പാത്രങ്ങളൊക്കെ കഴുകി വെച്ചതിന് ശേഷവും ചിരിയുടെ കാരണം തിരക്കി അവൾ എന്റെ അടുത്തേക്ക് വന്നു. അപ്പോഴും ഞാൻ ആ ചിരിയുടെ കാരണമായ വാർത്ത എന്റെ………

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ലീവിന് വന്ന പട്ടാളക്കാരൻ തലയിൽ തേങ്ങ വീണ് മരിച്ച കഥ കുട്ടിക്കാലത്തൊക്കെ കേട്ടതാണ്. സ്വന്തം നാട്ടിൽ തന്നെ അത് സംഭവിച്ചുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് കുടുകുടാന്ന് ചിരിക്കാൻ തോന്നി. അങ്ങനെ ചിരിച്ച് ചിരിച്ചാണ് ഡൈനിങ്ങിൽ ഇരുന്നതും പെണ്ണുമ്പിള്ള ചുട്ടിട്ട് തന്ന നാല് ചപ്പാത്തി മുട്ടക്കറിയിൽ മുക്കി തിന്നതും. നിങ്ങൾക്ക് പ്രാന്തായോ മനുഷ്യായെന്ന് കൈ കഴുകുമ്പോൾ അവൾ ചോദിക്കുകയും ചെയ്തു…

പാത്രങ്ങളൊക്കെ കഴുകി വെച്ചതിന് ശേഷവും ചിരിയുടെ കാരണം തിരക്കി അവൾ എന്റെ അടുത്തേക്ക് വന്നു. അപ്പോഴും ഞാൻ ആ ചിരിയുടെ കാരണമായ വാർത്ത എന്റെ ഉറ്റസുഹൃത്തുമായി ഫോണിൽ പങ്കിട്ട് ചങ്ക് പൊട്ടി ചിരിക്കുകയായിരുന്നു… ഇത് പ്രാന്ത് തന്നെയെന്ന് പറഞ്ഞ് പെണ്ണ് പോകുകയും ചെയ്തു.

രാത്രി കിടക്കാൻ നേരം തീരേ പ്രതീക്ഷിക്കാതെയാണ് അവൾ എന്റെ പിറകിലൂടെ പുണർന്ന് നടുപ്പുറത്തൊരു ഉiമ്മ വെച്ചത്. ഇന്ന് വല്ലാത്ത സന്തോഷത്തിൽ ആണല്ലോയെന്നും എന്താണ് കാരണമെന്നും ചോദിച്ചു. അവളുടെ ചുiണ്ടുകൾ എന്റെ നട്ടെല്ലിന്റെ പുറം തൊലിയിൽ തൊട്ടും മുട്ടിയും ചോദിച്ച് നിർത്തിയപ്പോഴേക്കും എന്നിലെ രോമങ്ങളെല്ലാം ഇക്കിളിയോടെ ഉണർന്നിരുന്നു. മറ്റൊരു ആസക്തിയോടെ അവളിലേക്ക് തിരിയാൻ ഞാൻ പ്രേരിതനായി. അവളുടെ ഇടം കഴുത്തിലേക്ക് അമർത്തി ചുംiബിക്കാൻ ഒരുങ്ങിയ എന്റെ ചുണ്ടുകളെ തന്റെ വലം കവിൾ കൊണ്ട് അവൾ തടയുകയായിരുന്നു…

‘നിങ്ങള് പറ മനുഷ്യാ… ഇന്നെന്ത്‌ പറ്റി..!?’

അവളുടെ കണ്ണുകളിലെ ആകാംഷ കണ്ടപ്പോൾ എനിക്കത് പറയാതിരിക്കാൻ കഴിഞ്ഞില്ല. പറയാനായി ഓർത്തപ്പോൾ തന്നെ എന്റെ തൊണ്ടയിൽ നിന്ന് ചിരിപൊട്ടി. വെiടിയുണ്ടകളെ ധീരമായി നേരിട്ട ജവാന്റെ തലയിലേക്ക് മരണത്തിന്റെ തേങ്ങ വന്ന് വീണ കഥ ഞാൻ അവളോട് പറഞ്ഞു. അതുകേട്ട് ചിരിച്ച് ചിരിച്ച് അവൾ കട്ടിലിൽ നിന്ന് താഴേക്ക് വീഴുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റുകയായിരുന്നു. കണ്ണുകളിലൊരു സങ്കടത്തിന്റെ നെടുവീർപ്പ് പടർത്തി അവളുടെ മുഖം ഗൗരവ്വത്തിലേക്ക് അടഞ്ഞുപോയി.

‘നിങ്ങളെന്ത്‌ ക്രൂiരനാണ് മനുഷ്യാ..!’

