ഉറ്റ സുഹൃത്താണെന്ന് പോലും നോക്കാതെ എന്റെ ആയ കാലത്ത് ഞാൻ അവനെ പരമ ദരിദ്രനെന്നും വിവരമില്ലാത്തവനെന്നും ചൂണ്ടിയേറെ പരിഹസിച്ചിട്ടുണ്ട്. ആ നേരം കുഞ്ഞമ്പു അവന്റെ…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

തന്നോളം വളർന്ന മൂന്ന് ആൺ മക്കൾക്ക് തമ്മിൽ തല്ലാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്റെ സ്വത്തുക്കളെല്ലാമെന്ന് ഇടക്കെനിക്ക് തോന്നാറുണ്ട്.

അന്ന് എതിർത്ത് സംസാരിക്കുന്ന മക്കളോട് തിരിച്ചൊന്നും പറയാനുള്ള മാനസിക ബലമില്ലാതെ ഞാൻ എന്റെ പൂമുഖത്തൊരിറ്റ് പുഞ്ചിരിയില്ലാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞമ്പു വന്നത്…

എന്നെ പോലെ തല നരച്ചിട്ടും അവന് ഇപ്പോഴും യാതൊരു മാറ്റവുമില്ല. മുറുക്കി ചുവന്ന നാക്കും ചുണ്ടുമായി അവൻ എന്നോട് ചിരിക്കുകയും വീട്ട് കൂടലിന് തീർച്ചയായും കുടുംബ സമേതം വരണമെന്നും പറഞ്ഞു. ഞാൻ അപ്പോൾ സമ്മതമെന്ന തരത്തിലൊരു ചിരിയെടുത്ത് എന്റെ ചിറിയിൽ വെറുതേയൊന്ന് ഒട്ടിച്ചുവെച്ചു…

പണ്ട് എന്റെ മില്ലിലെ മരം വെട്ടുകാരനായിരുന്നു എന്നതിലുപരി കുഞ്ഞമ്പു എന്റെ ആത്മാർത്ഥ സുഹൃത്താണ്. മില്ലിലെ പണിക്ക് പുറമേ അവന് കല്പണിയുമുണ്ടായിരുന്നു.

ചെത്തി മിനുസ്സപ്പെടുത്തി എത്രയോ വീടുകളുടെ അടിത്തറയ്ക്കും ചുമരുകൾക്കുമായി അവൻ കല്ല് ഒരുക്കിയിട്ടുണ്ട്. അതുമാത്രമല്ല… അതിലും കൂടുതൽ വീടുകൾക്കായി ജനാലയും കതകുകളും പണിയാനുള്ള മരവും അറുത്തിട്ടുണ്ട്. പക്ഷേ, തനിക്കും തന്റെ കുടുംബത്തിനുമായി ഒരു വീടൊരുക്കാൻ മാത്രം അവന് സാധിച്ചില്ല.

പകരം ത്യാഗവും സ്നേഹവും കാണിച്ച് അവൻ അവന്റെ കുടുബത്തിനെ സ്വപ്നം കാണാൻ പഠിപ്പിച്ചു. അച്ഛന്റെ സകല പിൻബലത്തോടും കൂടി മകൾ അവളുടെ ആഗ്രഹം പോലെ പഠിച്ച് ഡോക്റ്ററായി. മകനൊരു കലാകാരനും. അവന്റെ കെട്ട്യോൾ നാട്ടിലെ പെണ്ണുങ്ങൾക്കെല്ലാം പൂക്കൾ തുന്നിപ്പിടിപ്പിച്ച ബ്ലൗസ് തയ്ച്ച് കൊടുക്കുന്ന ഒന്നാന്തരം തയ്യൽക്കാരിയുമായി.

ഒരു സുപ്രഭാതത്തിൽ താൻ മരിച്ച് പോയാൽ നിന്റെ പെണ്ണും മക്കളുമെന്ത്‌ ചെയ്യുമെന്ന് പണ്ട് മരപ്പണിക്കിടയിൽ ഞാൻ അവനോട് ചോദിച്ചിരുന്നു. അപ്പോൾ കുഞ്ഞമ്പു അവന്റെ അഴിച്ചിട്ട കാവി മുണ്ടിന്റെ തലപിടിച്ച് മുഖം തുടക്കുകയും കഴുത്തിലും കക്ഷത്തിലും അതും പിടിച്ച് ചൊറിയുകയും ചെയ്തു. എന്നിട്ട് മരിച്ച് പോയാൽ പിന്നെയെന്ത്‌ ചോദ്യവും ഉത്തരവുമെന്ന സ്റ്റൈലൻ മറുപടിയും. അപ്പോൾ ഞാൻ അവനോട്‌ നിനക്കൊന്നും കാര്യപ്രാപ്തിയില്ലെന്ന് പറഞ്ഞ് മുറുമുറുക്കും.

