിച്ച് കൊണ്ടുപോകാമെന്നായിരുന്നു മനസ്സിൽ. പക്ഷേ അത് വേണ്ടിവന്നില്ല. അതിനുമുമ്പേ അച്ഛൻ…

ഇനിയിവിടെനിന്നും എങ്ങോട്ടുമില്ല, എങ്ങോട്ടും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *