ആരുമില്ലാത്ത ഏകാന്ത ജീവിതം മടുത്തെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അയാൾ പറഞ്ഞു. പിന്നീട് പറഞ്ഞത് കേട്ടപ്പോൾ പരിഭ്രമിക്കണമോ…..

_lowlight _upscale

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

രാവിലത്തെ പല്ലുതേപ്പിനിടയിൽ ഒരാൾ ഫോണിൽ വിളിച്ചിട്ട് ഇന്ന് തന്റെ പിറന്നാളാണെന്ന് പറഞ്ഞു. നമ്പർ ഒന്നുകൂടി നോക്കി ആരാണെന്ന് ചോദിക്കുമ്പോഴേക്കും, തന്നെ നിങ്ങൾക്ക് അറിയില്ലായെന്നും അയാൾ ചേർത്തൂ.

“പിന്നെയെന്തിനാണ് നിങ്ങടെ പിറന്നാൾ വിവരം എന്നോട് പറയുന്നേ….?”

അയാൾ കാരണം വിശദമാക്കി. ആരുമില്ലാത്ത ഏകാന്ത ജീവിതം മടുത്തെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അയാൾ പറഞ്ഞു. പിന്നീട് പറഞ്ഞത് കേട്ടപ്പോൾ പരിഭ്രമിക്കണമോ സന്തോഷിക്കണമോയെന്ന് എനിക്ക് മനസിലായില്ല. അയാൾക്ക് വട്ടാണെന്ന് വിധിയെഴുതി ഫോണും കട്ടുചെയ്ത് ഞാൻ പല്ലുതേപ്പ് തുടർന്നു….

അല്ലെങ്കിലും പിറന്നാൾ ദിനത്തിൽ ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നുക ! തന്റെ കൈവശമുള്ള പണമെല്ലാം അപരിചിതർക്ക് പങ്കിട്ട് കൊടുക്കാനുള്ള ഉൾവിളിയുണ്ടാകുക ! അതിന് വേണ്ടി കറക്കിക്കുത്തി പല നമ്പറിലേക്കും വിളിക്കുക ! അതിലൊന്ന് എന്റേതാകുക ! അയാൾക്ക് വട്ട് തന്നെ !

കുളിയും കഴിഞ്ഞ് കുളിമുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ഫോൺ വീണ്ടും ശബ്ദിച്ചു. ആ പിറന്നാളുകാരൻ തന്നെ.. ഈ നമ്പറിന്റെ ഗൂഗിൾ പേയിലേക്ക് അമ്പതിനായിരം രൂപ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യുകയും ചെയ്തു. അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തപ്പോൾ സംഗതി ശരിയാണ്. ക്രെഡിറ്റഡ് വിത്ത്‌ ഫിഫ്റ്റി തൗസൻഡ് !

ഭാഗ്യം വന്നുകയറിയ സന്തോഷത്തിൽ ഞാൻ അയാളെ തിരിച്ചുവിളിച്ചു. താങ്കൾ ഒരു വലിയ മനസ്സിന് ഉടമയാണെന്നും നിങ്ങൾ ആത്മഹത്യ ചെയ്യരുതെന്നും ഞാൻ പറഞ്ഞു. അപ്പോൾ അയാൾ ശ്രവണസുന്ദരമായി നീട്ടി ചിരിച്ചു. തുടർന്ന് ഒരു വിലാസം മെസ്സേജ് അയച്ചിട്ടുണ്ടെന്നും അവിടേക്ക് പോയാൽ അഞ്ചുലക്ഷം രൂപ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞു.

തിരിച്ചെന്തെങ്കിലും പറയും മുമ്പേ അയാൾ ഫോൺ കട്ട്‌ ചെയ്തിരുന്നു. ഞാൻ മെസ്സേജ് നോക്കിയപ്പോൾ വിലാസം വന്നിരിക്കുന്നു. രണ്ട് മണിക്കൂറോളമുള്ള യാത്രയുണ്ട്. പോയേക്കാമെന്ന് ഞാനും കരുതി.. പണവും വാങ്ങി അയാളെ എങ്ങനെയെങ്കിലും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന ചിന്തയിൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി…

‘അല്ല മനുഷ്യാ.. പീട്യടേ താക്കോൽ എടുത്തില്ല…’ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഭാര്യ പറഞ്ഞു.