ഉറ്റ സുഹൃത്താണെന്ന് പോലും നോക്കാതെ എന്റെ ആയ കാലത്ത് ഞാൻ അവനെ പരമ ദരിദ്രനെന്നും വിവരമില്ലാത്തവനെന്നും ചൂണ്ടിയേറെ പരിഹസിച്ചിട്ടുണ്ട്. ആ നേരം കുഞ്ഞമ്പു അവന്റെ മുറുക്കാൻ തിന്ന് കെട്ട പല്ലുകൾ കാട്ടി ചിരിക്കും.

എന്റെ ഭാര്യയുടെ ആദ്യ പ്രസവകാലത്ത് തന്നെ ഞാൻ എനിക്കായൊരു വീടൊരുക്കിയിരുന്നു. മക്കൾ മൂന്നെണ്ണം വേണമെന്നുള്ളത് കൊണ്ട് നാലുമുറികളുള്ളയൊരു സുന്ദരമായ ഗൃഹം. കുഞ്ഞമ്പു അപ്പോഴും കേട്ട്യോളും കുട്ട്യോളുമായി തീരേ സൗകര്യങ്ങൾ കുറഞ്ഞയൊരു വാടക വീട്ടിൽ മുണ്ട് മുറുക്കി ജീവിക്കുകയായിരുന്നു.

ഇന്ന് മരക്കച്ചവടക്കാരൻ ഖാദറെന്ന് പറഞ്ഞാൽ അറിയുന്നവരെക്കാളും കൂടുതൽ കൽപ്പണിക്കാരൻ കുഞ്ഞമ്പുവെന്ന് പറഞ്ഞാൽ അറിയുന്നവരാണ് എന്റെ നാട്ടിൽ കൂടുതലും… ഈ ഖാദറെന്ന് പറയുന്നയാൾ ഞാനാണ് ട്ടോ..

തൊട്ടാൽ പൊള്ളുന്ന കൂപ്പുലേലം ലാഭത്തിൽ വിളിച്ച് കൂടിയ വിലയ്ക്ക് മരം മറിച്ചാണ് ഉപ്പായുടെ പൊട്ടിപ്പൊളിഞ്ഞ മരമില്ല് ഞാനൊന്ന് ഉയർത്തി കൊണ്ട് വന്നത്… അങ്ങനെ കഷ്ടപ്പെട്ട് ഞാൻ ഉണ്ടാക്കിയതാണ് എനിക്കിന്ന് കാണുന്നതെല്ലാം…

പക്ഷേ, വളർന്ന് വരുന്ന മക്കൾക്ക് പ്രയാസ്സങ്ങളില്ലാതെ ജീവിക്കാൻ ഞാൻ വിശ്രമമില്ലാതെ ഓടി നടന്നുണ്ടാക്കിയ സമ്പാദ്യങ്ങളെല്ലാം പരസ്പരം മുരണ്ടും അലറിയും മക്കൾ പങ്കിട്ടെടുത്തു. ഇനി കീറി മുറിക്കാൻ മിച്ചമുള്ളത് എന്റെ വീട് മാത്രമാണ്.. എന്തായാലും മക്കൾക്ക് എന്നോട് സ്നേഹമുണ്ട്.. വേണമെങ്കിൽ വീട് വിറ്റ് തങ്ങളോടപ്പം നഗരത്തിലേക്ക് താമസം മാറാമെന്ന് മൂത്തവനും ഇളയവനും എന്നോട് തഞ്ചത്തിലന്ന് പറഞ്ഞിരുന്നു. രണ്ടാമത്തവനാണെന്ന് തോന്നുന്നു കൂടുതലിഷ്ട്ടം… വീട് അവന്റെ പേർക്ക് എഴുതി കൊടുത്താൽ നമ്മുക്കിവിടെ തന്നെ കൂടാമെന്നും തന്റെ പ്രത്യേക പരിഗണന ഉപ്പക്കുണ്ടാകുമെന്നും അവൻ ഇന്നാള് എന്നോട് പറയാതെ പറഞ്ഞു…