എന്നും പറഞ്ഞ് അവൾ തിരിഞ്ഞ് കിടക്കുകയായിരുന്നു. ഞാനാണോ അയാളുടെ തലയിലേക്ക് തേങ്ങയിട്ടതെന്നും ചോദിച്ച് ഞാനും അവൾക്ക് എതിരായി മറിഞ്ഞു. ഒരു നർമ്മ ബോധമില്ലാത്ത അവളെ ഓർത്തോർത്ത് ഞാൻ എപ്പോഴോ ഉറങ്ങുകയും ചെയ്തു…

പിറ്റേന്ന് കാലത്ത്‌ ബ്രഷിന്റെ പല്ലിൽ മുഴുവൻ പേസ്റ്റ് തേച്ച് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് വീണ്ടും ഞാൻ ആ സൈനികന്റെ കാര്യമോർത്തതും പുറത്തേക്ക് വരാത്ത വിധം ഉള്ളിൽ ചിരിച്ചുകൊണ്ട് പല്ല് തേപ്പ് തുടങ്ങിയതും.

കിണറിൽ നിന്ന് അൽപ്പം മാറിയുള്ള അലക്ക് കല്ലിന്റെ നെഞ്ചിൽ എന്റെ മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കുiത്തി തിരുകുന്ന പെണ്ണുമ്പിള്ള നടുവുയർത്തി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളിൽ വീണ എന്റെ ശ്രദ്ധ അലക്കുകല്ലിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങിലേക്ക് പതിയേ മാറി. എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ ചെറിയ ഒരു ശബ്ദത്തോടെ തെങ്ങിന്റെ തല അനങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു..

ഒരു അണ്ണാൻ ചാടി പോയതിന് പിന്നാലെ ഓലയും മടലും രണ്ട് തേങ്ങയും തെങ്ങിന്റെ കഴുത്തിൽ നിന്നും ഊർന്ന് വീഴുന്നത് കൃത്യമായി ഞാൻ കണ്ടു! മാറെടീയെന്ന് പറയും മുമ്പേ അവളുടെ ഹമ്മേയെന്ന നിലവിളി ഉയർന്നിരുന്നു…

അയ്യോ പൊത്തോയെന്ന് വീണ അവളെ ഓടിച്ചെന്ന് എടുക്കുമ്പോഴേക്കും തല അലക്ക് കല്ലിൽ തട്ടി പൊട്ടിയിട്ടുണ്ടായിരുന്നു. ചുകന്ന മഷി പടർന്ന കടലാസ് പോലെയായിരുന്നു അവളുടെ നെറ്റിയപ്പോൾ…

വായക്കുള്ളിലെ പേസ്സ്റ്റിൽ പാതിയോളം തുപ്പിയും മറുപാതി ഇറക്കിയും ഞാൻ അവളെയൊരു വിറയലോടെ എടുത്തു. കാറിലേക്ക് കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഞാൻ വിയർക്കുക യായിരുന്നു. രiക്തം പരന്നൊഴുകുന്ന ആ മുഖം കണ്ടപ്പോൾ എന്റെ പ്രാണൻ വല്ലാതെ ഭയന്നുപോയി…

പേടിക്കാനൊന്നും ഇല്ലായെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് എന്റെ കാൽ മുട്ടുകൾ തമ്മിലുള്ള കൂട്ടിയിടി നിന്നത്. ബോധം വന്നിട്ടുണ്ടെന്ന് കേട്ടപ്പോൾ കയറി കണ്ടോട്ടേയെന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. എന്റെ വെപ്രാളവും പരവേശവും കണ്ടിട്ടാകണം അദ്ദേഹം അതിന് സമ്മതിച്ചത്..

ഞാൻ അവളുടെ അരികിൽ ഇരുന്നപ്പോൾ പാതി കണ്ണുകൾ തുറന്ന് അവൾ എന്നോട് ചിരിക്കുകയായിയുന്നു. നിങ്ങൾക്ക് കൂട്ടുകാരോടൊക്കെ പറഞ്ഞ് ചിരിക്കാൻ മറ്റൊരു കഥ കിട്ടിയല്ലേയെന്ന് പതിയേ പറഞ്ഞ് അവൾ വീണ്ടും ആ ചിരി തന്റെ ചുണ്ടിൽ നിന്നും നീട്ടി വലിച്ചു. എനിക്ക് കണ്ണീരല്ലാതെ മറ്റ് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ അവളുടെ വലത് കൈയ്യിൽ പിടിച്ച് എന്റെ മുഖമാകെ ഉരസ്സി. എന്റെ കണ്ണീര് വീണ് അവളുടെ വിരലുകൾ പൊള്ളിയിട്ടുണ്ടാകുമെന്നത് തീർച്ചയാണ്…

അയൽക്കാഴ്ച്ചയിൽ തമാശയെന്ന് കരുതി ചിരിച്ച് തള്ളുന്ന ഇത്തരമെത്ര കാര്യങ്ങളാണ് സ്വന്തം ജീവിതത്തിൽ നടക്കുമ്പോൾ നമ്മെ നടുക്കുന്ന തെന്ന് ഓർത്ത് ഞാൻ വിങ്ങിപ്പോയി! താനേ നിറഞ്ഞ് അടഞ്ഞുപോയ എന്റെ കണ്ണുകളുടെ കുറ്റബോധത്തിന്റെ തൊട്ട് മുമ്പിൽ ആ പട്ടാളക്കാരൻ എന്നെ തുറിച്ച്‌ നോക്കുന്നുണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *