എഴുത്ത്:- നൗഫു ചാലിയം
“വെള്ളിയാഴ്ച ലീവ് കിട്ടിയപ്പോൾ ആയിരുന്നു പെങ്ങളുടെ അടുത്തേക് പോകാമെന്നു കരുതിയത്…”
“ഇന്നാണേൽ അനിയൻ പുതിയ വിസക്ക് നാട്ടിൽ നിന്നും വന്നു പെങ്ങളുടെയും അളിയന്റെയും ഇടയിൽ കട്ടുറുമ്പായി നിൽക്കുന്ന സമയവുമാണ്…
ഇനി ഞാൻ കൂടേ ചെന്നാൽ അളിയൻ വല്ല കടുംകൈ ചെയ്യുമോ ഇല്ലയോ എന്നറിയില്ലെങ്കിലും പാതി രാത്രി ടാക്സി കിട്ടുവാൻ ഇല്ലാത്ത സഥലം ആയത് കൊണ്ട് തന്നെ എന്നെ അവരുടെ റൂമിലേക്കു കൊണ്ട് പോകുവാനായി പെങ്ങളെ തന്നെ സോപ്പിടേണ്ടി വന്നു…”
“അങ്ങനെ അന്നത്തെ രാത്രിയിലെ നാസ്ത എന്റെ വക എന്നൊരു കണ്ടീഷനും വെച്ച് അളിയൻ കയറ്റിയ ഹോട്ടലിലെ കണ്ണ് തള്ളുന്ന ബില്ലും കൊടുത്തു നേരെ അവരുടെ റൂമിലേക്കു വിട്ടു..
എന്തായാലും ഇന്നത്തെ രണ്ടു മൂന്നു നേരത്തെ ഫുഡ് ഇവിടുന്ന് തന്നെ എന്നത് കൊണ്ട് തന്നെ രാത്രി ചിലവായത് മുഴുവൻ വസൂലാക്കിയിട്ടേ ഞാൻ റൂമിലേക്കു തിരിക്കൂ…
അല്ല പിന്നെ…”
“അങ്ങനെ അന്ന് രാത്രി നാട്ടിലെയും ഇവിടുത്തെയും വിശേഷങ്ങൾ പറഞ്ഞു മൂന്നു മണി ആയിട്ടുണ്ടാവും ഒന്നു കിടക്കുമ്പോൾ..
ലീവ് ആയത് കൊണ്ട് തന്നെ ജുമുഅക് പോകുന്നതിന്റെ കുറച്ചു മുന്നേ എഴുന്നേറ്റാൽ മതി എന്നുള്ള പ്രതീക്ഷയിൽ ഉറങ്ങാൻ കിടന്ന ഞാൻ പതിവ് പോലെ അഞ്ചര ക്ക് തന്നെ എഴുന്നേറ്റു..
സുബുഹി നിസ്കരിക്കാനെ…
അതെങ്ങനെയാ… ലീവ് ഉള്ള ദിവസമായിരിക്കും അര മണിക്കൂർ നേരത്തെ എഴുന്നേൽക്കുക…”
“ആ സമയത്ത് തന്നെ അളിയനും എഴുന്നേറ്റിട്ടുണ്ട്…
അളിയൻ പല്ലും തേച് എനിക്കുള്ള ചായയും എടുത്തു തന്ന് നിസ്ക്കാരവും കഴിഞ്ഞു കഫീൽ വിളിച്ചത് കൊണ്ട് തന്നെ രാവിലെ തന്നെ അങ്ങോട്ട് പോയി..”
“ഞാൻ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും മൊബൈലിൽ നോക്കിയിട്ട് തന്നെ നല്ല ഉറക്കം കണ്ണിലേക്കു വരുന്നത് കൊണ്ടും പെട്ടന്ന് തന്നെ ഒന്നും കൂടേ കിടന്നു..
പിന്നെ പത്തു മണിക്കാണ് എഴുന്നേൽക്കുന്നത് അതും അത്യുജ്ജലമായ മുട്ടൽ താഴെ നടന്നത് കൊണ്ട്…ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ വേഗം എഴുന്നേറ്റ് ബാത്‌റൂമിലേക്ക് ഓടി..”
