വേനൽമരങ്ങൾ
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
മേടത്തിൻ്റെ അവസാനപാദമായതിനാലാകാം, ആകാശത്തൊരു മഴക്കോളുണ്ട്.
സാധാരണ, നട്ടുച്ചകൾക്കു വെന്തുരുക്കുന്ന ചൂടാണ്. മൂടിക്കെട്ടിയ ആകാശം തണൽ തരുന്നുണ്ടായിരുന്നുവെങ്കിലും, അസഹ്യമായ പുഴുക്കം ഇപ്പോഴും ശേഷിക്കുന്നു. ദേശീയപാതയുടെ അരികിലെ ബസ്സ്റ്റോപ്പിൽ, ഇനിയും വന്നെത്താത്ത ബസ്സിലേക്കു കണ്ണും നട്ട്, കുറച്ചു യാത്രക്കാരിരുപ്പുണ്ട്. ടാർനിരത്തിലെ ചൂട് ബഹിർഗമിച്ച് ഉടലിനേ പൊതിയുന്നു.
ചെന്നിയിലൂടെ സ്വേദം അരിച്ചിറങ്ങുന്നു.
ബസ്ഷെൽട്ടറിലേക്കു കയറിനിന്നു. അപ്പോളോ ടയേർസിലേക്കുള്ള കമ്പനിവാഹനം ഉടനേയെത്തും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി, പകൽ ഷിഫ്റ്റുകളിൽ ഇതേ നേരത്ത് ഇവിടെയുണ്ടാകാറുണ്ട്. ദേശീയപാത രണ്ടുവരിയിൽ നിന്നും നാലുവരിയായിട്ടും, അതിലുമുൾക്കൊള്ളാനാകാത്ത വിധം വാഹനപ്പെരുക്കം ഉടലെടുത്തിരിക്കുന്നു. തെല്ലുനീങ്ങിയുള്ള സിഗ്നൽ ജംഗ്ഷനിൽ, ചുവപ്പിൽ കുരുങ്ങിയ വാഹനങ്ങളിൽ നിന്നും അക്ഷമയുടെ ഹോൺ മുഴക്കങ്ങളുയരുന്നു. സമയത്തിനും, കാലത്തിനുമൊപ്പമെത്താൻ മനുക്ഷ്യരും കുതിക്കുകയാണ്.
വെയിറ്റിംഗ് ഷെഡിനോടു ചേർന്ന്, കാലങ്ങളായി നിലകൊള്ളുന്ന നീല ടാർപോളിൻ പായ മടക്കിയുണ്ടാക്കിയ ഇത്തിരി തണലിനു കീഴേ,.ഇന്നു രാജനുണ്ടായിരുന്നില്ലെന്നത് ആശ്ചര്യം ജനിപ്പിച്ചു..പഴയ ബാഗുകളും, കുടകളും ചെരിപ്പുകളും അടുക്കിവച്ച് അതിൻമേൽ പ്ലാസ്റ്റിക് കവർ കൊണ്ടു ഭദ്രമായി മൂടിയിട്ടിരിക്കുന്നു. വേനലിൻ്റെയന്ത്യത്തിൽ, അപ്രതീക്ഷിതമായി വന്നെത്തുന്ന മഴയെ പ്രതിരോധിക്കാനെന്നോണം വളരെ കൃത്യമായാണ് അവയെ കാത്തുവച്ചിരിക്കുന്നത്. പഴയ കുടയുടെ മൊട്ടുകളും, കമ്പികളും, കീറശ്ശീലകളു മെല്ലാം മറ്റൊരു കോണിൽ കൂട്ടിയിട്ടിരിക്കുന്നു. ചെരിപ്പുകളുടെ പൊട്ടിയ വാറുകൾ ചിതറിക്കിടക്കുന്നു. തൻ്റെ പണിയുപകരണങ്ങളേ ആരും നശിപ്പിക്കുകയില്ലെന്നു രാജനു തീർച്ചയുണ്ടാകാം.
താൻ ജോലിക്കു വരുന്ന കാലത്തും, രാജനിവിടേയുണ്ടായിരുന്നു. ഒരുപക്ഷേ, അതിലും ഏറെക്കാലം മുൻപേ തന്നേ. നഗരത്തിലെ കച്ചവടക്കാരുടെ വളർച്ചയും തളർച്ചയും രാജൻ്റെ കാഴ്ച്ചകളിലൂടെയാണ് കടന്നു പോയിട്ടുണ്ടാവുക. യുവതയുടെ തിരക്കുകൾക്കും, ബസ് ഷെൽട്ടറിലെ പ്രണയങ്ങൾക്കും എത്രയോ തവണ, രാജൻ സാക്ഷിയായിട്ടുണ്ടാകും. പൊള്ളുന്ന വേനലിലും,.വരണ്ട ധനുക്കാറ്റു വീശുന്ന ശിശിരങ്ങളിലും, തുലാമഴയുടെ ഹുങ്കാരങ്ങളിലും, രാജൻ ഒരേ ശാന്തഭാവം പൂണ്ടിരുന്നു. പെരുമഴക്കാലത്തൊരിക്കൽ, ചീറിവന്നൊരു ട്രാൻസ്പോർട്ട് ബസ് ചെളിച്ചാറിൽ കുളിപ്പിച്ചപ്പോഴും അദ്ദേഹം നിർന്നിമേഷനായിരുന്നു.
