Story written by Sowmya Sahadevan
പ്ലസ് ടു ഭംഗിയായി തോറ്റത്തിന്റെ എല്ലാ കുറ്റപ്പെടുത്തലുകളും കേട്ട് കേട്ട് മടുത്തു തുടങ്ങിയിരുന്നു. പഠിക്കാൻ വലിയ മിടുക്കൊന്നും ഇല്ലാതിരുന്ന എന്നെ അപ്പന്റെ നിർബന്ധത്തിന് ആണു സയൻസ് ഗ്രൂപ്പ് തന്നെ എടുപ്പിച്ചത്. എത്ര പഠിച്ചാലും തലയിൽ കയറാതെ നിൽക്കുന്ന ഫിസിക്സ് നോടും, മൂലകങ്ങളും തന്മാത്രകളും നിറഞ്ഞ കെമിസ്ട്രിയും, എന്തിനാ പഠിക്കുന്നതെന്നു മനസിലാവാത്ത ഇന്റെഗ്രേഷനും ഡിഫറൻസിയേഷനും എല്ലാം കൂടെ പൊരുതി ജയിക്കാൻ എനിക്ക് സാധിച്ചില്ല.സെ പരീക്ഷയിലും തോറ്റതോടെ അപ്പൻ എന്നോട് മിണ്ടാതെ ആയി.
കോളേജ് തുറന്നതോടെ കൂട്ടുകാരും ഇല്ലാതായി. വെറുതെ പത്രം മറച്ചു നോക്കുമ്പോൾ ആണു ഒരു ജോലി ഒഴിവു കാണുന്നത്. ഒരു ആയുർവേദ കമ്പനി ആണു നിറയെ ഒഴിവുകളുണ്ട്. നമ്മുടെ കഴിവിന് അനുസരിച്ചു ഏത് പോസ്റ്റ് ആണെന്ന് നോക്കാം.ആത്മവിശ്വാസം നിറക്കുന്നതായിരുന്നു ആ സംസാരം. പരീക്ഷ യുണ്ട് പഠിക്കണം എന്നു പറഞ്ഞപ്പോൾ രാത്രി പഠിച്ചോളൂ താമസവും ഭക്ഷണവും അവര് തരും.
സർട്ടിഫിക്കറ്റ്കളും, ആവശ്യത്തിനു ഡ്രസ്സ് ആയിട്ട് നാളെ തന്നെ പുറപ്പെട്ടോളൂ അയാൾ പറഞ്ഞു.
എറണാകുളത്താണ് ജോലി, അപ്പനോട് അമ്മച്ചി ആണു പറഞ്ഞത്.വെറുതെ ഇവിടെ ടി വി കണ്ടിരിക്കണെക്കാളും ബേദല്ലേ.അപ്പൻ ഒന്നും പറഞ്ഞില്ല.
പഠിച്ചു പാസ്സാവാൻ നോക്കാതെ പണി കണ്ടുപിടിച്ചു വന്നിരിക്കുന്നു,
അപ്പൻ കുളിക്കാൻ എഴുന്നേറ്റു പോയി.
അമ്മച്ചി വണ്ടിക്കൂലിക്കു ഉള്ള കാശു തന്നു. എറണാകുളത്താണ് ജോലി. അവിടെ എത്താനുള്ള വഴിയും ബസ് ഫെയർ വരെ ഓഫീസിൽ നിന്നും വിളിച്ചയാൾ പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് നാട് വിട്ടു തനിയെ ഒരിടത്തേക്ക്, രണ്ടു മണിക്കൂറിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഒരു പേടി തോന്നി.
ഇറങ്ങാൻ നേരത്ത് കുരിശു വരക്കാൻ നിൽകുമ്പോൾ അപ്പൻ വന്നു. രണ്ടു നൂറു രൂപ നോട്ടുകൾ കൈയിൽ തന്നുകൊണ്ട് പറഞ്ഞു.