“പുറത്ത് പെങ്ങൾ പല്ല് തേച്ചു നിൽക്കുന്നുണ്ട്…
ബാത്‌റൂമിൽ പോയി തിരികെ വരുന്ന സമയം കൊണ്ട് തന്നെ അവൾ എനിക്ക് വേണ്ട അപ്പവും മുട്ടക്കറിയും ഉണ്ടാക്കി മേശയിൽ വെച്ചിട്ടുണ്ടായിരുന്നു..”
“ഇനി ഉറക്കം നടക്കൂല എന്നുള്ളത് കൊണ്ട് തന്നെ.. മൊബൈൽ എടുത്തു പള്ളിയിൽ പോകുന്നത് വരെ എന്തേലും എഴുതി ഇരിക്കാമെന്നും കാരുതി നേരെ കയറിയത് ഫേസ് ബുക്കിലെക് ആയിരുന്നു…
അതെന്തായാലും നന്നായി ഇനി ആര് വന്നു കൂവിയാലും അതിൽ നിന്നും ഇറങ്ങുകയും ഇല്ല.. ഒന്നും എഴുതാനും കഴിയില്ല…”
“അങ്ങനെ സമയം പതിനൊന്നു മണി ആയപ്പോൾ അനിയൻ കിടക്ക പായ യിൽ നിന്നും എഴുന്നേറ്റ് വന്നു… മുട്ടൽ കൂടിയതായതിനാൽ ആണെന്ന് തോന്നുന്നു മുന്നാരം മുറുക്കെ പിടിച്ചിട്ടുണ്ട്… ഓടി പോയി അവന്റെ അവശ്യവും കഴിഞ്ഞു പുറത്തേക് ഇറങ്ങി എന്നെ നോക്കി ഒരു ഇളിഞ്ഞ ചിരിയും ചിരിച്ചു പല്ല് തേക്കാൻ തുടങ്ങി…”.
“ഞാൻ അവനെ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു അവൻ എന്നോട് ചോദിച്ചു എന്താണിക്ക എന്ന്…”
“ഞാൻ വീണ്ടും അവൻ പല്ല് തേക്കുന്നത് നോക്കി നിന്നു..”
“പല്ലൊക്കെ തേച്ചു പെങ്ങളോട് ഒരു കട്ടനും പറഞ്ഞു എന്റെ അരികിലേക് വന്നിരുന്നു കൊണ്ട് അവൻ വീണ്ടും ചോദിച്ചു..”
“എന്താണിക്ക ഇങ്ങനെ നോക്കുന്നത്…
എന്നെ കാണാത്തതു പോലെ?”
ആ സമയം തന്നെ പെങ്ങൾ അങ്ങോട്ട് വന്നു…
“എടി നോകിയെ ഇക്കാക് ഭ്രാന്ത് ആയെന്ന് തോന്നുന്നു.. ഇക്ക ഒന്നും മിണ്ടുന്നില്ല”
“ആ ഭ്രാന്ത് ആയിട്ടുണ്ടാവും ഏത് നേരവും എന്തെങ്കിലും കഥ എഴുതണം എന്നും പറഞ്ഞു മൊബൈലിൽ നോക്കി ഇരിക്കുകയല്ലേ.. “
“എന്നെ വാരാൻ കിട്ടിയ ഒരു നിമിഷം പോലും പായാക്കാതെ അവൾ പറഞ്ഞത് കേട്ട് അനിയനും കൂടേ അവളും ചിരിക്കാൻ തുടങ്ങി..”
“അല്ലേടി ഞാൻ ഒരു സംശയം ചോദിക്കട്ടെ.. “
അവരുടെ ചിരി തെല്ലോന്ന് ഒതുങ്ങിയപ്പോൾ ഞാൻ ചോദിച്ചു..
“ഹ്മ്മ്
അവന് ചായ ഒഴിച് കൊടുത്തു കൊണ്ട് എന്റെ അരികിലേക് ഇരുന്നു അവൾ മൂളി..
“നീ ഇന്ന് ഏത് ബ്രെഷ് കൊണ്ടാണ് പല്ല് തേച്ചത്..”