പാർശ്വങ്ങളെ വലുതാക്കി നാഷണൽ ഹൈവേ വികസിച്ചപ്പോൾ,.രാജൻ അതിനരികു ചേർന്നിരുന്നു. ഓരോ ഋതുവിലും, രാജനരികിലായി പല കച്ചവടക്കാരും വന്നുപോയ്ക്കൊണ്ടിരുന്നു..ഓണക്കാലത്ത് പൂവും, തൃക്കാക്കരയപ്പനും, വിഷുവിന് കണിക്കൊന്നപ്പൂക്കളും,.ഡിസംബറിൽ നക്ഷത്ര ക്കച്ചവടക്കാരും ദേശീയപാതയുടെ അരികുപറ്റിനിന്നു കച്ചവടം ചെയ്തു. അവർ വന്നും പോയിക്കൊണ്ടുമിരുന്നു. പക്ഷേ,.രാജൻ സ്ഥായിയായിരുന്നു.
ബസ്സ്റ്റോപ്പിൻ്റെയപ്പുറത്തായി, മറ്റൊരു ചെരുപ്പുകുത്തി കൂടിയുണ്ടായിരുന്നു, യാത്രക്കാരുടേയും, നഗരത്തിരക്കിലലഞ്ഞിവരുടേയും പാദരക്ഷകളും കുടകളും വീക്ഷിച്ച്, സദാ പിറുപിറുക്കുന്നൊരാൾ..ഉച്ചത്തിൽ വിലപേശി പ്രതിഫലം വാങ്ങുന്ന, സദാ ബീ ഡിപ്പുകയിൽ മറഞ്ഞിരിക്കുന്ന ഒരു പരുഷമുഖം..പണം ചേർത്തുവച്ച്, നിശ്ചിത തുകയാകുമ്പോൾ, പതിയേ എഴുന്നേറ്റ് അങ്ങാടിയിലേ ബാറിലേക്കൊരു നടത്തമുണ്ട്. തെല്ലുനേരം കഴിഞ്ഞു മടങ്ങുമ്പോൾ, സ്വതേ ചുവപ്പുരാശി പടർന്ന മിഴികൾ ചെമ്പോത്തിൻ കണ്ണുകൾ പോലായിട്ടുണ്ടാകും.
അങ്ങനേയൊരു മധുശാല സന്ദർശനത്തിനിടയിലാണ് പാഞ്ഞുവന്നൊരു പിക്കപ്പ് വാൻ, അദ്ദേഹത്തിൻ്റെ കാലഹരണപ്പെട്ട ദേഹത്തേ,.മോർച്ചറിയിലേ തുന്നിക്കൂട്ടലുകൾക്കു വിധേയമാക്കി ഭൂമിയിൽ നിന്നും തിരിച്ചയച്ചത്.
രാജൻ, സ്വതേ ശാന്തശീലനായിരുന്നു..മുഷിഞ്ഞ ഉടുപുടവകളിൽ, ആ മെല്ലിച്ച ദേഹം വേറിട്ടുനിന്നു. ശ്മശ്രുക്കൾ നിറഞ്ഞ മുഖം തടവി, അയാൾ ഒഴിവു വേളകളിൽ ഗഹനമായ ആലോചനകളിൽ മുഴുകിയിരുന്നു. കമ്പനിയുടെ അവധിദിനങ്ങളിൽ ഭാര്യയ്ക്കൊപ്പം അങ്ങാടിയിൽ ഷോപ്പിംഗിനെത്തുമ്പോൾ,.താൻ രാജനെ ശ്രദ്ധിക്കാറുണ്ട്. ടൗണിലേ പള്ളിക്കൂടം വിട്ടു, കുട്ടികൾ പോകുമ്പോൾ ആ കണ്ണുകളിൽ ആർദ്രത നിറയുന്നതു കാണാമായിരുന്നു.
പെരുമഴയത്തു വെറും നിലത്ത് ഉടുമുണ്ട് ചീഞ്ഞിരിക്കുമ്പോഴും, ആ മുഖത്ത് വിക്ഷോഭങ്ങൾ വിരുന്നുവന്നിരുന്നില്ല. തരുണികൾ, ബാഗും കുടയും ചെരിപ്പുമെല്ലാം കുനിഞ്ഞു നിന്നു കൊടുത്തു പതം പറയുമ്പോളും, ആ മിഴികൾ വഴി തെറ്റി മേഞ്ഞില്ല. ചെറുബാല്യക്കാർ ചിലപ്പോഴൊക്കെ, രാജനെ വളഞ്ഞു നിന്നു. അവരുടെ ഫുട്ബോൾ തുന്നിക്കാനുള്ള തിരക്കും, കലപിലയുമാണ്. അങ്ങാടിയിൽ ആളും ആരവവുമുള്ളപ്പോഴൊക്കെ അവിടെ രാജനുമുണ്ടായിരുന്നു. ബോംബെ നഗരത്തിലെ ഡബ്ബാവാലയേപ്പോലെ.