ഞാൻ ഓർക്കുകയായിരുന്നു… കുഞ്ഞമ്പു എത്ര ഭാഗ്യവാനാണല്ലേ.. അവന്റെ മക്കള് രണ്ടാൾക്കും തല്ല് കൂടി പങ്കിട്ടെടുക്കാൻ യാതൊന്നും തന്നെ അവൻ ഉണ്ടാക്കിയിട്ടില്ലല്ലോ… പകരം അവൻ അവർക്ക് പരാശ്രയമില്ലാതെ ജീവിക്കാനുള്ള വിദ്യാഭ്യാസം കൊടുത്തു. ആഗ്രഹ പ്രകാരം മോളൊരു ഡോക്റ്ററും മോനൊരു നർത്തകനുമായി. തങ്ങൾക്കൊരു മെച്ചപ്പെട്ട ജീവിതമൊരുക്കി കൊടുത്തത് കൊണ്ടാകും അവർക്ക് അവരുടെ അച്ഛനോട് ഇത്രയും സ്നേഹവും കരുതലും.

എല്ലാ അർത്ഥത്തിലും തെറ്റ് എന്റേതാണ്… ഭാര്യയ്ക്കും പിള്ളേർക്കും സുരക്ഷിതമായ പാർപ്പിടവും വിപണിയിലെ വിലകൂടിയ വസ്ത്രവും ഇഷ്ട്ടാനുസ്സരണത്തിൽ ഭക്ഷണവും എന്നതിലുപരി പ്രായോഗിക ജീവിതത്തിന്റെ ഒരു പാഠവും ഞാൻ അവർക്ക് പകർന്ന് കൊടുക്കാൻ ശ്രമിച്ചതേയില്ല… പകരം ഒരുപിടി കച്ചവട കണക്കുകൾ മാത്രം പഠിപ്പിച്ച് കൊടുത്തു.

കാലം നരയുമായി എന്നെ തൊട്ടപ്പോൾ ഞാൻ അറിയാത്ത കണക്ക് കൂട്ടലുകൾ അവർ ഇന്നെന്നെ പഠിപ്പിക്കുന്നു.. ശരിയുത്തരം പറഞ്ഞില്ലെങ്കിൽ കാത് പഴുപ്പിക്കുന്ന സമവാക്യങ്ങൾ കൊണ്ടുള്ള അടിയാണ്. ശരീരത്തിൽ തൊടാതെയുള്ള അത്തരം അടികളാണ് സഹിക്കാൻ പറ്റാത്തത്.

എല്ലാം യഥേഷ്ട്ടം മുന്നിൽ കിട്ടി തുടങ്ങുന്ന മക്കൾ ജീവിതം പഠിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കാത്ത ഞാനെത്ര വിഡ്ഢിയാണ്..! ഒരു രക്ഷിതാവ് ആദ്യം ചെയ്യേണ്ടത് അവരുടെ പിള്ളേരുടെ കഴിവ് തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസം കൊടുക്കുകയെന്നതാണെന്ന് പോലും ചിന്തിക്കാനുള്ള വിവരം എനിക്ക് ഇല്ലാതായിപ്പോയി…

കുഞ്ഞമ്പു വന്ന് വീട്ടുകൂടലും തന്റെ സുഖ വിശേഷങ്ങളും പറഞ്ഞ് പടിയിറങ്ങിയപ്പോൾ അറിയാതെ എന്റെ തല കുനിഞ്ഞു പോയി. അല്ലെങ്കിലും മക്കൾക്കെന്ത് ചെയ്തുവെന്ന ചോദ്യത്തിന് അവർ ആഗ്രഹിച്ച വിദ്യാഭ്യാസം കൊടുത്തുവെന്ന് പറയാൻ സാധിക്കുന്നവർ തന്നെയാണ് ഭാഗ്യം ചെയ്ത രക്ഷിതാക്കൾ..

നേരുള്ള മക്കളാണെങ്കിൽ സ്നേഹം നിറഞ്ഞ സമാധാനമെന്ന സ്വർഗ്ഗം തങ്ങളുടെ രക്ഷിതാക്കൾക്കായി വിശ്രമകാലത്ത് അവർ സമ്മാനിക്കും. കുഞ്ഞമ്പുവിന്റെ മക്കളെ പോലെ…!!!

Leave a Reply

Your email address will not be published. Required fields are marked *