എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
“സാറെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കോ”
ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ബസ് സ്റ്റാൻഡിലെ ചാരുബഞ്ചിലിരുന്നുള്ള ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ എന്റെ കണ്ണുകൾ മങ്ങിയിരുന്നു .
പിന്നിലായി കൈക്കുഞ്ഞിനേയുമേന്തി ഒരു സ്ത്രീ.
നീട്ടിയ കൈകളിൽ ഏതാനും ലോട്ടറി ടിക്കറ്റുകൾ.
“സാറെ ഒരു ടിക്കറ്റ്. ഇന്നെടുക്കുന്നതാ. കയ്യിലിരുന്നാൽ പെട്ടുപോകും.
കുഞ്ഞിന് ഭക്ഷണം വാങ്ങാനാ “
തന്റെ കയ്യിലുള്ള ടിക്കറ്റുകളിലേക്കും എന്റെ മുഖത്തേക്കും അവർ ദൈന്യതയോടെ നോക്കി.
ഞാനവരെ ശ്രദ്ധിച്ചു.
മുപ്പതിൽ താഴെ പ്രായം.
എണ്ണമയമില്ലാതെ പാറിപ്പറന്ന മുടിയിഴകൾ.
കുഴിഞ്ഞ മിഴികളിൽ ഒട്ടിയ വയറിന്റെ ദൈന്യത.
മുഷിഞ്ഞു പിഞ്ചിത്തുടങ്ങിയ വസ്ത്രങ്ങൾ.
പൊതുവെ ലോട്ടറി ടിക്കറ്റുകളോട് വലിയ താത്പര്യമില്ലാത്ത ഞാൻ ഒരു നിമിഷം ആശയക്കുഴപ്പത്തിലായി.
ജീവിതത്തിൽ ഒരിക്കലും ലോട്ടറി കിട്ടില്ലെന്ന ശങ്കുക്കണിയാന്റെ ജാതക ലിഖിതം ഡെമോക്ലീസിന്റെ വാൾ പോലെ തലക്കു മുകളിൽ തൂങ്ങിക്കിടക്കുന്നതിനാൽ ലോട്ടറി എടുക്കുന്നതിൽ വലിയ താത്പര്യമൊന്നും തോന്നാറില്ല.
പക്ഷേ ഇവരുടെ രൂപ ഭാവാദികൾ കണ്ടിട്ട് നിരാശയായി അയയ്ക്കാനും തോന്നുന്നില്ല.
പോക്കറ്റിൽ നിന്നും നൂറു രൂപയെടുത്ത് നീട്ടി.
“എനിക്ക് ടിക്കറ്റുകൾ ഒന്നും വേണ്ട. ഇത് കയ്യിൽ വയ്ക്കൂ .കുഞ്ഞിന് ഭക്ഷണം വാങ്ങികൊടുക്കൂ “
ഒരു നിമിഷം അവരെന്റെ മുഖത്തേക്ക് നോക്കി.
“വേണ്ട സാറെ. ടിക്കറ്റ് വേണ്ടെങ്കിൽ കാശും വേണ്ട.എന്തെങ്കിലുമൊരു വേലചെയ്ത് ഇതിനെ പോറ്റണം എന്ന ആശയിലാ ടിക്കറ്റ് വിൽക്കാൻ തുടങ്ങിയത്.വെറുതെ കിട്ടുന്ന കാശ് കയ്യില് വന്നു തുടങ്ങിയാൽ പിന്നെ ജോലിയൊന്നും ചെയ്യാൻ തോന്നില്ല. അതോണ്ടാ.ഇതാ സാറീ ടിക്കറ്റ് പിടിക്ക്”
അവർ നൽകിയ ടിക്കറ്റും ബാക്കി രൂപയും കയ്യിൽ പിടിച്ച്, ടിക്കറ്റ് വില്പനക്കായി അടുത്ത ആളെ തേടിപ്പോകുന്ന ആ സ്ത്രീയെ നോക്കിയിരിക്കുമ്പോൾ അവരോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം തോന്നി.
☆☆☆☆☆☆☆☆☆☆