മഴക്കാറു നീങ്ങി, സൂര്യൻ വീണ്ടും ക്രുദ്ധനായി. വേവുന്ന വെയിലിനേ ദുർബ്ബലമായി പ്രതിരോധിച്ച ടാർപാളിൻ ഷെഡിനു കീഴെ, രാജൻ്റെ പണിസാമാഗ്രികൾ അനാഥമായിക്കിടന്നു.
“മ്മടെ ചെരിപ്പുകുത്തിക്കെന്തു പറ്റീ? ഗൾഫീ പോയാ?”
ആരുടേയോ സംസാരം കേട്ടു..അതിൽപ്പുരണ്ട പരിഹാസത്തോട് അവജ്ഞയല്ല,
അറപ്പാണു തോന്നിയത്. ല്ലായ്മയുടെ സ്ഥായീഭാവങ്ങളോടു ചിലർക്കുള്ള മനോഭാവങ്ങളേ മാറ്റിമറിക്കാൻ ആർക്കുമാകില്ല..കമ്പനിജോലി തന്ന സൗഭാഗ്യങ്ങൾ ഒന്നൊന്നായി മനസ്സിലേക്കു വന്നു. ഒന്നുമില്ലായ്മയിൽ നിന്നും, വലിയ വീടും കാറും അനുബന്ധ ജീവിതസൗകര്യങ്ങളുമെല്ലാം വന്നുചേർന്നത് ഒരു ദശകത്തിനിടയിലായിരുന്നു..എത്ര സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിട്ടും,
പഠനത്തിൽ മുന്നേറാത്ത മക്കൾ മാത്രമാണ്, ജീവിതത്തിൽ.നേരിയതെങ്കിലും ഒരാശങ്കയുള്ളിൽ പടർത്തിയത്.
കമ്പനിയുടെ ബസ് വന്നു. അതിൽക്കയറി യാത്ര തുടർന്നു. രാജൻ്റെ ഷെഡും, പണിസാമഗ്രികളും കാഴ്ച്ചയിൽ നിന്നും മറഞ്ഞു. ഉത്തരവാദിത്വമുള്ള ജോലി,.രാജനെക്കുറിച്ചുള്ള ചിന്തകളേയും മായ്ച്ചുകളഞ്ഞു..രാത്രി പതിനൊന്നു മണിക്കു തിരികേ വരുമ്പോളും, രാജൻ്റെ ഒഴിഞ്ഞ ഇരിപ്പിടവും അനുബന്ധ ഉപകരണങ്ങളും കാഴ്ച്ചകളിലൂടെ കടന്നുപോയി. അധികം അകലെയല്ലാത്ത, വീട്ടിലേക്കെത്തുവാൻ പതിയേ നടന്നു..രാക്കാലം കടന്നുപോയി.
പുലർച്ചേ അഞ്ചു മണിയ്ക്കുണർന്നു.
കുട്ടിക്കാലത്തേ അമ്മയുടെ ശിക്ഷണങ്ങൾക്കും ശാസനകൾക്കും ഇപ്പോൾ, മുതുനെല്ലിക്കയുടെ മധുരം. ഉമ്മറമുറ്റത്തു പത്രം വന്നുകിടപ്പുണ്ട്..വലിയ അക്ഷരങ്ങളിൽ പത്താംക്ലാസ്സു പരീക്ഷയുടെ റിസൽട്ടും,.ചിത്രങ്ങളായി കുട്ടികളുടെയും അദ്ധ്യാപകരുടെയും ആഹ്ലാദങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടാം പേജിൽ, ആ ചിത്രം വേറിട്ടുനിന്നു. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടേയും,.അവളേ ചേർത്തു പിടിച്ചുനിൽക്കുന്ന ചെരിപ്പുകുത്തിയായ പിതാവിൻ്റെയും ചിത്രം. രാജൻ്റെയും മകളുടേയും ചിത്രം. കണ്ണുകളിൽ ഹർഷം വിടർന്നു. ഇന്നലെ മുഴുവൻ രാജൻ ഉദ്വിഗ്നായിരുന്നിരിക്കണം. മകളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾക്കു കാതോർത്തിരിക്കുന്ന ഒരു പിതാവിനു, ജോലിയിൽ വ്യാപൃതനാകാൻ കഴിയുമായിരിക്കില്ല. തീർച്ച. പത്രത്താളിൽ സവിസ്തരം തുടരുന്ന,രാജൻ്റെ കഷ്ടപ്പാടുകളുടെ വിവരണങ്ങൾ.
നട്ടുച്ച, ജോലിക്കു പോകാനായി വീണ്ടും അങ്ങാടിയിലെത്തി. ജ്വലിക്കുന്ന വേനലിനു കീഴേ, ഇത്തിരിത്തണലിലിന്നു രാജനുണ്ടായിരുന്നു. ആ മുഖം പ്രശോഭിക്കുന്നുണ്ടായിരുന്നു. ഏതു വേനൽത്തീയിലും വാടാതെ,.വിളറാതെ…