നുണക്കുഴിവിരിയുന്ന പെണ്ണുങ്ങൾ
Story written by Sowmya Sahadevan
മോളെ സ്കൂളിൽ കൊണ്ടാക്കി തിരിച്ചു നടക്കുമ്പോഴായിരുന്നു ഒരു സൈക്കിളും രണ്ടു കുഞ്ഞുങ്ങളും എന്റെ മുന്നിൽ വന്നു വീണത്.
അവരെ പിടിച്ചെഴുന്നേൽപ്പിച്ചു,എൽ കെ ജി യിൽ പഠിക്കുന്ന ഒരു കുഞ്ഞിപ്പെണ്ണും, ഒരു മൂന്നാം ക്ലാസ്സ് കാരിയും. കുഞ്ഞു മോളെ ഞാൻ എടുത്തു . മുട്ടൊന്ന് ചെറുതായി പൊട്ടിയിരുന്നു. പൊടിയെല്ലാം തട്ടികൊടുത്തു.ചേച്ചിപെണ്ണിന്റെ വെള്ള റിബ്ബൺ അഴിഞ്ഞിരുന്നത് അവളുടെ അമ്മ കെട്ടികൊടുത്തു. പൊടിതട്ടി കൊടുത്ത് കുറച്ചു വെള്ളം കുടിച്ചപ്പോൾ അവരുടെ കരച്ചിലൊക്കെ മാറി.
കൊഴപ്പമില്ല, നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ സ്കൂളിൽ പൊയ്ക്കോളാം. അവരുടെ അമ്മ പറഞ്ഞു.
ഇല്ല എനിക്ക് തിരക്കില്ല ഞാൻ കൂടെ വരാം.
സ്കൂളിലേക്ക് ഞങ്ങൾ ഒന്നിച്ചു നടന്നു. കുഞ്ഞു മോളെ ഞാൻ എടുത്തു. അവളുടെ ചേച്ചി സൈക്കിളിന്റെ ബാക്കിൽ സീറ്റിൽ മുറുകെ പിടിച്ചിരുന്നു. അവളുടെ അമ്മ ആ സൈക്കിൾ തള്ളിക്കൊണ്ട് നടന്നു.
പെട്ടെന്നൊരു നായ വട്ടം ചാടിയപ്പോൾ ബാലൻസ് തെറ്റി വീണതാണെന്നും. പേടിച്ചു പോയെന്നും അവർ വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു. തെരുവ് നായകളെ പറ്റിയും അവർ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
സ്കൂൾ എത്തി,ആ കുഞ്ഞി പെണ്ണിനെ ബാഗ് ഇട്ടു കൊടുത്തു നെറ്റിയിലൊരു ഉiമ്മ കൊടുത്തുകൊണ്ട് ചോദിച്ചു.
എന്താ പൊന്നുന്റെ പേര്?
“ദക്ഷ കൃഷ്ണ “അവൾ ചിരിച്ചു അവളുടെ ചിരിയിൽ കവിളിലൊരു നുണക്കുഴി വിരിഞ്ഞു.
ചേച്ചികുട്ടിടെ കയ്യിൽ പിടിച്ചു കൊണ്ട് പേര് ചോദിച്ചു? അവൾ പറഞ്ഞു
“ആൻ മരിയ റോസ്” അവളും ചിരിച്ചു, കവിളിലൊരു ഒരു നുണക്കുഴി വിരിയിച്ചു കൊണ്ട് അവർ ഇരുവരും സ്കൂളിലേക്ക് നടന്നു പോയി.
അവരുടെ അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കി.
അവർ രണ്ടു പേരും എന്റെ മക്കളാണ്!!!.രണ്ട് പേർക്കും രണ്ടു അച്ഛന്മാർ!! എനിക്ക് രണ്ടു തവണ പറ്റിയ അബദ്ധത്തിൽ ജനിച്ച മാലാഖ കുഞ്ഞുങ്ങൾ. സൈക്കിൾ സ്റ്റാൻഡിൽ നിന്നും തട്ടിക്കൊണ്ടു അവർ മെല്ലെ നടന്നു തുടങ്ങി.