മതിയായി എന്നു തോന്നുമ്പോൾ ഇങ്ങു തിരിച്ചു പോരാനുള്ള വണ്ടിക്കൂലി ആണു ഇതു!! ഒന്നോ രണ്ടോ ഡ്രസ്സ് മാത്രം എടുത്താൽ മതി, സർട്ടിഫിക്കറ്റ് ന്റെ ഫോട്ടോസ്റ്റാറ്റ്കളും കൊണ്ടുപോയാൽ മതി. പറ്റിയില്ലെങ്കിൽ ഇങ്ങു പോന്നേക്ക്!!
അപ്പൻ പറഞ്ഞത് അനുസരിക്കാതെ വഴി ഇല്ലായിരുന്നു. രണ്ടു ജോഡി ഡ്രെസ്സും കൊണ്ട് ഞാൻ യാത്ര തുടങ്ങി.
ഓഫീസിലെ ഒരു വലിയ ഹാളിലായിരുന്നു ആദ്യം എത്തിപ്പെട്ടത്. വലിയ വലിയ ബാഗും കൊണ്ട് വന്നിരിക്കുന്ന ചെറുപ്പക്കാർക്കിടയിൽ കോളേജ് ബാഗ് പോലെ ഒന്നു ഇട്ടുകൊണ്ട് ഞാൻ ഇരുന്നു. കമ്പനിയെ കുറിച്ചും അതിന്റെ വളർച്ച ഘട്ടങ്ങളെ കുറിച്ചും മാർക്കറ്റിംഗ് നെ കുറിച്ചും വാ തോരാതെ ഓരോരുത്തർ പ്രസംഗിച്ചു എനിക്ക് ഒന്നും മനസിലായില്ല. നാളെ മുതൽ ജോലി തുടങ്ങാം എന്നും പറഞ്ഞു.
ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് എന്നോട് അവർ ദേഷ്യപ്പെട്ടു. ഒറിജിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവന്നവർ എല്ലാം എഗ്രിമെന്റ് ഒപ്പിട്ടു കൊണ്ട് ജോലിയിൽ പ്രവേശിച്ചു. എനിക്ക് സർട്ടിഫിക്കറ്റ് ന്റെ ഒറിജിനൽ കൊണ്ടു വരണം എങ്കിലേ സാധിക്കു.
ഈ അപ്പൻ!! ശോ ഞാൻ മാത്രം!!
സാരമില്ല ഈ ആഴ്ച വീട്ടിൽ പോയി വന്നിട്ട് കൊടുകാം.
ഹോസ്റ്റൽ ഒരു വൃത്തി ഇല്ലാത്ത ഇടാമായിരുന്നു. ഭക്ഷണവും നന്നല്ല. ഒരു കണക്കിന് നേരം വെളുപ്പിച്ചു. പുതിയ സ്റ്റാഫിന് പുതിയ ഹോസ്റ്റൽ ആണു മൈന്റെനെൻസു കഴിഞ്ഞാൽ അങ്ങോട്ട് മാറാം.സർ മീറ്റിംഗിൽ പറഞ്ഞിരുന്നു.
എല്ലാ സ്റ്റാഫുകളും താഴത്തെ ഓഫീസിൽ ചെന്നു രാവിലെ വലിയ ബാഗുകളും പിടിച്ചു നിൽക്കുന്ന പഴയ സ്റ്റാഫുകൾക്കൊപ്പം ഞങ്ങളെയും കൂടെ ചേർക്കപെട്ടു. ഒരു പുതിയ സ്റ്റാഫ് ഒരു പഴയ സ്റ്റാഫ്. മാർക്കറ്റിംഗ് പഠിക്കാൻ ആണെന്നും, പ്രാക്ടിക്കൽ ആയി പഠിചാലെ മാർക്കറ്റിംഗ് മനസ്സിലാവൂ എന്നും മോട്ടിവേഷൻ ക്ലാസ്സിനൊപ്പം അയാൾ പറഞ്ഞു.
എത്ര കേട്ടാലും തലയിൽ കയറാത ഫിസിക്സ് പോലെ തോന്നി എനിക്ക്. വലിയ ബാഗും അതിൽ നിറചിരിക്കുന്ന പ്ലാസ്റ്റിക് ഡപ്പകളും മസാല പൊടികളും കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു 100 രൂപ എല്ലാവർക്കും നല്കപ്പെട്ടു. യാത്രയ്കും ഭക്ഷണത്തിനും കൂടിയുള്ളതായിരുന്നു അതു.