‘ഇന്ന് തുറക്കുന്നില്ല.. ഞാനൊരിടം വരെ പോയിറ്റ് വരാം…’ വിടർന്ന മുഖവുമായി ഞാൻ പറഞ്ഞു.

‘ഏടത്തേക്ക്…?’

അതുപറയാൻ എനിക്ക് സാധിച്ചില്ല. മുഖം കൂടുതൽ പ്രകാശിച്ചാലും മങ്ങിയാലും അവൾ കണ്ടുപിടിക്കും. അങ്ങനെയൊരു കഴിവ് എന്റെ പ്രിയതമയ്ക്കുണ്ട്. വന്നിറ്റ് പറയാമെന്റെ പൊന്നേയെന്നും പറഞ്ഞ് ഞാൻ ചലിച്ചു. അവൾ ചിരിച്ചു. എന്റെ തലയിൽ ജീവിതം മാറിമറയാൻ പോകുന്നതിന്റെ സകല ലക്ഷണങ്ങളും തെളിഞ്ഞു..

ഒരു കടകൂടി തുടങ്ങണം. എന്റെ പലചരക്ക് കടയോട് ചേർന്ന്, കൂർക്ക തൊട്ട് ചേനവരെ കിട്ടുന്നയൊരു പച്ചക്കറി കട… അങ്ങനെയെങ്കിൽ വ്യാപാരം കുത്തനെ കൂടും.. അങ്ങനെ ചിന്തിച്ചപ്പോൾ സ്കൂട്ടറിന്റെ വേഗത കൂടി. അയാൾ വല്ല അബദ്ധവും കാട്ടുന്നതിന് മുമ്പ് അവിടേക്ക് എത്തണമെന്ന് മാത്രമേ പിന്നെ എന്റെ തലയിലുണ്ടായിരുന്നുള്ളൂ….

കാര്യം ഭാഗ്യം വന്ന് തൊട്ടതാണെങ്കിലും ഒരു മനുഷ്യൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ്. ആ മരണത്തിൽ എനിക്ക് വല്ല പങ്കുണ്ടെന്ന് നാളെ ആരെങ്കിലും പറയുമോ.. പറഞ്ഞാലും എനിക്കെന്താണ്.. ഞാൻ പ്രേരിപ്പിക്കുന്നില്ലല്ലോ… അയാളുടെ ജീവിതം അയാൾ തീരുമാനിക്കുന്നു.

ജീവനോടെ ഉണ്ടെങ്കിൽ എങ്ങനേയും പിന്തിരിപ്പിക്കണം.. എന്നിട്ട് കൂട്ടുകച്ചവടക്കാരനാക്കണം. മുതൽമുടക്കാൻ കുറച്ച് പണമുണ്ടെങ്കിൽ ഏറെ വ്യാപാര ചിന്തയുണ്ട് എന്നിൽ.. ദൈവമേ ഞാൻ എത്തുന്നത് വരെ അയാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നല്ലേ…

ഞാൻ വിലാസത്തിലേക്ക് എത്തി. ഒരു ഒറ്റപ്പെട്ട ഇരുനില വീട്. ഗേറ്റ് തുറന്ന് വെച്ചിട്ടുണ്ട്. ആ മുറ്റത്ത് സ്കൂട്ടർ നിർത്തി ഞാൻ കാളിംഗ് ബെല്ലടിച്ചു. ആരും വന്നില്ല. കാത്തിരുന്ന് മുഷിഞ്ഞപ്പോൾ ഞാൻ കതകിൽ ചെറുതായി തള്ളി. അത് തുറന്നു.. ഹാളിലും അടുക്കളയിലും ആളില്ല… ഉണ്ടായിരുന്ന രണ്ടുമുറികളിൽ ചെന്ന് നോക്കിയപ്പോൾ ആരുമില്ല. ഞാൻ ശ്രദ്ധയോടെ കോണിപ്പടികൾ കയറി..

മുകളിൽ വിശാലമായ ടെറസ്സും ഒരു മുറിയും മാത്രമേയുള്ളൂ… ചങ്കിടിപ്പോടെയാണ് അതിനകത്തേക്ക് ഞാൻ കയറിയത്…

‘ഹ് യ്യോ…’

ഞാൻ ഭയന്നുപോയി. ചാരിയ കതക് തുറന്നപ്പോൾ ഒരു ഭീമൻ പല്ലിയെന്റെ തോളിൽ വീണിരിക്കുന്നു. കുടഞ്ഞ് തുള്ളുമ്പോഴേക്കും തുറന്ന കതക് പുറത്ത് നിന്ന് ആരോ വലിച്ചടച്ചു. ഞാൻ ആ മുറിയിൽ തനിച്ച് വിറച്ചു.