ആദ്യത്തെ മനുഷ്യൻ എന്നെ പൂർണമായും അവഗണിച്ചപ്പോൾ. ജീവിതം മതിയാക്കി വീട്ടിലേക്കു പോയതായിരുന്നു. വീട്ടുക്കാർക്ക് ഞാനൊരു ഭാരമായി മാറാൻ ദിവസങ്ങളെ വേണ്ടി വന്നൊള്ളു. വീണ്ടുമൊരാൾ ജീവിതത്തിലേക്ക് വിളിച്ചപ്പോൾ നിലനിൽപില്ലാത്ത എനിക്ക് അയാളോടൊപ്പം പോവേണ്ടി വന്നു. ആത്മഹ ത്യേക്കാൾ ഭേദമാണല്ലോ പരീക്ഷണം എന്നു തോന്നി.
അവൾ വീണ്ടും തുടർന്നു.
സ്നേഹിക്കപ്പെടാനുള്ള ആവേശത്തിൽ ഞാൻ ചെന്നു പെട്ടതൊരു ക്രൂiരന്റെ മുന്നിലായിപോയി. വേദനിപ്പിക്കലും, കരച്ചിലിന്റെ ശബ്ദവും അയാൾക്കൊരു ഹരം ആയിരുന്നു.പറ്റാതെ ആയപ്പോൾ ഇറങ്ങിപോന്നു.ഇപ്പോൾ ഒരു ഒറ്റ മുറി വീട്ടിൽ വാടകയ്ക്കാണ്.
ജോലി എന്തെങ്കിലും? താൻ എന്താ പഠിച്ചത്?
ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു, ബി. കോം.
ജോലി? ഞാൻ വീണ്ടും ചോദിച്ചു?
വീട്ടുപണിക്കു പോവുന്നു…
അവൾ നടത്തം തുടർന്നു
വേറെ ജോലി നോക്കിക്കൂടെ?
ഏയ്, ഈ ജോലിയിൽ ഞാൻ ഓക്കേ ആണ്. എനിക്ക് ഇഷ്ടമുള്ളപ്പോൾ എനിക്ക് പണി നിർത്താം. ആവശ്യത്തിനു കൂലിയും ഉണ്ട്. ആരും ഭരിക്കാനും വരില്ല. കുഞ്ഞുങ്ങൾ തിരിച്ചു വരുമ്പോൾ എനിക്ക് വരാനും പറ്റും. വാടക കൊടുക്കണ്ടേ!! ഫാനിന്റെ ചുവട്ടിൽ ഇരുന്ന് മണിക്കൂറുകൾ തള്ളിനീക്കിയിട്ട് എന്താ കാര്യം..
അവൾ സൈക്കിളിൽ കയറി എന്നിട്ട് പറഞ്ഞു, എനിക്ക് ആ ഫ്ലാറ്റിൽ ആണു ഇന്ന് ജോലി. ഞാൻ പോവുന്നു.
അവൾ എന്റെ കൈയിൽ മെല്ലെ പിടിച്ചു.താങ്ക് യു. കവിളിൽ നുണക്കുഴി വിരിയിച്ചു കൊണ്ട് അവളൊന്നു ചിരിച്ചു.
ആ സൈക്കിൾ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. ഈ നഗരത്തിലെ തിരക്കിൽ, വണ്ടികൾക്ക് സൈഡ് കൊടുത്തും, ഇടക്കിടക്ക് മണിയടിച്ചും ബ്രേക്ക് പിടിച്ചും കാലു കുiത്തിയും ആ സൈക്കിൾ അകന്നു പോയി എന്നിൽ നിന്ന്…
അപ്പോഴും അവരുടെ ആ ചിരി എന്നിൽ മായാതെ നിന്നു. ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴി വിരിയുന്ന മൂന്നു പെണ്ണുങ്ങളും !!!