തല കറങ്ങി തുടങ്ങി, പൊള്ളുന്ന വെയിലിൽ താങ്ങാൻ പറ്റാത്ത ഭാരം പുറത്ത്, വിശപ്പും ദാഹവും രാവിലെ രണ്ടു ഇഡലി കഴിച്ചതാണ്. കൂടെ ഉള്ളവൻ സാധനങ്ങൾ വിക്കുന്നുണ്ട് അവനു ദാഹവും വിശപ്പും ഇല്ലാത്ത യന്ത്രം പോലെയായി തോന്നുന്നു. രണ്ടര ആയപ്പോൾ ഞാൻ പറഞ്ഞു വിശക്കുന്നു എനിക്ക്, ഇനി നടന്നാൽ വീഴും.അവൻ മൂളുക മാത്രം ചെയ്തു.
ഹോട്ടലിൽ കയറിയപ്പോൾ അവൻ രണ്ടു പൊറോട്ട വാങ്ങി, ചോറുണ്ണാൻ നോക്കിയ എന്നെ അവൻ തടഞ്ഞു ഈ 100 നു അതു തികയില്ല. ഞാനും രണ്ടു പൊറോട്ട തിന്നു. രാത്രിയിലും പൊറോട്ട തന്നെ.രണ്ടു ദിവസം അങ്ങനെ പോയി.
നടുക്കടലിൽ ഒറ്റപെട്ട പോലെ ആയി എങ്ങനെ തിരിച്ചു പോവും. രാത്രി മുഴുവൻ വയറുവേദനയും ഒന്നു രണ്ടു വട്ടം കക്കൂസിലും പോയി. എഴുനേറ്റ് ഇരിക്കണത് കണ്ടപ്പോൾ രാവിലെ തൊട്ട് കൂടെ ഉണ്ടായിരുന്നവൻ വന്നു അടുത്തു വന്നു ചോദിച്ചു
വണ്ടിക്കൂലിക്കു കാശ് ഉണ്ടോ??
ങേഹ്?
വീട്ടിൽ പോവാൻ വണ്ടികൂലിക്കു കാശുണ്ടോ?
അവൻ ചോദിച്ചു
ആഹ്.
എങ്കിൽ നീ വീട്ടിൽ പോവാൻ നോക്കിക്കോ. സർട്ടിഫിക്കറ്റ് ഒന്നും കൊടുത്തിട്ടില്ലലോ. നാളെ ഹോസ്പിറ്റലിൽ പോകണമെന്നു പറഞ്ഞു ഇറങ്ങിക്കോളൂ, നിനക്ക് ആ ചെറിയ ബാഗ് അല്ലേ ആരും ശ്രദ്ധിക്കില്ല.നീ പൊക്കോളു.
ആശുപത്രിയിലേക്ക് തന്നെയാണ് ആദ്യം പോയത്.വയറു അത്രേം വേദനിച്ചിരുന്നു,മരുന്ന് വാങ്ങിക്കൊണ്ടു നേരെ നടന്നത് ബസ് സ്റ്റാൻഡിലേക്കും. നാട്ടിലേക്കുള്ള ബസിൽ കയറി ടിക്കറ്റ് എടുക്കാനായി അപ്പൻ തന്ന ഒരു നൂറു രൂപ നോട്ട് ഞാൻ കണ്ടക്ടർക്കു കൊടുത്ത് ബാക്കി വാങ്ങി. സൈഡ് സീറ്റ്ലേക്ക് തല ചാരി കിടന്നു. ആ യാത്രയിൽ ഞാൻ അറിഞ്ഞ ആ കാറ്റിനോളം തണുപ്പ് മുൻപൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.
അപ്പൻ തന്ന മറ്റേ നൂറു രൂപ ഞാൻ ഇന്നും പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയെയും മറികടന്നു വീട്ടിലേക്ക് എത്താനുള്ള എന്റെ വണ്ടിക്കൂലി….