ഏതോ ഭയാനകമായ അന്തരീക്ഷത്തിൽ പെട്ടത് പോലെ ഞാൻ കിതച്ചു. ആ കിതപ്പോടെ ഫോൺ എടുത്ത് ആരെയെങ്കിലും വിളിക്കാമെന്ന് കരുതിയപ്പോൾ ഒരുവരപോലും നെറ്റ്‌വർക്ക് ഇല്ല. കെണിയിൽ കുടുങ്ങിയ എലിയെ പോലെ ഞാൻ പരവേശനായി. വിയർത്തു. തുറക്കാൻ പറ്റാത്ത ജനാലയുടെ അഴികളിൽ പിടിച്ച് തറയിൽ മുട്ട് കുത്തിയിരുന്നു.

അപ്പോഴേക്കും മുഖം മൂടിയണിഞ്ഞ രണ്ടുമൂന്ന് പേർ അകത്തേക്ക് പ്രവേശിച്ച് എന്റെ ഫോണും പേഴ്സും പിടിച്ച് വാങ്ങി. പണം തട്ടാനുള്ള രഹസ്യ അക്കങ്ങൾ എത്ര ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല.

കൂട്ടത്തിലെ തടിയൻ എന്റെ വയറിൽ കുത്തി. കുനിച്ച് നിർത്തി പുറത്തും അടിച്ചു. എന്നിട്ടും ഞാൻ പറഞ്ഞില്ല. ഒടുവിൽ കത്തി കാട്ടി എന്റെ കൈയ്യിൽ വരയുമെന്ന് കണ്ടപ്പോൾ എല്ലാ അക്കങ്ങളും ഞാൻ പറഞ്ഞുപോയി. കതകും അടച്ച് മുറിയിൽ നിന്ന് അവരും പോയി… ദൈവമേ…. വന്നുവീണ അമ്പതിയാരത്തിന്റെ കൂടെ ഞാൻ സ്വരുക്കൂട്ടിവെച്ച ഒമ്പത് ലക്ഷം…

ഞാൻ ഉറക്കെ ഉറക്കെ നിലവിളിച്ചു.. ആരും കേട്ടില്ല…. എന്റെ ശബ്ദം ആ മുറിവിട്ട് പുറത്തേക്ക് പോകാതെ ചുമരുകളിൽ തട്ടി എന്റെ കാതുകളിൽ തന്നെ തിരിച്ചടിക്കുന്നു…

ആ അനിർവചനീയമായ നേരത്ത് മുറിയിൽ നിന്നൊരു ഫോൺ ശബ്ദിച്ചു !

പഴയ മോട്ടറോളയുടെ ബട്ടൺ ടോർച്ച് ഫോണാണ്. എന്റെ ഹൃദയമെന്നപോലെ വൈബ്രേറ്റ് ചെയ്തുകൊണ്ടാണ് അത് ശബ്ദിക്കുന്നത്.. രണ്ടും കല്പിച്ച് ഞാൻ അത് അറ്റൻഡ് ചെയ്തു.

‘നമസ്ക്കാരം സുഹൃത്തേ…. യു ആർ കിഡ്നാപ്പ്ഡ് ഫോർ യുർ ബാങ്ക് ബാലൻസ്…’ തുടർന്ന് ആ ശബ്ദം നിർത്താതെ ചിരിച്ചു.

അതേ ചിരി ! ആത്മഹത്യ ചെയ്യരുതെന്ന് ഞാൻ പറഞ്ഞപ്പോൾ അയാളിൽ നിന്ന് ഉയർന്ന ശ്രവണ സുന്ദരമായ അതേ നീളൻ ചിരി ! ഞാൻ ഫോണെടുത്ത് തറയിലേക്ക് എറിഞ്ഞു. അയാളുടെ ദുഷ്ട്ടൻ ചിരി പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചപ്പോൾ എന്റെ ആർത്തിയുടെ തല കൈകൊട്ടി തുള്ളുകയായിരുന്നു…!

Leave a Reply

Your email address will not be published. Required fields are marked *