“അവൾ ഒരു നിമിഷം എന്റെ മുഖത്തേക് തന്നെ നോക്കി നിന്നു…
ഇന്ന് പല്ല് തേച്ചോ എന്ന് ആലോചിച്ചു നോക്കുകയാവും..
പിന്നെ പെട്ടന്ന് തന്നെ അവൾ അവിടുന്ന് വാഷ് ബേസിന്റെ അരികിലേക് പോയി ഒരു ബ്രെഷ് എടുത്തോണ്ട് വന്നു…”
“അവൾ ആ ബ്രഷും കൊണ്ട് വരുന്നത് കണ്ടപ്പോൾ തന്നെ അനിയന്റെ മുഖം വാടി തുടങ്ങിയിരുന്നു..
ഞാൻ നേരെ അനിയന് നേരെ നോക്കി.. എന്നിട്ട് അവനോടും ചോദിച്ചു.. നീ ഇന്നേതു ബ്രെഷ് ആണ് പല്ല് തേക്കാൻ ഉപയോഗിച്ചത്..
അവൻ പെങ്ങളെ മുഖത്തേക് ഒന്നു നോക്കി പിന്നെ അവൾ കൊണ്ട് വന്ന ബ്രഷിലേക്കും.. അവനും ആ ബ്രെഷ് ആയിരുന്നു പല്ല് തേക്കാൻ ഉപയോഗിച്ചത്..”
ഞാൻ അവരെ നോക്കി ഒന്നു ചിരിച്ചു…
എന്നിട്ട് വീണ്ടും പറഞ്ഞു..
നിങ്ങൾ രണ്ടു പേരും ഈ ബ്രെഷ് കൊണ്ടാണ് പല്ല് തേച്ചത്.. ഇനി ഒരു ട്വിസ്റ്റ് കൂടേ ഉണ്ട്.. നിങ്ങൾ അല്ലാതെ മൂന്നാമതൊരാൾ കൂടേ ഈ ബ്രെഷ് ഉപയോഗിക്കുന്നുണ്ട്…
അവർ ഇനി ഞാൻ ആണോ എന്നറിയാതെ എന്നെ തന്നെ നോക്കി നിന്ന സമയത്ത് ഞാൻ പറഞ്ഞു..
അളിയൻ..
അളിയനും രാവിലെ ഈ ബ്രെഷ് ആണ് യൂസ് ചെയ്‍തത്…
ആ കൊട്ടയിൽ അഞ്ചാറു ബ്രെഷ് ഉണ്ടായിട്ടും ഈ ഒന്നു മാത്രം അവർ ഉപയോഗിക്കുന്നത് എന്ത് കൊണ്ടാണെന്ന് ഞാൻ ചോദിച്ചപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്..
അനിയൻ നാട്ടിൽ നിന്നും കൊണ്ടു വന്ന ബ്രെഷ് ആണെന്ന് കരുതിയാണ് ഉപയോഗിക്കുന്നത്.. പെങ്ങൾ പെങ്ങളുടേതാണെന്നും അളിയൻ അളിയന്റെ ആണെന്നും അത് പോലെ വിശ്വാസിച്ചിരുന്നു..
“ജുമുഅ നിസ്ക്കാരം കഴിഞ്ഞു ബ്രെഷിന്റെ പേരിൽ ഊക്കൻ കച്ചറ റൂമിൽ നടന്നപ്പോൾ.. ഈ പ്രശ്നത്തിന്റെ കാരണക്കാരൻ ഞാൻ ആണല്ലോ എന്ന് കരുതി കടയിൽ പോയി മൂന്നു പേർക്കും ഓരോ വ്യത്യാസസ്ഥ ബ്രാന്റ് വാങ്ങി കൊടുത്തു പ്രശ്നം സോൾവാക്കി..
അവർ മൂന്നു പേരും മൂന്നു സമയത്തായി എഴുന്നേൽക്കുന്നത് കൊണ്ടായിരിക്കാം മൂന്നാളും ഒരേ ബ്രെഷ് ഉപയോഗിക്കുന്നത് തിരിച്ചറിയാതെ പോയത്..”
ബൈ
😁